23 December 2024, Monday
KSFE Galaxy Chits Banner 2

ഉത്തരം യുദ്ധമല്ല

Janayugom Webdesk
March 6, 2022 5:00 am

യുദ്ധത്തിന്റെ കരിമ്പടം ഉക്രെയ്‌നെ മൂടിപ്പൊതിഞ്ഞിരിക്കുന്നു. അതിന്റെ ഉത്കണ്ഠ ലോകമെമ്പാടും കൊടിയ ആശങ്കകൾക്കും വഴിയൊരുക്കിയിരിക്കുന്നു. പതിനായിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ, ഭൂരിഭാഗവും വിദ്യാർത്ഥികൾ ഉക്രെയ്‌നിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. രാപ്പകലുകൾ ആശങ്കാകുലമായ ഫോൺവിളികളാലും ആശയവിനിമയങ്ങളാലും നിറയുന്നു. വിലപ്പെട്ട രണ്ട് ജീവനുകൾ ഇതിനകം ഇന്ത്യക്ക് നഷ്ടപ്പെട്ടു. പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യൻ ഭരണകൂടം സാധ്യമായതെല്ലാം ചെയ്യണം. ഉക്രെയ്‌നിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക് കഴിവുകൾ ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്. പക്ഷെ, ഇതുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരുടെ അഭിപ്രായങ്ങൾ വേദനിപ്പിക്കുന്നതായിരുന്നു. ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചെങ്കിലും ഗുരുതരമായ സാഹചര്യത്തിന്റെ അരികുകളിൽ എത്താൻപോലും കഴിഞ്ഞില്ല. ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതവും പ്രതീക്ഷകളും ഇരുളിലാഴ്ത്തിയ അതിഗൗരവമായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ ഭരണകൂടം പരാജയപ്പെട്ടു. യുദ്ധങ്ങളിലും കലാപങ്ങളിലും വാചകമടി ഫലം ചെയ്യില്ലെന്ന് സർക്കാരിനെ നയിക്കുന്നവർ മനസിലാക്കണം. നയതന്ത്ര മികവുകളും അതിന്റെ എല്ലാ സാധ്യതകളും, പ്രായോഗിക കഴിവുകളും വീക്ഷണവും ലക്ഷ്യപ്രാപ്തിക്കായി പ്രയോഗിക്കണം. നമ്മുടെ കുട്ടികൾ ഉക്രെയ്ന്റെ യുദ്ധഭൂമിയിൽ നിന്ന് തങ്ങളുടെ ജീവനായി കേഴുകയാണ്. അവരുടെ നിലവിളി ആത്മാർത്ഥതയോടെ കേൾക്കുകയും പരമമായ മുൻഗണനയോടെ കൈകാര്യം ചെയ്യുകയും വേണം. യുദ്ധത്തിന്റെ ദുരന്തപൂർണവും മനുഷ്യത്വരഹിതവുമായ മുഖത്തിന് ലോകം ഉക്രെയ്‌നിൽ സാക്ഷ്യം വഹിക്കുന്നു. ഇവിടെ യുദ്ധവഴികൾ അതിവേഗം സംഭവിച്ചതല്ല. നീണ്ടുനിന്ന പിരിമുറുക്കത്തിന്റെ ഫലമായിരുന്നു അത്. അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘർഷങ്ങളുടെ പെരുക്കം യുദ്ധത്തിന് വഴിതുറന്നു. ക്രിമിയൻ പ്രതിസന്ധിയും ഡൊണട്സ്കിലെയും ലുഹാൻസ്കിലെയും സംഭവവികാസങ്ങളും എരിതീയിൽ എണ്ണപകർന്നു. നിലവിൽ, ഇത് റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധമാണെന്ന് കരുതാമെങ്കിലും കാര്യങ്ങൾ അത്ര ലളിതമല്ല. അമേരിക്ക യുദ്ധക്കളത്തിൽ അഗോചരമെങ്കിലും അവരുടെ ഭൗമരാഷ്ട്രീയ മോഹങ്ങളും യൂറോപ്പിലെ ആധിപത്യത്തിനായുള്ള അത്യാഗ്രഹവും ഉക്രെയ്‌നിലും അയലിടങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. പക്ഷെ, ഉക്രെയ്‌നെതിരെ യുദ്ധം ആരംഭിച്ച റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ വന്യത അപലപിക്കേണ്ടതാണ്. റഷ്യയിലെ അധിനിവേശ ശക്തികൾ മനുഷ്യവാസ കേന്ദ്രങ്ങളെയും നിരപരാധികളെയും ആക്രമണങ്ങളിൽ നിന്നും ഒഴിവാക്കുന്നുമില്ല. ലോകത്തെവിടെയും ഒരു തർക്കങ്ങൾക്കും യുദ്ധം പരിഹാരമല്ല എന്ന യാഥാർത്ഥ്യത്തിനു നേരെ ഇവർ കണ്ണടച്ചിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം മുതൽ, അമേരിക്കയിലെ യുദ്ധമോഹികൾ നാറ്റോയെ വീണ്ടും സജീവമാക്കാനും കിഴക്കോട്ട് വ്യാപിപ്പിക്കാനും തന്ത്രങ്ങൾ മെനയുകയായിരുന്നു. ശീതയുദ്ധ കാലത്ത് അവർ നടത്തിയ പ്രചാരണങ്ങളോ തീർത്തും നുണകളുമായിരുന്നു.


ഇതുകൂടി വായിക്കാം;യുദ്ധചിത്രങ്ങളില്‍ നിറയെ രക്തവും തീയുമാണ്


സോവിയറ്റ് യൂണിയനുമായി യുദ്ധത്തിന് സജ്ജമാകുക എന്ന പ്രചാരണത്തിൽ അവർ ആയുധ കച്ചവടത്തിന് വേഗതയേറ്റി. സോവിയറ്റ് യൂണിയനും യൂറോപ്പിലെ സോഷ്യലിസ്റ്റ് ചേരിയും അപ്രത്യക്ഷമായിട്ടും ആയുധമത്സരത്തോട് വിട പറയാൻ അവർ തയാറായില്ല. അമേരിക്കയുടെ യുദ്ധ ആസ്ഥാനമായ പെന്റഗൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക സംഘർഷങ്ങളും യുദ്ധ സന്നദ്ധതയും വളർത്തുന്നതിനുള്ള ശ്രമങ്ങളും പദ്ധതികളും തുടരുകയാണ്. വൈറ്റ് ഹൗസിന്റെ നയരൂപീകരണത്തിൽ ശക്തമായ സ്വാധീനമുള്ള ഈ സൈനിക വ്യവസായ സമുച്ചയവും ഇക്കാര്യത്തിൽ പദ്ധതികൾ മെനയുന്നു. അമേരിക്കൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അതിസമ്പന്നരോടുള്ള അവരുടെ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താൻ യുദ്ധം അനിവാര്യമാണ്. സോവിയറ്റ് യൂണിയൻ ഇല്ലാതായാൽ ശീതയുദ്ധം അവസാനിക്കുമെന്ന് സ്വപ്നം കണ്ടവരേറെയായിരുന്നു. ആയുധങ്ങളിലേക്കും നശീകരണ വഴികളിലേക്കും വഴുതിയ വലിയ വിഭവ ശേഖരങ്ങൾ ലോകത്തിന്റെ സമാധാനപരമായ പുനർനിർമ്മാണത്തിനും പുരോഗതിക്കും വഴിമാറുമെന്ന് ഇക്കൂട്ടർ ധരിച്ചു. എന്നാൽ പരിധിയില്ലാത്ത ലാഭത്തിനായുള്ള മൂലധനത്തിന്റെ അത്യാഗ്രഹ പൂർത്തീകരണത്തിന് യുദ്ധം അവസാനമില്ലാത്തതാണ്. നാറ്റോയെ കിഴക്കോട്ട് നയിക്കാനുള്ള അവരുടെ ശ്രമങ്ങളുടെ പിന്നിൽ ഇത്തരം ചിന്തയുണ്ട്. ഉക്രെയ്‌ൻ നാറ്റോയിൽ ചേർന്നാൽ റഷ്യൻ അതിർത്തികൾ സുരക്ഷിതമല്ലാതാവും. വ്ളാദിമിർ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യൻ അധികാരികൾ ഈ പ്രശ്നം അവരുടേതായ രീതിയിൽ നേരിടാന്‍ ശ്രമിച്ച ഉക്രെയ്‌നിനു ചുറ്റും വളരെക്കാലമായി വികസിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ സമാധാനപൂർണമായി പരിഹരിക്കാൻ യുഎസും റഷ്യയും ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇപ്പോൾ അത് ഒരു യുദ്ധത്തിൽ കലാശിക്കുകയും നിരപരാധികളായ മനുഷ്യരുടെ പരാജയം മാത്രം സംഭവിക്കുകയും ചെയ്യുന്നു. പ്രാദേശിക സംഘർഷങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിക്കുകയാണ്. എല്ലായിടത്തും യുദ്ധം ചെയ്യുന്ന ഗ്രൂപ്പുകൾ പരസ്പരം ഇല്ലാതാക്കാൻ ആയുധങ്ങൾ വാരിക്കൂട്ടുന്നു. കൂട്ടനശീകരണ ആയുധങ്ങൾ നിർമ്മിക്കുന്ന മരണത്തിന്റെയും നാശത്തിന്റെയും ഈ കച്ചവടക്കാരാകട്ടെ ഈ ദുരന്തക്കളത്തിൽ നിന്ന് ലാഭം കൊയ്യുന്നു. പട്ടിണിയും ദാരിദ്ര്യവും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ വേട്ടയാടുമ്പോൾ, യുദ്ധം ന്യായീകരിക്കാനാവില്ല. വേദനാജനകമെന്ന് പറയട്ടെ, യുഎൻ കൂടുതൽ കൂടുതൽ നിസ്സഹായരായി മാറുന്നതും ലോകം കാണുന്നു. ഐക്യരാഷ്ട്രസഭയെ സമാധാന ദൂതരായി ആളുകൾ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആരും പരിഗണിക്കാത്ത ചില പ്രസംഗങ്ങൾ മാത്രം നടത്താൻ കഴിയുന്ന ദുർബലമായ കാഴ്ചക്കാരനായി നവലിബറൽ ഉദാരവത്കരണ കാലത്ത് യുഎൻ മാറിയിരിക്കുന്നു. ഇത്തരം അവസ്ഥയിൽ പൊതുജനാഭിപ്രായങ്ങൾക്ക് കൂടുതൽ പ്രസക്തിയേറുന്നു. യുദ്ധമല്ല, ജനം സമാധാനം ആഗ്രഹിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും ഉക്രെയ്‌നും ഉപാധികളില്ലാതെ ചർച്ചയ്ക്ക് സന്നദ്ധമാകണം. യുദ്ധം ഒരിക്കലും പരിഹാരമല്ല.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.