2022 ഡിസംബർ 23ലെ കേന്ദ്ര മന്ത്രിസഭായോഗം 2020 ഏപ്രിൽ മുതൽ രാജ്യത്ത് നടപ്പിലാക്കിവന്നിരുന്ന പിഎംജികെഎവൈ പദ്ധതി നിർത്തലാക്കുകയുണ്ടായി. പ്രസ്തുത പദ്ധതി പ്രകാരം സൗജന്യമായി വിതരണം ചെയ്തിരുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യം രാജ്യത്തെ മുൻഗണനാ കാർഡുടമകൾക്ക് വലിയ ആശ്വാസം പകർന്നിരുന്നു. പിഎംജികെഎവൈ പദ്ധതി നിർത്തലാക്കിയതിലൂടെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിവന്നിരുന്ന ഭക്ഷ്യധാന്യ വിതരണം ഏകദേശം പകുതിയായി കുറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ പിന്നാക്കം നിൽക്കുന്ന കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ പ്രസ്തുത നടപടി വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
മുൻഗണനാ കാർഡുടമകൾക്ക് മൂന്ന് രൂപ നിരക്കിൽ നൽകിയിരുന്ന അരിയും രണ്ട് രൂപ നിരക്കിൽ നൽകിയിരുന്ന ഗോതമ്പും സൗജന്യമാക്കിയെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വർധന വരുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻഗണനാ വിഭാഗത്തിനുള്ള അരിയും ഗോതമ്പും സൗജന്യമാക്കിയതിലൂടെ കേന്ദ്രസർക്കാരിനുള്ള അധികബാധ്യത ഏകദേശം 16,000 കോടി രൂപയാണ്. എന്നാൽ പിഎംജികെഎവൈ പദ്ധതി നിർത്തലാക്കിയതിലൂടെ കേന്ദ്രസർക്കാരിന് ഏകദേശം 1.75 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിഞ്ഞു എന്നതാണ് വസ്തുത.
രാജ്യത്തെ മുൻഗണനാ കാർഡുടമകൾക്കുള്ള നോർമൽ റേഷൻ വിതരണത്തിന് 520 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിന് 480 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളുമാണ് കേന്ദ്രസർക്കാർ അനുവദിച്ചു വന്നിരുന്നത്. പിഎംജികെഎവൈ പദ്ധതി നിർത്തലാക്കിയതിലൂടെ രാജ്യത്തെ മുൻഗണനാ കാർഡുടമകൾക്ക് കിട്ടിക്കൊണ്ടിരുന്ന 480 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിലച്ചിരിക്കുകയാണ്. മുൻഗണനാ വിഭാഗത്തിനുള്ള നോർമൽ റേഷൻ വിഹിതത്തിൽ യാതൊരു വർധനവും വരുത്താതെ പിഎംജികെഎവൈ പദ്ധതി നിർത്തലാക്കിയത് രാജ്യത്ത് ഭക്ഷ്യ ദൗർബല്യത്തിന് കാരണമാകും. രാജ്യത്തെ പൊതുവിതരണ ശൃംഖലയിലൂടെ പിഎംജികെഎവൈ പദ്ധതി പ്രകാരം വിതരണം ചെയ്തിരുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണം പെട്ടെന്ന് നിർത്തലാക്കിയത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും എന്നതിൽ സംശയമില്ല.
2016 നവംബറിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം നിലവിൽ വരുന്നതിന് മുമ്പ് പ്രതിവർഷം 16.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ എന്‍എഫ്എസ്എ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയപ്പോൾ പ്രതിവർഷമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണായി വെട്ടിക്കുറയ്ക്കപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്തിന് പ്രതിവർഷം അനുവദിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിൽ രണ്ട് ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടായി.
എന്‍എഫ്എസ്എ നിയമം നടപ്പിലാക്കിയതിലൂടെ റേഷൻ വിതരണ സംവിധാനത്തിൽ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാനത്തെ 57 ശതമാനം വരുന്ന ജനവിഭാഗത്തിന് നാമമാത്രമായെങ്കിലും അരി വിതരണം നടത്താൻ കഴിയുന്നത് കേന്ദ്രം അനുവദിച്ചു വരുന്ന ടൈഡ് ഓവർ അരി വിഹിതത്തിൽ നിന്നുമാണ്. കേന്ദ്രം അനുവദിച്ചുവരുന്ന ടൈഡ് ഓവർ അരി വിഹിതത്തിൽ വർധനവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നാളിതുവരെ പരിഗണിച്ചിട്ടുമില്ല.
സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള എന്‍എഫ്എസ്എ കാർഡുകളുടെ എണ്ണം തുലോം പരിമിതമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ 55–60 ശതമാനം പേർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ കേരളത്തിന് ലഭ്യമായത് വെറും 43 ശതമാനം പേർ മാത്രമാണ്. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള മുൻഗണനാ കാർഡുകളുടെ എണ്ണം (1,54,80,040 പേർ) പരിമിതമായതിനാൽ, അർഹരായ നിരവധി പേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
റേഷൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3,34,06,061 ആയിരുന്നു. എന്നാൽ നിലവിലെ റേഷൻ കാർഡ് ആധാർ സീഡിങ് കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3,49,29,589 റേഷൻ ഗുണഭോക്താക്കളുണ്ട്. 2011ന് ശേഷമുള്ള ജനസംഖ്യാ വർധനവിന് ആനുപാതികമായി സംസ്ഥാനത്തിനുള്ള മുൻഗണനാ കാർഡുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിരവധി തവണ ആവശ്യ പ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് ഏഴ് ലക്ഷം മുൻഗണനാ കാർഡെങ്കിലും സംസ്ഥാനത്തിന് കൂടുതലായി അനുവദിക്കേണ്ടതുണ്ട്. മുൻഗണനാ കാർഡുകളുടെ എണ്ണം കാലാനുസൃതമായും സമയബന്ധിതമായും പുനർനിശ്ചയിക്കുവാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന് കേന്ദ്രസർക്കാർ നിലവിൽ അനുവദിച്ചുവരുന്ന ടൈഡ് ഓവർ വിഹിതം നന്നേ പരിമിതമാണ്. ടൈഡ് ഓവർ വിഹിതമായി നിലവിൽ അനുവദിച്ചുവരുന്ന 3.99 ലക്ഷം മെട്രിക് ടൺ അരി സംസ്ഥാനത്തെ ജനസംഖ്യയുടെ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് ആവശ്യമായ തോതിൽ നൽകുവാൻ പര്യാപ്തമല്ല. സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റ് നാണ്യവിളകളുടെയും ഉല്പാദനത്തിന് അനുകൂലമായ കാലാവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഇത്തരം ഉല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ കേന്ദ്രസർക്കാരിന് വലിയ തോതിൽ വിദേശനാണ്യം നേടിക്കൊടുക്കുവാൻ സംസ്ഥാനത്തിന് കഴിയുന്നു. പ്രസ്തുത സാഹചര്യം പരിഗണിച്ച് ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ സംസ്ഥാനത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന് അനുവദിച്ചുവരുന്ന അരിയുടെ ടൈഡ് ഓവർ വിഹിതത്തിൽ വർധന വരുത്തേണ്ടതുണ്ട്, പ്രത്യേകിച്ച് പിഎംജികെഎവൈ പദ്ധതി നിർത്തലാക്കിയ സാഹചര്യത്തിൽ. രാജ്യത്തിന് മാതൃകയായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം നിലനിർത്തി ശക്തിപ്പെടുത്തുന്നതിന് രാഷ്ട്രീയ ഭേദമന്യേ കേരളജനത ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.