സ്വാതന്ത്യ്രം എന്ന വാക്ക് രാജ്യദ്രോഹമെന്നും പൗരാവകാശം വിധ്വംസകമെന്നും വ്യവഹരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി ഇന്ത്യൻ സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ ഏടുകളിൽ ജാജ്വല്യമാനമായ ഒരധ്യായം എഴുതിച്ചേർത്ത ദേശസ്നേഹിയാണ് സുബ്രഹ്മണ്യഭാരതി. സാഹസിക പത്രപ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെ പടവാൾ. ദേശാഭിമാന പ്രചോദിതങ്ങളായ കവിതകളും ലേഖനങ്ങളുമെഴുതി അദ്ദേഹം ജനഹൃദയങ്ങളെ കർമ്മനിരതരും ആവേശഭരിതരുമാക്കി. ദേശീയാശയങ്ങൾ പ്രചരിപ്പിക്കുവാൻ കാർട്ടൂണുകൾക്കുള്ള പ്രസക്തിയും ശക്തിയും തിരിച്ചറിഞ്ഞ ദക്ഷിണേന്ത്യയിലെ ആദ്യകാല പത്രാധിപരുമായിരുന്നു സുബ്രഹ്മണ്യഭാരതി. പക്ഷേ, അദ്ദേഹത്തിന്റെ മഹാകവിപ്പട്ടത്തിനാണ് പിൽക്കാലത്ത് ഏറെ പ്രസിദ്ധിയും പ്രചാരവും ലഭിച്ചത്. പത്രപ്രവർത്തകൻ, വിപ്ലവകാരി, കാർട്ടൂൺ പ്രേമി, സ്വരാജ്യസ്നേഹി, സ്വാതന്ത്യ്രസമരസേനാനി തുടങ്ങിയ സവിശേഷതകൾ തമസ്കരിക്കപ്പെട്ടു.
സുബ്രഹ്മണ്യം ‘ഭാരതി‘യായ കഥ
1882 ഡിസംബർ 11 ന് തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽപ്പെടുന്ന കോവിൽപ്പട്ടിക്ക് സമീപം എട്ടയപുരം എന്ന സ്ഥലത്ത് ചിന്നസ്വാമി അയ്യരുടേയും ലക്ഷ്മി അമ്മാളിന്റേയും മൂത്ത മകനായി സുബ്രഹ്മണ്യം ജനിച്ചു. ‘സുബ്ബയ്യ’ എന്ന് ഓമനപ്പേര്. സുബ്ബയ്യ ബുദ്ധിമാനായിരുന്നെങ്കിലും സ്കൂളിൽ പോയി പഠിക്കുന്ന കാര്യത്തിൽ വിമുഖനായിരുന്നു. കവിത ചൊല്ലലിലും രചനയിലുമായിരുന്നു ബാല്യത്തിലെ താൽപ്പര്യം. മകനെ ഭാവിയിൽ എഞ്ചിനീയറാക്കാൻ മോഹിച്ചിരുന്ന പിതാവിന് ഇത് രസിച്ചില്ല. അദ്ദേഹം മകനെ തിരുനെൽവേലിയിലെ ഹൈസ്കൂളിൽ ചേർത്തു. അവിടെയും കവിതാരചനയുമായി നടന്നതല്ലാതെ സുബ്ബയ്യ മെട്രിക്കുലേഷൻ പൂർത്തിയാക്കിയില്ല. ജന്മനാട്ടിൽ മടങ്ങിയെത്തിയ സുബ്ബയ്യായെ എട്ടയപുരം രാജാവിന്റെ സേവകനാക്കാൻ പിതാവായ ചിന്നസ്വാമി അയ്യർക്ക് എളുപ്പം സാധിച്ചു. (അദ്ദേഹം രാജസദസ്സിലെ അംഗമായിരുന്നു) സുബ്രഹ്മണ്യന്റെ സാഹിത്യവാസനയും വാഗ്വിലാസവുമൊക്കെ രാജാവിൽ വലിയ മതിപ്പുളവാക്കി. പക്ഷേ, സുബ്രഹ്മണ്യന്റെ തുറന്നടിച്ച മട്ടിലുള്ള സംഭാഷണശൈലിയും പരുക്കൻ പെരുമാറ്റവും പലരേയും മുഷിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിലൊരാൾ- ഒരു മഹാപണ്ഡിതൻ- സ്കൂൾ വിദ്യാഭ്യാസത്തിൽ സുബ്രഹ്മണ്യനുണ്ടായ പരാജയത്തെ ചൂണ്ടിക്കാട്ടി അധിക്ഷേപിക്കുകയുണ്ടായി. ക്ഷൂഭിതനായ സുബ്രഹ്മണ്യം അയാളെ വാദപ്രതിവാദത്തിന് വെല്ലുവിളിക്കുകയും, രാജസദസിൽവച്ച് വിദ്യാഭ്യാസത്തെക്കുറിച്ച് നടത്തിയ വാദപ്രതിവാദത്തിൽ അദ്ദേഹത്തെ തോൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ സരസ്വതീപ്രസാദത്തിൽ സന്തുഷ്ടനായ ആ മഹാപണ്ഡിതൻതന്നെയാണ്, സരസ്വതിയുടെ പര്യായമായ ‘ഭാരതി’ എന്ന വിശേഷണം സുബ്രഹ്മണ്യന് അനുഗ്രഹിച്ചരുളിയത്. പിന്നീട്, ആ പേരിലാണ് അദ്ദേഹം ലോകം മുഴുവൻ അറിയപ്പെട്ടതും.
ബംഗാൾ വിഭജനം
സുബ്രഹ്മണ്യഭാരതി ചെറുപ്പത്തിൽത്തന്നെ പത്രപ്രവർത്തനത്തിൽ തൽപരനായിരുന്നു. ‘ഹിന്ദു’ ദിനപത്രത്തിന്റെ സ്ഥാപകനായ ജി. സുബ്രഹ്മണ്യ അയ്യരാണ് ഭരതിയിലെ പത്രപ്രവർത്തകനെ തിരിച്ചറിഞ്ഞ് തന്റെ തമിഴ് പത്രമായ ‘സ്വദേശിമിത്രനി‘ൽ ജോലി നൽകിയത് (1904). ബ്രിട്ടീഷ് അടിമത്തത്തിലായിരുന്ന ഇന്ത്യയിൽ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയിർക്കൊണ്ട ദേശാഭിമാനത്തിന്റെയും സ്വാതന്ത്യ്രബോധത്തിന്റെയും പ്രഭവകേന്ദ്രം ബംഗാളായിരുന്നല്ലോ. ഉണർന്നുവരുന്ന ആ ദേശീയബോധത്തെ തച്ചുടയ്ക്കാൻ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ വൈസ്രോയ് (നതാനിയൽ കഴ്സൺ) കണ്ട വഴി ബംഗാൾവിഭജനമായിരുന്നു. ഭരണപരമായ സൗകര്യമാണ് വിഭജനത്തിനുള്ള ന്യായീകരണമായി ഔദ്യോഗികമായി പ്രസ്താവിച്ചതെങ്കിലും, ബംഗാളിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കുക എന്നതായിരുന്നു ഗൂഢലക്ഷ്യം. അങ്ങനെ 1905 ഒക്ടോബർ 16 ന് കിഴക്കും പടിഞ്ഞാറുമായി ബംഗാൾ വിഭജിക്കപ്പെട്ടു. ബംഗാളിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഈ സംഭവം ദേശീയസ്വാതന്ത്യ്രസമരം ഒരു മഹാതരംഗമാകാൻ പ്രേരകമായി. സുരേന്ദ്രനാഥബാനർജിയുടെ നേതൃത്വത്തിൽ വംഗ ദേശത്തുണ്ടായ പ്രതിഷേധ സമരങ്ങൾ ബംഗാളി സാഹിത്യത്തെയും ഉണർത്തി. ബങ്കിംചന്ദ്രചാറ്റർജി, രബീന്ദ്രനാഥടാഗോർ, ദ്വിജേന്ദ്രലാൽ റോയി, രമേശ്ചന്ദ്രദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അക്കാലത്ത് വിരചിതമായ സാഹിത്യസൃഷ്ടികളിലെല്ലാം ബ്രിട്ടീഷ് വിരുദ്ധവികാരവും ദേശാഭിമാനവും നിറഞ്ഞു തുളുമ്പിയിരുന്നു. അതിന്റെ അലയൊലികൾ ദക്ഷിണേന്ത്യക്കാരനായ ഭാരതിയിലും ചലനങ്ങൾ ഉളവാക്കി. ഈ സന്ദർഭത്തിൽ, എസ് എൻ തിരുമലാചാരി ആരംഭിച്ച ‘ഇന്ത്യ’ എന്ന തമിഴ് രാഷ്ട്രീയവാരികയുടെ പത്രാധിപരാകാൻ സാധിച്ചതാണ് ഭാരതിയുടെ ജീവിതത്തിലെ വഴിത്തിരിവായത്.
ദേശാഭിമാന പ്രചോദിതങ്ങളായ അസംഖ്യം കവിതകളും ലേഖനങ്ങളും രചിക്കുവാൻ ഭാരതി ഈ അവസരം ശരിക്കും വിനിയോഗിച്ചു. പരമ്പരാഗത പത്രപ്രവർത്തന ശൈലിയിൽനന്ന് വ്യത്യസ്തമായ പാത തേടിയുള്ള അന്വേഷണമാണ് അദ്ദേഹത്തെ കാർട്ടൂണുകളിൽ എത്തിച്ചത്. തന്റെ ആശയങ്ങൾ ദക്ഷിണേന്ത്യയിലെ ഭൂരിപക്ഷം വരുന്ന നിരക്ഷരരായ ജനങ്ങളിലെത്തിക്കുവാൻ, പേജുകൾ നീളുന്ന ലേഖനത്തേക്കാൾ ശക്തമായിരിക്കും ചെറിയൊരു കാർട്ടൂൺ എന്ന ഭാരതിയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. വിദേശവസ്ത്ര ബഹിഷ്കരണം, സ്വദേശിപ്രചാരണം മുതലായ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട്ടിൽ പ്രചാരം നൽകാൻ ‘ഇന്ത്യ’യുടെ താളുകളിൽ ഭാരതി മൂർച്ചയുള്ള ലേഖനങ്ങളും വിപ്ലവ കവിതകളുമെഴുതി. ഒപ്പം ബ്രിട്ടീഷുകാരെ നിശിതമായി വിമർശിക്കുന്ന രാഷ്ട്രീയ കാർട്ടൂണുകളും.
‘കാർട്ടൂൺ സഹിതം പ്രസിദ്ധീകരിക്കപ്പെടുന്ന
പുരോഗമന സ്വഭാവമുള്ള ഒരു തമിഴ് വാരിക’
എന്നാണ് ‘ഇന്ത്യ’ വാരികയുടെ ലെറ്റർപാഡിൽ ചേർത്തിരുന്ന വിശേഷണം. 1909 മാർച്ച് 13 ന്റെ ലക്കത്തിൽ ഇങ്ങനെയും ഒരു അറിയിപ്പ് ഉണ്ടായിരുന്നു:
‘കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്ന തമിഴിലെ ഏക വാർത്താവാരികയാണ് ഇതെന്ന് വായനക്കാർ അറിയുമല്ലോ. അടുത്താഴ്ച മുതൽ പ്രധാന വാർത്തകളോടൊപ്പം കൂടുതൽ ചിത്രങ്ങളും കാർട്ടൂണുകളും ചേർക്കാനുദ്ദേശിക്കുന്നു. ദക്ഷിണേന്ത്യയിൽനിന്നു പുറത്തിറങ്ങുന്ന തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ ഇല്ലാത്ത ഒരു സംഗതിയാണിത്. ഇതിന്റെ തുടക്കക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്.’
സുബ്രഹ്മണ്യഭാരതിക്ക് കാർട്ടൂൺ കലയോടുണ്ടായിരുന്ന ആഭിമുഖ്യമാണ് ഈ വരികളിൽ പ്രതിഫലിക്കുന്നത്. 1906 സെപ്തംബർ എട്ടിന്റെ ആദ്യലക്കം മുതൽ 1910 മാർച്ച് 12 ന്റെ അവസാനലക്കം വരെ പുറത്തിറങ്ങിയ ‘ഇന്ത്യ’ വാരികയുടെ എല്ലാ ലക്കങ്ങളിലും ആദ്യപേജിൽത്തന്നെ ഒരു കാർട്ടൂൺ ചേർത്തിരുന്നതായി ഭാരതിയുടെ കാർട്ടൂണുകളെപ്പറ്റി സമഗ്രഗവേഷണം നടത്തിയ തമിഴ് ചരിത്രകാരൻ ഡോ. എ ആർ വെങ്കടാചലപതിയുടെ ‘ഭാരതിയിൻ കരുത്തുപ്പടങ്കൾ’ എന്ന കൃതിയിൽ സൂചനയുണ്ട്.
വെങ്കിടാചലപതി പഠനവിധേയമാക്കിയ 87 കാർട്ടൂണുകളിൽ പലതും വ്യത്യസ്ത ശൈലിയിലായതിനാൽ, ഭാരതി ആശയം നൽകി അപ്പപ്പോൾ ലഭ്യരായ ചിത്രകാരന്മാരെക്കൊണ്ട് കാർട്ടൂണുകൾ വരപ്പിച്ചതായി വ്യക്തമാകുന്നുണ്ട്. പക്ഷേ, അവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല. എങ്കിലും ചിത്രങ്ങളുടെ ബ്ലോക്കുണ്ടാക്കുന്നതിനുള്ള മെറ്റൽ- എൻഗ്രേവിങ് എന്ന സാങ്കേതികവിദ്യ അത്ര വികാസം പ്രാപിച്ചിട്ടില്ലാത്ത അക്കാലത്ത് ഭാരതിയുടെ ഈ നൂതന സംരംഭം ഏറെ ചർച്ചാവിഷയമായി. ‘ഇന്ത്യ’യിൽ പ്രസിദ്ധീകൃതമായ കാർട്ടൂണുകളെപ്പറ്റി സ്വദേശിമിത്രൻ പത്രം മുഖപ്രസംഗമെഴുതി. തമിഴ് കവിയും പത്രാധിപരുമായിരുന്ന ഭാരതിദാസൻ, താൻ ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് ആകൃഷ്ടനായത് ഭാരതിയുടെ കാർട്ടൂണുകൾ കണ്ടിട്ടാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിദ്ധ തമിഴ് പത്രപ്രവർത്തകനായിരുന്ന എസ് ജി രാമാനുജുലുനായിഡു തന്റെ ആത്മകഥയിൽ (1920) ഭാരതിയുടെ രാഷ്ട്രീയ കാർട്ടൂണുകളെ വിശേഷിപ്പിച്ചിട്ടുള്ളത് ‘ബ്രില്ല്യന്റ്’ എന്നാണ്.
സൂറത്ത് സമ്മേളനം
1905 ൽ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾ കോൺഗ്രസ് സംഘടനയിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് കളമൊരുക്കുകയും, അത് 1907 ൽ സൂറത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ പ്രത്യക്ഷ സംഘട്ടനത്തിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ബാലഗംഗാധരതിലകന്റെയും ലാലാലജ്പത്റായിയുടേയും നേതൃത്വത്തിലുള്ള തീവ്രവാദികൾ സഹനസമരത്തോടൊപ്പം ഭീകര പ്രവർത്തനവും കൂടി വേണമെന്നു വാദിച്ചപ്പോൾ ഫിറോസ് ഷാ മേത്ത, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരുടെ നേതൃത്വത്തിലുള്ള മിതവാദികൾ സായുധസമരത്തെ എതിർക്കുകയും ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങളിൽ ഉറച്ചുനിൽക്കണമെന്ന് ശഠിക്കുകയും ചെയ്തു. ഭാരതി തീവ്രവാദികളോടൊപ്പമാണ് നിലകൊണ്ടത്. ആ വീര്യം ‘ഇന്ത്യ’യിൽ പ്രസിദ്ധീകൃതമായ കാർട്ടൂണുകളിലും നിറഞ്ഞുനിന്നു. അവയെ നിരന്തരം നിരീക്ഷിച്ചിരുന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്ക് രാജ്യദ്രോഹകുറ്റം ചുമത്തി വാരികയുടെ പത്രാധിപരെ പ്രോസിക്യൂട്ട് ചെയ്യാൻ അധികം ആലോചിക്കേണ്ടി വന്നില്ല. ആ സമയത്താണ് ബാലഗംഗാധരതിലക്, അരവിന്ദ് ഘോഷ്, ലാലാ ലജ്പത്റായി മുതലായവർ ബോംബെയിൽ അറസ്റ്റിലായത്. ഭാരതിയുടെ സുഹൃത്തുക്കളായ ചിദംബരം പിള്ള, സുബ്രഹ്മണ്യശിവ, കൃഷ്ണസ്വാമി ശർമ്മ തുടങ്ങിയവർ മദ്രാസിലും (ചെെന്നെ) തടങ്കലിലാക്കപ്പെട്ടു. ഈ സാഹചര്യത്തിൽ മദ്രാസിൽ താമസം തുടരുന്നതിൽ അപകടം മണത്ത് തിരുമലാചാരിയും ഭാരതിയും ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിൽ അഭയം തേടുകയായിരുന്നു (1907). മണ്ഡയം സഹോദരന്മാർ ‘ഇന്ത്യ’ വാരികയുടെ അച്ചുകൂടം ‘പീസുപീസാ‘ക്കി പോണ്ടിച്ചേരിയിലെത്തിച്ചതിനാൽ 1908 ഒക്ടോബർ മുതൽ വാരികയുടെ പുനഃപ്രസിദ്ധീകരണം സാധ്യമായി. അവിടെനിന്ന് അതീവരഹസ്യമായിട്ടാണ് വാരികയുടെ പ്രതികൾ തമിഴ്നാടിന്റെ മുക്കിലും മൂലയിലും എത്തിച്ചിരുന്നത്.
‘ഇന്ത്യ’യിലെ കാർട്ടൂണുകൾ
ഭാരതിയുടെ കാർട്ടൂണുകളിൽ ഭാരതാംബയും പശുവും ഹൈന്ദവ പുരാണങ്ങളിലെ ദേവീദേവന്മാരും നിരന്തരം അവതരിക്കുന്നുണ്ട്. ഈസോപ്പുകഥകളും തമിഴ് പഴമൊഴികളും ഐതിഹ്യങ്ങളുമൊക്കെ തന്റെ ആശയങ്ങളുമായി സംയോജിപ്പിച്ച് ഭാരതി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നിശിതമായി വിമർശിച്ചു. ഫിറോസ്ഷാ മേത്തയെപ്പോലുള്ള മിതവാദികളെയും ഭാരതി വെറുതെ വിട്ടില്ല. സ്വദേശി പ്രസ്ഥാനത്തിന് ഹിന്ദുത്വത്തോടുള്ള ചായ് വ് ഭാരതിയുടെ കാർട്ടൂണുകളിലും നിഴലിച്ചിരുന്നു. ഈ അടുപ്പം മൂലമാണ് സ്വദേശിപ്രസ്ഥാനത്തിന്റെ അന്ത്യം കുറിക്കാൻ ബ്രിട്ടീഷുകാർക്ക് നിഷ്പ്രയാസം സാധിച്ചതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പതനത്തിൽ ഭാരതിയുടെ മനം നൊന്തു. 1910 ൽ ഇന്ത്യ വാരിക ബ്രിട്ടീഷ് അതിർത്തിക്കുള്ളിൽ നിരോധിച്ചത് അദ്ദേഹത്തിന് മറ്റൊരു പ്രഹരമായി. 1911 ൽ തിരുനെൽവേലി കളക്ടർ ആഷെയുടെ വധത്തെത്തുടർന്ന് പോണ്ടിച്ചേരിയിലും ബ്രിട്ടീഷ് പോലീസിന്റെ സാന്നിധ്യമുണ്ടായപ്പോൾ സജീവരാഷ്ട്രീയത്തിൽനിന്ന് പിന്തിരിയാൻ ഭാരതി നിർബന്ധിതനായി. തുടർന്ന് വിജയ, സൂര്യോദയം എന്നീ സാഹിത്യ‑സാംസ്കാരിക പ്രസിദ്ധീകരണങ്ങളുമായി ഒതുങ്ങിക്കൂടാൻ ശ്രമിച്ചെങ്കിലും, അവിടെയും സ്വതന്ത്രമായ പത്രപ്രവർത്തനം സാധ്യമല്ലെന്ന് കണ്ട് തന്റെ ആദ്യതാവളമായ ‘സ്വദേശിമിത്രണി‘ലേക്കുതന്നെ മടങ്ങി. ‘ചിത്രാവലി’ എന്നൊരു കാർട്ടൂൺ മാസിക ആരംഭിക്കുന്നതായി ഇന്ത്യ വാരികയുടെ 1909 നവംബർ 27ലെ ലക്കത്തിൽ പരസ്യപ്പെടുത്തിയിരുന്നെങ്കിലും ആ സംരംഭവും യാഥാർത്ഥ്യമായില്ല. 1918 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ അതിർത്തിയായ കടലൂരിൽവച്ച് അറസ്റ്റിലായ ഭാരതിക്ക് ഏതാനും മാസങ്ങൾ ജയിലിൽ കഴിയേണ്ടിവന്നു. തൽഫലമായി ആരോഗ്യം ക്ഷയിച്ച ഭാരതി ഒരപകടത്തെ തുടർന്ന് 1921 സെപ്തംബർ 11 ന് തന്റെ 39-ാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു. ഇന്ത്യൻ കാർട്ടൂൺ രംഗത്ത് ‘മുമ്പേ പറന്ന പക്ഷി‘യായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.