31 December 2025, Wednesday

തഞ്ചാവൂർപ്പെരുമ

സന്തോഷ് ആറ്റിങ്ങൽ
June 1, 2025 7:50 am

നൃത്ത മണ്ഡപത്തിൽ നിന്നുയർന്ന നൂപുരധ്വനികൾ കർണാമൃതമായി. സംഗീതസദസിൽ നിന്നൊഴുകി വന്ന ത്യാഗരാജ കീർത്തനവീചികൾ മനസിൽ മഴവില്ലു വിരിയിച്ചു. ദർബാർ ഹാളിലെ ആസ്ഥാന സദസിൽ കലാപണ്ഡിതന്മാർ അണിനിരന്നു. അവർ രാജാവിന്റെ ദർശനത്തിനായി അക്ഷമരായിരിക്കുന്നു… ക്ഷേത്രനഗരിയായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ ബൃഹത്തായ ഒന്നാം കവാടത്തിനു മുന്നിൽ നിൽക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തലമുറകൾ പിന്നോട്ട് താളുകൾ മറിക്കുന്നത് കാണാം, കേൾക്കാം, അനുഭവിക്കാം…

കാവേരി നദിയുടെ തീരത്ത് മരുവുന്ന പ്രാചീന പട്ടണമാണ് തഞ്ചാവൂർ. ‘തെഞ്ചെ ’ എന്നാൽ അഭയാർത്ഥി എന്നാണ് തമിഴിലെ അർത്ഥം. ഉത്തര ഭാരതത്തിൽ നിന്നോ, ശ്രീലങ്കയിൽ നിന്നോ ഇവിടെ എത്തപ്പെട്ട അഭയാർത്ഥികൾ വസിച്ച പ്രദേശമാണ് പിന്നീട് തഞ്ചാവൂർ ആയതെന്നാണ് ചരിത്രകാരന്മാർ അനുമാനിക്കുന്നത്. നെൽ കൃഷിക്ക് പേര് കേട്ടസ്ഥലമായതിനാൽ ‘തമിഴകത്തിന്റെ അന്നപാത്രമെന്നും’ തഞ്ചാവൂർ അറിയപ്പെടുന്നു. പ്രാചീനകാലം മുതലേ ദ്രാവിഡ കലകളുടെ ആസ്ഥാനമായിത്തീർന്നു ഈ നഗരം. ഭരതനാട്യത്തിന്റെ ഉത്ഭവം തഞ്ചാവൂരിൽ നിന്നാണെന്നു കരുതപ്പെടുന്നു. സംഗീതം, ശില്പകല, ചിത്രമെഴുത്ത് തുടങ്ങി എല്ലാ കലകളിലും പ്രവീണരായ കലാകാരന്മാർ വസിച്ചിരുന്ന കലാഗ്രാമം! ഇന്നും അതിന്റെ കലാപോഷണത്തിന് തരിമ്പും ശക്തിക്ഷയം സംഭവിച്ചിട്ടില്ല.

ബൃഹദീശ്വരന്റെ സന്നിധിയിൽ

********************************
തഞ്ചാവൂർ റയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ആദ്യം എത്തിയത് രണ്ടു കിലോമീറ്റർ അകലെയുള്ള ബൃഹദീശ്വര ക്ഷേത്രത്തിലാണ്. ക്ഷേത്രനഗരിയായ തഞ്ചാവൂരിലെ അസംഖ്യം ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് തദ്ദേശീയർ പെരിയ കോവിൽ (ആശഴ ലോുഹല ) എന്നു വിളിക്കുന്ന ബൃഹദീശ്വര ക്ഷേത്രം. അഉ 1010 ൽ ചോള വംശത്തിലെ പ്രധാന രാജാവായ രാജരാജ ചോളനാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ഏഴു വർഷങ്ങളെടുത്തത്രേ ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഈ ക്ഷേത്രം പൂർത്തീകരിക്കാൻ. ഇരുന്നൂറ്റിപ്പതിനാറടി ഉയരമുള്ള ക്ഷേത്രത്തിന് പതിന്നാലുനിലകളുണ്ട്. ക്ഷേത്രഗോപുരത്തിന്റെ മുകളിലെ മകുടത്തിന്റെ നിഴൽ ഉച്ച സമയത്ത് ഭൂമിയിൽ പതിക്കില്ല എന്ന പ്രത്യേകതയുണ്ട്. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. എൺപത്തൊന്നു ടൺ ഭാരമുള്ള ഒറ്റക്കല്ലിലുള്ളതാണ് ക്ഷേത്രത്തിന്റെ മകുടം. ആദി ശൈവ ചോള ശില്പകലയുടെ മകുടോദാഹരണമായി വർത്തിക്കുന്നു ക്ഷേത്രസമുച്ചയം.
ഭക്തരെ സ്വാഗതമരുളാനെന്നോണം ഒന്നാം ഗോപുരവാതിലിൽ കൊത്തി വച്ചിരിക്കുന്ന ഗണേശന്റെയും കാർത്തികേയന്റെയും കൂറ്റൻ ശില്പങ്ങൾ കണ്ട് മുന്നോട്ടു നടന്നു. അന്നത്തെ സുരക്ഷാകാരണങ്ങൾ കൊണ്ടാകണം ഇടുങ്ങിയ രണ്ടു ഗോപുരവാതിലുകൾ കടന്നു വേണം പ്രധാനക്ഷേത്രത്തിന്റെ തിരുമുറ്റത്തെത്താൻ. കരിങ്കല്ലിൽ തീർത്ത ഗോപുരവാതിലുകളെല്ലാം ദേവതാശില്പങ്ങളാൽ അലംകൃതം. രണ്ടു വാതിലുകളും കടന്നെത്തിയത് എണ്ണൂറടി നീളവും അഞ്ഞൂറടി വീതിയുമുള്ള തിരുമുറ്റത്താണ്. ഇഷ്ടികയും കരിങ്കല്ലും പാകിയ വിശാല സ്ഥലിയിൽ ധാരാളം സന്ദർശകർ ഇരിപ്പുണ്ട്. ചുറ്റമ്പലത്തിന്റെ തെക്കുഭാഗത്തായി യാഗശാല, കലവറ, തിടപ്പള്ളി, ഭോജനശാല എന്നിവയുണ്ട്. ക്ഷേത്രസമുച്ചയത്തിലേക്ക് കടക്കുമ്പോൾ ഒരിടനാഴിയാണ്. നൂറ്റിയെട്ട് ശിവലിംഗങ്ങൾ ഒമ്പത് ദിശകളിലായി ഉപപ്രതിഷ്ഠയായുണ്ട് ഈ ഇടനാഴിയിൽ. കൽച്ചുമരുകളിൽ അറുപത്തിനാല് ശിവലീലകൾ മുദ്രണം ചെയ്തിരിക്കുന്നു. സംഹാര ശിവന്റെയും താണ്ഡവ ശിവന്റെയും, ശൃംഗാര ശിവന്റെയും ജീവനിറ്റുന്ന ശില്പങ്ങൾ. പടികൾ കയറി ചെല്ലുന്നത് വിശാലമായ ഉൾവശത്തേക്കാണ്. ഇവിടെയാണ് പ്രധാന പ്രതിഷ്ഠയായ മഹാശിവലിംഗം സ്ഥിതി ചെയ്യുന്നത്. നർമ്മദയുടെ തീരത്തു നിന്നുമാണത്രേ രാജരാജ ചോളൻ ആറടി ഉയരവും അമ്പത്തിനാല് അടി ചുറ്റളവുമുള്ള ഈ മഹാശിവലിംഗം കൊണ്ടുവന്നത്. ഭാരതത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ളതാണ് ഇവിടത്തെ ശിവലിംഗം. ശാസ്ത്രവിദ്യകളൊന്നും വികസിച്ചിട്ടില്ലാതിരുന്ന അക്കാലത്ത് പടുത്തുയർത്തിയ ഈ ശിലാ സൗധം വിസ്മയത്തോടുകൂടി മാത്രമേ കണ്ടു നിൽക്കാനാവൂ.

പ്രധാന ശ്രീകോവിലിന് അഭിമുഖമായി മനോഹരമായ ചിത്രവേലകളാൽ അലങ്കരിക്കപ്പെട്ട മച്ചോടു കൂടിയ ഒരു കരിങ്കൽ പന്തലിൽ ഭീമാകാരമായ ഒരു നന്ദിവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാനക്ഷേത്രത്തിൽ നിന്നു മാറി അഞ്ചു ചെറിയ ക്ഷേത്രങ്ങൾ കൂടി തിരുമുറ്റത്ത് പല ഭാഗങ്ങളിലായുണ്ട്. ഇവയെല്ലാം വിസ്മയകരമായ ശില്പവേലകളാൽ സമ്പന്നമാണ്‌. യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ പെട്ടതാണ് ബൃഹദേശ്വരക്ഷേത്രം. രണ്ടു മണിക്കൂറിൽ കൂടുതലെടുത്തു എല്ലാമൊന്ന് ചുറ്റിക്കണ്ടു വരാൻ. ശില്പകലയിലും ചുമർചിത്രകലയിലും താല്പര്യമുള്ളവർക്ക് ഒരു ദിവസം മുഴുവൻ ആസ്വദിക്കാനുള്ള വിഭവങ്ങൾ ഒരുക്കി വച്ചിരിക്കുന്നു ഈ ശിലാക്ഷേത്ര സന്നിധിയിൽ.

തഞ്ചാവൂർ കൊട്ടാരം

******************


തഞ്ചാവൂരിൽ കാഴ്ചകൾ ഇനിയുമുണ്ട് അനവധി. ബൃഹദീശ്വര ക്ഷേത്രത്തിൽ നിന്നും നടന്നെത്താവുന്ന ദൂരത്താണ് തഞ്ചാവൂർ കൊട്ടാരം. പഴയ ചോള ശേഷിപ്പുകൾ ‚ഇപ്പോഴത്തെ അവകാശികളായ മറാട്ടകളുടെ പ്രാചീനമായ ഉരുപ്പടികൾ, അപൂർവയിനം പെയിന്റിങ്ങുകൾ എന്നിവ കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തെ ആയുധങ്ങൾ, ശിലാവിഗ്രഹങ്ങൾ എന്നിവയും കാണാം. ഇതിനടുത്താണ് സരസ്വതീ മഹൽ ലൈബ്രറി. ഏഷ്യയിലെ തന്നെ പഴക്കമുള്ള പുസ്തകശാലകളിലൊന്നാണ് തഞ്ചാവൂരിലെ സരസ്വതി മഹൽ ഗ്രന്ഥശാല. പഴയ ഈന്തപ്പനയോലയിലെഴുതിയ താളിയോലകൾ, പഴയ പുസ്തകങ്ങൾ, പുരാതന കരകൗശല വസ്തുക്കൾ എന്നിവ കളാൽ സമ്പന്നമാണിവിടം. പതിനാറാം നൂറ്റാണ്ടിൽ നായക് രാജാക്കന്മാരാണിത് സ്ഥാപിച്ചത്. 1784 ൽ പ്രസിദ്ധീകരിച്ച ഡോ. സാമുവൽ ജോൺസന്റെ ഡിക്ഷണറി, 1791 ൽ ആംസ്റ്റർഡാമിൽ അച്ചടിച്ച ബൈബിൾ, പഴയകാല തഞ്ചാവൂരിന്റെ ടൗൺ പ്ലാനിങ്ങ് രേഖകൾ തുടങ്ങി ഒട്ടനവധി പുരാതന ഗ്രന്ഥങ്ങൾ ഈ ലൈബ്രറിയെ അലങ്കരിക്കുന്നു. നഗരമധ്യത്തിൽത്തന്നെയുള്ള ശിവലിംഗപ്പാർക്കും തഞ്ചാവൂർ മ്യൂസിയവും വിശേഷപ്പെട്ട കാഴ്ചകൾ തന്നെ.

കല്ലണ അണക്കെട്ട്

******************


തഞ്ചാവൂർ നഗരത്തിൽ നിന്നും മുപ്പത്തഞ്ച് കിലോമീറ്റർ അകലെയാണ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ജലസേചന പദ്ധതിയായ കല്ലണ അണക്കെട്ട്. കല്ലുകൾ കൊണ്ട് നിർമ്മിച്ച അണ എന്ന അർത്ഥത്തിലാണ് ‘കല്ലണ’ എന്ന പേര് വന്നത്. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ഈ അണക്കെട്ട് ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാൽ നിർമ്മിക്കപ്പെട്ടതാണ്. പഴയകാല അണക്കെട്ടുകളിൽ ഇന്നും പ്രവർത്തനസജ്ജമായിട്ടുള്ള ചുരുക്കം ചില അണക്കെട്ടുകളിലൊന്ന്. ശക്തമായ ഒഴുക്കുള്ള കാവേരി നദിക്ക് കുറുകെ കെട്ടിയിട്ടുള്ള കല്ലണ ഡാം പഴയ കാല എൻഞ്ചിനീയറിങ്ങിന്റെ നേർക്കാഴ്ചയാണ്. മുന്നൂറ്റി ഇരുപത്തൊമ്പത് മീറ്റർ നീളവും ഇരുപതു മീറ്റർ വീതിയുമുള്ള ഈ അണക്കെട്ട് നാലു ലക്ഷം ഹെക്ടർ കൃഷിഭൂമിക്ക് ജലദായിനിയായി വർത്തിക്കുന്നു. വലിപ്പമേറിയ പാറക്കല്ലുകൾ അടുക്കിയുണ്ടാക്കിയ ഈ ഡാം പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻജീനീയറായ തോമസ് കോട്ടന്റെ നേതൃത്വത്തിൽ പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. 1839 ൽ ഇതിന് മുകളിൽക്കൂടി പാലം പണിതതോടെ ധാരാളം സന്ദർശകർ ഇവിടേക്കൊഴുകാൻ തുടങ്ങി. പാലത്തിന് മുകളിൽ നിന്നുള്ള കാവേരിയുടെ കാഴ്ച നയന മനോഹരമാണ്. അണക്കെട്ടിനടുത്തായി പാർക്കുംകരികാല ചോളന്റെ സ്മരണക്കായി മനോഹരമായ ഒരു സ്മൃതി മണ്ഡപവും സ്ഥാപിച്ചിരിക്കുന്നു. ആനപ്പുറത്തെഴുന്നള്ളുന്ന നിലയിൽ കരികാല ചോളന്റെ കൂറ്റൻ ശില്പവും സ്മൃതി മണ്ഡപത്തിനകത്തുണ്ട്. തമിഴ്നാട്ടിലെ പ്രശസ്തമായൊരു പിക്നിക് സ്പോട്ടായി പരിണമിച്ചിരിക്കുന്നു ഇപ്പോഴിവിടം. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ തഞ്ചാവൂർ നഗരത്തിൽ നിന്ന് എപ്പോഴുമിവിടേക്കുണ്ട്.
തഞ്ചാവൂരിലെ ഓരോ തെരുവുകളും കലയുടെ വിളനിലങ്ങളാണ്‌. ഏതെങ്കിലുമൊരു കല അഭ്യസിക്കപ്പെടാത്ത ഒരു വീടു പോലും തഞ്ചാവൂരിലില്ല. കലാസ്വാദകരായ സഞ്ചാരികളേ… കലയുടെ മൃഷ്ടാന്നഭോജനവുമായി തഞ്ചാവൂരും തഞ്ചാവൂരിന്റെ മാത്രം കലാസൃഷ്ടിയായ തലയാട്ടും ബൊമ്മകളും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.