22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
September 26, 2024
September 22, 2024
April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023

പത്ത് വാര്‍ത്തകള്‍ ചുരുക്കത്തില്‍

Janayugom Webdesk
March 21, 2023 9:02 pm

1. ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി പത്ത് ദിവസത്തെ താൽക്കാലിക സ്റ്റേ ആണ് അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി പി എം നേതൃത്വവും എ രാജയും വ്യക്തമാക്കിയിരുന്നു. പരമാവധി പത്ത് ദിവസത്തെ കാലാവധിയാണ് സ്റ്റേക്ക് അനുവദിച്ചിരിക്കുന്നത്. അതിനുള്ളിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം. 

2. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ നാളെ ഉന്നതതല യോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ചെറിയ വർധനയുണ്ടായ സാഹചര്യത്തിൽ മുൻകരുതലെന്നോണമാണ് യോഗം ചേരുക. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം നൽകുകയും ചെയ്തിരുന്നു. ആറ് ജില്ലകളിലാണ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയെന്നും എന്നാല്‍ ഒരു ജില്ലയിലും നൂറില്‍ കൂടുതല്‍ രോഗികള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. 

3. സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷത്തിന് ഒന്നര മാസം മുമ്പ് പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്കുള്ള അഞ്ച് കിലോ വീതമുള്ള അരി വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് 10.5 ലക്ഷം വിദ്യാർത്ഥികൾ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തി. 3,000 കോടി രൂപ സ്കൂൾ അടിസ്ഥാന വികസനത്തിന് സർക്കാർ ഉപയോഗിച്ചതായും മന്ത്രി പറഞ്ഞു.

4. മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യധാന്യ വിതരണ പരിപാടിയിൽ മുഴുവൻ സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ് എച്ച് പഞ്ചാപകേശൻ പൊതുവിദ്യഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. മധ്യവേനലവധിക്കാലത്ത് ഹോസ്റ്റലുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിതരണ പദ്ധതിയിൽ നിന്നും അത്തരം കുട്ടികളെ ഒഴിവാക്കുന്നത് ഭിന്നശേഷി അവകാശ നിയമത്തിന്റെ ഗുരുതരമായ ലംഘനമാവുമെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി. 

5. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കവുമായി ഓപ്പറേഷൻ ‘അരിക്കൊമ്പൻ’. കനത്ത ജാഗ്രതയിലായിരിക്കും ഓപ്പറേഷൻ അരിക്കൊമ്പൻ നടപ്പാക്കുക. 25 ന് പുലർച്ചെ നാലു മണിയോടെ ദൗത്യം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വനം വകുപ്പിന്റെ 11 ടീമുകളിലായി 71 അംഗ റാപിഡ് റെസ്പോൺസ് ടീമാണ് ദൗത്യ സംഘത്തിലുണ്ടാവുക. 25 ന് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. 

6. പൊലീസ് സ്റ്റേഷനില്‍ പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി കൊടുത്തവര്‍ കോടതിയില്‍ മൊഴി മാറ്റിയതാണ് തന്നെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിച്ചവര്‍ക്ക് സഹായകമായതെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ. വസ്തുതകള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി ചട്ടം 208 പ്രകാരം വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. സഭാ സമ്മേളനത്തില്‍ കുറ്റ്യാടി അംഗം നയപ്രഖ്യാപനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ കാസറഗോഡ് ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ സാക്ഷികളെല്ലാം ഒരേ നിലയിലാണ് മൊഴി നല്‍കിയതെന്നും പ്രതികളെ തിരിച്ചറിയാനാകത്തതിനാലാണ് കേസ് വിട്ടുപോയതെന്നും പരമാര്‍ശിച്ചത് വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

7. രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന നിർദേശവുമായി ഐസിഎംആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐസിഎംആർ പുറത്തുവിട്ടു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മറ്റുമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഐസിഎംആര്‍ പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നു.

8. വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ് രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അന്താരാഷ്ട്ര അതിര്‍ത്തികള്‍ ജാഗ്രതയില്‍. അതിർത്തി സുരക്ഷാ സേനയ്ക്കും, സശസ്ത്ര സീമ ബലിനും കേന്ദ്രം സന്ദേശം അയച്ചതിനെത്തുടർന്നാണ് നേപ്പാൾ, പാകിസ്ഥാൻ ഉള്‍പ്പെടെയുള്ള രാജ്യാന്തര അതിർത്തികളിൽ ജാഗ്രതാ നിർദേശം നൽകിയത്. അന്താരാഷ്ട്ര അതിർത്തികളില്‍ എല്ലാ പ്രധാന ഔട്ട്‌പോസ്റ്റുകളിലും ബിഎസ്‌എഫിന്റെയും എസ്എസ്‌ബിയുടെയും അതിർത്തി യൂണിറ്റുകള്‍ മുന്നറിയിപ്പു നല്‍കി.

9. ബാങ്ക് തട്ടിപ്പു കേസില്‍ രാജ്യംവിട്ട ഇന്ത്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ച്‌ ഇന്റര്‍പോള്‍. ഇന്ത്യൻ അന്വേഷണ ഏജൻസികൾ തന്നെ തട്ടികൊണ്ടുപോവാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ആന്റിഗ്വ ഹൈക്കോടതിയിൽ ചോക്സി ഹര്‍ജി നൽകിയതിന് പിന്നാലെയാണ് നടപടി. ആന്റിഗ്വയിൽ കഴിയുന്ന ചോക്സിക്ക് ഇനി ഏതു രാജ്യത്തേക്കും പോകാൻ കഴിയും. അതേസമയം ഇന്റര്‍പോളിന്റെ നടപടിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

10. റംസാന്‍ പ്രമാണിച്ച് തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായ്യിദ് ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. 1025 തടവുകാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. റംസാന് മുന്നോടിയായി തടവുകാര്‍ക്ക് ഇളവ് അനുവദിക്കുന്ന പതിവ് രീതിയുടെ ഭാഗമായാണ് ഇത്തവണയും നടപടി. മോചിതരാകുന്നവര്‍ തങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.