23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 7, 2024
February 28, 2024
January 23, 2024
July 8, 2023
January 4, 2023
August 11, 2022
June 2, 2022
March 17, 2022
December 24, 2021

450 തൊഴിലാളികൾ പണിയെടുത്തിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏക അച്ചടിശാലയ്ക്കും പൂട്ട് വീണു

ബേബി ആലുവ
കൊച്ചി
March 17, 2022 3:25 pm

തൃശൂർ ജില്ലയിലെ കൊരട്ടിയിൽ പ്രവർത്തിച്ചുവന്ന കേന്ദ്ര സർക്കാരിന്റെ കേരളത്തിലെ ഏക അച്ചടിശാലയ്ക്കു പൂട്ടു വീണു. ഒന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ കാലം മുതൽ സ്ഥാപനം ഇല്ലാതാക്കാന്‍ ഘട്ടം ഘട്ടമായി നടത്തിവന്ന കുതന്ത്രങ്ങളാണ് ഇതോടെ വിജയം കണ്ടത്.

കൊരട്ടിയിൽ ദേശീയ പാതയോരത്ത് നൂറേക്കർ ഭൂമിയിൽ 56 വർഷം മുമ്പ് തുടക്കമിട്ടതാണ് ഇന്ത്യ ഗവ. പ്രസ്സ്. 450‑ൽ താഴെ തൊഴിലാളികളുണ്ടായിരുന്നു തുടക്കത്തിൽ. വികസനം മുരടിപ്പിച്ച് സ്ഥാപനം ഇല്ലാതാക്കി ഭൂമി കൈയ്ക്കലാക്കാൻ 2017 മുതൽ കേന്ദ്രം നടത്തിവന്ന നീക്കങ്ങളുടെ ഫലമായി ഇപ്പോൾ അവശേഷിക്കുന്നത് പ്രവർത്തനക്ഷമമല്ലാത്ത യന്ത്രങ്ങളും 20‑ൽ താഴെ തൊഴിലാളികളുമാണ്. മുഖ്യമായി ഇന്ത്യൻ കറൻസി അച്ചടിക്കുകയായിരുന്നു പ്രസ്സ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട്, തപാൽ സ്റ്റാമ്പുകളുടെയും ചില കേന്ദ്ര സർക്കാർ വകുപ്പുകളുടെയും അച്ചടി ജോലികളായിരുന്നു പ്രസ്സിൽ പതിവായി നടന്നിരുന്നത്.

ഒരിടയ്ക്ക് തൊഴിലാളികളെ മഹാരാഷ്ട്രയിലെ നാസിക്ക് യൂണിറ്റിലേക്കു മാറ്റാനും കൊരട്ടി യൂണിറ്റിന്റെ പ്രവർത്തനം ഭാഗികമായി നിർത്താനും മോഡി സർക്കാർ തന്ത്രം മെനത്തെങ്കിലും സംസ്ഥാന സർക്കാരും കേരളത്തിലെ ട്രേഡ് യൂണിയൻ സംഘടനകളും ഒറ്റക്കെട്ടായി ആ നീക്കം തടഞ്ഞു. കേന്ദ്രം താത്കാലികമായി പത്തി താഴ്ത്തിയെങ്കിലും സ്ഥാപനത്തിന്റെ അടിവേരു മാന്തുന്ന പണി പടിപടിയായി കടുപ്പിക്കുകയായിരുന്നു.

ഇതിനിടെ, ഗവ. പ്രസ്സുകളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്റ് സമിതി, കൊരട്ടി യൂണിറ്റ് അടക്കമുള്ള അച്ചടിശാലകൾ നവീകരിക്കേണ്ടതിന്റെ ആവശ്യകത സർക്കാരിനെ ബോദ്ധ്യപ്പെടുത്തിയെങ്കിലും കേന്ദ്രം ആ വഴിക്കു തിരിഞ്ഞില്ല.

കൊരട്ടി യൂണിറ്റിനെതിരെ കേന്ദ്രം വീണ്ടും നീക്കം തുടങ്ങിയപ്പോൾ അതിനെതിരെ തൊഴിലാളികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നടപടികൾ താല്ക്കാലികമായി കോടതി തടഞ്ഞു വെങ്കിലും, അടച്ചുപൂട്ടലിന്റെ ആവശ്യകതയുമായി കേന്ദ്രം സമർപ്പിച്ച അപ്പീൽ അടുത്തിടെ കോടതി അനുവദിക്കുകയായിരുന്നു.

കൊരട്ടിയിലേതും കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നതുമുൾപ്പെടെ ഏഴു ഗവ. പ്രസ്സുകളാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ, ദക്ഷിണേന്ത്യയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് ഗവ. പ്രസ്സുകളും ഇല്ലാതാകും. 17 സർക്കാർ അച്ചടിശാലകളാണ് രാജ്യത്തുള്ളത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി വില്പനയ്ക്കായി കോർപറേഷൻ രൂപവല്ക്കരിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ, ഏക്കർ കണക്കിനു സ്ഥലം സ്വന്തമായുള്ള ഗവ. പ്രസ്സുകൾ അടച്ചുപൂട്ടുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണെന്ന് എഐടിയുസി സംസ്ഥാന ജന. സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ ലാന്റ് അക്വിസിഷൻ ആക്ട് പ്രകാരം അക്വയർ ചെയ്തു സൗജന്യമായി നല്കിയ ഭൂമിയിലാണ് കേരളത്തിലെ മിക്കവാറും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഈ ഭൂമിയിലും കേന്ദ്രത്തിനു കണ്ണുണ്ടാവും. ഇവ അന്യാധീനപ്പെട്ടുപോകാതിരിക്കാൻ, റവന്യൂ മന്ത്രി ചെയർമാനായ സബ്ജക്ട് കമ്മിറ്റി ഈ ഭൂമിയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് രാജേന്ദ്രൻ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: The cen­tral gov­ern­men­t’s only print­ing press, which employed 450 work­ers, was also shut down

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.