ബിബിസി ഓഫിസുകളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആദായനികുതി വകുപ്പ്. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് അവകാശപ്പെട്ടു.
സര്‍വേയില്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ലഭിച്ചു. ബിബിസിയുടെ വിദേശത്തുള്ള ഓഫിസുകള്‍ ഇന്ത്യയില്‍നിന്നുള്ള വരുമാനം വെളിപ്പെടുത്തുകയോ, അതിന് അനുസൃതമായി നികുതി അടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് സര്‍വേയില്‍ വ്യക്തമായതായി ആദായനികുതി വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ വിശദമായി പരിശോധിക്കുമെന്നും ആദായനികുതിവകുപ്പ് അറിയിച്ചു.
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്ന ഡോക്യുമെന്ററി പുറത്തിറങ്ങി ആഴ്ചകള്‍ക്ക് ശേഷമുണ്ടായ റെയ്ഡ് പ്രതികാര നടപടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര മാധ്യമ സംഘടനകളടക്കം സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു.
ഡല്‍ഹിയില്‍ 60 മണിക്കൂറും മുംബൈയില്‍ 55 മണിക്കൂറുമാണ് സര്‍വേയെന്ന പേരില്‍ പരിശോധന നടത്തിയത്. ബിബിസി ഓഫിസില്‍ നിന്ന് നിരവധി രേഖകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡ്രൈവുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു, അക്കൗണ്ട്‌സ് വിഭാഗത്തിന്റെ കമ്പ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
മാധ്യമസ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ഏറ്റവുമധികം വേട്ടയാടല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേന്ദ്ര സർക്കാരിനെതിരെ വിമർശനാത്മകമായി റിപ്പോർട്ട് ചെയ്ത നാല് ഇന്ത്യൻ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നികുതി ഉദ്യോഗസ്ഥരോ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഉദ്യോഗസ്ഥരോ റെയ്ഡ് നടത്തിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറ്റതിന് ശേഷം റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സമാഹരിച്ച ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 10 സ്ഥാനങ്ങൾ ഇടിഞ്ഞ് 150-ാം സ്ഥാനത്തെത്തി.
നിര്‍ഭയ പത്രപ്രവര്‍ത്തനം തുടരും: ബിബിസി
ന്യൂഡല്‍ഹി: ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫിസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി റെയ്ഡ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസിയുടെ പ്രസ്താവന. അന്വേഷണത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരോട് പൂര്‍ണമായി സഹകരിച്ചുവെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി അറിയിച്ചു.
English Summary: The BBC Raid; The Income Tax Department said that tax evasion had taken place
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.