29 March 2024, Friday

സിനിമ ലെനിന്‍ പ്രത്യശാസ്ത്രം

ബി ജോസുകുട്ടി
December 11, 2022 12:48 pm

1924 ജനുവരി 21‑നു അമ്പത്തിനാലാം വയസ്സിൽ ഹൃദ്രോഗ ബാധിതനായി വ്ലാദിമിർ ഇല്യാന്യോവിച്ച് ലെനിൻ അന്തരിക്കുമ്പോൾ, ലോകരാഷ്ട്രീയ രംഗത്ത് എന്നതിനൊപ്പം ചലച്ചിത്ര ലോകത്തും അതിന്റെ പല തലങ്ങളിലുള്ള പ്രതിധ്വനികളുണ്ടായി.
മഹാനായ ലെനിന്റെ ജീവിതം ചലച്ചിത്രമാക്കുക എന്നത് പ്രശസ്തരായ സോവിയറ്റ് സംവിധായകരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒന്നായിരുന്നു. എന്നാൽ പലരും ഒന്നു ശങ്കിച്ചിരുന്നു, കാരണം ലെനിനെക്കുറിച്ചാണ് സിനിമയെടുക്കുന്നത്. അതീവ സൂക്ഷ്മതയോടെ അത് ചെയ്തില്ലെങ്കിൽ അപകടമാകും. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇക്കാര്യത്തിൽ പതിയും. മഹാനായ ലെനിൻ സൃഷ്ടിച്ച ഇമേജ്, അതിന് അല്പം പാളിച്ച സംഭവിച്ചാൽ അത് ചരിത്രത്തോടുള്ള അനീതിയാകും. സോവിയറ്റ് നിർമ്മാതാക്കളും സംവിധായകരും പലതവണ ചർച്ചകളിൽ ഏർപ്പെട്ടും ലെനിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചും ന്യൂസ് റീലുകൾ കണ്ടും പുസ്തകങ്ങൾ നിരന്തരമായി പലയാവർത്തി വായിക്കുകയും ചെയ്തതിനുശേഷമാണ് ചിത്രമെടുക്കാനുള്ള തീരുമാനം ഉറപ്പിക്കുന്നത്.
1918‑ലെ മെയ്ദിനം മുതൽ 1924 ൽ ലെനിൻ മരിക്കുന്നതുവരെയുള്ള കാലയളവിൽ എടുത്തിട്ടുള്ള ന്യൂസ് റീലുകൾ ലെനിൻ ചിത്ര നിർമ്മാണങ്ങളിൽ അവലംബിച്ചിട്ടുണ്ട്. ലെനിന്റെ വ്യക്തിത്വം, സ്വഭാവ വൈശിഷ്ട്യങ്ങൾ, പെരുമാറ്റ രീതി എന്നിവകളിലെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്തി. ലെനിന്റെ വേഷമിടുന്ന നടനെ ഒരു യഥാർത്ഥ ലെനിൻ ആയി തന്നെ രൂപാന്തരപ്പെടുത്താൻ കഠിന പ്രയത്നം വേണ്ടി വന്നു. ന്യൂസ് റീലുകളെ ആധാരമാക്കി 1925‑ൽ
ലെനിനിസ്റ്റ് കിനോ പ്രാവ്ദ എന്ന ഡോക്യുമെന്ററി ചിത്രം നിർമ്മിക്കപ്പെട്ടു. 1934‑ൽ
ത്രീ സോംഗ്സ് ഓഫ് ലെനിൻ എന്ന മറ്റൊരു ഡോക്യുമെന്ററി സിനിമയും പുറത്തുവന്നു. 

ചലച്ചിത്രത്തെപ്പറ്റി ലെനിന്‍

ചുവപ്പു സേനയുടെ സ്ഥാപക നേതാവായിരുന്ന ലിയോൺ ട്രോസ്കിയോട് സിനിമയെക്കുറിച്ച് ലെനിൻ ഇങ്ങനെ പറഞ്ഞു;
‘എല്ലാ കലകളിലും വെച്ച് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് ചലച്ചിത്ര കല.’
ഒക്ടോബർ വിപ്ലവത്തിനും വളരെ മുമ്പേ തന്നെ ലെനിൻ സിനിമയുമായി വളരെ അടുത്തിരുന്നു. 1907‑ൽ തന്നെ സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ പുതിയ സാമൂഹ്യക്രമത്തിന്റെ തുടക്കത്തോടുകൂടി സിനിമയ്ക്കുണ്ടാകാനിരിക്കുന്ന വലിയ ഭാവിയെക്കുറിച്ച് ലെനിൻ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ വാണിജ്യ താത്പര്യങ്ങളാണ് സിനിമയിൽ കടന്നുകൂടുന്നതെങ്കിൽ അതു ഗുണത്തേക്കാളധികം ദോഷമായിരിക്കും ഉളവാക്കുക എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇത്തരം സംഗതികൾ ജനങ്ങളെ ദുഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് സംസ്കാരത്തിന്റെ യഥാർത്ഥ കൈകളിൽ സിനിമ വന്നുപെടുമ്പോൾ കാര്യങ്ങളൊക്കെ മാറുമെന്നും സാമാന്യ ജനങ്ങളുടെ മാനസിക സംസ്കാരത്തിനു ചലച്ചിത്രം ഏറ്റവും ശക്തമായ ഉപാധിയായി മാറുമെന്നും അദ്ദേഹം വിശ്വസിച്ചു.
1908‑ൽ ലെനിൻ കാഫ്രിയിൽ, മാക്സിം ഗോർക്കിയുടെ ആതിഥ്യത്തിൽ താമസിക്കുമ്പോൾ അവിടെ വെച്ച് ചില ഹ്രസ്വ നിസിമകൾ കണ്ടിരുന്നു. പ്രശസ്ത ഫ്രഞ്ച് നടനായ ലാരിയർ പ്രിൻസ് അഭിനയിച്ച ദ് വെർച്വസ് തീഫ് എന്ന സിനിമയും അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. ബൂർഷ്വാസിയുടെ ഭൂതദയയെക്കുറിച്ചുള്ള സമർത്ഥമായ ഒരു ലഘുലേഖയാണ് അതെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിനു ശേഷം സോവിയറ്റ് അധികാരത്തിന്റെ ഏറ്റവും വൈഷമ്യമേറിയ ദിവസങ്ങളിൽ പോലും ലെനിൻ സിനിമയോടുള്ള താല്പര്യം ഉപേക്ഷിച്ചില്ല. ചലച്ചിത്ര വ്യവസായത്തിലെ തൊഴിലാളികളുടെ രക്ഷകനെന്ന നിലയ്ക്കും പ്രചരണാവശ്യങ്ങൾക്കും വേണ്ടി സിനിമയെ ഉപയോഗപ്പെടുത്താൻ അദ്ദേഹം പ്രവർത്തിച്ചു. 1919‑ൽ ആഗസ്റ്റിൽ ലെനിൻ ഒപ്പുവെച്ച കരാറിലെ തീരുമാനം സിനിമ ദേശസാൽക്കരിക്കുന്നതിന് സവിശേഷ സ്ഥാനം നൽകിയിരുന്നു. സോവിയറ്റ് സിനിമയുടെ യഥാർത്ഥ പിറവിക്കു നിമിത്തമായത് ആ തീരുമാനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ദേശീയ സിനിമകളുടെ പുരോഗതിക്കുവേണ്ടി വലിയ പങ്കാണ് ലെനിൻ വഹിച്ചത്. മുതലാളിത്ത രാജ്യങ്ങളിലേതുൾപ്പെടെ പുരോഗമനവാദികളായ ചലച്ചിത്ര കലാകാരന്മാരുമായി സാംസ്കാരികവും വ്യാവസായികവുമായ ബന്ധങ്ങൾ സ്ഥാപിച്ചതിലൂടെയാണ് അത് സാധ്യമാക്കിയത്. ആദ്യകാലത്ത് സോവിയറ്റ് സിനിമകൾ വിദേശങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു ലെനിൻ വ്യക്തിപരമായി താല്പര്യം പ്രകടിപ്പിച്ചിരുന്നു. സിനിമ നിർമ്മാണത്തിനാവശ്യമായ ഫിലിമും മറ്റ് സാങ്കേതികോപകരണങ്ങളും വാങ്ങാനായി വിദേശങ്ങളിൽ പ്രത്യേകം ഏജൻസികൾ ഏർപ്പെടുത്തുന്നതിനും അദ്ദേഹം ശുപാർശ ചെയ്തു. അതിന്റെ ഫലമായി സോവിയറ്റ് ട്രേഡ് ഡെലിഗേഷൻ ബെർലിനിൽ ഒരു പ്രത്യേക സിനിമാ ഡിപ്പാർട്ടുമെന്റ് രൂപീകരിച്ചു. പ്രസിദ്ധ റഷ്യൻ അഭിനേത്രിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന എം എഫ് ആൻഡ്രിയോനായെ അതിന്റെ മേധാവിയായി നിയമിക്കുകയും ചെയ്തു. സിനിമ സാങ്കതികതയുടെ കലയാണെങ്കിലും ഹൃദയസ്പർശിയായതും മാനവികതയ്ക്ക് ഊന്നൽ നൽകുന്നതുമായ കലാപൂർണതയെ അതിന്റെ ആവിഷ്കാരത്തിനു ഉപയോഗിക്കണമെന്നും ലെനിൻ ചലച്ചിത്രകാരന്മാരെ ഉദ്ബോധിപ്പിച്ചു.
1907‑ന്റെ ആരംഭത്തിൽ തന്നെ സിനിമയെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ പുതിയ സാമൂഹ്യക്രമത്തിന്റെ പിറവിയോടെ സിനിമയ്ക്കുണ്ടാകാനിരിക്കുന്ന വലിയ ഭാവിയെക്കുറിച്ച് ലെനിൻ സൂചിപ്പിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് സംസ്കാരത്തിന്റെ യഥാർത്ഥ കരങ്ങളിൽ സിനിമ എത്തുമ്പോൾ സിനിമയെന്ന മാധ്യമം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1917 ലെ ഒക്ടോബർ വിപ്ലവത്തിന് മുമ്പ് അമേരിക്കയിലും പശ്ചിമ യൂറോപ്പിലും നിർമ്മിച്ച ചില പ്രചാരണ സിനിമകൾ ലെനിൻ നിരീക്ഷിച്ചിരുന്നു. അതതു രാജ്യങ്ങൾ കാർഷികോല്പാദന രംഗത്തുവരിച്ച നേട്ടങ്ങളായിരുന്നു പ്രസ്തുത ചിത്രങ്ങൾ ആവിഷ്കരിച്ചത്. റഷ്യയിലും മറ്റും നിർമ്മിച്ച പ്രകൃതി ശാസ്ത്രത്തെക്കുറിച്ചുള്ള ചിത്രങ്ങളും ലെനിൻ കണ്ടിരുന്നു.
ദി ബെല്ലീസ് അഫയർ എന്ന സിനിമ അക്കൂട്ടത്തിൽപ്പെടുന്നു. ഈ ചിത്രം സാമൂഹ്യ പ്രശ്നങ്ങളെ മികച്ചതായി അവതരിപ്പിക്കുന്നതായി ലെനിൻ വീക്ഷിച്ചു. അതിനുശേഷം അദ്ദേഹം എഴുതി; ‘ബെല്ലീസിന്റെ പ്രശ്നങ്ങൾ നാം സിനിമയിൽ കണ്ടു. പക്ഷേ, അവരതിൽ അതിശയോക്തി കലർത്തിയിരിക്കുന്നു.’
ഈ കാലഘട്ടത്തിൽ അദ്ദേഹം ധാരാളം സോവിയറ്റ് ചിത്രങ്ങളും വിദേശ ചിത്രങ്ങളും കാണുകയുണ്ടായി. പുതിയ സമ്പദ്ഘടനയ്ക്കുവേണ്ടി സിനിമയ്ക്ക് അതിന്റേതായ പങ്ക് വഹിക്കാൻ കഴിയുമെന്നു ലെനിൻ മനസിലാക്കി. സാമ്പത്തിക സ്ഥിതിയുടെ പുരോഗതിക്കുവേണ്ടി സിനിമയെ പ്രയോജനപ്പെടുത്താമെന്നതിന് ഉദാഹരണമായി ലെനിന്റെ നിർദ്ദേശാനുസരണം ഒരു ചിത്രം നിർമ്മിച്ചു. 1920 ഡിസംബറിൽ ചിത്രം ക്രെംലിൻ സ്ക്വയറിലെ ഓപ്പൺ തിയേറ്ററിൽ പ്രദർശിപ്പിച്ചു. വേ ടു ഫ്രീഡം എന്ന ആ ചിത്രം സോവിയറ്റുകളുടെ അഖില റഷ്യൻ കോൺഗ്രസിൽ വച്ച്, എല്ലാ പ്രതിനിധി സഖാക്കളും ആ ചിത്രം കാണണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ ആദ്യവർഷങ്ങളിൽ സിനിമയെ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ലെനിൻ ധാരാളം എഴുതി. സിനിമാ പ്രദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനല്ല പ്രത്യുത, ഗ്രാമാന്തരങ്ങളിലും പിന്നോക്കം നിൽക്കുന്ന കിഴക്കൻ ദേശങ്ങളിലും കൂടുതൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിനാണ് ലെനിൻ മുൻഗണന നൽകിയത്. 1919 ആഗസ്റ്റ് 22 ന് ലെനിൻ ഒപ്പുവച്ച പീപ്പിൾസ് കമ്മിസാറന്മാരുടെ തീരുമാനം സിനിമ ദേശസാൽക്കരിക്കുന്നതിനു സവിശേഷ സ്ഥാനം നൽകിയിരുന്നു. സോവിയറ്റ് ചലച്ചിത്ര പ്രസ്ഥാനത്തിന്റെ യഥാർത്ഥ പിറവി കുറിച്ചത് ഈ തീരുമാനമായിരുന്നു.
ഹോളിവുഡ് ചലച്ചിത്ര വ്യവസായത്തിന്റെ സ്ഥാപകരിൽ ഒരാളായ ചാർലെസ് റെക്ടും ലെനിനുമായി നടന്ന സംഭാഷണത്തെക്കുറിച്ച് പിൽക്കാലത്ത് റെക്ട് ഇങ്ങനെ എഴുതി;
ഞങ്ങൾ ലെനിനെ കണ്ടു. അമേരിക്കൻ സിനിമാ വ്യവസായത്തിന് വളരുന്ന സോവിയറ്റ് സിനിമയെ എങ്ങനെ സഹായിക്കാനാകും എന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. സോവിയറ്റ് സിനിമയുടെ പുരോഗതിക്കുവേണ്ടി ലെനിൻ നിലകൊള്ളുന്നു എന്നു മനസിലായി. സോവിയറ്റ് സിനിമാവ്യവസായത്തെ പുനഃസംഘടിപ്പിക്കുന്നതിനും സുസജ്ജമാക്കുന്നതിനും അദ്ദേഹം അതീവ തല്പരനായിരുന്നു. ഒരിക്കൽ ബോളിവുഡ് സന്ദർശിക്കുമെന്ന് അദ്ദേഹം ഞങ്ങളോട് വാഗ്ദാനം ചെയ്തു.’ സാമ്പത്തികവും, രാഷ്ട്രീയവുമായ പ്രശ്നങ്ങളിലായിരിക്കുമ്പോഴും ലെനിൻ സിനിമയുടെ കാര്യത്തിൽ യാതൊരു വിമുഖതയയും പ്രകടിപ്പിച്ചില്ല. വിവിധ പ്രശ്നങ്ങളുമായി പലരും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കൂട്ടത്തിൽ സിനിമാ ലോകത്തെ പ്രഗത്ഭരായ പ്രവർത്തകരും നിർമ്മാതാക്കളും ഉണ്ടായിരുന്നു. 

ലെനിന്‍ സിനിമകള്‍

ആദ്യമായി ലെനിന്റെ വേഷം പകർന്നാടിയത് സ്വാവ് പാവ്ലെവ് എന്ന ഖനിത്തൊഴിലാളിയായിരുന്നു. ലെനിനുമായുള്ള സാദൃശ്യവും ലെനിനോടുള്ള കടുത്ത ആരാധനയുമാണ് അഭിനയിക്കാൻ പാവ്ലോവിന് നിമിത്തമായത്. ഒരു പ്രൊഫഷണൽ നടനായിരുന്നില്ല അയാൾ. അഭിനയിക്കുമ്പോഴും പരിചയക്കുറവ് ചില ക്ലോസ് ഷോട്ടുകളിൽ പ്രകടമാകുകയും ചെയ്തു. 1930‑ൽ പുറത്തുവന്ന ലെനിൻ ഇൻ ഒക്ടോബർ, ലെനിൻ ഇൻ 1918
എന്നീ സിനിമകൾ ഏറെ ശ്രദ്ധേയങ്ങളായി. പ്രശസ്ത നടൻ ബോറിസ് ഷുകിനായിരുന്നു ലെനിനെ അവതരിപ്പിച്ചത്.
മഹാനായ ലെനിന്റെ മാനറിസങ്ങളെ തന്മയത്വമായി അവതരിപ്പിച്ച മറ്റൊരു പ്രഗത്ഭ നടനാണ് മാക്സിം ട്രാവൂക്ക്. ലെനിനുമായി അപാരമായ സാദൃശ്യമുള്ള ഈ നടൻ
മാൻ വിത്ത് എ ഗൺ, ത്രീ സ്റ്റോറീസ് ഓഫ് ലെനിൻ, ലെനിൻ ഇൻ പോളണ്ട് എന്നീ ബയോ പിക്ചറുകളിൽ അസാമാന്യമായ അഭിനയം നടത്തി. ഔദ്യോഗിക തിരക്കുകളിൽ നിന്നൊക്കെ അകന്നു വിശ്രമജീവിതം നയിക്കുന്ന ലെനിന്റെ ജീവിതമാണ് പ്രസ്തുത സിനിമകളിൽ അവതരിപ്പിച്ചത്. സെർജിയത് കെവിച്ച് ആണ് അതു സംവിധാനം ചെയ്തത്. ഓഷ് വാൻ ഡേഷ് സംവിധാനം ചെയ്ത ദ് സെയിം പ്ലാനറ്റ് എന്ന ചിത്രത്തിൽ ലെനിനായി പ്രത്യക്ഷപ്പെട്ടത് ഇന്നോ കെന്റക്കിഷ്നോവ് എന്ന ഹാസ്യനടനായിരുന്നു. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. യൂറിക യൂറോവ് എന്ന നടൻ ലെനിനായി അഭിനയിച്ച ദി സിക്സ്ത്ത് ഓഫ് ജൂലൈ എന്ന ചിത്രം ബോൾഷെവിക്കുകളും സോഷ്യലിസ്റ്റ് വിപ്ലവകാരികളും തമ്മിലുള്ള അതിരൂക്ഷമായ പ്രക്ഷോഭത്തെ ചിത്രീകരിക്കുന്നു. കരാസ്കി സംവിധാനം ചെയ്ത
ലെനിൻ ഇൻ 1903 എന്ന ചിത്രത്തിലും യൂറിക യൂറോവ് ആണ് ലെനിനെ അവതരിപ്പിച്ചത്.
ലെനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നിർമ്മിച്ച രണ്ട് സിനിമകളായിരുന്നു വി ഓർഡിൻസ്കി സംവിധാനം ചെയ്ത റെഡ് സ്ക്വയർ, സോവിയറ്റ് സ്വീഡിഷ് സഹകരണ സിനിമയായ എ തൗസന്റ് ലോക്കോമോട്ടീവ്സ് ഫോർ ലെനിൻ എന്നിവ.
ലെനിനെക്കുറിച്ചുള്ള ഒട്ടുമിക്ക സിനിമകളും അവ ഫീച്ചർ ഫിലിമുകളാണെന്ന അവകാശവാദത്തോടൊപ്പം തന്നെ മികച്ച ഡോക്ക്യുമെന്ററി സിനിമകളായിരുന്നുവെന്നു നിരൂപകർ ചൂണ്ടിക്കാട്ടുന്നുണ്ട്. വസ്തുതകളെ അതുപോലെ കാമറയിലൂടെ പകർത്തിവയ്ക്കുകയായിരുന്നു ലെനിൻ സിനിമകളെന്നു അവർ വിവക്ഷിക്കുന്നു. റഷ്യയിലെ സാർ ചക്രവർത്തിമാരുടെ കിരാത ഭരണവും വിപ്ലവ പ്രസ്ഥാനങ്ങളുടെ ഉദയവും ഒന്നാംലോക യുദ്ധത്തോടനുബന്ധിച്ചുള്ള ഫെബ്രുവരി, ഒക്ടോബർ വിപ്ലവവും പ്രതിവിപ്ലവവും ചരിത്രത്തിൽ
രക്തഞായർ എന്നറിയപ്പെട്ട ബ്ലഡിസൺഡേയും ലെനിൻ ബയോപിക്ചറുകളിൽ ചിത്രീകരിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.