
കെപിസിസിയിൽ നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങൾ തള്ളി കെ സുധാകരൻ. അത്തരത്തിൽ യാതൊരു ചർച്ച നടന്നിട്ടില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്ന് താൻതന്നെ പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നോട് നേതൃസ്ഥാനത്തുനിന്ന് മാറാൻ ആരും പറഞ്ഞിട്ടില്ല. അനാരോഗ്യമുണ്ടെങ്കിൽ ഡോക്ടറെ കാണിച്ച് ചികിത്സിക്കുകയല്ലേ വേണ്ടത്. ഒന്നരമണിക്കൂറോളം ഹൈക്കമാൻഡുമായി സംസാരിച്ചു.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയവും വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളും പാർട്ടി സ്വീകരിച്ച നടപടികളും ചർച്ചചെയ്തു. വളരെ തൃപ്തരായാണ് അവർ എന്നെ യാത്രയയച്ചത്, സുധാകരൻ പറഞ്ഞു. കഴിഞ്ഞദിവസം കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയിൽ കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് വിജയങ്ങളും ചൂണ്ടിക്കാണിച്ചതല്ലാതെ സ്ഥാനമൊഴിയുന്നതിൽ വലിയ എതിർപ്പൊന്നും സുധാകരൻ പ്രകടിപ്പിച്ചില്ലെന്നാണ് സൂചന.
കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിലും മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കേരളത്തിലെ നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടായതോടെ പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മാറേണ്ട സാഹചര്യമില്ലെങ്കിലും ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകൻ പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ താൻതന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.