15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 12, 2025
March 11, 2025
March 7, 2025
March 6, 2025
March 4, 2025
March 1, 2025
February 19, 2025
February 14, 2025
February 12, 2025

വിദേശപഠനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 ശതമാനം ഇടിവ്

Janayugom Webdesk
ന്യൂ‍ഡല്‍ഹി
March 12, 2025 10:02 pm

പഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 15 ശതമാനം ഇടിവ്. വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജൂംദാറാണ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. 2024ല്‍ 7,59,064 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി വിദേശത്തേക്ക് പോയത്. 2023 ല്‍ 8,92,989, 2022ല്‍ 7,50,365 പേരും പഠനത്തിനായി വിദേശത്തേക്ക് പറന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്വപ്നരാജ്യമായിരുന്ന കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ 41 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 2023ല്‍ 2,32,52 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി കാനഡ തെരഞ്ഞെടുത്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 1,37,608 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കാനഡ വിസ ചട്ടങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് വിസ റദ്ദാക്കലും വിദ്യാഭ്യാസ പെര്‍മിറ്റുകള്‍ക്ക് അനുമതി നിഷേധിക്കുന്നതും വര്‍ധിച്ചു. യുഎസിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കിലും കുറവുണ്ടായി. 2023ല്‍ 2,34,473 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 2,04,058 ആയി കുറഞ്ഞു. 13 ശതമാനത്തിന്റെ കുറവാണുണ്ടായത്. യുകെയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ 28 ശതമാനത്തിനടുത്ത് കുറഞ്ഞ് 98,890 ആയി. ഓസ്ട്രേലിയയിലും ഈ കുറവുണ്ടായി. 2023ല്‍ 78,093 വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയിലേക്ക് പോയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 68,572 ആയി കുറഞ്ഞു. 

എന്നാല്‍ റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 2023ല്‍ 23,503 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് റഷ്യയിലെത്തിയത്. 2024ല്‍ ഇത് 34 ശതമാനം വര്‍ധിച്ച് 31,444 ആയി. ഫ്രാന്‍സില്‍ 7484ല്‍ നിന്ന് 8536 ആയി. ജര്‍മ്മനിയിലേക്ക് 2022ല്‍ 20684 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പോയത്. കഴിഞ്ഞവര്‍ഷം 34702 ആയി ഉയര്‍ന്നു. ന്യൂസിലാന്‍‍ഡിലേക്ക് 2022ല്‍ 1605 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രം പോയിടത്ത് 2024 ആയപ്പോഴേക്കും 7297 ആയി വര്‍ധിച്ചു. ഇന്ത്യ, കാനഡ നയതന്ത്ര ബന്ധത്തിലും പോയവര്‍ഷം കാര്യമായ ഉലച്ചില്‍ തട്ടിയിരുന്നു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് രാജ്യത്തുനിന്ന് 41 നയതന്ത്ര പ്രതിനിധികളെ കാനഡ പിന്‍വലിച്ചിരുന്നു. 2024 ഒക്ടോബറോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. അതേസമയം സര്‍വകലാശാലകളെയും ജനപ്രതിനിധികളെയും കുറിച്ചുള്ള ആശങ്കകളാണ് യുഎസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ കാരണമായതെന്ന് അല്‍ബാനി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ ക്രിസ്റ്റാഫര്‍ ക്ലാരി പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും ട്രംപിന് മുന്നിലുള്ള ചില നയ അനിശ്ചിതത്വങ്ങളുമാണ് ഇതിന് കാരണമെന്ന് ഞാൻ സംശയിക്കുന്നു, എന്നാല്‍ ഇത് ഒരു മുന്നറിയിപ്പാണെന്നും ക്ലാരി സമൂഹ മാധ്യമത്തില്‍ കുറിച്ചു. വിദേശത്ത് പഠിക്കുകയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.