ജാന്നീസ് ടോറസ് … വയസ് മുപ്പത്തിയേഴ്. ലാറ്റിനമേരിക്കയിലെ സാമ്പത്തിക വിദഗ്ധരുടെ ഗണത്തിലാണിപ്പോള്‍. എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി ജോലിയിലായിരുന്നു. അധ്യാപനവും പ്രഭാഷണവും എഴുത്തും ബിസിനസ് കോച്ചിങ്ങും എല്ലാം ഇതിനിടയില്‍ കൊണ്ടുപോയി. ഔദ്യോഗിക ജോലിയില്‍ നിന്ന് ശ്രദ്ധതിരിഞ്ഞെന്ന് സ്ഥാപനത്തിന് തോന്നിത്തുടങ്ങിയതോടെ 2013ല്‍ ജാന്നീസിനെ അവര്‍ പിരിച്ചുവിട്ടു. പ്രതിവര്‍ഷം 66 ലക്ഷം രൂപയായിരുന്നു ശമ്പളം. വരുമാനം നിലച്ചതില്‍ അവള്‍ ആവലാതിപ്പെട്ടില്ല. സമൂഹത്തിന്റെ മുന്നില്‍ ഉന്നതമായ സ്ഥാനത്തോടെയും അന്തസോടെയും ജീവിക്കണമെന്ന ദൃഢനിശ്ചയം ജാന്നീസിന് കരുത്തുകൂട്ടി. തെളിനീരുമായൊരു പുഴയൊഴുകുംപോലെ പിന്നീടവളുടെ ജീവിതം മുന്നോട്ടുപോയി.
ലാറ്റിന്‍ ഭക്ഷണ രീതിയും അവയുടെ നിര്‍മ്മാണവും സമഗ്രമായി വിശദീകരിക്കുന്ന ബ്ലോഗുകളുടെ പണിപ്പുരയിലേക്കാണ് അവള്‍ കടന്നത്. ‘ഡെലിഷ് ഡി ലൈറ്റ്‌സ്’ എന്ന ബ്ലോഗ് ഇതിനായി സൃഷ്ടിച്ചു. ഡെലിഷ് ഡി ലൈറ്റ് മൂന്ന് വർഷത്തിനുള്ളിൽ ഏറെ വളര്‍ന്നു. ഏകദേശം പതിനയ്യായിരം വായനക്കാരോളം ദിവസവും ബ്ലോഗില്‍ സജീവമാണ്. സുന്ദരമായ ഭാഷായില്‍ എഴുത്തും വാക്കുമായി ബ്ലോഗും വ്ലോഗുമെല്ലാം ലാറ്റിനമേരിക്കന്‍ നാടുകളില്‍ ജാന്നീസ് ടോറസ് ഒഴുകിനടന്നു. ഇന്നവളുടെ പ്രതിമാസവരുമാനം 29 ലക്ഷം രൂപവരെയാണ്. എട്ട് കോടി രൂപയിലധികം ബ്ലോഗില്‍ നിന്നായി അവള്‍ സമ്പാദിച്ചുകഴിഞ്ഞു. ലാറ്റിന്‍ ബിസിനസ് ലോകം ജാന്നീസിന്റെ പുത്തനുണര്‍വിനെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
പണത്തിന് വേണ്ടി ഒരിടത്തിരുന്ന് ജോലി ചെയ്തിരുന്നതിനേക്കാള്‍ ആനന്ദമാണ് ബ്ലോഗ് എഴുത്തിലൂടെയും വ്ലോഗിലൂടെയുമെല്ലാം ഇന്ന് ജാന്നീസിന് ലഭിക്കുന്നതെന്ന് ഓരോദിവസത്തേയും അവളുടെ വര്‍ത്തമാനങ്ങള്‍ തെളിയിക്കുന്നു. കേവലം ഒരു സംരംഭകയായി ഒതുങ്ങുകയും പണം വാരുകയും മാത്രമല്ല ഇന്ന് ജാന്നീസ് ചെയ്യുന്നത്. ജോലിയില്‍ നിന്ന് പുറത്താക്കിയ ഘട്ടത്തില്‍ താന്‍ അനുഭവിച്ച വേദനയും യാതനയും മറ്റാര്‍ക്കും ഉണ്ടാവരുതെന്ന മനസിന്റെ പേരുകൂടിയാണ് ഇന്ന് ജാന്നീസ്. എത്രയെത്ര പേരെ അവള്‍ കൈപിടിച്ച് പ്രതീക്ഷയുടെ ലോകത്തേക്ക് നടത്തിക്കഴിഞ്ഞു.
ഇതിനോടകം 10 വരുമാന മാർഗങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് അവൾ. ബ്ലോഗുകൾ, പോഡ്കാസ്റ്റ് പരസ്യങ്ങൾ, അഫിലിയേറ്റ് മാർക്കറ്റിങ്, ഡിജിറ്റൽ കോഴ്സ് ഡൗൺലോഡുകൾ, ബ്രാൻഡ് പങ്കാളിത്തങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിധ സ്രോതസുകളിൽ നിന്ന് എങ്ങനെ പണം സമ്പാദിക്കാമെന്നതിനെക്കുറിച്ചുള്ള അറിവുകളും ജാന്നീസ് മറ്റുള്ളവർക്ക് പകർന്നു നൽകുകയാണ്. തുടക്കത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിൽ ആദ്യം തങ്ങളുടെ താല്പര്യം ഏതെന്ന് നിശ്ചയിക്കണം. ഒരു ബ്ലോഗ് എഴുതുന്നതിൽ തനിക്ക് സന്തോഷം ലഭിക്കാറുണ്ട്. അതിനാലാണ് അത് ആരംഭിച്ചത്. ക്രമേണ അതിൽ നിന്ന് പണം ലഭിക്കാൻ തുടങ്ങി. തുടർന്ന് അതിൽ തന്നെ മുന്നോട്ടു പോയി. ഒരു മേധാവിയായിരിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. അതിനാൽ താനും മറ്റ് ജോലികൾ ചെയ്യാൻ ആരംഭിച്ചു-ജെന്നീസ് പറഞ്ഞു.
നമ്മുടെ ജോലിക്ക് ശരിയായ മൂല്യം നിർണയിക്കാൻ ആരും മടിക്കരുത് എന്നതാണ് ജാന്നീസിന്റെ പക്ഷം. തുടക്കത്തിൽ ബ്രാൻഡ് പാർട്ണർഷിപ്പിന് ഏകദേശം 10,000 രൂപ അവള്‍ ഈടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഏകദേശം എട്ട് ലക്ഷം രൂപയാണ് ഇതിനായി മാത്രം ഈടാക്കുന്നത്. നിഷ്ക്രിയ വരുമാനം ലഭിക്കാനാവശ്യമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതായിരിക്കണം പ്രധാന ലക്ഷ്യം. ഒരു ബ്ലോഗിൽ നിന്നാണ് തുടങ്ങിയതെങ്കിലും ക്രമേണ മറ്റ് മേഖലകളിലും പ്രവർത്തിക്കാൻ തുടങ്ങിയതെല്ലാം ജാന്നീസ് മറ്റുള്ളവര്‍ക്ക് പ്രേരണയെന്നോണം പറഞ്ഞുതരുന്നുണ്ട്. അതിനാലാണ് തന്റെ വരുമാനം വർധിച്ചതെന്നും അവള്‍ ഉറപ്പിച്ചു പറയുന്നു. തങ്ങളുടെ വളർച്ച വർധിപ്പിക്കുന്ന ജോലികൾക്ക് പ്രാധാന്യം നൽകണം. ബാക്കി ജോലികൾ ഒരു മൂന്നാം കക്ഷിയെ ഏൽപ്പിക്കുകയാണ് ഉത്തമം. സംരംഭകൻ തന്നെ എല്ലാം ചെയ്യേണ്ടിവന്നാല്‍ ബിസിനസ് തളരുമെന്നും ജാന്നീസ് ഓര്‍മ്മപ്പെടുത്തുന്നു. 2019ൽ, തന്റെ അനുഭവം പങ്കുവയ്ക്കാനും മറ്റുള്ളവരെ സമ്പത്ത് കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിനുമായി ‘യോ ക്വിറോ ഡിനേറോ’ എന്ന പേരിൽ ഒരു മണി പോഡ്കാസ്റ്റ് സംവിധാനവും അവള്‍ ആരംഭിച്ചു. വെറുതെയല്ല, ജാന്നീസ് ടോറസ് ഇന്ന് ഒരു നാടിന്റെ ടാലന്റ് ഏജന്റ് ആയിമാറിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സങ്കടത്തില്‍ വീടിനുള്ളില്‍ വിഷാദത്തോടെ അടച്ചിരുന്നെങ്കില്‍ ജാന്നീസിനെ ലോകം അറിയുമായിരുന്നോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.