കഴിഞ്ഞദിവസം പാർലമെന്റിനു മുമ്പില്‍ കേന്ദ്രസർക്കാർ പുറത്തുവിട്ട മൂന്ന് റിപ്പോർട്ടുകളുണ്ട്. കർഷക ആത്മഹത്യ, തൊഴിൽരഹിതരുടെ ആത്മഹത്യ എന്നിവയെ കുറിച്ചാണ് രണ്ടെണ്ണം. ഒരെണ്ണം കേന്ദ്രസർക്കാരിന്റെ മുന്തിയപരിഗണനയിലുള്ള കന്നുകാലികളെ കുറിച്ചും. ഈ മൂന്ന് റിപ്പോർട്ടുകളും പരിശോധിച്ചാൽ രാജ്യം കടന്നുപോകുന്ന ദുരവസ്ഥയുടെ നേർചിത്രം വ്യക്തമാകും. ഒപ്പം ദുരന്തമുഖത്തു നില്ക്കുന്ന രാജ്യത്തെ വീണ്ടും വീണ്ടും കള്ളം പറഞ്ഞ് കബളിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ഒരു അഭിമുഖവും ചേർത്തുവായിക്കണം. ‘കഴിഞ്ഞ നവംബറിൽ മൂന്ന് കാർഷിക നിയമങ്ങൾ താൻ പിൻവലിച്ചത് രാജ്യതാല്പര്യം മുൻനിർത്തിയാണ്‘എന്ന് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ നരേന്ദ്ര മോഡി പറഞ്ഞിരിക്കുന്നു. 2018 മുതൽ 20 വരെയുള്ള കാലയളവിൽ കാൽലക്ഷത്തിലേറെ പൗരന്മാർ തൊഴിലില്ലായ്മയോ കടബാധ്യതയോ മൂലം ആത്മഹത്യ ചെയ്തുവെന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് രാജ്യസഭയില്‍ വച്ചത്. 9,140 പേർ തൊഴിലില്ലായ്മ മൂലവും 16,091 പേർ ദാരിദ്രവും കടബാധ്യതമൂലവും ആത്മഹത്യചെയ്തു എന്നാണ് കണക്ക്. തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യ 2018 ൽ 2,741 ആയിരുന്നത് 2020ൽ 3,548 ആയി ഉയർന്നു. കടബാധ്യത മൂലമുള്ള ആത്മഹത്യ ഇതേ കാലയളവിൽ 4,970 ൽ നിന്ന് 5,213 ആയി ഉയർന്നു. കോവിഡ് മൂലമാണ് തൊഴിലില്ലായ്മയും കടബാധ്യതയും കൂടിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനമാണെന്ന് ഡിസംബറിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി വ്യക്തമാക്കിയതാണ്. നവംബറിൽ 7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതേസമയം തന്നെ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ടരലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖലയിൽ തൊഴിൽ നിയമനം നിലച്ച മട്ടാണ്. 2019–20ൽ 1.27 ലക്ഷം പേരെ നിയമിച്ചെങ്കിൽ 20–21ൽ അത് 5450 ആയി കുറഞ്ഞു. റയിൽവേയിൽ 3.3 ലക്ഷം തസ്തികകളിലാണ് ഒഴിവുള്ളത്.വിവിധ സ്ഥാപനങ്ങളിലായി അനുവദിച്ച ലക്ഷക്കണക്കിനു തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കേന്ദ്രസർവകലാശാലകൾ, ഐഐടികൾ, ഐഎംഎമ്മുകൾ, എൻഐടികൾ തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 37,000 തസ്തികകളിൽ നിയമനം നടന്നിട്ടില്ല. പൊതുമേഖലാ ബാങ്കുകളിൽ രണ്ടുലക്ഷം തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ കണക്കുകൾ പ്രകാരം വിവിധ മന്ത്രാലയങ്ങളിലും കേന്ദ്രസർക്കാർ വകുപ്പുകളിലുമായി നിയമനം നടത്തേണ്ട തസ്തികകൾ 30 ലക്ഷത്തോളം വരും. എന്നിട്ടും ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പോലും തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് പരാമർശമുണ്ടായില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയാണ് കഴിഞ്ഞ മൂന്നു വർഷത്തെ കർഷക ആത്മഹത്യയുടെ കണക്ക് പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ രേഖകളനുസരിച്ച് 2018 മുതൽ 2021 വരെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 19,299 കർഷകരാണ്. 2018ൽ 5,763 കർഷകര്‍ ആത്മഹത്യ ചെയ്തു. 2019ൽ 5,957 ഉം 20ൽ 5,579 ഉം കർഷകർ ജീവനൊടുക്കിയെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ഇതേദിവസമാണ് കാർഷിക നിയമങ്ങൾ താൻ പിൻവലിച്ചത് രാജ്യതാല്പര്യം മുൻനിർത്തിയാണ് എന്ന പച്ചക്കള്ളം മോഡി പറഞ്ഞത്. ‘കർഷകരുടെ വേദന മനസിലാക്കുന്ന താൻ അവരുടെ ഹൃദയം കീഴടക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. കർഷകർക്കുവേണ്ടിയാണ് മൂന്ന് നിയമങ്ങൾ കൊണ്ടുവന്നത്.
രാജ്യതാല്പര്യം കണക്കിലെടുത്ത് പിൻവലിച്ച സംഭവത്തെക്കുറിച്ച് ഇപ്പോൾ വിശദീകരിക്കേണ്ടതില്ലെന്ന് കരുതുന്നു‘വെന്ന് മോഡി ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. ഒരു വർഷത്തിലേറെ നീണ്ട കർഷക പ്രക്ഷോഭങ്ങൾക്കും 700 ലേറ കർഷകരുടെ രക്ഷസാക്ഷിത്വത്തിനും ശേഷമാണ് കർഷകരെ ദുരിതപ്പെടുത്തുന്ന മൂന്ന് കരിനിയമങ്ങൾ മോഡി സർക്കാർ പിൻവലിച്ചത്. നിയമങ്ങൾ പിൻവലിക്കുന്നത് ഒരുവിഭാഗം കർഷകരെ വിശ്വാസത്തിലെടുക്കാൻ കഴിയാത്തതു കൊണ്ടുമാത്രമാണ് എന്ന് പറഞ്ഞ മോഡിയാണ് രണ്ടു മാസം കഴിഞ്ഞപ്പോൾ രാജ്യതാല്പര്യം മുൻനിർത്തിയാണ് എന്ന് കള്ളം പറഞ്ഞത്. ഉത്തർപ്രദേശിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ എണ്ണം 2012ൽ 10,09,436 ആയിരുന്നത് 2019ൽ 11,84,494 ആയി ഉയർന്നതായാണ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയം അവതരിപ്പിച്ച മറ്റൊരു റിപ്പോർട്ട്. സർക്കാരിന്റെ കന്നുകാലി സെൻസസ് അടിസ്ഥാനമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയത്. ബിജെപി എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയാണ് മന്ത്രി പുർഷോത്തം രൂപാല ഈ വിവരങ്ങൾ നൽകിയത്. 2018 മുതൽ യുപി സർക്കാർ 21,11,397 രൂപ ചെലവിൽ 8,87,438 കന്നുകാലികളെ പുനരധിവസിപ്പിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനു കീഴിൽ 5,664 ഗോശാലകൾ പ്രവർത്തിക്കുമ്പോൾ 572 ഗോശാലകൾ സന്നദ്ധ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്നു. ഉത്തർപ്രദേശ് സർക്കാർ ഒരു മൃഗത്തിന് പ്രതിദിനം 30 രൂപ ചെലവിനായി നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗോസംരക്ഷകരായ മോഡിയും ആദിത്യനാഥും ഭരണത്തിലിരിക്കുമ്പോഴാണ് അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ എണ്ണത്തിലും വർധനയുണ്ടായതെന്നത് ഭരണനയത്തിലെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നു. കാർഷിക രാജ്യമാണ് ഇന്ത്യയെങ്കിലും 56.4 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു തുണ്ടു ഭൂമിപോലുമില്ല. ഭൂമിയുടെ ഭൂരിഭാഗവും വൻകിട ഭൂവുടമകളുടെ കൈവശമാണ്. കൃഷിക്കാരിൽ 82.6 ശതമാനം നാമമാത്ര ചെറുകിട കർഷകരും. അവർക്ക് ജീവിതം തള്ളിനീക്കാൻ ആവശ്യമായ വരുമാനം കൃഷിയിൽനിന്ന് ലഭിക്കുന്നില്ല. ഫലമോ ഭൂരിഭാഗവും കർഷകത്തൊഴിലാളികളായി ജോലിയെടുക്കാൻ നിർബന്ധിതരാകുന്നു. 2011ലെ സെൻസസ് പ്രകാരം കാർഷികമേഖലയിൽ തൊഴിലെടുക്കുന്നവരിൽ 45.1 ശതമാനം മാത്രമാണ് കൃഷിക്കാർ. കർഷകത്തൊഴിലാളികൾ 54.9 ശതമാനവും. 1991 ൽ കൃഷിക്കാർ 59.7 ശതമാനവും കർഷകത്തൊഴിലാളികൾ 46.3 ശതമാനവുമായിരുന്നു. കൃഷിപ്പാടങ്ങളിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ടതും കൃഷി അനാദായകരമായതുമാണ് കൃഷി ഉപേക്ഷിക്കാൻ കാരണമായത്. ഈയവസ്ഥയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ കർഷകരുടെ ഏറ്റവും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. ബിജെപി സർക്കാർ ഗോവധം നിരോധിച്ചത് കന്നുകാലി വ്യാപാരത്തെ സാരമായി ബാധിച്ചു. കന്നുകാലി കശാപ്പ് ആരോപിച്ച് ആളുകളെ ആക്രമിക്കുന്ന വിജിലന്റ് ഗ്രൂപ്പുകളെ ഭയന്ന് കർഷകർ കന്നുകാലികളെ ഉപേക്ഷിക്കാൻ തുടങ്ങി. പാൽ ഉല്പാദനത്തിനോ കാർഷിക പ്രവർത്തനങ്ങൾക്കോ യോഗ്യമല്ലെങ്കിൽ ഭക്ഷണം നൽകാൻ നിവൃത്തിയില്ലാത്തതിനാൽ അവയെ ഉപേക്ഷിക്കുകയല്ലാതെ മാർഗമില്ല. ജനങ്ങൾ ജോലിയും കൂലിയുമില്ലാതെ അലയുമ്പോൾ ഒറ്റവർഷത്തിനകം മുകേഷ് അംബാനിയുടെ ആസ്തി 30,014 കോടി രൂപ കൂട്ടിച്ചേർത്ത് 7,18,000 കോടിയിലെത്തി. ഗൗതം അഡാനി 3,71,423 കോടി രൂപയുടെ ആസ്തിയാണ് ഒരു വർഷം മുതൽക്കൂട്ടിയത്. അതായത് മുകേഷ് അംബാനി കൈവരിച്ചതിനേക്കാൾ 12 ഇരട്ടി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു കണക്ക് അനുസരിച്ച് അംബാനിയെ മറികടന്ന് അഡാനി ഇന്ത്യയിലെ വലിയ കോടീശ്വരനായി. രാജ്യത്തെ 136 ശതകോടീശ്വരൻമാരിൽ ആദ്യ 100 പേരുടെ ആസ്തി 58.15 ലക്ഷം കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ ഒരു കൊല്ലത്തെ റവന്യൂവരുമാനം 19.76 ലക്ഷം കോടി രൂപയും. ഇങ്ങനെയാെരു ദുരന്തമുഖത്ത് രാജ്യം നിലകൊള്ളുമ്പോഴാണ് ”കർഷകർക്കുവേണ്ടിയാണ് മൂന്ന് നിയമങ്ങൾ കൊണ്ടുവന്നതെങ്കിലും രാജ്യതാല്പര്യം മുൻനിർത്തി പിൻവലിച്ചുകൊണ്ട് താൻ കർഷകരുടെ ഹൃദയം കീഴടക്കാനുള്ള യാത്രയിലാണെ“ന്ന് ഒരു സങ്കോചവുമില്ലാതെ നരേന്ദ്ര മോഡി പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.