
മദ്രസയിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുകാരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്ക്. കണിയാമ്പറ്റ മില്ല്മുക്ക് പള്ളിത്താഴെയാണ് സംഭവം. രാവിലെ ആറരയോടെ മദ്രസയിലേക്ക് നടന്ന് പോകുകയായിരുന്ന പാറക്കൽ നൗഷാദിന്റെ മകൾ സിയാ ഫാത്വിമക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ സിയയുടെ തലക്കും ദേഹത്തുമെല്ലാം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ ശല്യം രൂക്ഷമായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. പരിഹാരമാവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ടൗണ്‍ പരിസരത്തും ജനവാസ മേഖലകളിലും ഇവയുടെ ശല്യം കൂടുന്നതോടൊപ്പം തന്നെ ആക്രമണവും വര്‍ധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
നഗര‑ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം പതിവാകുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങളിലും ആളുകള്‍ കൂടുന്നിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഭീതിയായിരിക്കുകയാണ്. അവധിക്കാലമായതിനാല്‍ തന്നെ കളിക്കാനിറങ്ങുന്ന കുട്ടികളെ പുറത്തേക്ക് വിടാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമാണ്. നഗര പ്രദേശങ്ങളിൽ വാഹനങ്ങള്‍ക്കടിയില്‍ കിടന്നുറങ്ങുന്നതും കടി കൂടുന്നതും സ്ഥിരം കാഴ്ചയാണ്. ബസ് സ്റ്റാന്റ് പരിസരങ്ങളിലും ആളുകള്‍ കൂടുന്നിടങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മുന്‍പ് തെരുവ് നായ ശല്യത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ വന്ധ്യംകരണ നടപടികള്‍ സ്വീകരിച്ച് തെരുവ് നായ ശല്യത്തിന് പരിഹാരം കണ്ടിരുന്നു. എന്നാല്‍ വന്ധ്യംകരണം നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയും ഇവയുടെ എണ്ണം പെരുകുകയും ചെയ്തു. ടൗണുകളിലും ഗ്രാമങ്ങളിലും അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ ഹോം പോലുള്ള സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.