31 December 2025, Wednesday

തരിശുനിലങ്ങൾ പൂക്കുമ്പോൾ

അഡ്വ. ഷിബു എസ് വയലകത്ത് 
August 10, 2025 7:00 am

യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസുകളിലാണ് അതിനാൽ സമാധാനത്തിന്റെ കോട്ട പണിയേണ്ടതും അവിടെത്തന്നെ” ഐക്യരാഷ്ട്ര സഭയുടെ വിഖ്യാതമായ ഈ വാചകം മനുഷ്യരാശിക്കു മുകളിൽ നിശബ്ദ സാന്നിധ്യമായി നിലകൊള്ളുന്നു. ലോകത്ത് പലയിടങ്ങളിലും യുദ്ധം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയിൽ 56647 പേർ കൊല്ലപ്പെടുകയും 14222പേരെ കാണാതാവുകയും ചെയ്തു. വർഷങ്ങളായി തുടരുന്ന റഷ്യ — ഉക്രയിൻ യുദ്ധത്തിൽ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. ആയുധ കച്ചവടക്കാരായ വൻകിട രാജ്യങ്ങൾ യുദ്ധമുഖരിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിലാണ് ഡോ. എ മുഹമ്മദ് കബീർ ‘ഏപ്രിലാണേറ്റവും ക്രൂരമാസം’ എന്ന പുസ്തകം എഴുതുന്നത്. 

ടി എസ് ഏലിയട്ടിന്റെ ‘വേസ്റ്റ്‌ലാന്റ്’ എന്ന കൃതി പ്രസിദ്ധീകൃതമായിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ മനുഷ്യ മനസിൽ നിറച്ച ശൂന്യതയുടെ ബാക്കിപത്രമാണ് ‘തരിശുനിലം’ എന്ന കാവ്യം. ആ മഹാകാവ്യത്തിലെ പ്രസിദ്ധമായ ‘ഏപ്രിലാണേറ്റവും ക്രൂരമാസം’ എന്ന പ്രയോഗമാണ് പുസ്തകത്തിന്റെ തലക്കെട്ടായി എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്. “നീ പൂന്തോട്ടത്തിൽ കുഴിച്ചിട്ട ആ ശവം മുളച്ചുവോ? അത് ഇക്കൊല്ലം പൂവിടുമോ?” എന്ന ചോദ്യം യുദ്ധവെറിയിൽ വെന്തുപോയ മനുഷ്യാത്മാക്കളുടെ പുനരുദ്ധാന സങ്കല്പങ്ങൾക്ക് തീ പകരുന്നുണ്ട് എന്ന് ഡോ. എ മുഹമ്മദ് കബീർ നിരീക്ഷിക്കുന്നു. യുദ്ധം വിതച്ച അസ്വാസ്ഥ്യങ്ങളുടെ വരുതിയണഞ്ഞ യൂറോപ്പിന്റെ സാംസ്കാരികവും ആത്മീയവുമായ തകർച്ചയാണ് ‘തരിശുനില’ത്തിൽ പ്രകടമാകുന്നത്. ജലത്തിന്റെ തിരോധാനമാണ് തരിശു നിലങ്ങൾക്ക് ജന്മം നൽകുന്നത് പ്രണയ നഷ്ടവും സ്നേഹ രാഹിത്യവുമാണ് ജീവിതത്തെ തരിശു നിലമാക്കുന്നത്. ജീവിച്ചിരിക്കുക എന്ന അവസ്ഥ അത്ര എളുപ്പമല്ലെന്നും ആത്മാവിൽ ദരിദ്രമായ ജീവിതമാണ് നാം ജീവിച്ചു തീർക്കുന്നതെന്നും കവി നമ്മെ ഓർമിപ്പിക്കുന്നു. ഭയമുറഞ്ഞ ജീവിതാവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേ ഒരു പോംവഴി ത്യാഗമാണെന്ന് ഭാരതീയ ഉപനിഷത്തുക്കളെ അവലംബിച്ച് എലിയറ്റ് പറയുന്നു. 

ആത്മനൊമ്പരങ്ങളുടെ അക്ഷരക്കൂട്ടുകളാണ് എം ടിയുടെ കഥകളെന്നും ഏകാകിതയുടെയും സ്നേഹരാഹിത്യത്തിന്റെയും കയ്പുനീർ കുടിക്കുന്ന കഥാപാത്രങ്ങളെ എം ടി സൃഷ്ടിച്ചുവെന്നും കബീര്‍ പറയു്നനുണ്ട്. എസ് കെ പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ പിറന്നിട്ട് അൻപതാണ്ടാകുന്നു. ഒരു ദേശത്തിന്റെ സാംസ്കാരിക ഭൂപടത്തിലൂടെ ഈ നോവൽ ഒഴുകി നിറയുകയാണ്. അതിരാണിപ്പാടത്തിന്റെ ദേശചരിത്രം അവിടെ ജീവിച്ചു മരിച്ച മനുഷ്യരുടെ ഹൃദയത്തുടിപ്പുകളിൽ നിറച്ച് ഈ നോവലിൽ ആവിഷ്ക്കരിച്ചിരിക്കുന്നതായി കബീര്‍ നിരീക്ഷിക്കുന്നു. ഭൂതകാലം പകർന്ന ആത്മവീര്യത്തിലൂടെ വർത്തമാനകാലത്തിന്റെ തുറസുകളിലേക്ക് വഴിമാറുന്ന മാനുഷിക ബന്ധങ്ങളുടെയും ജീവിത ദർശനങ്ങളുടെയും ഉലയിലലിഞ്ഞ ദർശനം അവതരിപ്പിക്കുന്ന അശോകൻ ചരുവിലിന്റെ ‘കാട്ടൂർക്കടവ്’ എന്ന നോവലിനെയും പി കൃഷ്ണപിള്ളയുടെ ജീവിതവും പ്രണയവും മനോഹരമായി ആവിഷ്ക്കരിക്കുന്ന കെ വി മോഹൻകുമാറിന്റെ ‘എടലാക്കുടി പ്രണയ രേഖകൾ’ എന്ന നോവലിനെയും പുന്നപ്ര വയലാർ സമര പോരാട്ടത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ എഴുതപ്പെട്ട ‘ഉഷ്ണരാശി’ എന്ന നോവലിനെയും ആർട്ടിക്കിൾ 370 റദ്ദു ചെയ്ത ശേഷം കാശ്മീർ ജനതയിലുണ്ടായ മാറ്റവും അവർ അനുഭവിക്കുന്ന ദുരിതങ്ങളും അവതരിപ്പിക്കുന്ന ടി ഡി രാമകൃഷ്ണന്റെ ‘അന്ധർ ബധിരർ മൂകർ’ എന്ന നോവലിനെയും കബീര്‍ വിലയിരുത്തുന്നുണ്ട്. എം മുകുന്ദൻ, പി വൽസല, എസ് ഹരീഷ്, സുധീശ് രാഘവൻ തുടങ്ങിയ എഴുത്തുകാരുടെ നോവലുകളെയും പഠനത്തിന് വിധേയമാക്കുന്നുണ്ട് കബീര്‍ തന്റെ കൃതിയില്‍.

ബുദ്ധദർശനത്തിന്റെ സ്വപ്ന ഭൂമികയിൽ കുതിർന്ന വാക്കുകളുടെ മാന്ത്രിക സ്പർശം കുമാരനാശാന്റെ കവിതകളിൽ ഋതുഭേദങ്ങളുടെ വിരുന്നൊരുക്കിയതായും വാല്മീകിയുടെയും വേദവ്യാസന്റെയും കാളിദാസന്റെയും കൃതികളിലാണ് ആശാൻ കവിതകളിലെ സ്നേഹത്തിന്റെ വേര് പടർന്ന് കിടക്കുന്നതെന്നും കബീര്‍ നിരീക്ഷിക്കുന്നു. മലയാള കവിതയിൽ തീപ്പന്തമായി പടർന്നു കത്തിയ കാലത്തിന്റെ കരുത്തായിരുന്നു കടമ്മനിട്ടയെയും ഇരുൾവീണ വഴിയിടങ്ങളിൽ ചിതറി വീണ കണ്ണീരിന്റെ ഗന്ധം നെറുകയിൽ അമ്ലരസമായി വാസനിച്ച നാളില്‍ കവിയായ കെ ജി ശങ്കരപ്പിള്ളയുടെ കവിതകളെയും ഉച്ചമയക്കത്തിന്റെ ആലസ്യമല്ല ഉണർന്നിരിപ്പിന്റെ വീര്യമാണ് കവിതയെന്നു പ്രഖ്യാപിച്ച തിരുനല്ലൂർ കരുണാകരന്റെ കവിതയെയും പ്രഭാവർമ്മയുടെ കവിതയെയും അനിൽ പനച്ചൂരാന്റെ കവിതയെയും കബീര്‍ പഠനവിധേയമാക്കുന്നുണ്ട്.
ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും ലിംഗത്തിന്റെയും പേരിൽ പൊതു ഇടങ്ങളിൽ നിന്ന് തുടച്ചുമാറ്റപ്പെടുന്നവരുടെ നിലവിളികൾ നിസംഗതയോടെ കേട്ടു നിൽക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോൾ നമുക്ക് അഭയ കേന്ദ്രങ്ങൾ ഇല്ലാതാകുന്നു. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളവിഭാഗം അധ്യാപകൻ ടി ജെ ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓർമ്മകൾ’ പൊള്ളിപ്പിടയുന്ന ഹൃദയവുമായി മാത്രമേ നമുക്കീ പുസ്തകത്തെ സമീപിക്കാനാകൂ എന്ന് ഡോ. എ. മുഹമ്മദ് കബീർ പറയുന്നു.

കേവലം സാഹിത്യ നിരൂപണത്തിന്റെയോ പഠനത്തിന്റെയോ പരിധികൾക്കപ്പുറത്ത് മാനുഷികവും ജൈവികവുമായ ഒരു ജീവിത ദർശനം വിഭാവനം ചെയ്യുന്ന ഒരു കൃതിയാണ് ‘ഏപ്രിലാണേറ്റവും ക്രൂര മാസം.’ മലയാള സാഹിത്യ പഠനത്തിന് ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്. 

ഏപ്രിലാണേറ്റവും ക്രൂര മാസം
(പഠനം)
ഡോ. മുഹമ്മദ് കബീര്‍
നെപ്ട്യൂൺ ബുക്സ്
വില : 210 രൂപ

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.