കോമണ്‍വെല്‍ത്ത് ഗെയിംസിന് തൊട്ടുമുമ്പായി ഇന്ത്യക്ക് തിരിച്ചടി. രണ്ട് താരങ്ങള്‍ ഉത്തേജകമരുന്ന് പരിശോധനില്‍ പരാജയപ്പെട്ടു. സ്പ്രിന്റര്‍ എസ് ധനലക്ഷ്മി, ട്രിപ്പിള്‍ ജമ്പര്‍ ഐശ്വര്യ ബാബു എന്നിവരുടെ ഉത്തേജക മരുന്ന് പരിശോധനാ ഫലമാണ് പോസിറ്റീവായത്. രണ്ടുപേര്‍ക്കും ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവും. ഇരുവരും നിരോധിത വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇരുവരെയും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.
കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ നാഡ ശേഖരിച്ച ഐശ്വര്യ ബാബുവിന്റെ സാമ്പിളാണ് പോസിറ്റീവായിരിക്കുന്നത്. ഈ ചാമ്പ്യന്‍ഷിപ്പിനിടെയാണ് 25കാരിയായ ഐശ്വര്യ 14.14 മീറ്റര്‍ ചാടി മലയാളി താരം മയൂഖ ജോണി 2011ല്‍ സ്ഥാപിച്ച ദേശീയ റെക്കോഡ് (14.11) തിരുത്തിയത്. 100 മീറ്ററിലും 4x100 മീറ്റർ റിലേ ടീമിലും അംഗമായിരുന്നു ധനലക്ഷ്മി. ഹിമാ ദാസിനെയും ദ്യുതി ചന്ദിനേയും കഴിഞ്ഞ മാസം ധനലക്ഷ്‌മി പരാജയപ്പെടുത്തിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലും ധനലക്ഷ്മിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വിസ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകാന്‍ കഴിയാതിരുന്നത്.
ബിര്‍മിങ്ഹാമില്‍ ഈ മാസം 28നാണ് കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നത്. 72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്‌ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും 107 ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 322 പേര്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം.
English Summary:Stuck under the drug; India will lose two players in the Commonwealth
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.