
ബിഹാറിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ആർജെഡി നേതാവും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. ഇന്ത്യ സഖ്യം 160ലധികം സീറ്റുകൾ നേടുമെന്ന് തേജസ്വി പട്നയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘താഴെത്തട്ടിൽനിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ഞങ്ങൾക്ക് 160ലധികം സീറ്റുകൾ ലഭിക്കും. ജനതാദളിന് 1995ൽ ലഭിച്ച സീറ്റുകളേക്കാൾ വലിയ നേട്ടം ഇത്തവണ ഇന്ത്യാ സഖ്യത്തിനുണ്ടാകുമെന്നാണ് വോട്ടെടുപ്പിനു മുമ്പ് ലഭിച്ച പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ അധികമുള്ള 76 ലക്ഷം വോട്ടർമാരെല്ലാം മാറ്റം ആഗ്രഹിക്കുന്നവരാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ വോട്ടർമാരെല്ലാം. ഭൂരിഭാഗം അഭിപ്രായ സർവേകളും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ നിതീഷ് കുമാറിന് 18 ശതമാനത്തിലധികം വോട്ടുകൾ പ്രവചിക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കളും സ്ത്രീകളും മാറ്റം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ അഭിപ്രായങ്ങളൊന്നും വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളിൽ പ്രതിഫലിക്കുന്നില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ എൻഡിഎക്ക് നാനൂറിലധികം സീറ്റുകളാണ് പ്രവചിച്ചിരുന്നത്. എൻഡിഎയ്ക്ക് എത്ര സീറ്റുകളാണ് ആ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് എല്ലാവരും കണ്ടതാണ്. പുതിയ സർക്കാർ രൂപവല്‍ക്കരിക്കാനാകുമെന്ന കാര്യത്തിൽ സഖ്യത്തിന് വലിയ ആത്മവിശ്വാസമുണ്ടെന്നും ജേതസ്വി പറഞ്ഞു.
ബിഹാറിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. 243 അംഗ നിയമസഭയിൽ എൻഡിഎയ്ക്ക് 150 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 67% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9.6% കൂടുതലാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 68.79% പോളിങ് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് 1951 ന് ശേഷം സംസ്ഥാനത്തുണ്ടാകുന്ന റെക്കോഡ് പോളിങ്ങാണ് ഇത്തവണത്തേത്. 62.8% പുരുഷന്മാരും 71.6% സ്ത്രീകളും സമ്മതിദാനം വിനിയോഗിച്ചു.
20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് നടന്നത്. 1302 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. നാളെയാണ് വോട്ടെണ്ണൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.