23 November 2024, Saturday
KSFE Galaxy Chits Banner 2

സൂസൻ സൊണ്ടാഗ്: വേദനയുടെ കാമറക്കണ്ണുകൾ

ജയൻ മഠത്തിൽ
October 11, 2023 2:31 pm

2001 സെപ്റ്റംബർ 11. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററും പെന്റഗൺ ടവറും ഭീകരാക്രമണത്തിൽ തകർന്നു. പ്രപഞ്ചം മുഴുവൻ നിരീക്ഷിക്കാൻ നക്ഷത്രക്കണ്ണുകളുള്ള, ലോകം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന് അഹങ്കരിച്ചിരുന്ന അമേരിക്കയുടെ മുഖത്തിനേറ്റ ഒരടിയായിരുന്നു അത്. ലോകജനത ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അക്ഷരങ്ങൾക്ക് തീപിടിച്ചൊരു കാലത്ത് ന്യൂയോർക്കിലിരുന്നുകൊണ്ട് ഒരാൾ, അമേരിക്കയെ അതിശക്തമായ ഭാഷയിൽ വിമർശിച്ചു. “നിങ്ങളുടെ തീവ്രവാദി മറ്റൊരാളിന്റെ സ്വാതന്ത്ര്യഭടനാകുന്നു” (One man’s ter­ror­ist is anoth­er man’s free­dom fight­er) എന്ന് ന്യൂയോർക്കിൽ നിന്ന് അവർ വിളിച്ചു പറഞ്ഞു. അമേരിക്കയുടെ ഏറ്റവും സുരക്ഷിതവും തന്ത്രപ്രധാനവുമായ രണ്ട് കേന്ദ്രങ്ങൾ തകർത്തവർ ഭീരുക്കളല്ലെന്നും അവരുടെ ആക്രമണം നാഗരികതയ്ക്ക് നേരെയോ സമൂഹത്തിന്റെ നേരെയോ അല്ല എന്നും അവർ വാദിച്ചു. ആക്രമണം അമേരിക്കയുടെ ഗുണ്ടായിസത്തിനെതിരെയുള്ള പ്രതികരണമാണ് എന്നവർ നിർഭയത്തോടെ വിളിച്ചുപറഞ്ഞു. ആ നിർഭയത്വത്തിന്റെ പേരായിരുന്നു സൂസൻ സൊണ്ടാഗ്. മേഘഗർജനംപോലെയുള്ള ആ ശബ്ദം തെല്ലൊന്നുമല്ല വൈറ്റ് ഹൗസിനെയും പെന്റഗണിനെയും പിടിച്ചുകുലുക്കിയത്.

അമേരിക്കൻ വിരുദ്ധ വികാരത്തിന്റെ ‘പെൺവെളിച്ചപ്പാട്’ എന്നു വിളിച്ച് പത്രങ്ങൾ അവരെ ആക്ഷേപിച്ചു. എന്നാൽ അമേരിക്കയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്കെതിരെ ശക്തമായ നിലപാടുമായി അവർ മുന്നോട്ടു പോയി. ചൂഷക വർഗത്തോടുള്ള ശക്തമായ പോരാട്ടമായിരുന്നു സൂസന്‍ സൊണ്ടാഗിന്റേത്. മനുഷ്യചരിത്രത്തിലെ അർബുദമാണ് വെള്ളക്കാർ എന്ന് അവര്‍ എഴുതി. പരിസ്ഥിതിയെ നശിപ്പിക്കുന്നതും മാനവ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതും വെള്ളക്കാരും അവരുടെ ആശയങ്ങളുമാണെന്ന് അവർ വിശദീകരിച്ചു. വിയറ്റ്നാം യുദ്ധകാലത്തും അമേരിക്കക്കെതിരെ കടുത്ത ഭാഷയിൽ അവർ പ്രതികരിച്ചു. യുദ്ധകാലത്ത് സൂസൻ ഹാനോയിലേക്ക് പോയി. ട്രിപ് ടു ഹാനോയ് എന്ന പുസ്തകമെഴുതി. യൂഗോസ്ലാവിയുടെ ശിഥിലീകണ കാലത്ത് സരയേവോ ഉപരോധത്തിൽ പങ്കെടുത്ത് അമേരിക്കക്കെതിരെ സംസാരിച്ചു. സാത്താനിക് വേർഴ്സ് എഴുതിയതിന്റെ പേരിൽ സൽമൻ റുഷ്ദി ആക്രമണം നേരിട്ടപ്പോൾ നോവലിസ്റ്റിന് പിന്തുണയുടെ കൂടാരമൊരുക്കിക്കൊണ്ട് ആദ്യം എത്തി. വാക്കുകൾ അഗ്നിയാണെന്നും അതിന് സർവതിനെയും ഭസ്മീകരിക്കാനുള്ള കഴിവുണ്ടെന്നും സൂസൻ സൊണ്ടാഗ് തന്റെ രചനകളിലൂടെ തെളിയിക്കുകയായിരുന്നു. മഞ്ഞലപോലെയും വാൾത്തലപോലെയും സൂസന്റെ അക്ഷരങ്ങൾ തിളങ്ങി. അർബുദത്തിന്റെ ഞണ്ടുകൾ തന്റെ ശരീരത്തെ ഭീകരമായി കാർന്നു തിന്നപ്പോഴും ലോകത്തിലെ വേദനിക്കുന്നവർക്കും ഒറ്റപ്പെട്ടവർക്കും പാരതന്ത്ര്യത്തിൽ അമർന്നു കിടന്നവർക്കും വേണ്ടി അവർ ശബ്ദിച്ചുകൊണ്ടേയിരുന്നു. മരണത്തോടും രോഗത്തോടും അവര്‍ നാക്കുകൊണ്ടും വാക്കുകൊണ്ടും പൊരുതി.

ജീവിതത്തെ അതിന്റെ സത്യസന്ധതയോടും നേർരേഖയിലും കാണാനായിരുന്നു സൂസന് ഇഷ്ടം. കപടസദാചാരങ്ങൾക്കെതിരെ അവർ ശക്തമായ നിലപാടെടുത്തു. സൂസന്റെ ജീവിതം തുറന്നുവച്ച ഒരു പുസ്തകമായിരുന്നു. ചൈനയിൽ വ്യാപാരിയായിരുന്ന ജാക്ക് റോസൻ ബ്ലട്ടിന്റെയും മിൽഡ്രസിന്റെയും മകളായി 1933 ജനുവരി 16ന് ന്യൂയോർക്ക് സിറ്റിയിലാണ് സൂസൻ ജനിച്ചത്. അഞ്ചാമത്തെ വയസിൽ അവളുടെ പിതാവ് മരിച്ചു. എട്ടു വർഷത്തിനു ശേഷം മാതാവ് മിൽഡ്രസ് ആർമി ക്യാപ്റ്റനായിരുന്ന നാതൻ സൊണ്ടാഗിനെ വിവാഹം കഴിച്ചു. ഇതോടെ രണ്ടാനച്ഛന്റെ കുലനാമമായ സൊണ്ടാഗ് സൂസൻ സ്വീകരിച്ചു. അരിസോണയിൽ ബാല്യകൗമാരങ്ങൾ കഴിച്ച സൂസൻ പഠിക്കാൻ മിടുക്കിയായിരുന്നു. ഉപരിപഠനത്തിനായി അവൾ ചിക്കാഗോയിലേക്ക് പോയി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും തുടർന്ന് പാരീസിലും ഗവേഷക വിദ്യാർത്ഥിയായി. പഠനശേഷം അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ അധ്യാപികയായി. 1950ൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും എഴുത്തുകാരനുമായിരുന്ന ഫിറില് റൈഫിനെ വിവാഹം കഴിച്ചു. അന്നവൾക്ക് വയസ് 17. അധികകാലം ആ കുടുംബജീവിതം നീണ്ടു നിന്നില്ല. ഉഭയലൈംഗികതയുള്ള സ്ത്രീയായിരുന്നു സൂസൻ. ഒൻപതു പേരുമായി താൻ പ്രണയബന്ധത്തിലായിരുന്നു എന്ന് സൂസൺ കുമ്പസരിക്കുന്നുണ്ട്. അതിൽ അഞ്ചു പേരും സ്ത്രീകളായിരുന്നു. തന്റെ ലസ്ബിയൻ താല്പര്യത്തെ പതിനഞ്ചു വയസിൽ തന്നെ അവൾ തിരിച്ചറിഞ്ഞിരുന്നു. ലൈംഗികത എന്നത് സ്വകാര്യമായ കാര്യമാണെന്നും സമൂഹം അതിൽ ഇടപെടേണ്ടതില്ലെന്നും സൂസൻ പ്രഖ്യാപിച്ചു. ഐറിനെ ഫോംസ് എന്ന വനിതാ നാടകകൃത്തുമായി അവൾ ഒന്നിച്ചു താമസിച്ചു. ലൂസിൻഡ ചൈൽഡ്സ് എന്ന സംവിധായികയുമായി അവൾ അടുപ്പത്തിലായി. ആഗ്രഹങ്ങളുടെ ഒരു ശേഖരമാണ് തന്റെ ലൈബ്രറി എന്ന് അവർ ഒരിക്കൽ എഴുതി. സ്നേഹിക്കുക എന്നാൽ വേദനിപ്പിക്കുക എന്നാണെന്നും അത് സ്വയം തൊലിയുരിയുന്നതിന് തുല്യമാണെന്നും സൂസൻ വിശ്വസിച്ചിരുന്നു. ഏതു നിമിഷവും ഒരാൾ നിങ്ങളുടെ ചർമ്മത്തിൽ നിന്ന് ഇറങ്ങിപോയേക്കാം എന്നറിയുന്നതു പോലെയാണെന്നും സൂസൻ തുടർന്ന് പറയുന്നു.

നോവലിസ്റ്റ് എന്ന നിലയിൽ അറിയപ്പെടാനാണ് സൂസൻ ആഗ്രഹിച്ചത്. എന്നാൽ സാംസ്കാരിക വിമർശകയായിട്ടാണ് ലോകം അവരെ തോളിലേറ്റിയത്. ശുദ്ധ സൗന്ദര്യ വാദിയായിരുന്നു സൂസൻ സൊണ്ടാഗ്. ഉന്മത്തയായ സൗന്ദര്യവാദി എന്ന് അവർ സ്വയം വിശേഷിപ്പിച്ചു. നിശബ്ദതയിൽ നിന്ന് അവർ സൗന്ദര്യത്തിന്റെ ശുദ്ധ സംഗീതത്തെ സൃഷ്ടിച്ചു. കലയുടെ ഏറ്റവും വലിയതലം അതിലെ നിശബ്ദത അല്ലെങ്കിൽ മൗനമാണെന്ന് സൂസൻ നിരീക്ഷിച്ചു. തന്റെ എഴുത്ത് സ്വാതന്ത്ര്യത്തെയും സ്വയം വെളിപ്പെടുത്തലിനെയും അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് അവർ പറഞ്ഞു. ഫെമിനിസത്തിനോട് സൂസന് താല്പര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും ലേബലിലേക്ക് ചുരുങ്ങാൻ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തികഞ്ഞ ഭൗതികവാദിയായ സൂസൻ മരണാനന്തര ജീവിതത്തെ മികച്ച ഫലിതങ്ങളിലൊന്നായി കണ്ടു. ഇമ്മാനുവൽ കാന്റ്, ഹെഗൽ, അന്ദ്രേ ഴീത്, കാഫ്ക എന്നിവരുടെ കൃതികളും ദർശനങ്ങളും സൂസനെ സ്വാധീനിച്ചതായി അവർ പറഞ്ഞിട്ടുണ്ട്. കാല്പനികവാദികളെപോലെ വ്യക്തിയുടെ സ്വകാര്യതയായിരുന്നില്ല സൂസൻ സൊണ്ടാഗ് എഴുത്തിന് വിഷയമാക്കിയത്. സൗന്ദര്യത്തിന്റെ പുതിയ നിർവചനങ്ങൾ നിർമ്മിക്കാനാണ് സൂസൻ കലാസൃഷ്ടികളിലൂടെ ശ്രമിച്ചത്. എവിടെയും സൗന്ദര്യം അന്വേഷിക്കുക, ഏതിലും സൗന്ദര്യം കണ്ടെത്തുക എന്നതാണ് സാഹിത്യത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്ന് സൂസൻ എഴുതി. മറ്റൊരർത്ഥത്തിൽ സൗന്ദര്യത്തിന്റെ ചരിത്രം നിർമ്മിക്കാനാണ് സൂസൻ ശ്രമിച്ചത്. അത് സാഹിത്യ ചരിത്രത്തില്‍ അനിവാര്യമായ ഒരു കാലത്താണ് സൂസൻ സാഹിത്യരചനാരംഗത്തേക്ക് കടന്നുവന്നത്. ധാർമ്മിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മതത്തിന്റെ നിലനിൽപ്പ് എന്ന കാന്റിന്റെ ദർശനത്തെയും ഫ്രഡറിക് നെഗറിന്റെ താർക്കിക ബുദ്ധിയെയും ഒരുപോലെ സൂസൻ തന്റെ സൗന്ദര്യബോധത്തിലേക്ക് സ്വീകരിച്ചു. സ്വാതന്ത്ര്യം എന്ന വാക്ക് പ്രാണവായു പോലെ അവർ ഉള്ളിലേക്കെടുത്തു. സ്വാതന്ത്ര്യത്തിലേക്കുള്ള ഏതു വഴിയും സൂസൻ സൊണ്ടാഗിന് സൗന്ദര്യത്തിലേക്ക് തുറന്നിട്ട കവാടമായിരുന്നു. സാഹിത്യം സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരാണ് എന്ന് ജിയോഫ്രിമോവിസുമായി നടത്തിയ അഭിമുഖത്തിൽ അവർ പറഞ്ഞു. എഴുത്തുകാരൻ ലോകത്തെ നിരന്തരം നിരീക്ഷിക്കുന്ന ഒരാളാണ്, അങ്ങനെ ആയിരിക്കുകയും വേണം എന്ന് സൂസൻ മറ്റൊരിക്കൽ പറഞ്ഞു. എല്ലാറ്റിലും താല്പര്യമുള്ള ഒരാളാണ് (One who is inter­est­ed in every­thing) സാഹിത്യകാരൻ എന്ന് എഴുത്തുകാരെ സൂസൻ നിർവചിച്ചു. അറ്റ് ദ സെയിം ടൈം എന്ന പുസ്തകത്തിൽ സൂസൻ തന്റെ സൗന്ദര്യശാസ്ത്രം അവതരിപ്പിക്കുന്നുണ്ട്. സാമൂഹ്യ ജീവിതത്തോട് ഒരു എഴുത്തുകാരി എന്ന നിലയിലുള്ള സൂസൻ സൊണ്ടാഗിന്റെ ജാഗ്രത നമുക്ക് ഈ പുസ്തകത്തിൽ കാണാം. ജാഗ്രതക്ക് രണ്ട് അവസ്ഥകളുണ്ടെന്ന് സൂസൻ പറയുന്നു. ഉറക്കം നടിച്ചിരിക്കുന്ന അവസ്ഥയും ഉറങ്ങുന്നു എന്ന തോന്നൽ നിലനിറുത്തിക്കൊണ്ട് ഉറങ്ങുന്ന അവസ്ഥയും. ഇവയ്ക്കിടയിലാണ് തന്റെ ജാഗ്രതയെന്നും താൻ ഉറങ്ങുന്നില്ലെന്നും ഉറങ്ങാനാകാത്ത വിധം സമൂഹം ഉണർന്നിരിക്കുമ്പോൾ തനിക്കെങ്ങനെയാണ് ഉറങ്ങാൻ കഴിയുക എന്നും സൂസൻ തുടർന്നു പറയുന്നുണ്ട്.

സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ ഫിലോസഫി അധ്യാപികയായിരിക്കുമ്പോഴാണ് ദ ബെനിഫാക്ടർ എന്ന ആദ്യ നോവൽ സൂസൻ പ്രസിദ്ധീകരിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ ‘ഡെത്ത് കിറ്റ്’ എന്ന രണ്ടാമത്തെ നോവൽ പ്രസിദ്ധീകരിച്ചു. ഇതോടെ എഴുത്തിൽ സജീവമാകാൻ വേണ്ടി അധ്യാപന ജോലി ഉപേക്ഷിച്ചു. ദ വേ വീ ലൈവ് ഉൾപ്പെടെയുള്ള ശ്രദ്ധേയമായ പല കഥകളും അച്ചടിച്ചു വന്നത് ഈ കാലത്താണ്. ഈ കഥയുടെ ആഖ്യാനകലയിൽ സൂസൻ ചില പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ദ വോൽക്കാനോ ലവർ, ഇൻ അമേരിക്ക എന്നീ നോവലുകളും പിന്നീട് പ്രസിദ്ധീകരിച്ചു. നോവലുകളും കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും സാംസ്കാരിക വിമർശക എന്ന നിലയിലാണ് സൂസൻ സൊണ്ടാഗിനെ ലോകം അറിയുന്നത്. എല്ലാ പ്രധാനപ്പെട്ട ആനുകാലികങ്ങളിലും സൂസന്റെ രചനകൾ മുഖ്യസ്ഥാനം പിടിച്ചു. നോട്സ് ഓൺ ക്യാമ്പ് എന്ന ദീർഘമായ പ്രബന്ധം ദ ന്യൂയോർക്ക് റിവ്യൂ ഓഫ് ബുക്സിൽ പ്രസിദ്ധീകരിച്ചതോടെ ബുദ്ധിജീവികളുടെ നിരയിലേക്ക് സൂസൻ സൊണ്ടാഗ് ഉയർന്നു. പിന്നീട് ഈ പ്രബന്ധം എഗൻസ്റ്റ് ഇന്റർ പ്രിട്ടേഷൻ ആന്റ് അദർ എസേസ് എന്ന ആദ്യ ലേഖന സമാഹാരത്തിൽ ചേർത്തു. 1966ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ചുരുങ്ങിയ കാലം കൊണ്ട് നിരവധിപതിപ്പുകൾ ഉണ്ടായി. ഓൺ ഫോട്ടോഗ്രഫി എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ സംസ്കാരിക വിമർശന രംഗത്തെ ധീരതയുള്ള ശബ്ദമായി സൂസൻ സെന്റാഗ് മാറി. ഒരാളുടെ ഫോട്ടോ എടുക്കുക എന്നത് കൊലപാതകം പോലെയാണെന്നും, മൃദുവായ കൊലപാതകമാണതെന്നും സൂസൻ എഴുതി. യാഥാർത്ഥ്യത്തെ തടവിലാക്കാനുള്ള മാർഗമാണ് ഫോട്ടോഗ്രാഫുകൾ എന്നു പറഞ്ഞുകൊണ്ട് മുതലാളിത്ത ഉപഭോക്തൃ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെ സൂസൻ തന്റെ പുസ്തകത്തിൽ അന്വേഷിക്കുന്നു. ചിത്രം എടുക്കുമ്പോൾ യഥാർത്ഥത്തിൽ നാം അവരെ ബലാൽക്കാരം ചെയ്യുകയാണ്. മറ്റൊരാളുടെ സ്വകാര്യതകളിലേക്ക്, അസ്തിത്വത്തിലേക്ക് കടന്നുകയറുകയാണ്. ഇതൊരു സൗന്ദര്യാത്മക ഉപഭോക്തൃത്വമാണ്. അതിന് എല്ലാവരും അടിമകളാകുന്നു. വ്യാവസായിക സമൂഹം അവരുടെ പൗരന്മാരെ പ്രതിച്ഛായാ ഭ്രാന്തന്മാരാക്കി മാറ്റുന്നു. മാനസിക മലിനീകരണത്തിന്റെ ഏറ്റവും അപ്രതിരോധ്യ രൂപമാണ് ഫോട്ടോഗ്രാഫിയെന്നും സൂസൻ വിശദീകരിക്കുന്നു. ഓൺ ഫോട്ടോഗ്രാഫിയിൽ അവതരിപ്പിച്ച തന്റെ കാഴ്ചപ്പാടിന് കൂടുതൽ കരുത്തുപകരാനും ആശയങ്ങൾക്ക് കൂടുതൽ ബലം നൽകാനുമാണ് അവസാന രചനയായ റിഗാർഡിംഗ് ദ പെയ്ൻ ഓഫ് അദേഴ്സിൽ സൂസൻ ശ്രമിക്കുന്നത്. ഈ പുസ്തകം ഓൺ ഫോട്ടോഗ്രഫിയുടെ തുടർച്ചയായി വായിക്കാവുന്നതാണ്. വർത്തമാനകാല ദുരന്തങ്ങളെ നാം ഫോട്ടോഗ്രഫിയിലൂടെയും ടെലിവിഷൻ സ്ക്രീനിലൂടെയും കാണുന്നു. ഇങ്ങനെ ഹിംസയുടെ, കൂട്ടക്കുരുതിയുടെ, പീഡനങ്ങളുടെ പ്രകൃതി ദുരന്തങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും നാം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. കാമറയ്ക്ക് മുന്നിൽ സമസ്തവും കീഴടങ്ങുന്ന ഒരവസ്ഥ. ഈ ദൃശ്യങ്ങളെ ആഗോള മുതലാളിമാർ കച്ചവടം ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരുടെ വേദനകൾ എങ്ങനെ വിപണിവൽക്കരിക്കാമെന്ന പാഠം നമ്മൾ പഠിക്കുന്നു എന്നു പറഞ്ഞുകൊണ്ട് മുതലാളിത്തത്തിന്റെയും കമ്പോളവൽക്കരണത്തിന്റെയും സാംസ്കാരിക ജീർണതയെ തന്റെ മൂർച്ചയേറിയ നിരീക്ഷണങ്ങൾ കൊണ്ട് സൂസൻ വിമർശനവിധേയമാക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകളെ ഫോട്ടോഗ്രഫി എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ രണ്ടു കൃതികളിലൂടെയും സൂസൻ വിശദമായി ചർച്ച ചെയ്യുന്നു. കാമറാക്കണ്ണുകൾ പകർത്തിയെടുക്കുന്ന മനുഷ്യരാശിയുടെ വേദനകളുടെ ലോകത്തെ സൂസൻ വായനക്കാർക്കു മുന്നിൽ തുറന്നിടുന്നു. ചിത്രങ്ങൾ എങ്ങനെയാണ് ഹിംസയും അഭിപ്രായ ഭിന്നതയും പരിപോഷിപ്പിക്കുന്നത് എന്ന് അവർ അന്വേഷിക്കുന്നു. ഇതിനായി ഗോയയുടെ പ്രസിദ്ധമായ ചിത്രം, യുദ്ധത്തിന്റെ കെടുതികൾ മുതൽ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെയും നാസി തടവറയുടെയും ലോക മഹായുദ്ധങ്ങളുടെയും ചിത്രങ്ങൾവരെ വിശദമായ പഠനത്തിന് സൂസൻ വിധേയമാക്കുന്നുണ്ട്. സൂസൻ എഴുതി: ഫോട്ടോഗ്രാഫ് ഒരു ഉദ്ധരണി പോലെയാണ്. അല്ലെങ്കിൽ നീതിവാക്യം പോലെയോ പഴഞ്ചൊല്ലുപോലെയോ ആണ്. യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുമ്പോൾ അതനുഭവിച്ച മനുഷ്യരുടെ വേദനകൾ നമ്മുടെ വേദനയായി മാറുകയാണ്. ഫോട്ടോഗ്രഫി പോലെ വേദനയുടെ സ്പന്ദനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന മറ്റൊരു മാധ്യമമില്ല. മനുഷ്യയാതനകളുടെ രേഖപ്പെടുത്തലാണ് ഫോട്ടോഗ്രഫി.

കാലം അവഗണിച്ച എഴുത്തുകാരെ വീണ്ടെടുക്കുക എന്നത് ചരിത്രം നിരൂപകരെ ഏൽപ്പിക്കുന്ന ദൗത്യമാണ്. ഇത്തരം ചരിത്രപരമായ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് സൂസൻ ഇറ്റാലിയൻ എഴുത്തുകാരി അന്ന ബാൻടിയെയും റഷ്യൻ എഴുത്തുകാരൻ വിക്ടർ സെർജിയെയും ആവേശത്തോടെ വീണ്ടെടുക്കുന്നത്. അന്നയുടെ ആർടിമിസിയ എന്ന നോവലിനെയും സെർജിയുടെ ദ കേസ് ഓഫ് കൊമ്രേഡ് ടുലായ് വ് എന്ന കൃതിയെയും സൂസൻ വിശദമായ പഠനത്തിന് വിധേയമാക്കുന്നു. സെർജിയുടെ പുസ്തകം സൗന്ദര്യത്തിന്റെ വന്യമായൊരു വഴിയാണെന്നും അന്നയുടെ പുസ്തകം ദാരുണമായ ജീവിതത്തിന്റെ കലാപരമായ പര്യായമാണെന്നും സൂസൻ നിരീക്ഷിക്കുന്നു. അരികുവൽകരിക്കുകയോ അവഗണിക്കുകയോ ചെയ്ത രണ്ട് എഴുത്തുകാരെ അറ്റ് ദ സെയിം ടൈം എന്ന കൃതിയിലൂടെ സൂസൻ വിണ്ടെടുക്കുന്നു. അവർ എഴുതി: നഷ്ടപ്പെടുന്നതിൽ നിന്നു തന്നെ പുതിയൊരു സൃഷ്ടി ഉണ്ടാകുന്നു. സൗന്ദര്യത്തിന്റെ മറ്റൊരു വേദിയാണത്. എല്ലാം നഷ്ടപ്പെടുമ്പോഴും എന്തൊക്കെയോ ബാക്കിയാകുന്നു. രോഗങ്ങൾ ജീവിതത്തിന്റെ ഇരുണ്ട ഭാഗമാണെന്ന് സൂസൻ തന്റെ ഹൃദയരക്തം കൊണ്ട് കുറിച്ചിട്ടു. അങ്ങനെ കുറിക്കുമ്പോൾ അവർ അർബുദത്തിന്റെ പിടിയിൽ അമർന്നിരുന്നു. സ്തനാർബുദം പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. നിന്ദ്യമായ അർബുദം എന്ന് സൂസൻ അതിനെ വിശേഷിപ്പിച്ചു. ഉത്കണ്ഠയുടെയും മാനസിക തകർച്ചയുടെയും നാളുകളായിരുന്നു പിന്നീട് സൂസന്. മറ്റൊരർത്ഥത്തിൽ അർബുദം അവര്‍ക്ക് സർഗാത്മകലഹരിയുടെ വീഞ്ഞായിരുന്നു. ഇതിൽ നിന്നാണ് സൂസൻ സൊണ്ടാഗിന്റെ മികച്ച രണ്ട് രചനകൾ പിറന്നത്. രോഗികൾക്ക്, രോഗികളുടെയും അരോഗികളുടെയും നാടുകളിൽ ഇരട്ട പൗരത്വമാണുള്ളതെന്ന് സൂസൻ എഴുതി. അരോഗികളുടെ നാട്ടിലെ പാസ്പോർട്ടിലാണ് എല്ലാവർക്കും താല്പര്യം. എന്നാൽ മറ്റൊരു നാട്ടിലെ പൗരന്മാർ കൂടിയാണ് നാമെന്ന് എപ്പോഴെങ്കിലുമൊരിക്കൽ തിരിച്ചറിയാതെ പറ്റില്ല എന്ന് സൂസൻ തുടർന്ന് പറഞ്ഞു. രോഗം ഒരു രൂപകമായി സമൂഹത്തിന് മുന്നിലെത്തുന്നു. അതോടെ രോഗി അന്യവൽക്കരിക്കപ്പെടുന്നു. ഇത് രോഗിയിൽ കടുത്ത മാനസിക സംഘർഷമുണ്ടാക്കുന്നു. മറ്റൊരർത്ഥത്തിൽ രോഗിക്ക് രോഗമല്ല പ്രശ്നം തന്നെ രോഗിയായിക്കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടാണ് പ്രശ്നമായി തീരുന്നത്. രോഗത്തിന്റെ ഈ രൂപകവൽക്കരണത്തിനെതിരെ ശക്തമായ ഭാഷയിൽ സൂസൻ എഴുതിയ ഇൽനസ് ആന്റ് മെറ്റഫർ, എയ്ഡ്സ് ആന്റ് ഇറ്റ്സ് മെറ്റഫേഴ്സ് എന്നീ പുസ്തകങ്ങൾ ലോകം വളരെ ഗൗരവത്തോടെ ചർച്ചചെയ്തു. രോഗം ഭഗവതി കോപമാണെന്ന് അപരിഷ്കൃത സമൂഹം വിശ്വസിക്കുന്നു. ഒരാളുടെ സ്വഭാവമാണ് അയാൾക്ക് രോഗമുണ്ടാകാൻ കാരണമെന്ന വിശ്വാസം പരിഷ്കൃത സമൂഹത്തെപോലും ബാധിച്ചിട്ടുണ്ട്. ഇത്തരം സമൂഹത്തിൽ രോഗി കടുത്ത മാനസിക സംഘർഷം അനുഭവിക്കേണ്ടിവരുന്നു. ക്ഷയം, അർബുദം, എയ്ഡ്സ് എന്നീ രോഗങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗത്തിന്റെ രൂപവൽക്കരണം എന്ന ആശയത്തെ വിശാലമായ തലത്തിൽ ഈ കൃതികളിലൂടെ ചര്‍ച്ച ചെയ്യുന്നത്. ദൈവത്തിന്റെ ശിക്ഷയായിട്ടാണ് ക്ഷയരോഗത്തെ ഒരു കാലത്ത് സമൂഹം കണ്ടിരുന്നത്. ഗ്വെയ്ഥേ, കീറ്റ്സ്, ദസ്തയേവ്സ്കി, ചെഖോവ്, ജിബ്രാൻ എന്നിവരൊക്കെ ക്ഷയരോഗികളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കാല്പനിക രോഗം എന്നാണ് ക്ഷയരോഗത്തെ വിശേഷിപ്പിച്ചത്. ഇങ്ങനെ കാല്പനികവൽക്കരിക്കപ്പെട്ട ക്ഷയരോഗത്തിന്റെ രൂപകങ്ങളിൽ ഒടുവിലത്തേതാണ് ഇരുപതാം നൂറ്റാണ്ടിലെ മെലിഞ്ഞ ശരീരമുള്ള പെൺകുട്ടികൾ എന്ന് സൂസൻ നിരീക്ഷിക്കുന്നു. മെലിഞ്ഞ ഇത്തരം പെൺകുട്ടികളെ ക്ഷയരോഗികളായി കരുതി സമൂഹം ഒറ്റപ്പെടുത്തി. കാൻസർ മരണവാറണ്ടാണെന്ന വിശ്വാസത്തെ സൂസൻ ചോദ്യം ചെയ്യുന്നുണ്ട്. ഒളിച്ചു വയ്ക്കേണ്ടതും ലജ്ജിക്കേണ്ടതുമായ ഒരു രോഗമല്ല കാൻസർ. ആത്മവിശ്വാസത്തോടെയും സമചിത്തതയോടെയും നമുക്ക് അതിനെ എതിരിട്ട് പരാജയപ്പെടുത്തേണ്ടതുണ്ട്. എയ്ഡ്സ് രോഗം ലോകത്തെ ഭീതിയിലാഴ്ത്തിയപ്പോഴും അതിന്റെ രൂപകവൽക്കരണത്തിനെതിരെ സൂസൻ ശക്തമായി പ്രതികരിച്ചു.

കാൻസർ രോഗം തന്റെ ശരീരത്തെ വളരെ വേഗത്തിൽ കാർന്നു തിന്നു കൊണ്ടിരുന്ന കാലത്താണ് രോഗം രൂപകമാകുന്നതിന്റെ ഭവിഷ്യത്തിനെപ്പറ്റിയുള്ള പുസ്തകങ്ങൾ സൂസൻ രചിക്കുന്നത്. ഞണ്ടുകളുടെ ലോകത്തിരുന്നുകൊണ്ട് തന്റെ വേദനകളിലൂടെ സമൂഹത്തിൽ രോഗികൾ അനുഭവിക്കുന്ന വേദനകളെയാണ് സൂസൻ നോക്കിക്കണ്ടത്. അത്തരം വേദനയിൽ നിന്നും രൂപപ്പെട്ട പുസ്തകങ്ങൾക്ക് ഹൃദയത്തിൽ തൊടാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കൽ ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് അവർ എഴുതി: ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ദ്വീപിലായിരുന്നു ഞാൻ. അവിടെവച്ച് രോഗം എന്നെ പലതും പഠിപ്പിച്ചു. ഞാൻ നന്നായി പഠിച്ചു. മരണത്തെക്കുറിച്ച് മറ്റാരേക്കാളും നന്നായി പഠിപ്പിക്കുവാൻ അതെന്നെ പ്രാപ്തയാക്കി.
ലോകത്തെ ശരിയായ രീതിയിൽ ചിന്തിക്കാനാണ് സൂസൻ പഠിപ്പിച്ചത്. സ്വയം പരിവർത്തനത്തിൽ ഏർപ്പെടുന്ന ആളുകളിൽ മാത്രമേ തനിക്ക് താൽപ്പര്യമുള്ളൂ എന്ന് അവർ പറഞ്ഞു. സ്തനാർബുദം പതിയെ ലുക്കീമിയായി സൂസനെ കീഴ്പ്പെടുത്തി. ഈ കാലയളവിൽ സൂസൻ സാഹിത്യചരിത്രത്തിന്റെ രചനയിലായിരുന്നു. എന്നാൽ അത് പൂർത്തീകരിക്കാൻ അവര്‍ക്ക് കഴിഞ്ഞില്ല. തനിക്ക് ഭൂമിയിൽ ജീവിക്കാൻ അനുവദിച്ചു കിട്ടിയ അധിക കാലത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് എഴുപത്തിയൊന്നാം വയസിൽ ഈ ലോകത്തിൽ നിന്ന് സൂസൻ സൊണ്ടാഗ് യാത്രയായത്. മരിക്കുമ്പോൾ അവർ ആനി ലെബോവിറ്റ്സ് എന്ന സ്വവർഗാനുരാഗിയോടൊപ്പമായിരുന്നു താമസം. ജീവിതാവസാനം വരെ വിവാദങ്ങളുടെ നടുക്കടലിൽ ജീവിക്കാനായിരുന്നു സൂസൻ സൊണ്ടാഗിന് താല്പര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.