സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാനുള്ള മാർഗം തേടി ഇറങ്ങിയപ്പോൾ വിദ്യക്ക് ഒരു ചിന്ത മാത്രമാണ് മനസിലുണ്ടായിരുന്നത്. കുടുംബത്തിന് ബാധ്യതയാകാതെ പഠനചിലവ് സ്വയം കണ്ടെത്തണം. ഇതിനായി ഫാഷൻ ഷോയിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. കൂടാതെ കമ്പ്യൂട്ടർ സെന്ററുകളിലും ട്യൂഷൻ സെന്ററുകളിലും ജോലി ചെയ്‌തു. തിരുവനന്തപുരം തോന്നയ്ക്കൽ വിദ്യ ഭവനിൽ വിദ്യ എസ് നായർ പരസ്യ ചിത്രങ്ങളിലും ഫാഷൻ ഷോയിലുമെല്ലാം സജീവമായതോടെ വിദ്യ നക്ഷത്ര എന്നായി വിളിപ്പേര്.
പ്ലസ് വൺ മുതൽ എംബിഎ വരെ സ്വയം ചിലവ് കണ്ടെത്തി പഠിച്ച വിദ്യക്ക് സിനിമയെന്നത് ഒരു സ്വപ്ന ലോകം മാത്രം അല്ലായിരുന്നു. കുഞ്ഞുനാൾ മുതൽ കലയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. യുപി സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് സജീവമായി. നൃത്തം പഠിച്ച വിദ്യ നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തു. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി ആയിരുന്നപ്പോൾ മിസ് ട്രാവൻകൂർ ഉള്‍പ്പെടെ ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിലും വിജയിയായി. കൂടാതെ മിസ് കേരള മത്സരത്തിലും പങ്കെടുത്തു. സൗന്ദര്യ മത്സരങ്ങളിലും ഫാഷൻ ഷോകളിലും ഗസ്റ്റായും ജഡ്ജായും പങ്കെടുത്ത വിദ്യ മാധ്യമ പ്രവർത്തന രംഗത്തും സജീവമായി. പഠന കാലത്ത് തന്നെ നിരവധി തമിഴ്, മലയാളം സിനിമകളിലെ അവസരം വിദ്യയെ തേടിയെത്തിയിരുന്നു. 15 മുതൽ 20 ദിവസം വരെയാണ് പല സിനിമള്‍ക്കും മാറ്റിവയ്ക്കേണ്ടി വരുന്നത്. ഇത് പഠനത്തിന് തടസമാകുമെന്ന ചിന്തമൂലം അവയെല്ലാം ഉപേക്ഷിച്ചു. ‘വെൻ സ്റ്റാറ്റിങ് എബൗട്ട് ഹിം’ ഉള്‍പ്പെടെ മൂന്നോളം തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചു. ഉന്നത പഠനം പൂർത്തിയാക്കിയതോടെ സിനിമകളിൽ നിരവധി അവസരങ്ങളാണ് വിദ്യയെ കാത്തിരിക്കുന്നത്.
എംബിഎയിൽ ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിലാണ് വിദ്യ പഠനം പൂർത്തിയാക്കിയത്. അനീഷ് ജെ കരിനാട് സംവിധാനം ചെയ്യുന്ന അറബി ചെക്കൻ, ഖാദർ സംവിധാനം ചെയ്യുന്ന ദി ലാസ്റ്റ് എക്സിറ്റ്, സിനിമാട്ടോഗ്രാഫറായ റസാക്ക് കുന്നത്ത് സംവിധാനം ചെയ്യുന്ന കുമാരന്റെ കുമ്പസാരം, അതിഥി, ദി ബെഞ്ച് കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന തെമിസ്, തുടങ്ങിയ ചിത്രങ്ങളിലാണ് പ്രധാന കഥാപാത്രമായി അവസരം ലഭിച്ചത്. ഇതിന്റെയെല്ലാം ചിത്രീകരണം ഉടൻ തുടങ്ങും. വേറെയും നിരവധി ചിത്രങ്ങളുടെ ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. മോഡലിങ് രംഗത്തും ആൽബങ്ങളിലും സജീവമാണ് വിദ്യ. വെബ് ഡിസൈനിങ്, ഫാഷൻ ഡിസൈനിങ്, ഡിസിഎ, ആനിമേഷൻ, ഗ്രാഫിക്ക് ഡിസൈനിങ്, ഡി ടി പി, എം എസ് ഓഫിസ് എന്നിവയും പഠിച്ചിട്ടുണ്ട്. കൊറോണ കാലത്ത് ജോലികൾ വർക്ക് ഫ്രം ഹോം ആയപ്പോൾ നിരവധി ഓൺലൈൻ വർക്കുകളും വിദ്യ ചെയ്‌തു.
അനവധി തീയറ്റർ, സോഷ്യൽ മീഡിയ പരസ്യ ചിത്രങ്ങളിലും അഭിനയിച്ച വിദ്യയുടെ ചിത്രങ്ങൾ പ്രമുഖ മാഗസിൻ കവർ പേജുകളിലും ഇടംപിടിച്ചു. കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ രാജാ രവിവർമ്മ എക്സലൻസ് പുരസ്‌ക്കാരം, ഗാന്ധിയൻ നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീവിദ്യ സ്‌മാരക പുരസ്‌ക്കാരം, നെഹ്‌റു പീസ് ഫൗണ്ടേഷന്റെ നെഹ്‌റു അവാർഡ് തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങളും വിദ്യക്ക് ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.