23 December 2024, Monday
KSFE Galaxy Chits Banner 2

തറവാടുകളുടെ തറവാടിത്തം

രാജൻ എലവത്തൂർ
March 6, 2022 11:20 am

തറവാട് എന്നത് ഇന്നറിയുംപോലെ കേവലം പണ്ടത്തെ വലിയൊരു ശില്പചാതുര്യമേറിയ കെട്ടിടസമുച്ചയം മാത്രമല്ല. കൂട്ടുകുടുംബവ്യവസ്ഥയുടെ മായാമുദ്രയാണ്. തറവാട്ട് ചരിത്രം കേരള ചരിത്രപഠനങ്ങളിൽ ഏറെ പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തിലെ തറവാടുകളുടെ മഹിമ, ചരിത്രം, സംസ്കാരം മഹത്തരമായിരുന്നു. സവർണ്ണാധിപത്യം, മേലാധികാരം, ആഢ്യത്വം, അടിമത്തം, പീഡനം തുടങ്ങിയവയൊക്കെ ഉണ്ടായിരുന്നെങ്കിലും പോയ കാലത്തെ തറവാടുകളുടെ സാന്നിദ്ധ്യം നമ്മുടെ ചരിത്രത്തിന്റെയും സാംസ്കാരത്തിന്റെയും ഭാഗംതന്നെയാണ്. തറവാടുകളുടെ അകത്തളങ്ങളിൽ നടന്ന അരുതായ്മകളുടെ കദനകഥകൾ വിവരണാതീതവുമാണ്. കൂട്ടായ്മ, ബന്ധുബലം, ആശ്രിതത്വം, പങ്കാളിത്തം, അത്താണി, ആശ്വാസം എന്നിവയൊക്കെ തറവാടുകളുടെ മാറാ അടയാളങ്ങളായിരുന്നു.

പ്രസവമുറികളും ഭോജനശാലയും

പണ്ട് തറവാടുകളിൽ ഉഗ്രപ്രതാപികളായ കാരണവന്മാർ, മുത്തശ്ശിമാർ തുടങ്ങി നിരവധി അംഗങ്ങൾ ഉണ്ടായിരുന്നു. ധാന്യങ്ങൾ, എണ്ണ, വസ്ത്രങ്ങൾ, തുടങ്ങിയവ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള മുറികൾ, അറകൾ, പ്രസവമുറികൾ, ഓവറകൾ (യൂറിനൽ) തുടങ്ങിയവയൊക്കെ പല തറവാടുകളിലും ഉണ്ടായിരുന്നു.
പഴയ തറവാടുകൾക്കുള്ളിലും, നീന്തൽക്കുളം, അടുക്കളയോടു ചേർന്ന കിണർ — ജലസേചന സൗകര്യങ്ങൾ, ഭൂഗർഭ അറകൾ, കളരി അറകൾ, പൂജാമുറികൾ, നൃത്തശാല, വലിയ ഭോജനശാല, മധുശാല (ബാർ), നിരവധി പാചകക്കാർ, മറ്റ് ജോലിക്കാർ തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രത്യേകം ഉറക്കറകളും. പക്ഷിമൃഗാദികൾക്ക് ഉൾപ്പെടെ പ്രത്യേകം വാസസ്ഥലവും ഒരുക്കിയിരുന്നു. കൃഷിയിൽ നിന്നുള്ള വരുമാനമായിരുന്നു തറവാടുകളുടെ നിലനില്പിനടിസ്ഥാനം.

ശില്പചാതുര്യം

തറവാടുകളുടെ ശില്പചാതുര്യം, ഏറെ പ്രശംസനീയമാണ്. തണുപ്പ്, ചൂട് എന്നിവയുടെ ക്രമീകരണം ശാസ്ത്രീയമാണ്. നാട്ടുശില്പികളായിരുന്നു എല്ലാം ഒരുക്കിയിരുന്നത്.
കന്നുകാലി തൊഴുത്ത്, പത്തായപ്പുര, ചരക്കുമുറി (പാത്രസൂക്ഷിപ്പ് മുറി), ഉരൽപ്പുര (നെല്ല് തുടങ്ങിയവ പൊടിക്കുന്ന സ്ഥലം) അങ്ങനെ പോകുന്നു തറവാടിന്റെ ഇടങ്ങള്‍. കലവറ എന്ന നിത്യോപയോഗ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കൾ ആവശ്യാനുസരണം നൽകിയിരുന്നത്. ഇതിന് കലവറക്കാരൻ എന്ന ജോലിക്കാരനും ഉണ്ടായിരുന്നു.
പല തറവാടുകളിലും ഓരോ ജോലികൾ ചെയ്യാനും പ്രത്യകം ആളുകൾ ഉണ്ടായിരുന്നു. ആചാരപ്രകാരവും കുറെ ആളുകൾ തറവാടുമായി ചുറ്റിപ്പറ്റി നിലനിന്നിരുന്നു. അന്ധവിശ്വാസങ്ങളും, ദുരാചാരങ്ങളും അതിക്രമങ്ങളും പല തറവാടുകളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. അതൊക്കെ ചരിത്രസംഭവങ്ങളാണ്.
ആനയും വിശാലമായ പറമ്പും, വൈക്കോൽ കുണ്ടകളും, വയലുകളും പച്ചക്കറികൃഷിയും, നാളികേരം-അടക്ക കൂമ്പാരങ്ങളും തറവാടുകളുടെ പ്രതിരൂപമായിരുന്നു.

 

പത്തായപ്പുര

തറവാടുകളിലെ പത്തായപ്പുരകൾ (ഔട്ട്ഹൗസ്) തറവാട്ടുകാരണവന്മാരുടെയും സിൽബന്ധികളുടെയും രഹസ്യ സൊറപറയൽ കേന്ദ്രം കൂടിയായിരുന്നു. രാത്രി കാലങ്ങളിലാണിവിടെ മേളം. കാർന്നോരുടെ എണ്ണതേച്ചുകുളി, നടത്തം, അസാരം ലഹരി പ്രയോഗം, രഹസ്യവേഴ്ച, കുത്സിത പ്രവൃത്തികൾക്ക് ആശ്രിതരുമായി ഒരുകൂടൽ, ഭൂമികച്ചവടം, തുടങ്ങി പലതും നടക്കുമായിരുന്നു. പത്തായപ്പുരയിലേക്ക് തറവാട്ടിലെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ശുചീകരണ സ്ത്രീതൊഴിലാളികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. അതിഥികളായി എത്തുന്നവർക്ക് താമസിക്കാനുള്ള പ്രത്യേകം മുറികളും പത്തായപ്പുരകളിൽ ഉണ്ടായിരുന്നു. പല തറവാടുകളിലെ പത്തായപ്പുരകളിലെ രഹസ്യമുറികളിൽ കേരളത്തിലെ വിപ്ലവകാരികൾ ഒളിവിടമാക്കിയിട്ടുണ്ട്. പലരേയും അവിടങ്ങളിൽ നിന്ന് പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.
പണ്ടത്തെ തറവാടുകളിൽ അടുക്കളചുമതലക്കാർ പുരുഷന്മാരായ ജോലിക്കാരായിരുന്നു. അവർ വീട്ടുകാരുടെ തോതനുസരിച്ചും, രുചിഭേദങ്ങൾക്കനുസരിച്ചും ഭക്ഷണം പാചകം ചെയ്ത് വിളമ്പുമായിരുന്നു. അത്തരം പാചകക്കാർ അതത് തറവാടുകളുടെ ഭാഗം കൂടിയായി മാറി. ജീവിതാവസാനം വരെ തറവാട്ടിൽ കഴിയുമായിരുന്നു.

 

ഉരൽപ്പുര

തറവാടുകളിലെ ‘ഉരൽപ്പുര’ സ്ത്രീകൂട്ടായ്മയുടെ ഇടമായിരുന്നു. തറവാട്ടിലേക്കാവശ്യമായ നെല്ല് കുത്തി അരിയാക്കൽ, ധാന്യം പൊടിക്കൽ എന്നിവ അവിടെ നടന്നിരുന്നു. അയൽവാസികളായ സ്ത്രീകളായിരുന്നു ജോലിക്കാർ. അവർക്ക് കൂലിയായി ഭക്ഷണം, ധാന്യം, വസ്ത്രം എന്നിവയായിരുന്നു മുഖ്യമായും നൽകിയിരുന്നത്. അന്തപ്പുര നാട്ടുവർത്തനമാനമൊക്കെ പൊടിപൊടിക്കുന്നത് ഇവിടെയായിരുന്നു. പണ്ടത്തെ നാട്ടറിവുകേന്ദ്രം കൂടിയായിരുന്നു ഉരൽപ്പുരകൾ. തറവാടുകളോട് ചേർന്ന കുളക്കടവും മറ്റൊരു സാമൂഹ്യകേന്ദ്രമായിരുന്നു. അവിടേയും പങ്കാളിത്തം സ്ത്രീകൾക്കു തന്നെയായിരുന്നു. നാട്ടിലേയും, വീട്ടിലേയും വിശേഷങ്ങൾ, പരദൂഷണങ്ങൾ പറയുന്നിടം കൂടിയായിരുന്നു കുളക്കടവ്.

 

ചരിത്രസ്മാരകം എന്ന നിലയിൽ

ശില്പചാതുര്യത്താൽ മികവാർന്ന പഴയ തറവാടുകൾ വാങ്ങാൻ ആളേറെയായപ്പോൾ തറവാടുകൾക്ക് വിലയും വര്‍ദ്ധിച്ചു. കേരളത്തിൽ പല തറവാടുകളും വാങ്ങിയവർ അതൊക്കെ ബാറുകളും, ഹോട്ടലുകളും, ഗസ്റ്റ് ഹൗസുകളുമാക്കി. തറവാട്, കോവിലകം, പത്തായപ്പുര എന്നിങ്ങനെ പേരുകളിട്ടു. ‘തറവാട്ടിൽ ഊണ്’ എന്ന പരസ്യവുമായി നാടൻ ഹോട്ടലുകളും രൂപപ്പെട്ടിട്ടുണ്ട്. തറവാടുകൾ സാഹിത്യരചനകൾ, സിനിമകൾ, നാടകങ്ങൾ തുടങ്ങിയവയിൽ മുഖ്യസ്ഥാനം പിടിച്ചിട്ടുണ്ട്.

തറവാട് നമുക്ക് ഗൃഹാതുരമായ ഒരിടമാണ്. പിന്നിട്ട വഴികളിലൂടെയുള്ള തിരിച്ചു നടത്തം നല്ലതുതന്നെയായിരിക്കും. പ്രാദേശിക ഗൃഹചരിത്രങ്ങൾ കുട്ടികൾ തൊട്ടറിഞ്ഞും, കണ്ടറിഞ്ഞും പഠിക്കുന്നതും നന്നായിരിക്കും. അത് കുറെ നല്ല വിവരശേഖരണമാകും. അക്കാര്യത്തിൽ സാംസ്കാരിക പ്രസ്ഥാനങ്ങൾ സജീവമായി ഇടപെടേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.