കേരളം കോവിഡ് 19 സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്നതായുള്ള കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറിയുടെ ശാസന രൂപേണയുള്ള കത്ത് ദുരുപദിഷ്ടവും വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയതുമാണെന്നു കരുതേണ്ടിയിരിക്കുന്നു. സംസ്ഥാന ആരോഗ്യസെക്രട്ടറിക്ക് അയച്ച കത്തിൽ ഏപ്രിൽ 13 മുതൽ അഞ്ചുദിവസക്കാലം ഉണ്ടായ കോവിഡ് രോഗവ്യാപനം, മരണം എന്നിവ സംബന്ധിച്ച വസ്തുതകൾ കേരളം കേന്ദ്രത്തിന് കൈമാറിയില്ലെന്നും അത് ദേശീയതലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനും പ്രതിരോധ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സമയോചിതമായി അവ ലോകാരോഗ്യ സംഘടനക്ക് നൽകുന്നതിനും പ്രതിബന്ധമാകുന്നു എന്നുമാണ് കത്തിലെ പ്രതിപാദ്യം. കേന്ദ്രത്തിന്റെ ആരോപണവും കുറ്റപ്പെടുത്തലും അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പുറത്തുവിട്ട പ്രസക്തമായ രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് ലഭിക്കും മുമ്പുതന്നെ മാധ്യമങ്ങൾക്ക് ലഭിച്ചു എന്നത് അതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതായി. കോവിഡ് വ്യാപനം ആരംഭിച്ചത് മുതൽ ഏപ്രിൽ 11 വരെയുള്ള 800 ദിവസങ്ങൾ തുടർച്ചയായി രോഗവ്യാപനവും മരണവുമടക്കമുള്ള പ്രസക്ത വിവരങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് നല്കുന്നതിനുപുറമെ ദൈനംദിനം പൊതു അറിവിലേക്കായി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമെന്ന വിദഗ്ധ വിലയിരുത്തലിനെ തുടർന്നാണ് പൊതുഅറിയിപ്പ് നിർത്തലാക്കിയത്. അപ്പോഴും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ഏജൻസികൾക്കുമുള്ള ദൈനംദിന അറിയിപ്പുകൾ മുടങ്ങാതെ തുടരുകയാണ്. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ നടന്ന രാജ്യമാണ് ഇന്ത്യയെന്നും അവ സംബന്ധിച്ച കണക്കുകൾ ലോകാരോഗ്യ സംഘടനക്ക് നൽകാൻ ഇന്ത്യൻ ഭരണകൂടം വിസമ്മതിക്കുന്നു എന്നും കുറ്റപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിൽ വേണം സംസ്ഥാനത്തിന് നേരെയുള്ള കേന്ദ്രത്തിന്റെ ആരോപണം വിലയിരുത്തപ്പെടാൻ.
കോവിഡ് വ്യാപനം, മരണങ്ങൾ, പ്രതിരോധ തന്ത്രങ്ങൾ, പ്രതിരോധ വാക്സിൻ തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്ത് ഉയർന്ന എല്ലാ വിവാദങ്ങളുടെയും ഉറവിടം മോഡി ഭരണകൂടം തന്നെ ആയിരുന്നു. യാതൊരു ഒരുക്കങ്ങളും കൂടാതെ നടപ്പാക്കിയ അടച്ചുപൂട്ടൽ, അതിഥി തൊഴിലാളികളടക്കം കോടാനുകോടി മനുഷ്യർക്ക് അതുണ്ടാക്കിയ അവർണനീയ ദുരിതങ്ങൾ, വാക്സിൻ വില്പനയിലൂടെ ജനങ്ങളെ കൊള്ളയടിക്കാൻ ഭരണകൂടം നടത്തിയ ശ്രമങ്ങൾ, പുണ്യനദി ഗംഗയിൽ ശവശരീരങ്ങൾ ഒഴുകിനടക്കുന്ന ദാരുണ ദൃശ്യം, പ്രാണവായുവിന്റെ അഭാവത്തിൽ നൂറുകണക്കിന് മനുഷ്യരുടെ ഞെട്ടിപ്പിക്കുന്ന അന്ത്യം എന്നിവയ്ക്കൊക്കെ മോഡി ഭരണകൂടം അല്ലാതെ മറ്റാരാണ് ഉത്തരവാദി? കേരളത്തിന്റെ കോവിഡ് കണക്കുകളെപ്പറ്റി വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നവർ ഇന്ത്യയിലെ കോവിഡ് മരണം സംബന്ധിച്ച യഥാർത്ഥ കണക്കുകൾ ലോകാരോഗ്യ സംഘടനക്ക് കൈമാറാൻ എന്തുകൊണ്ട് വിസമ്മതിക്കുന്നു? കണക്ക് കൈമാറാൻ വിസമ്മതിക്കുക മാത്രമല്ല അവ അടുത്ത പത്തുവർഷത്തേക്ക് പ്രസിദ്ധീകരിക്കരുതെന്ന് എന്തുകൊണ്ടാണ് ഇന്ത്യ ലോകാരോഗ്യ സംഘടനയുടെമേൽ സമ്മർദ്ദം ചെലുത്തുന്നത്? ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പകർച്ചവ്യാധി, സ്ഥിതിവിവര, ആരോഗ്യ വിദഗ്ധരും സംഘടനകളും നടത്തിയ പഠനങ്ങൾ എല്ലാം തന്നെ കോവിഡ് മരണം സംബന്ധിച്ച ഇന്ത്യയുടെ കണക്കുകൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് മാത്രമല്ല വിഖ്യാത വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റ് ഉൾപ്പെടെ ആഗോള അംഗീകാരവും ആധികാരികതയുമുള്ള സംഘടനകൾ ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾ ശാസ്ത്രീയ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്. അവയ്ക്ക് വിശ്വസനീയവും ആധികാരികവുമായ വസ്തുതകളും കണക്കുകളും നിരത്തി മറുപടി നൽകുന്നതിന് പകരം കണക്കുകൾ പത്തുവര്‍ഷത്തേക്ക് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്നതിന് പിന്നിലെ യുക്തി സത്യം മറച്ചുവയ്ക്കുക എന്നതിനപ്പുറം മറ്റൊന്നുമല്ല.
കേരളത്തിലാണ് ഏറ്റവുമധികം കോവിഡ് വ്യാപനവും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ കാരണം രാജ്യത്തെ ഏറ്റവും മികച്ച പൊതുജന ആരോഗ്യ സംവിധാനം കേരളത്തിന്റേതാണെന്നത് തന്നെയാണ്. തുടർച്ചയായി അത് കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ അംഗീകരിച്ചു സാക്ഷ്യപ്പെടുത്തി പോന്നിട്ടുള്ളതുമാണ്. കോവിഡ് മരണം സംബന്ധിച്ച കൃത്യതയോടുകൂടിയ കണക്കുകൾപോലും ഉത്തർപ്രദേശ് അടക്കം പല സംസ്ഥാനങ്ങളിലും ലഭ്യമല്ല. രണ്ടാം കോവിഡ് തരംഗത്തിൽ ഏറ്റവുമധികം മരണങ്ങൾ നടന്നത് യുപിയിൽ ആണെന്ന് പഠനങ്ങൾ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന പൂർവാഞ്ചൽ മേഖലയിലാണ് അത് ഏറ്റവും കൂടുതൽ എന്നും പഠനം സ്ഥിരീകരിക്കുന്നു. 2017 മുതൽ 2021 വരെയുള്ള ആ മേഖലയിലെ മരണ രജിസ്ട്രേഷൻ കണക്കുകളാണ് ഈ വസ്തുത തുറന്നുകാട്ടുന്നത്. യാഥാർത്ഥ്യം അതായിരിക്കെ കോവിഡ് കണക്കുകളുടെ പേരിൽ കേരളത്തിന്റെ മേൽ കുതിരകയറാനുള്ള ശ്രമം തികച്ചും രാഷ്ട്രീയ പ്രേരിതവും അപലപനീയവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.