കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി വളർന്നു വന്ന സാമൂഹ്യ പരിഷ്കരണ മുന്നേറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അധഃസ്ഥിത ജനതയുടെ സാമൂഹ്യാംഗീകാരങ്ങൾക്കു വേണ്ടി നടന്ന സമരങ്ങൾ. മാറുമറയ്ക്കാനും വസ്ത്രം ധരിക്കാനും സ്കൂളിൽ പോകാനും വഴിനടക്കാനും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും വേണ്ടി നടന്ന അത്തരം നിരവധി സമരങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജാതിശ്രേണിയിൽ ബ്രാഹ്മണനിൽ നിന്ന് അകന്ന് 84 അടി ദൂരെ ഏറ്റവും പിന്നണിയിൽ കിടക്കുവാൻ വിധിക്കപ്പെട്ട നായാടി വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ നടന്ന സമരങ്ങൾ കാര്യമായി ലിഖിത ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തി കണ്ടിട്ടില്ല. 1929ൽ ഗാന്ധിജി പാലക്കാട് സന്ദർശിച്ചപ്പോൾ നായാടി വിഭാഗത്തിൽപ്പെട്ട ഒരാളെ കാണാൻ ശ്രമിച്ച കഥ ഗാന്ധി സമ്പൂർണകൃതികളിൽ വായിച്ചിട്ടുണ്ട്. പാലക്കാട് എത്തിയപ്പോൾ രാജഗോപാലാചാരിയും ഗാന്ധിജിയും ഒരു വീട്ടിലാണ് താമസിച്ചത്. പുലരാൻ നേരത്ത് മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന വല്ലാത്തൊരു ശബ്ദം പുറത്തുനിന്ന് കേൾക്കുന്നത് ഗാന്ധിജി ശ്രദ്ധിച്ചു. എന്താണ് ആ കേൾക്കുന്ന ശബ്ദമെന്ന് രാജഗോപാലാചാരിയോട് ഗാന്ധിജി ചോദിച്ചു.
അതൊരു നായാടിയുടെ ശബ്ദമാണെന്നും ജാതിശ്രേണിയിൽ ഏറ്റവും നീചരെന്ന് കരുതപ്പെടുന്നവരും പകൽ വെളിച്ചത്തിൽ പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടാൻ സ്വാതന്ത്ര്യമില്ലാത്തവരുമാണെന്നും പുലരും മുമ്പ് തമ്പുരാക്കളോട് പടിക്കൽ വന്നിരുന്ന് ഭക്ഷണം യാചിക്കുന്ന ശബ്ദമാണ് കേൾക്കുന്നതെന്നും രാജഗോപാലാചാരി ഗാന്ധിജിക്ക് വിവരിച്ചു കൊടുത്തു. എങ്കിൽ ആ പാവത്തെ നേരിട്ടു കാണണമല്ലോ എന്നു പറഞ്ഞ് ഗാന്ധിജി വാതിൽ തുറന്ന് പുറത്തുകടന്നു. മങ്ങിയ വെളിച്ചത്തിൽ അകലെ ഒരു കറുത്ത രൂപം ഗാന്ധിജിയുടെ കാഴ്ചയിൽപ്പെട്ടു. നേരിൽ കാണുക തന്നെ എന്നു കരുതി അയാളുടെ അടുത്തേക്ക് ഗാന്ധിജി നടന്നടുക്കാൻ തുടങ്ങിയതും ആ കറുത്ത രൂപം അകന്നു പോകാൻ തുടങ്ങി. ഗാന്ധിജി നടത്തത്തിന്റെ വേഗത കൂട്ടിയതനുസരിച്ച് അതിനെക്കാൾ വേഗത്തിൽ ആ മനുഷ്യരൂപം പിന്മാറി അകന്നുപോയി. പൊതുസമൂഹത്തിൽ ഇടപെടാനുള്ള വിലക്കും ഭയവും ഉണ്ടായിരുന്നതുകൊണ്ടാണ് നായാടികൾ ഇരുട്ടിൽ ഭിക്ഷ യാചിക്കുകയും ആളുകളുടെ കൺവെട്ടത്തിൽ പോലും വരാൻ ധൈര്യപ്പെടാതെ ഓടിമറയുകയും ചെയ്തിരുന്നത്. തന്നെ ഏറെ ദുഃഖിതനാക്കിയ ഒരു സംഭവമായിട്ടാണ് ഈ അനുഭവത്തെ ഗാന്ധിജി രേഖപ്പെടുത്തിയിട്ടുള്ളത്. അസ്പൃശ്യതയുടെ പരകോടിയിൽ കിടന്ന നായാടികളുടെ അറിയപ്പെടുന്ന ഒരു മുന്നേറ്റ സമരം നടന്നത് പഴയ മലബാറിന്റെ ഭാഗമായിരുന്ന വന്നേരി നാട്ടിലാണ്. ഇന്നത്തെ പൊന്നാനി മണ്ഡലത്തിൽ ഉൾപ്പെടുന്ന വെളിയങ്കോട് പഞ്ചായത്തിലെ ഗ്രാമത്തിലാണ് ഒരു പക്ഷെ കേരളത്തിലെ ആദ്യത്തെ നായാടികളുടെ വഴി നടക്കാനുള്ള സമരം അരങ്ങേറിയത്.
പഴയ വന്നേരി നാട്ടിൽ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് കൊളാടി ബാലകൃഷ്ണനാണ് (കൊളാടി ഉണ്ണി) നായാടി സമരത്തിന്റെ നായകൻ. അക്കാലത്ത് വന്നേരി നാട്ടിൽ കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന പ്രാമാണിക ജന്മി കുടുംബമാണ് കൊളാടിത്തറവാട്. കൊളാടി ഉണ്ണി ബോംബെയിൽ നിയമം പഠിക്കാൻ പോയി ദേശീയ സ്വാതന്ത്ര്യസമരത്തിലും കമ്മ്യൂണിസത്തിലും ആകൃഷ്ടനായാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ വന്ന് ആദ്യത്തെ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. ജാതി-മതാതീതമായി സകലമാന മനുഷ്യരുടെയും വീടുകളിൽ കയറിയിറങ്ങി ഭക്ഷണം കഴിച്ചും ഇടപഴകിയും അയിത്ത ജാതിവ്യവസ്ഥകളെ വെല്ലുവിളിച്ചു. കണ്ണിൽക്കണ്ട വീടുകളിലും കുടിലുകളിലും കയറി തീനും കുടിയുമായി നടക്കുന്നവരെ കമ്മ്യൂണിസ്റ്റെന്ന് അധീശശക്തികൾ ആക്ഷേപിച്ചു. അങ്ങനെ കൊളാടി ഉണ്ണി കമ്മ്യൂണിസ്റ്റായി. നന്നേ ചെറുപ്പത്തിൽ തന്നെ ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറിയ കൊളാടി ഉണ്ണിയാണ് നായാടികളുടെ വിമോചന നായകനായി മാറുന്നത്. വെളിയങ്കോട് പഞ്ചായത്തിനെ പകുത്ത് കടന്നുപോകുന്ന കനോലി കനാലിന്റെ തോണിക്കടവിന്റെ പടിഞ്ഞാറ് ഭാഗം വരെ മാത്രമേ അക്കാലത്ത് നായാടികൾക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. പ്രാമാണിക ബ്രാഹ്മണ ജന്മി കുടുംബങ്ങൾ മുഴുവൻ കനാലിന്റെ കിഴക്കുഭാഗത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. നായാടികൾക്ക് വിലക്ക് വരാൻ കാരണമതാണ്.
നായാടികൾക്കുണ്ടായിരുന്ന സാമൂഹ്യ വിലക്ക് ലംഘിച്ച് കൊളാടി ഉണ്ണി നടത്തിയ സമരത്തിന്റെ അനുഭവ സാക്ഷ്യം സഖാവ് എളേടത്ത് മനക്കൽ ശങ്കരനാരായണൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കമ്മ്യൂണിസ്റ്റാവുകയും പിൽക്കാലത്ത് ദീർഘകാലം സിപിഐ പൊന്നാനി താലൂക്ക് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത ഇ എം എസ് നാരായണന്‍, പി കെ എ റഹിം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച വന്നേരിനാട് എന്ന പ്രാദേശിക ചരിത്ര ഗ്രന്ഥത്തിലാണ് നായാടി സമര ചരിത്രം എഴുതിയിട്ടുള്ളത്. ഇഎംഎസിന്റെ തറവാടായ ഏലംകുളത്ത് മന കനോലി കനാലിൽ നിന്ന് ഒരു നാഴിക കിഴക്കോട്ട് മാറിയാണ് സ്ഥിതി ചെയ്തിരുന്നത്. ജന്മിയും പുരോഹിത പ്രജാപതിയുമായ ഇ എംഎസിന്റെ വല്യച്ഛന്റെ കുടുംബഭരണത്തിന്റെ പ്രതാപകാലം. കൊടികുത്തി വാഴുന്ന ജന്മി ജാതിവ്യവസ്ഥ. ഒരു ദിവസം വെളുപ്പാൻ കാലത്ത് ബഹളം കേട്ട് പുറത്ത് വന്നു നോക്കുമ്പോൾ പടിഞ്ഞാറു ഭാഗത്തു നിന്ന് തറവാട്ടുപറമ്പിലൂടെ ഭാണ്ഡക്കെട്ടുകളേന്തിയ കുറേ കറുത്ത രൂപങ്ങൾ കലപില കൂട്ടി നടന്നു വരുന്നു. കൺവെട്ടത്തു വന്നപ്പോഴാണ് നായാടികളാണെന്ന് മനസിലായത്.
ഉഗ്രപ്രതാപിയായ കുടുംബക്കാരണവർ കോപാകുലനായി അയിത്തം ലംഘിച്ച നായാടികളെ അടിച്ചോടിക്കാൻ കാര്യസ്ഥന്മാർക്ക് കല്പന കൊടുത്തു. തല്ലാൻ ചെന്നവരൊക്കെ വാലുമടക്കി തിരികെ പോരുന്നതു കണ്ട കാരണവർ അരിശം കൂടി മുന്നോട്ടാഞ്ഞടുത്തു. നോക്കുമ്പോൾ നായാടികളുടെ മുന്നിൽ നിന്ന് ജാഥ നയിക്കുന്നത് കമ്മ്യൂണിസ്റ്റായ കൊളാടി ഉണ്ണി മേനോനാണ്. ജനങ്ങളുടെ കണ്ണിലുണ്ണിയായ ഉണ്ണിയെ തൊട്ടാൽ നാട് കത്തിയമരും. ഗത്യന്തരമില്ലാതെ നിസഹായനായി നായാടി ജാഥ കടന്നുപോകുന്നത് നോക്കി ഇളിഭ്യനായി നിന്ന കാരണവരുടെ കഥയാണ് ഇഎംഎസ് വന്നേരി നാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നായാടികളുടെ വംശചരിത്രത്തിലാദ്യമായി വിലക്കപ്പെട്ട മണ്ണിലൂടെ എല്ലാ വിലക്കുകളും ലംഘിച്ച് സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറിയ ഈ അധഃസ്ഥിത മുന്നേറ്റ ചരിത്രം മറ്റെവിടെയും കാര്യമായി രേഖപ്പെടുത്തിയിട്ടില്ല. കനോലി കനാൽക്കടവിൽ നിന്നാരംഭിച്ച് വംശചരിത്രത്തിലന്നേവരെ നിഷേധിക്കപ്പെട്ട സവർണാങ്കണങ്ങളിലൂടെ നായാടികൾ കൂട്ടമായി നടന്ന് കൊളാടി തറവാടിന്റെ മുറ്റത്ത് അവസാനിച്ച ആ നായാടി ജാഥ നവോത്ഥാന മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണ്. ആ സമരം നയിച്ച കൊളാടി ബാലകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റാണ് കേരളത്തിലെ ആദ്യത്തെ നായാടി സമര നായകൻ. അനശ്വരനായ ആ പോരാളിയുടെ അറുപത്തിയേഴാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.