2 February 2026, Monday

കഴിഞ്ഞവര്‍ഷം 57 ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2025 9:32 pm

വിദേശ ഇന്ത്യക്കാരുടെ പൗരത്വ (ഒസിഐ) രജിസ്ട്രേഷനുകള്‍ റദ്ദാക്കുന്നത് കഴിഞ്ഞ വര്‍ഷം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. 2024ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 57 ഒസിഐ കാര്‍ഡുകളാണ് റദ്ദാക്കിയത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന റദ്ദാക്കലുകളുടെ പകുതിയോളം വരുമെന്ന് വിവരാവകാശനിയമപ്രകാരം ദ ഹിന്ദുവിന് ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നു. 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 7ഡി പ്രകാരമാണ് വ്യക്തികളുടെ ഒസിഐ പദവി റദ്ദാക്കിയത്. വഞ്ചന, വസ്തുത മറച്ചുവച്ച് ഒസിഐ കാര്‍ഡ് സ്വന്തമാക്കുക, ഭരണഘടനയോട് അനിഷ്ടം പ്രകടിപ്പിക്കുക, ഇന്ത്യ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യവുമായി നിയമവിരുദ്ധ വ്യാപാരം നടത്തുക, ആശയവിനിമയം നടത്തുക, ശത്രുരാജ്യത്തെ സഹായിക്കുന്ന രീതിയില്‍ ബിസിനസോ മറ്റോ ചെയ്യുക, കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കുക എന്നീ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ ഒസിഐ പദവി റദ്ദാക്കും.

2014 മുതല്‍ 2023 മേയ് 19 വരെ 122 ഒസിഐ രജിസ്ട്രേഷനുകള്‍ റദ്ദാക്കി. ഇക്കൊല്ലം ഇതുവരെ 15 എണ്ണമാണ് റദ്ദാക്കിയത്. മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍, ലണ്ടന്‍ ആസ്ഥാനമായ അക്കാദമിക് വിദഗ്ധ നിതാഷ കൗളിന്റെ ഒസിഐ പദവി റദ്ദാക്കിയെന്ന് അവര്‍ അറിയിച്ചു. അന്താരാഷ്ട്ര വേദികളിലും സമൂഹമാധ്യമങ്ങളിലും ശത്രുതാപരമായ എഴുത്തുകള്‍, പ്രസംഗങ്ങള്‍, മാധ്യമപ്രവര്‍ത്തനം എന്നിവയിലൂടെ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാജ്യത്തെയും സ്ഥാപനങ്ങളെയും പതിവായി ലക്ഷ്യംവയ്ക്കുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ നിതാഷ കൗളിന് അയച്ച നോട്ടീസില്‍ പറയുന്നു. എന്നാല്‍ ക്രൂരമായ രാജ്യാന്തര അടിച്ചമര്‍ത്തലാണിതെന്ന് അവര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചു. ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള മള്‍ട്ടിപ്പിള്‍-എന്‍ട്രി, മള്‍ട്ടിപര്‍പ്പസ് ലൈഫ് ടൈം വിസ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒഐസി പദവി നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.