22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
August 9, 2024
December 23, 2023
November 14, 2023
October 23, 2023
September 3, 2023
July 27, 2023
May 26, 2023
April 27, 2023
April 15, 2023

തട്ടത്തിൻ മറയത്ത്…!

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
February 23, 2022 6:00 am

സങ്കുചിതത്വം എന്നൊരു വാക്ക് മലയാള ഭാഷയിലുണ്ട്. മറ്റുള്ളവരെ അവരായി കാണാനും അംഗീകരിക്കാനും കഴിയാത്ത അവസ്ഥയാണത്. ഒരു പടികൂടെ കടന്ന് മറ്റുള്ളവരെയും മറ്റുള്ളവരുടെ തനത് ഭാവങ്ങളെയും എതിർത്ത് ഇല്ലാതാക്കുന്ന പ്രവണതയും നമുക്ക് ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുള്ള സമീപനമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഹിറ്റ്ലറുടെ നാസിസം. രാഷ്ട്രീയത്തിൽ എന്നതുപോലെ ചില മതങ്ങളിലും പ്രാചീന ഗോത്രങ്ങളിലും സമാനമായ പ്രവണത ഉണ്ടായിട്ടുണ്ട്. എന്നാൽ സാംസ്കാരികമായും ശാസ്ത്രപരമായും വളർന്ന ആധുനിക സമൂഹത്തിലും ഈ വിധത്തിലുള്ള താല്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അതിനെ നേരിടുക എന്നത് സംസ്കൃത ലോകത്തിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തെക്കുറിച്ചു നിരന്തരമായി നമ്മെ ഓർമ്മപ്പെടുത്തുന്ന കാര്യങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ഇപ്പറഞ്ഞ ഉത്തരവാദിത്ത നിർവ്വഹണത്തിനായി നമ്മെ ക്ഷണിക്കുന്ന ഏറ്റവും പുതിയ വിഷയമാണ് കർണാടകയിൽ ഹിജാബ് നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാര്യങ്ങൾ. ഭാരതം ഒരു ജനാധിപത്യ റിപ്പബ്ലിക്കാണ്. ഈ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെക്കുറിച്ച് സ്വാതന്ത്ര്യ സമര പോരാളിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്രു പറഞ്ഞത്, “ഭാരതം ഒരു മതനിരപേക്ഷ രാജ്യമാണ്. മതനിരപേക്ഷ രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിനു മറ്റുള്ളവരെ സൗഹൃദപൂർവ്വവും ഔദാര്യത്തോടെയും നീതിപരമായും അംഗീകരിക്കാനും ആദരിക്കാനും കഴിയേണ്ടിയിരിക്കുന്നു” എന്നാണ്. 1994 ലെ എസ് ആർ ബൊമ്മെ കേസിൽ സുപ്രീം കോടതി പറഞ്ഞത്, “മതസ്വാതന്ത്ര്യം ബഹുസുരതയുടെയും സർവ്വത്തെയും ഉൾക്കൊള്ളുന്നതിന്റെയും മുഖമുദ്രയാണ്. അത് സാമുദായിക ഐക്യവും വൈവിധ്യവും പുലരാനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്” എന്നാണ്. 1986 ൽ തന്നെ സമാനമായ കേസിൽ സുപ്രീം കോടതി ഇന്ത്യൻ ഭരണഘടനയുടെ 25-ാം വകുപ്പിനെ അടിസ്ഥാനമാക്കി, ഭാരതത്തിന്റെ ദേശീയഗാനം ആലപിക്കുന്നതിൽ നിന്നും മാറിനിന്ന യഹോവാസാക്ഷി വിദ്യാർത്ഥി ബിജോ ഇമ്മാനുവേൽ കേ­സിൽ,­­­ ബോ­ധപൂർവ്വം കാത്തുസംരക്ഷിക്കുന്ന മതവിശ്വാസം പൊതുസമൂഹത്തിൽ അലങ്കോലം ഉണ്ടാക്കുകയോ ധാർമ്മികമോ ആരോഗ്യപരമോ ആയ പ്രതിസന്ധി സൃഷ്ടിക്കുകയോ ചെയ്യുന്നില്ല എങ്കിൽ നിയന്ത്രിക്കേണ്ടതില്ല എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ദേശീയഗാനാലാപനം പോലെ ഒരു രാജ്യത്തിന്റെ അതിപ്രാധാന്യമർഹിക്കുന്ന കാര്യത്തിൽ പോലും ഇത്രമാത്രം തുറന്ന മനോഭാവമുള്ള രാജ്യത്താണ് ഇപ്പോൾ മതസ്വാതന്ത്ര്യത്തിന്റെ ഒരു പ്രകട ഭാവത്തെ നിഷേധിക്കുന്ന വിധത്തിൽ ‘ഹിജാബ്’ നിരോധനം നടപ്പാക്കാൻ ശ്രമിക്കുന്നത്.


ഇതുകൂടി വായിക്കാം; പൗരാവകാശങ്ങള്‍ക്ക് ഭീഷണിയായി ശിരോവസ്ത്ര വിവാദം


കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ഇതാരംഭിച്ചത് എങ്കിലും ന്യൂനപക്ഷ സമുദായങ്ങളോടുള്ള സമീപനത്തിൽ കർണാടക സർക്കാരിന്റെ പൊതു നിലപാടിന്റെ ചെറിയ തോതിലുള്ള പരീക്ഷണങ്ങളിൽ ഒന്നായിട്ടേ എനിക്കിതിനെ കാണാൻ കഴിയൂ. കർണാടക സർക്കാരാകട്ടെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടനയുടെയും സംഘ്പരിവാറിന്റെയും പദ്ധതികളുടെ പരീക്ഷണശാലയും. ‘ഹിജാബ്’ എന്ന അറബി വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് “ശിരസും മാറും മറയ്ക്കുന്ന വസ്ത്രം” എന്നാണ്. ഇസ്‌ലാമിക സമൂഹത്തിൽ മാത്രം ആരംഭിച്ചതോ നിലനിൽക്കുന്നതോ ആയ വസ്ത്രധാരണ സംസ്കാരമല്ല ഇത്. ഗ്രീസിലും മെസപ്പൊട്ടോമിയയിലും പേർഷ്യയിലും, എന്തിനു യൂറോപ്പിൽ പോലും നിലനിന്നിരുന്ന പൊതുവായി പറഞ്ഞാൽ 2500 വർഷം പഴക്കമുള്ള ഒരു സാംസ്കാരിക ശൈലി ആണിത്. ചില ക്രൈസ്തവസ്ത്രീ സന്യാസ സമൂഹങ്ങളും ഈ വിധം വസ്ത്രം ഇക്കാലത്തും ഉപയോഗിക്കുന്നുണ്ട്. യേശുവിന്റെ മാതാവ് മേരി ശിരോവസ്ത്രം ധരിച്ചവളായിട്ടാണ് ചിത്രങ്ങളിൽ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്. വടക്കെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സ്ത്രീകൾ ശിരസും മാറും മറയ്ക്കുന്നത് കാണാവുന്നതാണ്. അത് സാരികൊണ്ടോ ദുപ്പട്ടകൊണ്ടോ ആയിരിക്കും എന്ന് മാത്രം. മതചിഹ്നങ്ങൾ ധരിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുരുഷന്മാരെയും സ്ത്രീകളെയും നമുക്ക് ഭാരതത്തിൽ എമ്പാടും കാണാൻ കഴിയും. സിഖുകാർ തലപ്പാവ് ധരിക്കുന്നതും, ഹിന്ദുക്കൾ ചന്ദനക്കുറി അണിയുന്നതും കൈതണ്ടയിൽ ചരട് കെട്ടുന്നതും ക്രിസ്ത്യാനികൾ സ്ത്രീപുരുഷഭേദമില്ലാതെ കുരിശുമാലയോ കൊന്തയോ കഴുത്തിൽ ധരിക്കുന്നതും സർവസാധാരണമാണ്. എന്തിനു, ഒരു വസ്ത്രവും ധരിക്കാതെ ഒരു പ്രതിഷേധവും നേരിടാതെ, എന്നാൽ ഭക്തരെ ആകർഷിച്ചുകൊണ്ട്, പൊതുവേദിയിലും ഉത്സവസ്ഥലങ്ങളിലും ഒറ്റയ്ക്കും കൂട്ടമായും പ്രത്യക്ഷപ്പെടുന്ന ദിഗംബര സന്യാസിമാരും ഈ ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ സ്കൂളുകളിലെ നിയന്ത്രണം മാത്രമാണിതെന്നു പറഞ്ഞാൽ, കുരിശുമാല ധരിച്ചെത്തുന്ന ക്രൈസ്തവ വിദ്യാർത്ഥികളെയും, സഭാവസ്ത്രം ധരിച്ചെത്തുന്ന സന്യാസിനിമാരെയും നെറ്റിയിലെ കുറിയും ശബരിമല വ്രതവസ്ത്രവും കഴുത്തിലെ രുദ്രാക്ഷമാലയും ഒക്കെയുമായെത്തുന്ന ഹൈന്ദവ സമുദായത്തിലെ കുട്ടികളെയും എന്തുകൊണ്ടാണ് വിലക്കാത്തത് എന്നും ചോദ്യമുണ്ട്. അതിനു ഒരുത്തരമേ കാണാൻ കഴിയൂ, ‘ഹിജാബ്’ എന്ന പേരിനോടും അത് സൂചിപ്പിക്കുന്ന സമുദായത്തോടുമുള്ള എതിർപ്പ് തന്നെ. ഇത് സ്കൂൾതലത്തിൽ മാത്രമുള്ളതാണ് എന്നു പറഞ്ഞ് രക്ഷപ്പെടാനും പറ്റില്ല. കർണാടകത്തിൽ കോളജുകളിലേക്കും ഈ നിരോധനം വ്യാപിപ്പിക്കുന്നുണ്ട്, മാത്രമല്ല എന്താണു സ്കൂളിന്റെ ഇക്കാര്യത്തിലെ പ്രത്യേകത എന്ന ചോദ്യവുമുണ്ട്. യൂണിഫോമിന്റെ ഭാഗമായി നിർവചിക്കപ്പെടാത്ത, മുകളിൽ പറഞ്ഞ മറ്റ് മതസ്ഥരുടെ മതചിഹ്നങ്ങൾ നിരോധിക്കാത്ത സ്കൂളിൽ ഇത് മാത്രം എന്തിനു നിരോധിക്കണം. ഇനിയും ഇത് നമ്മുടെ ആദരണീയ ഗവർണർ പറഞ്ഞതുപോലെ സ്ത്രീകളുടെ സൗന്ദര്യത്തെ മറയ്ക്കാനും അവരെ അടിച്ചമർത്താനുമുള്ള ഉപകരണമാണെങ്കിൽ അക്കാര്യത്തിൽ പ്രാഥമികമായി ഇടപെടേണ്ടതും അവകാശ സമരം നടത്തേണ്ടതും സ്ത്രീകൾ തന്നെയാണ്. അത് ഒരു നിരോധനത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. അടിസ്ഥാന വിഷയം എന്റെ കാഴ്ചപ്പാടിൽ രണ്ടാണ്. തട്ടമല്ല പ്രശ്നം അതിന്റെ മറയത്താണ് ലക്ഷ്യം കിടക്കുന്നത്. ഒന്നാമത് മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസപരമായി നേടുന്ന പുരോഗതിയാണ്. 2007 — 08 കാലത്ത് അവരുടെ ഉന്നത വിദ്യാഭ്യാസമേഖലയിലെ സാന്നിധ്യം 6.7 ആയിരുന്നെങ്കിൽ 2017–18 ആയപ്പോൾ വലിയ കുതിച്ചുചാട്ടം നടത്തി 13.5 ല്‍ എത്തിയെന്ന് 2020 ലെ സൗരവ് റോയ് ബർമ്മൻ സർവേ വെളിപ്പെടുത്തുന്നു.


ഇതുകൂടി വായിക്കാം; വര്‍ഗീയ ആയുധമാക്കുന്ന വസ്ത്രധാരണം


ഈ വിധത്തിൽ അവർ മുന്നേറിയാൽ തൊഴിൽ മേഖലയിലും, പൊതു ഇടങ്ങളിലും രാഷ്ട്രീയത്തിലും അവർക്കുള്ള സ്വാധീനം വർധിക്കുകയും ഇപ്പോൾ മേൽക്കൈ ഉള്ള സവർണർക്ക് അത് നഷ്ടമാവുകയും ചെയ്യും. ഹിജാബ്, ബുർക്ക തുടങ്ങിയവ വിശ്വാസത്തിന്റെ അടിസ്ഥാന വിഷയങ്ങളായി കരുതുന്ന ഇവർ അവ നിരോധിക്കുന്നതിൽ പ്രതിഷേധിച്ച് സ്കൂളുകളിൽ പോകുന്നത് ഒഴിവാക്കിയാൽ അധികാരി വർഗം ഭയപ്പെടുന്ന വളർച്ച തടയാൻ കഴിയും. ഇപ്പോൾ തന്നെ നൂറുകണക്കിനു കുട്ടികൾ നിരോധനത്തിൽ പ്രതിഷേധിച്ച് വീടുകളിലേക്ക് തിരികെ പോകുന്നുണ്ട്. ഇതോടൊപ്പം കർണാടകയിൽ പരീക്ഷിക്കപ്പെടുന്ന സവർണ ഹിന്ദുരാജ്യ സ്ഥാപനം എന്ന സംഘപരിവാർ അജണ്ട ഉണ്ട്. ഇതാണു പൗരത്വ ഭേദഗതിയിലും അഭയാർത്ഥികളായ റോഹിംഗ്യൻ മുസ്‌ലിമുകളുടെ കാര്യത്തിലും, മത പരിവർത്തന നിയമത്തിലും, ക്രൈസ്തവ ദേവാലയങ്ങളുടെ തകർക്കലിലും ഒക്കെ കാണുന്നത്. ഒരു പെൺകുട്ടി ഹിജാബ് ധരിച്ച് സ്കൂളിലും കോളജിലും വരുന്നതുകൊണ്ട് ആർക്കും ഒരു ശല്യവും ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകേണ്ട കാര്യവുമില്ല. അതിനെ മറ്റ് മതവിഭാഗത്തിലെ വിശ്വാസികൾ മുൻപറഞ്ഞതുപോലുള്ള പ്രതീകങ്ങൾ ധരിച്ച് വരുന്നതുപോലെ നിരുപദ്രവകരവും സ്വാഭാവികവും ആയ കാര്യമായി കണ്ടാൽ മതി. ഇവയൊക്കെ പൊതുവിൽ നിന്നും വ്യത്യസ്തമായതും എന്നാൽ ഓരോരുത്തർ തങ്ങളുടെ വിശ്വാസത്തിന്റെ പ്രകടഭാവമായി കാലങ്ങളായി ആചരിക്കുന്നവയുമാണ്. ഈ രാജ്യത്തെ ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തിൽ തങ്ങളുടെ അവകാശമായി കരുതപ്പെടുന്നവയുമാണ്. ഇവയിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് വിദ്യാഭ്യാസത്തിലൂടെ ആകണം, നിരോധനത്തിലൂടെ ആകരുത്. നിരോധനം പ്രതിഷേധവും കലഹവും ഉണ്ടാക്കാനേ കാരണമാകൂ. ഒരുപക്ഷെ സംഘപരിവാർ ആഗ്രഹിക്കുന്നത് അതാകാം, അതുമൂലമുണ്ടാകുന്ന സാമൂഹിക ധ്രുവീകരണവുമാകാം. ഇതുണ്ടാകാതെ നോക്കേണ്ടത് രാഷ്ട്രീയ നേതൃത്വത്തിന്റെ ചുമതലയാണ്. അവർ അത് നിർവ്വഹിക്കാതെ മറിച്ച് തികച്ചും നിഷേധപരമായി പ്രവർത്തിക്കുമ്പോൾ ഈ രാജ്യത്തെ പൗരന്മാരുടെ പ്രതീക്ഷ കോടതികളിലാണ്. അവ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് തട്ടത്തിലല്ല അതിന്റെ മറയത്താണ് വിഷയത്തിന്റെ കാതൽ എന്ന് മനസിലാക്കി ഉത്തരവുകൾ നൽകും എന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.