19 December 2024, Thursday
KSFE Galaxy Chits Banner 2

ശക്തിപ്പെടുന്ന തൊഴിലാളി അവകാശ സമരങ്ങൾ

ഡോ. യുഗൾ റായലു
May 4, 2023 4:45 am

ലോകത്തെയാകെ മാറ്റിമറിച്ച മഹത്തായ ഒക്ടോബർ വിപ്ലവത്തിന് ശേഷം അധീശവർഗത്തിനെതിരെ ലോകത്തെമ്പാടും, ഇല്ലായ്മ മാത്രം സ്വന്തമായിട്ടുള്ള ജനവിഭാഗങ്ങൾ തുടർച്ചയായി വലിയ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഭൂരിപക്ഷം വരുന്ന ആ ജനവിഭാഗമായിരുന്നു ആധുനികലോകത്തെ സൃഷ്ടിച്ചത്. ആദ്യ സോഷ്യലിസ്റ്റ് ഭരണകൂടം ലോകത്ത് സൃഷ്ടിച്ച പ്രതിഫലനങ്ങൾ വളരെ ശക്തമായിരുന്നു. മുതലാളിത്ത രാജ്യങ്ങൾക്കുപോലും സാമൂഹ്യ ക്ഷേമ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില മാതൃകകൾ അനുവദിച്ചു നൽകേണ്ടി വന്നു. അതിനുവേണ്ടി സ്വന്തം ഭരണഘടനാ ഭേദഗതികൾക്കും അവർ നിർബന്ധിതമായി. സ്വന്തം രാജ്യത്ത് നടന്നേക്കാനിടയുള്ള വിപ്ലവം കുറച്ചുകാലത്തേക്ക് തടയാൻ കഴിയുമെന്ന ധാരണയിൽ നിന്നാണ് ഇത്തരം നടപടികൾ ഉണ്ടായത്. ചില യൂറോപ്യൻ രാജ്യങ്ങൾ സോവിയറ്റ് ഭരണകൂടത്തിന്റെ പല സാമൂഹ്യക്ഷേമ നയങ്ങളും അതേപോലെ സ്വീകരിച്ചു. ഇന്നും അത് ജനങ്ങൾക്ക് പ്രയോജനകരമായി നിലനിൽക്കുന്നു.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം മുതലാളിത്ത എഴുത്തുകാരും ബുദ്ധിജീവികളും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം പ്രവചിച്ചിരുന്നു. ഇനി ചരിത്രത്തിന്റെ ഗതിയും ദിശയും വിപണി തീരുമാനിക്കും എന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ അവയെല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള കാലത്ത് അനിവാര്യമായ ചില തിരിച്ചടികൾ ഉണ്ടായിരുന്നുവെങ്കിലും യൂറോപ്പിൽ മാത്രമല്ല ലോകമെമ്പാടും ഇടതുപക്ഷം ഉയർന്നുവരുന്നു. എല്ലാ രാജ്യങ്ങളിലും തൊഴിലാളി സംഘടനകൾ പുനരുജ്ജീവിപ്പിക്കപ്പെട്ടു. വൻകിട കോർപറേറ്റ് ഭീമന്മാരുടെയും അവർ സ്പോൺസർ ചെയ്തു നിലനിർത്തുന്ന സർക്കാരുകളുടെയും ആക്രമണോത്സുകതയ്ക്കെതിരെ സ്വയം നിലയുറപ്പിച്ച് തൊഴിലാളി സംഘടനകൾ മുന്നോട്ട് പോകുന്നു.
യൂറോപ്യൻ യൂണിയൻ എന്നത്, രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ട ആ പ്രദേശത്തെ ജനങ്ങളുടെ സ്വപ്നമായിരുന്നു. യൂറോപ്യൻ യൂണിയൻ യാഥാർത്ഥ്യമായത് തീർച്ചയായും അവിടുത്തെ ജനങ്ങൾക്ക് പല ബുദ്ധിമുട്ടുകളും ഇല്ലാതാക്കി എന്നതും ശരിയാണ്. എന്നാൽ തൊഴിലാളിവർഗത്തിനും കർഷകർക്കും നീതി എന്നത് ഇപ്പോഴും വിദൂര സ്വപ്നമായി അവശേഷിക്കുന്നു. ജനപ്രിയ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചാണ് സർക്കാരുകൾ തെരഞ്ഞെടുക്കപ്പെടുന്നത്. അധികാരത്തിലെത്തുന്നതോടെ ജനകീയ നേതാക്കൾ ജനങ്ങളെ മറന്ന് കോർപറേറ്റ് മേഖലയുടെ താല്പര്യ സേവകരായി മാറുന്നു. ഈ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലും തൊഴിലാളികള്‍ വിവിധ രൂപങ്ങളിലുള്ള പ്രക്ഷോഭത്തിലാണ് ഇപ്പോള്‍.


ഇതുകൂടി വായിക്കൂ: സമരങ്ങൾക്കെതിരായ കരിനിയമം


ഫ്രാൻസിലെ തൊഴിലാളികൾ വിരമിക്കൽ പ്രായം 62ൽ നിന്ന് 64 ആക്കുന്നതിനുള്ള പ്രസിഡന്റ് മാക്രോണിന്റെ തീരുമാനത്തിനെതിരായ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് രാജ്യവ്യാപകമായി പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പ്രസിഡന്റ് പദവിയിലെ തന്റെ രണ്ടാമൂഴത്തിൽ മാക്രോണിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയപ്രശ്നമായി ഇത് മാറിയിരിക്കുകയാണ്. ഇതു സംബന്ധിച്ച ബില്‍ പാർലമെന്റിൽ ചർച്ച ചെയ്യാത്തതിനാലും തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാത്തതിനാലും മാക്രോൺ തങ്ങളെ വഞ്ചിച്ചു എന്ന ധാരണയിലാണ് ഏറ്റവും പ്രധാനപ്പെട്ട തൊഴിലാളി സംഘടനകൾ.
തൊഴിലാളികൾ മാത്രമല്ല സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗവും ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. മാക്രോണിന്റെ ഏകപക്ഷീയമായ പെൻഷൻ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് 1.28 ദശലക്ഷം തൊഴിലാളികളും മറ്റുള്ളവരും തെരുവിലിറങ്ങി. സുന്ദരമായ തെരുവുകൾ, സ്വാഗതമേകുന്ന അന്തരീക്ഷം എന്നിങ്ങനെ പേരുകേട്ട ഐതിഹാസികമായ പാരീസ് നഗരം മാലിന്യക്കൂമ്പാരമായി മാറി. 10,000 ടൺ ചീഞ്ഞഴുകിയ മാലിന്യങ്ങൾ നിറഞ്ഞ നഗരത്തിൽ മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത സ്ഥിതിയായി.
സർവശക്തരെന്ന് ധരിച്ചിരുന്ന അധീശവര്‍ഗത്തിന് ഫ്രാൻസിലെ ഓരോ പൗരനും കീഴടങ്ങുവാൻ തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്. അടിച്ചമർത്തലിനെതിരായ ഏറ്റവും ശക്തമായ ഉപകരണമാണ് തൊഴിലാളി വർഗത്തിന്റെ ഐക്യമെന്നാണ് ഫ്രാൻസ് തെളിയിക്കുന്നത്. മേയ് ദിനത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളുമാണ് ഫ്രാന്‍സില്‍ തെരുവുകളിലിറങ്ങിയത്.
ഇംഗ്ലണ്ടിൽ ഇലക്ട്രീഷ്യന്മാർ, പ്രൊഡക്ഷൻ ടെക്നീഷ്യന്മാർ, ക്രെയിൻ ഓപ്പറേറ്റർമാർ, പൈപ്പ് ഫിറ്റർമാർ, എണ്ണ കമ്പനികളിലെ തൊഴിലാളികൾ തുടങ്ങി ആയിരക്കണക്കിന് പേർ മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്കാൻ തീരുമാനിച്ചിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: ചുവന്ന നക്ഷത്രത്തിന്റെ ഓര്‍മ്മ


ജർമ്മനിയിലെ പ്രമുഖ തൊഴിലാളി സംഘടനയായ വെർഡി യൂണിയൻ മെച്ചപ്പെട്ട വേതനത്തിനായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഈ വർഷം ആദ്യപാദത്തിൽ തൊഴിൽ സമരങ്ങൾ വ്യാപകമായിരുന്നു. വലതുപക്ഷ സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഫ്രാൻസിന് പുറമേ ജർമ്മനി, സ്പെയിൻ, മറ്റു യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവയിലും തൊഴിലാളി സംഘടനകളുടെ സമരശക്തി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഏഷ്യയിലെയും സ്ഥിതി വ്യത്യസ്തമല്ല. മിക്കവാറും രാജ്യങ്ങളിൽ തൊഴിലാളി സംഘടനകൾ പൂർവാധികം ശക്തിയോടെ രംഗത്തെത്തുന്നുണ്ട്. ഇന്ത്യയിലായാലും ശ്രീലങ്കയിലായാലും പാകിസ്ഥാനിലായാലും അനീതിക്കെതിരെയുള്ള തൊഴിലാളി-കർഷക പോരാട്ടത്തിന് ശക്തി വർധിക്കുന്നു. ഏറ്റവും സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ശ്രീലങ്ക സമീപകാലത്തെ ഏറ്റവും ശക്തമായ സമരങ്ങളിൽ ഒന്നാണ് കണ്ടത്. നിരവധി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന വൈദ്യുതി, ആദായ നികുതി നിരക്കിൽ വർധനവ് വരുത്തിയതിൽ പ്രതിഷേധിച്ചാണ് മാർച്ച് 15ന് ഏകദിന പണിമുടക്ക് നടന്നത്. ആരോഗ്യം, റെയിൽവേ, തുറമുഖം, ഇതര പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള തൊഴിലാളികളും ഈ പണിമുടക്കിൽ പങ്കുചേർന്നു.
കൊറിയയിൽ രാജ്യത്തെ ഭക്ഷണവിതരണ സേവനദാതാക്കളായ കൂപാങ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനം 3100 വോനിൽ നിന്ന് 2500 ആയി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ കൊറിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് പണിമുടക്കാരംഭിച്ചു. അയൽരാജ്യമായ തായ്‌ലൻഡിലും സമാനമായ പണിമുടക്ക് നടന്നിരുന്നു. അവിടെ തൊഴിലാളി യൂണിയനുകൾ വിതരണത്തിന് അധിക ബത്ത ആവശ്യപ്പെട്ടാണ് സമരത്തിന് ഇറങ്ങിയത്.
ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുന്നതിന് വേണ്ടി കോർപറേറ്റ് മേഖല ആകാവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളും കർഷകരും യോജിച്ച പോരാട്ടത്തിന്റെ പാതയിലാണ്. അങ്കണവാടി മേഖല ഉൾപ്പെടെയുള്ള അനൗപചാരിക തൊഴിലാളികളും ശക്തമായ പോരാട്ടത്തിലാണ്. ഏകരൂപത്തിലുള്ള ഈ പോരാട്ടത്തെ തകർക്കുന്നതിന് ഹിന്ദുത്വ അജണ്ടയാണ് രാജ്യം ഭരിക്കുന്ന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് തൊഴിലാളികളും കർഷകരും യോജിച്ച പോരാട്ടത്തിന് സന്നദ്ധമായിട്ടുള്ളത്. തീവ്ര വലതുപക്ഷ നയങ്ങൾ നടപ്പിലാക്കുന്ന ബിജെപി സർക്കാരിന് വലിയ വെല്ലുവിളിയാണ് രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും ഐക്യം. വലതുപക്ഷ സർക്കാരിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് കർഷകരിൽ നിന്നായിരുന്നു. പാർലമെന്റിൽ ചർച്ച നടത്തുക പോലും ചെയ്യാതെ മൂന്ന് കാർഷിക നിയമങ്ങൾ പാസാക്കിയപ്പോൾ തങ്ങൾക്കുള്ള മൃഗീയമായ ഭൂരിപക്ഷത്താൽ ഈ നിയമങ്ങളെ ജനങ്ങൾ എതിർക്കുകയില്ലെന്നും നടപ്പിലാക്കുന്നത് എളുപ്പമായിരിക്കുമെന്നും ബിജെപി സർക്കാർ ധരിച്ചുവച്ചു. ആ ധാരണ തെറ്റിച്ചുകൊണ്ട് കർഷകർ രംഗത്തിറങ്ങി. എല്ലാ പ്രദേശങ്ങളിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ട് ഉറച്ച ഐക്യത്തോടെ അജയ്യമെന്ന് മേനി നടച്ചിരുന്ന മോഡി സർക്കാരിനെ തെരുവുകളിൽ പരാജയപ്പെടുത്തിയ കാഴ്ചയാണ് കർഷക സമരത്തിലൂടെയുണ്ടായത്.


ഇതുകൂടി വായിക്കൂ: തിരിഞ്ഞുകൊത്തുന്ന കോണ്‍ഗ്രസ് സമരങ്ങള്‍


രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ പിന്തുണയോടെ കർഷകർ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ 13 മാസക്കാലം വേനലിലും മഴയിലും ശൈത്യത്തിലും ത്യാഗങ്ങളെല്ലാം സഹിച്ച് സമരത്തെ മുന്നോട്ടു കൊണ്ടുപോയി. അങ്ങനെയാണ് കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കുവാൻ സാധിച്ചത്. ജനാധിപത്യ വിരുദ്ധമായ രീതിയിൽ നടപ്പിലാക്കപ്പെട്ട കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്ന് മോഡിക്ക് ടെലിവിഷനിലൂടെ പ്രഖ്യാപിക്കേണ്ടി വന്നു.
ഇന്ത്യയിലെ കർഷകരുടെ സമരത്തിന്റെ മഹത്തായ വിജയം, അടിച്ചമർത്തുന്നവർക്കെതിരെയുള്ള ഏത് സമരവും മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രഥമവും പ്രധാനവുമായത് ഐക്യമാണ് എന്ന പാഠമാണ് നൽകുന്നത്. ഭരണ നേതൃത്വത്തിന്റെ ശക്തി പ്രശ്നമല്ലെന്നും ഐക്യത്തോടെ ജനങ്ങൾ ഒരുമിച്ചിറങ്ങിയാൽ ഭരണാധികാരികൾ എപ്പോഴും ന്യൂനപക്ഷമായിരിക്കും എന്ന ബോധ്യമാണ് ഇന്ത്യയിൽ നടന്ന കർഷക സമരം നൽകുന്നത്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആഹ്വാനം ചെയ്തതുപോലെ സാർവദേശീയ തൊഴിലാളികൾ സംഘടിച്ച് സമരം ചെയ്യുന്ന കാഴ്ചയാണ് ലോകത്തെ പല രാജ്യങ്ങളിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.