10 January 2025, Friday
KSFE Galaxy Chits Banner 2

കേരളത്തിലെ തെരുവുകള്‍ സ്മാര്‍ട്ടാകും; ‘സ്ട്രീറ്റ്’ പദ്ധതി വരുന്നു

Janayugom Webdesk
തിരുവനന്തപുരം
November 27, 2021 10:28 pm

പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസം വകുപ്പ് ‘സ്ട്രീറ്റ്’ പദ്ധതിയ്ക്ക് രൂപം നൽകി. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്.കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ ത്യത്താല, പട്ടിത്തറ, കണ്ണൂർ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവൻതുരുത്ത്, മാഞ്ചിറ, കാസർകോട് ജില്ലയിലെ വലിയ പറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പിൽ വരുന്നത്. ഓരോ പ്രദേശത്തിന്റെയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകൾ സജീകരിക്കുന്നതാണ് പദ്ധതി. 

ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്നിക് ക്യുസീൻ/ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ് / എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകൾ നിലവിൽ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും. പൂർണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കാൻ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും തദ്ദേശ വാസികൾക്കും ടൂറിസം മേഖലയിൽ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. 

ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭ ഡബ്ല്യൂടിഒ യുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിൻറെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയത്. സസ്റ്റൈനബിൾ ( സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്ന ), റെസ്പോൺസിബിൾ (ഉത്തരവാദിത്തമുള്ള ), എക്സ്പീരിയൻഷ്യൽ (അനുഭവവേദ്യമായ), എത്നിക്ക് ( പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.
eng­lish summary;‘Street’ project for expe­ri­en­tial tourism
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.