4 October 2024, Friday
KSFE Galaxy Chits Banner 2

കേന്ദ്രം ഗ്രാമീണജനതയെ വെല്ലുവിളിക്കുന്നു

കെ അനിമോന്‍
July 30, 2024 4:15 am

2006 ഫെബ്രുവരി രണ്ടാം തീയതി ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 18 വർഷക്കാലം പിന്നിടുകയാണ്. കഴിഞ്ഞ 10 വർഷക്കാലമായി ബിജെപിയുടെ സര്‍ക്കാര്‍ ആത്മാർത്ഥതയും ഗൗരവവും ഇല്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ ഈ പദ്ധതി പ്രയോജനകരമല്ലെന്നും അനാവശ്യമായി തുക ചെലവഴിക്കുകയാണെന്നും ബിജെപിയുടെ ദേശീയ നേതാക്കൾ പറയുകയുണ്ടായി. എന്നാൽ രാജ്യത്ത് ഒരു ഘട്ടത്തിൽ 15 കോടിയിലധികം തൊഴിലാളികളാണ് ഈ പദ്ധതി വഴി ഉപജീവനമാർഗം കണ്ടെത്തിയത്. ഇപ്പോൾ 13.5 കോടി തൊഴിലാളികളാണ് ഈ പദ്ധതിയിൽ ഉപജീവനം കണ്ടെത്തുന്നത്.
ആധാർ അധിഷ്ഠിത വേതനം നടപ്പിലാക്കിയതുവഴി ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് സാങ്കേതികപ്രശ്നങ്ങളുടെ പേരിൽ പദ്ധതിയിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. യാതൊരു നടപടിയും അവർ തിരികെ വരുന്നതിന് സര്‍ക്കാര്‍ കൈക്കൊണ്ടില്ല. എന്നുമാത്രമല്ല സമയത്ത് തൊഴിൽ കൊടുക്കാതെയും സമയബന്ധിതമായി വേതനം നൽകാതെയും തൊഴിലാളികളെ പദ്ധതിയിൽ നിന്ന് അകറ്റിനിർത്തുന്നതിന് ശ്രമിച്ചുവരികയുമാണ്.
സ്വതന്ത്ര ഇന്ത്യയിൽ ഗ്രാമീണ ജനതയുടെ പട്ടിണി മാറ്റുന്നതിനും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിനും അവരുടെ ജീവനോപാധികൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പുവരുത്തുന്ന ഈ പദ്ധതി ആരംഭിച്ചത്. ഗ്രാമീണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പദ്ധതികൊണ്ട് സംജാതമായത്. ഓരോ വർഷവും രാജ്യത്ത് ശരാശരി 90,000 കോടി രൂപ പാവപ്പെട്ടവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ചെന്ന് ചേരുകയും അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കപ്പെടുകയും ചെയ്തപ്പോൾ ഗ്രാമീണ മേഖലയിൽ വലിയ ആത്മവിശ്വാസമാണ് ജനങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളിലുണ്ടായത്. 

എന്നാൽ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ഏറെനാളുകളായി പദ്ധതിക്ക് ആവശ്യമായ തുക ബജറ്റിൽ വകയിരുത്താതെയും ഫലപ്രദമായ നിലയിൽ നടപ്പിലാക്കുന്നതിന് നിർദേശം നൽകാതെയും സമയബന്ധിതമായി തൊഴിലും വേതനവും നൽകാതെയും മുന്നോട്ടുപോവുകയാണ്. അതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞദിവസം നിർമ്മലാ സീതാരാമൻ പാർലമെന്റില്‍ അവതരിപ്പിച്ച 2024–25 ബജറ്റ് വിലയിരുത്താൻ കഴിയുന്നത്.
2022–23 സാമ്പത്തിക വർഷം ബജറ്റിൽ 73,000 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ ആ സാമ്പത്തിക വർഷം യഥാർത്ഥ ചെലവ് 1,01,121 കോടി രൂപയായിരുന്നു. അന്ന് രാജ്യത്ത് നൽകിയ ശരാശരി തൊഴിൽ ദിനങ്ങൾ 48.3 ദിവസവും. 2023–24ല്‍ ബജറ്റിൽ വകയിരുത്തിയത് 60,000 കോടി മാത്രമായിരുന്നു. 13,000 കോടി രൂപയുടെ കുറവ് ബജറ്റിൽത്തന്നെ ഉണ്ടായി. ആ വർഷത്തെ ആകെ ചെലവ് 1,05,298 കോടി രൂപയായിരുന്നു. ഇതാണ് വസ്തുത എന്നിരിക്കെ ഇത്തവണ ഇടക്കാല ബജറ്റിൽ 86,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
തൊഴിലാളികള്‍ പ്രതീക്ഷിച്ചത് പുതിയ സര്‍ക്കാരിന്റെ പുതിയ ബജറ്റിൽ കഴിഞ്ഞ സാമ്പത്തിക വർഷം 52.09 ദിവസത്തെ തൊഴിലുകൾ നൽകിയപ്പോൾ ഈ വർഷത്തെ വേതനം കൂടി കണക്കിലെടുത്ത് 60 തൊഴിൽദിനങ്ങൾ നൽകത്തക്ക നിലയിൽ കുറഞ്ഞത് 1.2 ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തുമെന്നാണ്. നിർഭാഗ്യമെന്നു പറയട്ടെ ഇത്തവണ വകയിരുത്തിയത് ഇടക്കാല ബജറ്റിലെ 86,000 കോടി രൂപ മാത്രം. ഇത് രാജ്യത്തെ തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. അവർക്ക് ലഭിക്കുന്ന വേതനം വളരെ ചെറുതാണ്. കഴിഞ്ഞതവണ കേരളത്തിന് 13 രൂപ മാത്രമാണ് വർധനവുണ്ടായത്, ഇപ്പോൾ 346 രൂപ വേതനത്തിനാണ് കേരളത്തിൽ പണിയെടുക്കുന്നത്.
തൊഴിലാളികൾക്ക് അർഹമായ വേതനം നൽകി 250 തൊഴിൽ ദിനങ്ങൾ എങ്കിലും പ്രതിവർഷം നൽകി അതിൽ നിന്ന് കിട്ടുന്ന വരുമാനംകൊണ്ട് അവർക്ക് ജീവിക്കാൻ കഴിയത്തക്ക നിലയിൽ പദ്ധതി നടപ്പിലാക്കുകയാണ് ജനങ്ങളോട് ബാധ്യതയും കടമയുമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ, ഓരോ ദിവസം കഴിയുമ്പോഴും പദ്ധതിയെ ദുർബലപ്പെടുത്തി ഇന്ത്യയുടെ ഗ്രാമീണ മേഖലയിൽ പട്ടിണിയും അരാജകത്വവും ഉണ്ടാക്കി കൂടുതൽ പട്ടിണിപ്പാവങ്ങളെ ഉണ്ടാക്കുക എന്ന കോർപറേറ്റ് താല്പര്യങ്ങൾക്ക് അനുസൃതമായ നിലപാടാണ് മോഡി സര്‍ക്കാരിനെന്ന് മനസിലാകും. 

2011-12, 2019–20 സാമ്പത്തിക വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി മാറ്റിവച്ചത് ജിഡിപിയുടെ 0.35 ശതമാനം തുകയാണ്. 2020–21 സാമ്പത്തിക വർഷം 0.56 ശതമാനം തുക മാറ്റിവച്ചു, എന്നാൽ 2024–25 സാമ്പത്തിക വർഷം മാറ്റിവച്ചിട്ടുള്ളത് ജിഡിപിയുടെ 0.26 ശതമാനമാണെന്ന് രാജ്യത്തെ സാമ്പത്തിക സർവേ സൂചിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് കാണിക്കുന്നത് സര്‍ക്കാര്‍ ഈ മേഖലയിൽ നിന്ന് പിന്നോട്ട് പോകുന്നു എന്നാണ്.
ജൂലൈ 22ന് ധനകാര്യ മന്ത്രി പാർലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പദ്ധതി, ഗ്രാമീണ ജനതയുടെ പട്ടിണി മാറ്റുന്നതിന് വേണ്ടിയല്ല ഉപകരിക്കുന്നതെന്ന്പറഞ്ഞുവയ്ക്കുന്നുണ്ട്. കേരളവും തമിഴ്‌നാടും പോലെയുള്ള സമ്പന്ന സംസ്ഥാനങ്ങൾ മൊത്തം തുകയുടെ വലിയ ശതമാനം ചെലവഴിക്കുന്നു എന്നും ബിഹാർ, യുപി പോലെയുള്ള സംസ്ഥാനങ്ങൾ പദ്ധതിക്ക് വേണ്ടി വകയിരുത്തിയിട്ടുള്ള തുകയുടെ ചെറിയ ശതമാനം മാത്രമാണ് വിനിയോഗിക്കുന്നതെന്നും അതുകൊണ്ട് ഈ തുക പട്ടിണി മാറുന്നതിനുള്ള സൂചികയല്ല എന്നും ധനകാര്യ മന്ത്രി പറയുന്നുണ്ട്. കേരളവും തമിഴ്‌നാടും പോലെയുള്ള സംസ്ഥാനങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ വളരെ ചിട്ടയോടുകൂടി ഓരോ വർഷം കഴിയുമ്പോഴും പ്രവർത്തനം ഏകോപിപ്പിച്ച് പരമാവധി തുക ചെലവഴിക്കുന്നു. മാത്രമല്ല കേരളത്തിലും തമിഴ്‌നാട്ടിലും സ്ത്രീകളുടെ പങ്കാളിത്തം യഥാക്രമം 88.07, 86.13 ശതമാനം എന്നിങ്ങനെയാണ്. ബിഹാറിൽ 54.13ഉം യുപിയിൽ 42.2ഉം ശതമാനമാണ്. യുപിയിൽ 2022–23ൽ 37.8 ശതമാനം മാത്രമായിരുന്നു സ്ത്രീപങ്കാളിത്തം.

കേരളവും തമിഴ്‌നാടും ഒഴിച്ചുള്ള സംസ്ഥാനങ്ങൾ വളരെ അശ്രദ്ധയോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എംഐഎസ് പരിശോധിച്ചാൽ മനസിലാകും. കേരളത്തിൽ 23.86 ലക്ഷം തൊഴിലാളികളാണ് തൊഴിലെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 67.7 ദിവസത്തെ ശരാശരി തൊഴിൽദിനങ്ങൾ കേരളത്തിലുണ്ടായി. അത് മുന്‍ വർഷത്തെ 52 ദിവസത്തിൽ നിന്നുള്ള വർധനയാണ്. കൂടുതൽ തൊഴിൽദിനങ്ങൾ കൊടുത്തതിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം, തമിഴ്‌നാട്ടിൽ 86.13 ലക്ഷം തൊഴിലാളികളാണ് പണിയെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 59.4 ദിവസത്തെ ശരാശരികളാണ് അവർ നൽകിയത്. കേരളം 20.13 ലക്ഷം കുടുംബങ്ങളിൽ 5,69,108കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിലുകൾ നൽകി. തമിഴ്‌നാട്ടില്‍ 74.35 കുടുംബങ്ങളിൽ 3,97,098 കുടുംബങ്ങൾക്കായിരുന്നു 100 ദിവസത്തെ തൊഴിൽ. ബിഹാർ 81.07 ലക്ഷം കുടുംബങ്ങൾ തൊഴിലെടുത്തപ്പോൾ 33,671കുടുംബങ്ങൾക്ക് മാത്രമാണ് 100 ദിവസം തൊഴിൽ നൽകിയത്. ഉത്തർപ്രദേശിൽ 103.34ലക്ഷം കുടുംബങ്ങളില്‍ 5,34,202 കുടുംബങ്ങൾക്ക് മാത്രവും.
കേരളവും തമിഴ്‌നാടുമുള്‍പ്പെടെ ഏതാനും ചിലതൊഴികെയുള്ള മറ്റ് സ്ഥലങ്ങളിലെല്ലാം ഈ പദ്ധതി ഗുണകരമായ നിലയിലല്ല നടപ്പിലാക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീനമായ നിലപാടിന്റെ ഫലമാണ്. അത്തരം കുറവുകൾ ഉയർത്തിക്കാട്ടി പദ്ധതിയെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റിയെടുക്കണമെന്നും പദ്ധതി ഫലപ്രദമായും ഗുണകരമായും കാർഷികമേഖലയ്ക്ക് കൂടുതൽ ഉപകാരപ്പെടുത്തിയും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തിൽ ഓഗസ്റ്റ് ആറിന് രാജ്ഭവന്റെ മുന്നിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും തീരുമാനിച്ചിട്ടുണ്ട്. 

(എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷൻ
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.