17 May 2024, Friday

ജാഗ്രത കാട്ടിയാൽ മത്തി വൈകാതെ തിരിച്ചുവരുമെന്ന്  മത്സ്യഗവേഷകര്‍

Janayugom Webdesk
July 15, 2022 2:34 pm

പലകാരണങ്ങളാൽ കേരളതീരം വിട്ട മത്തി വൈകാതെ തിരിച്ചുവരുമെന്ന്  മത്സ്യഗവേഷകര്‍. കടല്‍വെള്ളം ചൂടാകുന്ന ‘എല്‍നിനോ’ പ്രതിഭാസം, കടലിലെ കാലാവസ്ഥാ വ്യതിയാനം, മത്സ്യങ്ങളുടെ ഭക്ഷണമായ ആല്‍ഗകള്‍ കുറയുന്നത്, കടലില്‍ മലിനീകരണം വര്‍ദ്ധിക്കുന്നത്  തുടങ്ങി അടക്കം കൊല്ലി വലകൾ ഉപയോഗിച്ചുള്ള ചെറു മീനുകളെ പിടിയ്ക്കുന്നതും ചാളയുടെ ദൗർലഭ്യത്തിന് കാരണമായിട്ടുണ്ട്‌ .

പ്രജനനകാലമായതിനാല്‍ കോടിക്കണക്കിന് ചാളക്കുഞ്ഞുങ്ങള്‍ കേരളത്തീരത്ത് ജനിച്ചിട്ടുണ്ടെന്നും ഇവയെ പിടിക്കാതെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത കാട്ടിയാല്‍ വരുംവര്‍ഷങ്ങളില്‍ മത്തി ലഭ്യത വര്‍ദ്ധിക്കുമെന്നും മത്സ്യഗവേഷകര്‍ പറയുന്നു.

‘മത്തി ഇടയ്ക്കിടെ കേരളം വിട്ട് പോകുന്നതും തിരിച്ചെത്തുന്നതും പതിവാണ്. ഇപ്പോഴുള്ള മത്തിക്കുഞ്ഞുങ്ങളെ പിടിക്കാതെ വളരാന്‍ അനുവദിച്ചാല്‍ അടുത്ത വര്‍ഷങ്ങളില്‍ മത്തി പെരുകും.

ട്രോളിംഗ് നിരോധനകാലത്ത് 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള മത്സ്യങ്ങള്‍ പിടിക്കുന്നത് നിയമവിരുദ്ധമാണ്. 10–15 സെന്റിമീറ്റര്‍ വലിപ്പമുള്ളവയെയും ഒഴിവാക്കണമെന്നാണ്’ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.

2021ല്‍ വെറും 3,297 ടണ്‍ മത്തിയാണ് കേരളത്തില്‍ ലഭിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ 75 ശതമാനം കുറവ്. 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിതെന്ന് കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം പറയുന്നു. 1985ല്‍ മത്തി വന്‍തോതില്‍ കുറഞ്ഞിരുന്നു. ക്രമേണ ലഭ്യത വര്‍ദ്ധിച്ചു. 2012ല്‍ 3.9 ലക്ഷം ടണ്ണെന്ന റെക്കാഡ് കൈവരിച്ചു.

ലഭ്യതക്കുറവ് മുതലെടുത്ത് ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്ന ‘ലെസര്‍ സാര്‍ഡിന്‍” മത്തിയുടെ വില കുതിക്കുകയാണ്. കിലോയ്ക്ക് 340- 380 രൂപയാണ് ഇന്നലത്തെ വില.

കഴിഞ്ഞ വർഷങ്ങളിൽ മത്തിയുടെ ലഭ്യത ഇപ്രകാരമായിരുന്നു .

മത്തി ലഭ്യത (ടണ്‍) 2017 ‑1,27,93

2018 — 77,093

2019 — 44,320

2020 ‑13,154

2021 — 3,297

Eng­lish summary;study say that the sar­dines will return soon if they are careful

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.