17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 8, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി കേരളത്തെ മാറ്റിയെന്നതാണ് ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര: മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
തിരുവനന്തപുരം
March 1, 2023 5:57 pm

നമ്മുടെ നാട് സമാധാനപരമായി ജീവിക്കാന്‍ കൊള്ളാവുന്ന ഇടം എന്ന നിലയിലേക്കു മാറ്റിയെടുത്തു എന്നതാണ് ആഭ്യന്തര വകുപ്പിന്‍റെ ഇക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരവകുപ്പ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ജനക്കൂട്ടങ്ങള്‍ക്കുനേര്‍ക്കു പോലീസ് വെടിവെയ്പ്പില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത, വര്‍ഗീയ കലാപങ്ങളില്ലാത്ത, സ്വൈരജീവിതം കലുഷമാക്കാന്‍ ഗുണ്ടാ സംഘങ്ങളെ അനുവദിക്കാത്ത ഒരു നാടായി നമ്മുടെ നാട് മാറിയിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ പൊതുസ്ഥിതിയുടെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ സമാധാനത്തിന്‍റെ, ശാന്തിയുടെ തുരുത്താണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര വകുപ്പിലെ പ്രധാനപ്പെട്ട വിഭാഗമാണ് കേരളാ പോലീസ്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പോലീസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ നിറഞ്ഞ നമ്മുടെ സേന രാജ്യത്തെ ഏറ്റവും മികച്ച സേനകളില്‍ ഒന്നാണ്. സാങ്കേതിക വിദ്യകളില്‍ കഴിവും യോഗ്യതയുമുള്ള വനിതകള്‍ ഉള്‍പ്പെടെയുളള സേനാംഗങ്ങള്‍ സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ തട്ടിപ്പുകളെ തടയാന്‍ സേനയെ പ്രാപ്തരാക്കുന്നുണ്ട്. കാലത്തിനനുയോജ്യമായ വിധത്തില്‍ പോലീസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ടെക്നോളജി അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിന്‍റെ ഏത് കോണിലിരുന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി നടത്തപ്പെടുന്നു. ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്നുകച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്താനും നിതാന്ത ജാഗ്രതയോടെ കേരളാ പോലീസിന്‍റെ സൈബര്‍ വിഭാഗം നിലകൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍: 

കേരളാ പോലീസിന്‍റെ സ്ത്രീ സുരക്ഷാ പദ്ധതികള്‍

സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം കൊടുത്തുകൊണ്ട് നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നത്. വനിതാ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍, വനിതാ ബറ്റാലിന്‍, അപരാജിത, പിങ്ക് പോലീസ്, നിഴല്‍, വനിതാ സ്വയംപ്രതിരോധ സംഘം, വനിതാ ബീറ്റ് എന്നിവയെല്ലാം സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കിയ പദ്ധതികളാണ്. അവയുടെ ഓരോന്നിന്‍റെയും വിശദാംശങ്ങളിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല.
സ്ത്രീധനവുമായി ബന്ധപ്പെട്ട ഉപദ്രവങ്ങള്‍, സൈബര്‍ ലോകത്തിലെ അതിക്രമങ്ങള്‍, പൊതു ഇടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശനങ്ങള്‍ പരിഹരിക്കുന്നതിനായി രൂപം നല്‍കിയ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട് 2021 ജൂലൈ 19 ന് നിലവില്‍ വന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പിങ്ക് പട്രോള്‍, പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് കണ്‍ട്രോള്‍ റൂം, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, കൗണ്‍സിലിംഗ് സംവിധാനം, വനിതാ സംരക്ഷണത്തിന് സഹായമായി മൊബൈല്‍ ആപ്പുകള്‍ തുടങ്ങി പത്ത് ഘടകങ്ങള്‍ ചേര്‍ന്നതാണ് ഈ പദ്ധതി.

ജനമൈത്രി പോലീസ്

പരമ്പരാഗതമായ കേന്ദ്രീകൃത പോലീസിംഗ് രീതിയില്‍ നിന്ന് വിഭിന്നമായി പ്രാദേശിക ജനകീയ വിഷയങ്ങളില്‍ ജനാഭിപ്രായ സമന്വയത്തിലൂടെ വികേന്ദ്രീകൃത പോലീസിംഗ് നടപ്പാക്കുന്ന രീതിയാണ് ജനമൈത്രി പോലീസിലൂടെ വിഭാവനം ചെയ്യുന്നത്. കോവിഡ് കാലത്ത് 32,244 ഓളം പോലീസുദ്യോഗസ്ഥര്‍ രോഗബാധിതരായിട്ടും രോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി പോലീസുദ്യോഗസ്ഥര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടും സമൂഹനډക്കായുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം ഏര്‍പ്പെടാന്‍ ജനമൈത്രി പോലീസിനു സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയില്‍ നാടിനു താങ്ങും തണലുമായി നിന്ന ഈ പദ്ധതിവഴി പോലീസുദ്യോഗസ്ഥര്‍ 3,24,732 ഭവന സന്ദര്‍ശനം നടത്തി ജീവന്‍രക്ഷാമരുന്ന്, ഭക്ഷണം എന്നിവ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു.
‘സുരക്ഷക്കായ് ജനങ്ങള്‍ക്കൊപ്പം’ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി ജനങ്ങള്‍ക്കായി നിസ്വാര്‍ത്ഥ സേവനമാണ് ജനമൈത്രി പോലീസിലൂടെ നല്‍കിവരുന്നത്. റെയില്‍വെ ജനമൈത്രി പദ്ധതി, ട്രൈബല്‍ ജനമൈത്രി പദ്ധതി, എന്നിവയ്ക്കു പുറമെ ലഹരി ഉപയോഗം, ഗാര്‍ഹിക വൈവാഹിക പീഡനങ്ങള്‍, റോഡ് സുരക്ഷ, കോവിഡ് അവബോധം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്ന ജനമൈത്രി ഡ്രാമാ-ഓര്‍ക്കസ്ട്ര ടീമുകള്‍ കൂടി ജനമൈത്രി പോലീസിന്‍റെ ഭാഗമാണ്. പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്, മൈഗ്രന്‍റ് ലേബര്‍ ജനമൈത്രി പ്രോജക്ട്, വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി എന്നിവയും നടപ്പാക്കിവരികയാണ്

വാഹനാപകട നിരക്ക് കുറയുന്നത് സംബന്ധിച്ച്

സംസ്ഥാനത്തെ വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും റോഡ് നിയമങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ജനമൈത്രി പോലീസ്, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് എന്നിവയിലൂടെയും കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും നല്‍കിവരുന്നുണ്ട്. ഇതിനായി ഓപ്പറേഷന്‍ ശുഭയാത്ര എന്ന ഒരു പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. അവയുടെ ഫലമായി 2012 ല്‍ വാഹനാപകട നിരക്ക് ലക്ഷത്തിന് 527 ആയിരുന്നത് 2022 ല്‍ ലക്ഷത്തിന് 279 ആയി കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവ് സംസ്ഥാനത്ത് ഉണ്ടായിട്ടുപോലും വാഹനാപകട നിരക്ക് കുറയുന്നു എന്നത് ശ്രദ്ധേയമാണ്.

പദ്ധതികള്‍

സംസ്ഥാന പ്ലാനില്‍ ഉള്‍പ്പെടുത്തി പോലീസിന്‍റെ ആധുനികവല്‍ക്കരണത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.

ډ 46 പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് മികച്ച പശ്ചാത്തല സൗകര്യം ഉറപ്പാക്കണമെന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 27 പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി നല്‍കുകയും തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ 2 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ക്കും 2 വനിതാ പോലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേകമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ډ ആലപ്പുഴ, എറണാകുളം റൂറല്‍, മലപ്പുറം, കണ്ണൂര്‍ റൂറല്‍ എന്നീ ജില്ലകള്‍ക്ക് ജില്ലാ പോലീസ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതിയും തുകയും നല്‍കി. കൂടാതെ കൊല്ലം സിറ്റി, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ പുതിയ ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ നിര്‍മ്മിക്കുന്നതിനായി ഭരണാനുമതിയും തുകയും അനുവദിച്ചിട്ടുണ്ട്.

ډ തിരുവനന്തപുരത്ത് സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ സ്ഥാപിക്കുന്നതിന് 300 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. സെന്‍ററിന്‍റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ 15 സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളിലെയും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സൈബര്‍ ഡോമുകളിലെയും സൈബര്‍ കുറ്റാന്വേഷണ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 450 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ډ സൈബര്‍ ക്രൈം അനാലിസിസിലെ പുതിയ പ്രവണതകള്‍ക്ക് അനുസൃതമായി സൈബര്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൈബര്‍ ഇടങ്ങളിലെ ക്രിമിനല്‍ പ്രവണതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുവാനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിലെ സൈബര്‍ ഡോമുകളെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഓപ്പറേഷന്‍ ടൂളുകളും സോഫ്റ്റ്വെയറുകളും വാങ്ങുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ډ തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ ജില്ലാ പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കുകയാണ്.

ډ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി റ്റി വി ക്യാമറകളും എല്ലാ ജില്ലാ പോലീസ് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും സി സി റ്റി വി ക്യാമറ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സ്ഥാപിക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

ആധുനികവത്കരണത്തിനായി സ്വീകരിച്ച നടപടികള്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2021–2022 ല്‍ സംസ്ഥാന പ്ലാന്‍ പ്രകാരം 80 പോലീസ് സ്റ്റേഷനുകളിലേക്ക് ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, പ്രിന്‍റര്‍ എന്നിവ വാങ്ങുന്നതിനും ബെയ്സിക് ട്രെയിനിംഗ് യൂണിറ്റ് സ്മാര്‍ട്ട് സ്റ്റോറേജ് സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിനുമായി ആകെ 4 കോടി രൂപ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അനുവദിക്കുകയും. ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ എല്ലാ സബ് ഡിവിഷനുകളുടെയും നവീകരണത്തിനായി 2 കോടി രൂപ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പ്ലാന്‍ പദ്ധതി പ്രകാരം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കായി 13.55 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി.

നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിശീലനം

പോലീസിന്‍റെ കുറ്റാന്വേഷണ മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി Inter­rog­a­tive Tech­niques, Cyber Crime Inves­ti­ga­tion, Advance Tech­nol­o­gy in Foren­sic Sci­ence, Anti-Human Traf­fick­ing, Inves­ti­ga­tion of Murder/Homicide തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇന്‍ സര്‍വ്വീസ് പരിശീലനം നല്‍കിവരുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളുമായി ഉടമ്പടി പ്രകാരം യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമായ നൂതന സാങ്കേതിക വിദ്യകളില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമ, മാസ്റ്റര്‍ ഡിഗ്രി എന്നീ പ്രോഗ്രാമുകള്‍ക്കായും അയക്കുന്നുണ്ട്.

സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കല്‍

സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനാണ് ശ്രമിക്കുന്നത്. ഈ പോലീസ് സ്റ്റേഷനുകളില്‍ ഒരു ഇലക്ട്രോണിക് ഉപകരണം വഴി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ

പോലീസ് വകുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രോജക്റ്റിന് തുടക്കമിട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിര്‍മിതബുദ്ധി സാങ്കേതികവിദ്യ രണ്ട് തരത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും.

1) പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായതും ലഭ്യമായതുമായ നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം

2) സംസ്ഥാന പോലീസ് പ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വന്തമായി നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സങ്കേതങ്ങള്‍ വികസിപ്പിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുക.

ഡാറ്റകള്‍, ഫോട്ടോഗ്രാഫുകള്‍, സി സി റ്റി വി ഫൂട്ടേജുകള്‍, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍, തെളിവ് ഫയലുകള്‍ തുടങ്ങിയ അതിവേഗം വിശകലനം ചെയ്യുവാന്‍ ഈ സാങ്കേതികവിദ്യ മൂലം സാധിക്കുന്നതുകൊണ്ട് കേസന്വേഷണങ്ങള്‍ ഫലപ്രദമാക്കുവാനും പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കുവാനും സാധിക്കും.

Emer­gency Response Sup­port Sys­tem (ERSS)

എല്ലാ ജില്ലകളിലും Nation­al Emer­gency Response Sys­tem (NERS) സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ Emer­gency Response Sup­port Sys­tem (ERSS) എന്നാണ് അറിയപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് 112 എന്ന എമര്‍ജന്‍സി നമ്പര്‍ മുഖേന പോലീസിന്‍റെ അടിയന്തരസഹായം ആവശ്യപ്പെടാവുന്നതാണ്. ഈ സംവിധാനം വഴി വളരെ വേഗത്തില്‍ കൃത്യമായ പോലീസ് സഹായം ഉറപ്പുവരുത്തുന്നുണ്ട്.

Inte­grat­ed Core Polic­ing Sys­tem (iCoPS)

സേനാ നവീകരണത്തിന്‍റെ ഭാഗമായി പോലീസിന്‍റെ ദൈനംദിന പ്രവര്‍ത്ത നങ്ങളെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന ദേശീയതലത്തിലുള്ള ബൃഹത് പദ്ധതിയായ ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് & സിസ്റ്റംസ് (CCTNS) എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതിയുടെ ‘Core Appli­ca­tion Soft­ware (CAS) കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നും സംസ്ഥാന പോലീസിന് ലഭിച്ചിട്ടുണ്ട്. അത് 2009 ല്‍ എന്‍ സി ആര്‍ ബി വിഭാവനം ചെയ്ത് രൂപകല്പന ചെയ്തതാണ്. അതിനെ ആധുനികരീതിയില്‍ നവീകരിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സി സി ടി എന്‍ എസ് സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം കേരളം നമ്മുടെ പോലീസ് വകുപ്പിലെ തന്നെ വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിച്ച് എറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി Inte­grat­ed Core Polic­ing Sys­tem (iCoPS) എന്ന പേരില്‍ ഒരു സോഫ്റ്റ്വെയര്‍ രൂപകല്പന ചെയ്തു. ഇത്തരത്തില്‍ ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ പോലീസ് സേനയാണ് കേരള പോലീസ്. നിലവില്‍ കുറ്റവാളികളെയും കുറ്റങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്തങ്ങളായ നിരവധി സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരേ കുറ്റവാളികളെയും കുറ്റങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പല സോഫ്റ്റ്വെയറുകളിലായി നിരവധി തവണ രേഖപ്പെടുത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി നിലവിലുള്ള സോഫ്റ്റ്വെയറുകളെ എല്ലാം ഒരു പൊതുവായ സോഫ്റ്റ്വെയറിന്‍റെ കീഴില്‍ കൊണ്ടുവരാനാണ് ശഇീജട ലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ക്രിമിനല്‍ ഗാലറി

ഇന്‍റഗ്രേറ്റഡ് കോര്‍ പോലീസിംഗ് സിസ്റ്റത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത സര്‍വീസായ ക്രിമിനല്‍ ഗാലറി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആള്‍ക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനും അവരെ മോണിറ്റര്‍ ചെയ്യുന്നതിനും ഉതകുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു കുറ്റവാളിയെ സംബന്ധിച്ച് ഒരു പോലീസ് യൂണിറ്റില്‍ ശേഖരിക്കുന്ന പരമാവധി വിവരങ്ങള്‍ ഈ ആപ്ലിക്കേഷന്‍ മുഖേന മറ്റു പോലീസ് യൂണിറ്റുകള്‍ക്കും ലഭ്യമാകുന്നതാണ്. ഒരു കുറ്റവാളിയുടെ അതാത് കാലഘട്ടങ്ങളിലെ സ്റ്റാറ്റസ് ഈ അപ്ലിക്കേഷനില്‍ അപ്ഡേറ്റ് ചെയ്യുവാനും സാധിക്കും. അതുകൊണ്ടുതന്നെ ഒരു കുറ്റവാളിയുടെ തല്‍സ്ഥിതി — ജയിലില്‍ / ജാമ്യത്തില്‍ / ശിക്ഷ കാലാവധി കഴിഞ്ഞു / പരോളില്‍ — അറിയുവാന്‍ വളരെ വേഗം സാധിക്കുന്നതാണ്.

Micops

പോലീസ് ജോലിയുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ / വ്യക്തി പരിശോധനകള്‍ / കുറ്റാന്വേഷണങ്ങള്‍ എന്നിവ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ഒരു ഏകീകൃത മൊബൈല്‍ ആപ്ലിക്കേഷനാണ് Micops. പേപ്പര്‍ രഹിത പോലീസ് ഓഫീസുകള്‍ എന്ന ലക്ഷ്യത്തിലേക്ക് കേരള പോലീസിനെ ഒരുപടി കൂടി അടുപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ മൊബൈല്‍ ആപ്പ്.

സൈബര്‍ഡോം

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡാര്‍ക്ക് വെബ് വഴിയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി തിരുവനന്തപുരത്ത് സ്ഥാപിതമായ കേരളാ പോലീസിന്‍റെ ആദ്യ സംരംഭമാണ് സൈബര്‍ഡോം. ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ എറണാകുളത്തും കോഴിക്കോടും ഓരോ സൈബര്‍ഡോം വീതം സ്ഥാപിച്ചിട്ടുണ്ട്. സൈബര്‍ ലോകത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനും സാധിക്കുന്നുണ്ട്.

ഡാര്‍ക്ക് വെബിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയുന്നതിന് Granpel

മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, മോഷ്ടിച്ച ഡാറ്റ, വ്യാജ ഐഡന്‍റിറ്റികള്‍, ഹാക്കിംഗ് ടൂളുകള്‍ എന്നിവയുള്‍പ്പെടെ നിയമവിരുദ്ധമായ ചരക്കുകളും സേവനങ്ങളും വാങ്ങാനും വില്‍ക്കാനും കഴിയുന്ന വിവിധ അധോലോക വിപണികളുടെ കേന്ദ്രമാണ് ഡാര്‍ക്ക് വെബ്. അതിലൂടെ ലൈംഗിക വ്യാപാരവും സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നുണ്ട്. ഡാര്‍ക്ക് വെബിലെ നിഗൂഢതകള്‍ നീക്കുന്നതിനും കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി ഹാക്ക് പി-സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ കേരള പോലീസ് സൈബര്‍ഡോം ഗ്രാന്‍പല്‍ എന്ന സോഫ്റ്റ്വെയര്‍ സൗജന്യമായി വികസിപ്പിച്ചെടുത്തു. ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുവാനും സാധിക്കും.

THUNA (The Hand yOu Need for Assistance),Pol-APP

സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുക എന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി കേരള പോലീസ് രണ്ട് വ്യത്യസ്ത സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

1) ഓണ്‍ലൈന്‍ സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ — THUNA

2) സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ (Pol-APP)

ഒരു വെബ് പോര്‍ട്ടലിലൂടെ പൗരډാര്‍ക്ക് സേവനങ്ങളും വിവരങ്ങളും എത്തിക്കുന്നതിനുള്ള കേരള പോലീസിന്‍റെ സംരംഭമാണ് സിറ്റിസണ്‍ പോര്‍ട്ടലായ തുണ. പോലീസ് സേവനങ്ങള്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായാണ് ‘തുണ’ വിഭാവനം ചെയ്തിരിക്കുന്നത്. ഈ സേവനങ്ങളെല്ലാംതന്നെ കേരള പോലീസിന്‍റെ മൊബൈല്‍ ആപ്പ് ആയ Pol-APP (പോള്‍-ആപ്പ്) മുഖേന ആന്‍ഡ്രോയിഡ്, ഐ ഒ എസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൊബെല്‍ ഫോണുകളിലും ലഭ്യമാക്കിയിട്ടുണ്ട്. അവയിലൂടെ പരാതി സമര്‍പ്പിക്കാനും, എഫ് ഐ ആറിന്‍റെ പകര്‍പ്പ് എടുക്കാനും, എന്‍ ഐ ഒ സി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാനും, ആക്സിഡന്‍റ് കേസിലെ ജി ഡിയുടെ പകര്‍പ്പ് എടുക്കാനും, ഒക്കെ കഴിയും. പോലീസുമായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കാനും കഴിയും. പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങാതെ തന്നെ സേവനങ്ങള്‍ ലഭിക്കും എന്നതാണ് ഇവയുടെ പ്രത്യേകത.

പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എല്ലാ പൊതുസേവനങ്ങളും ഉപഭോക്തൃ-സൗഹൃദ രീതിയില്‍ നല്‍കാന്‍ കഴിയുന്ന ഒരൊറ്റ സംയോജിത മൊബൈല്‍ ആപ്പായാണ് Pol-APP രൂപകല്‍പന ചെയ്തിരിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പൗരന്മാര്‍ക്ക് പോലീസ് സേവനങ്ങള്‍ നല്‍കാനാണ് പോള്‍ ആപ്പ് ലക്ഷ്യമിടുന്നത്.

സാമ്പത്തിക കുറ്റകൃത്യ വിഭാഗം 

സങ്കീര്‍ണ്ണമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ അന്വേഷകര്‍ ഉള്‍പ്പെടുന്ന സാമ്പത്തിക കുറ്റകൃത്യവിഭാഗം വളരെ അനിവാര്യമാണ്. നിലവിലെ അംഗബലത്തില്‍ ക്രൈം ബ്രാഞ്ചിന് ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി ഒരു പ്രത്യേക സാമ്പത്തിക കുറ്റകൃത്യ വിഭാഗം തന്നെ ക്രൈം ബ്രാഞ്ചിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആകെ ഒരു ഐ ജി പിയും 4 എസ് പിയും 11 ഡി വൈ എസ് പിമാരുമടങ്ങുന്ന 233 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി

രാജ്യത്തിനാകെ മാതൃകയായതാണ് കേരളം തുടക്കം കുറിച്ച സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ ആകെ 198 സ്കൂളുകളില്‍ എസ് പി സി പദ്ധതി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ആകെ 1,001
സ്കൂളുകളില്‍ എസ് പി സി പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രൈം ബ്രാഞ്ചില്‍ ലീഗല്‍ അഡ്വൈസര്‍മാരുടെ പുതിയ തസ്തികകള്‍

ക്രൈം ബ്രാഞ്ചില്‍ 4 ലീഗല്‍ അഡ്വൈസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ഇരിക്കുന്ന കേസുകള്‍ക്ക് ആവശ്യമായ നിയമോപദേശം വളരെ വേഗം ലഭ്യമാക്കുന്നതു വഴി മെച്ചപ്പെട്ട അന്വേഷണം നടത്തുന്നതിനും കുറ്റവാളികള്‍ക്കെതിരെ പഴുതടച്ച കുറ്റപത്രം നല്‍കുന്നതിനും സാധിക്കുന്നുണ്ട്.

പുതിയ തസ്തികകള്‍

പോലീസ് സേനയുടെ കാര്യക്ഷമതയും പ്രവര്‍ത്തന മികവും ഉയര്‍ത്തുവാനുള്ള സര്‍ക്കാരിന്‍റെ നയത്തിനനുസരിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 312 തസ്തികകള്‍ വിവിധ വിഭാഗങ്ങളിലായി പോലീസ് വകുപ്പില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ജില്ലകളില്‍ പുതിയതായി സ്പെഷ്യല്‍ ബ്രാഞ്ച് ഡിറ്റാച്ച്മെന്‍റുകള്‍ സ്ഥാപിച്ചത്

കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളെ സിറ്റി, റൂറല്‍ പോലീസ് ജില്ലകളായി വിഭജിച്ചതിനുശേഷം രൂപീകൃതമായ റൂറല്‍ പോലീസ് ജില്ലകളിലെ ക്രമസമാധാന പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വ്യാപ്തി കണക്കിലെടുത്ത് റൂറല്‍ ജില്ലകള്‍ക്കായി സ്പെഷ്യല്‍ ബ്രാഞ്ചില്‍ പ്രത്യേക ഡിറ്റാച്ച്മെന്‍റ് യൂണിറ്റുകള്‍ രൂപീകരിക്കുകയും 3 ഡി വൈ എസ് പി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഫലപ്രദമായി തടയുവാന്‍ നടപടി

സാമൂഹ്യമാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

പോലീസിന്‍റെ സമയോചിതമായ ഇടപെടലുകള്‍ കാരണം സംസ്ഥാനത്തൊട്ടാകെ കലാപങ്ങള്‍ സൃഷ്ടിച്ച് ക്രമസമാധാന ലംഘനങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ച ചില വര്‍ഗ്ഗീയ സംഘടനകളുടെ ശ്രമങ്ങള്‍ ഇല്ലാതാക്കുവാനും സംസ്ഥാനത്തെ പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുവാനും സാധിച്ചിട്ടുണ്ട്.

പോലീസ് സേനയ്ക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍

ډ ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ പ്രകാരം അഴിമതിയില്ലാത്ത പോലീസ് സേനയെന്ന ബഹുമതി കേരള പോലീസിന് ലഭിച്ചു.

ډ വാര്‍ത്താ വിനിമയം, വിവര സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയാ സെല്ലിനും സൈബര്‍ ഡോമിനും 2020–21 വര്‍ഷത്തെ ദേശീയ e‑Governance അവാര്‍ഡ് ലഭിച്ചു.

ډ പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരളാ പോലീസ് അര്‍ഹമായി. പോലീസിലെ സാങ്കേതികവിദ്യാ വിദഗ്ദ്ധര്‍ നിര്‍മ്മിച്ച e‑VIP എന്ന സംവിധാനമാണ് പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കാലതാമസം ഒഴിവാക്കുന്നതിന് കേരളാ പോലീസിന് സഹായകരമായത്.

വിജിലന്‍സ് വകുപ്പ്

ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനായി വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ വളരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

ډ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ 2021ല്‍ 30 ട്രാപ്പ് കേസുകളും 2022 ല്‍ 47 ട്രാപ്പ് കേസുകളും 2023 ല്‍ നാളിതുവരെ 10 ട്രാപ്പ് കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

ډ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സോഴ്സ് തയ്യാറാക്കി സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തി കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നു. 2022ല്‍ 13 സംസ്ഥാനതല മിന്നല്‍പരിശോധനകള്‍ നടത്തുകയുണ്ടായി.

ډ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനും അറിയിക്കുന്നതിനുമായി ടോള്‍ഫ്രീ നമ്പരും വാട്സാപ്പ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇ‑പെറ്റീഷന്‍ സംവിധാനവും നിലവിലുണ്ട്. വിജിലന്‍സിന്‍റെ സോഷ്യല്‍മീഡിയ വെബ്സൈറ്റ് ആധുനികവത്ക്കരിച്ചിട്ടുണ്ട്.

ډ വിജിലന്‍സ് കോടതികളിലെ പ്രോസിക്യൂഷന്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി 4 ലീഗല്‍ അഡ്വൈസര്‍ തസ്തികകള്‍ സൃഷ്ടിക്കുകയും 4 പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ډ അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയില്‍ വിജിലന്‍സ് കോംപ്ലക്സിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

ډ ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. നിയമിക്കുന്നതിനു മുമ്പ് ഇവര്‍ അഴിമതിമുക്തരാണെന്നും പ്രാപ്തിയും, കാര്യക്ഷമതയുമുള്ളവരാണെന്നും ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ډ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികള്‍ നടത്തിവരുന്നുണ്ട്. വിജിലന്‍സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിലേക്കായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ് നടത്തി ലിസ്റ്റ് തയ്യാറാക്കി അതില്‍നിന്നും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒരു നിശ്ചിത കാലയളവിലേക്ക് വിജിലന്‍സില്‍ പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരാന്‍ ആലോചനയുണ്ട്.

ډ വിജിലന്‍സ് കേസുകളുടെ വിചാരണകള്‍ വേഗത്തിലാക്കുന്നതിലേക്കായി പുതുതായി വിജിലന്‍സ് കോടതി സ്ഥാപിക്കുന്നതും വിജിലന്‍സിലെ റെയ്ഞ്ച് സംവിധാനം പുനഃക്രമീകരിക്കുന്നതും പരിഗണനയിലാണ്.
കോടതികള്‍

ډ സംസ്ഥാനത്ത് പുതുതായി 56 അതിവേഗ പ്രത്യേക പോക്സോ കോടതികള്‍ അനുവദിച്ചു. ഇതില്‍ 53 എണ്ണത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.

ډ പട്ടികജാതി — പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് തൃശ്ശൂരും തിരുവനന്തപുരത്തും ഓരോ കോടതികള്‍ അനുവദിച്ചു.

ډ പുതുതായി 5 കുടുംബകോടതികള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ډ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്
ډ
ډ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ പ്രര്‍ത്തനങ്ങള്‍ വഴി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാധ്യമങ്ങളിലൂടെയും അല്ലാതെയും ഏറ്റവും ഗൗരവത്തോടെ പരിഗണിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിന് കഴിയുന്നുണ്ട്. ജനകീയ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ വകുപ്പിന്‍റെ ഫീഡ്ബാക്ക് സംവിധാനം എല്ലാ വകുപ്പുകളുമായും ഏകോപിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

ډ കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് ബോധപൂര്‍വം പരത്താന്‍ ശ്രമങ്ങളുണ്ടാകുമ്പോള്‍ സംസ്ഥാനത്തിന്‍റെ വികസനരംഗത്തെ മുന്നേറ്റങ്ങളും മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളും കേരളത്തിനകത്തും പുറത്തും വിപുലമായ അര്‍ഥത്തില്‍ പ്രചരിപ്പിക്കാന്‍ വകുപ്പ് ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ നേരിട്ട് അറിയുമ്പോള്‍ തന്നെ, തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങി ജനാധിപത്യ ഭരണസംവിധാനങ്ങളുടെ വിശ്വാസചോര്‍ച്ച സംഭവിക്കാതിരിക്കാന്‍ പി.ആര്‍.ഡി വകുപ്പിന്‍റെ കീഴില്‍ മികച്ചരീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ډ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ പണം മാത്രം വിനിയോഗിച്ച് സാധ്യമാകുന്ന മാര്‍ഗങ്ങളിലൂടെയാണ് കേരളം അതിന്‍റെ പാരമ്പര്യവും വികാസവും പ്രചരിപ്പിക്കുന്നത്.

ډ കഴിഞ്ഞ നവംബറില്‍ ന്യൂദല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്‍റര്‍നാഷനല്‍ ട്രേഡ് ഫെയറില്‍ കേരളത്തിനായിരുന്നു സ്വര്‍ണമെഡല്‍. റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ ഒഴിവാക്കാനാവാത്ത സ്ഥിതി ഇപ്പോള്‍ ഉണ്ടാവുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നു.

ډ ഈ രംഗത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ മറ്റ് സംസ്ഥാനങ്ങൾ തയ്യാറാകുന്നു എന്ന പ്രത്യേകത നിലനിൽക്കുന്നുണ്ട്. മാധ്യമങ്ങളുടെ പിന്തുണയോടെ മാധ്യമ മേഖലയിലെ ജീവനക്കാരുടെ പെന്‍ഷന്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു. പെന്‍ഷന്‍ ചട്ടങ്ങള്‍ പരിഷ്കരിക്കാനുള്ള നടപടികള്‍ ഉടനെ പൂര്‍ത്തിയാക്കും, കൂടുതല്‍ പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഇതുവഴി കഴിയും. പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചാലുടന്‍ പെന്‍ഷന്‍ വര്‍ധനയുടെ കാര്യത്തിലും പെന്‍ഷന്‍ കുടിശ്ശികയുടെ കാര്യത്തിലും പ രിഹാരമുണ്ടാക്കാൻ കഴിയും. മാധ്യമങ്ങൾക്ക് പരസ്യയിനത്തില്‍ നല്‍കാനുള്ള കുടിശ്ശിക തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തിലൂടെ കൊടുക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

ډ എല്ലാ ജില്ലകളിലും എന്‍റെ കേരളം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ പ്രദര്‍ശന ങ്ങളിലൂടെ കേരളത്തിന്‍റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന തോടൊപ്പം വിഭവങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വിപണി കണ്ടെത്താനും കഴിയുന്നു. കാലാനുസൃതമായ പരിഷ്കരണങ്ങള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നു. വിവിധ വകുപ്പുകളുടെ ബോധവത്കരണ പ്രചാരണ പരിപാടികളെ കോര്‍ത്തിണക്കാനും കാര്യക്ഷമമാക്കാനും വകുപ്പിലെ ഐ.ഇ.സി വിഭാഗം വഴി വരുന്ന സാമ്പ ത്തിക വര്‍ഷം മുതല്‍ പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്.

‘ഇന്ത്യയില്‍ ക്രൈം റേറ്റ് കൂടിയ സംസ്ഥാനമാണ് കേരളം’ എന്ന ഒരു പൊതുപ്രസ്താവന എല്ലാ യുഡിഎഫ് എംഎല്‍എമാരും ആവര്‍ത്തിച്ചുകണ്ടു.

ക്രൈം റേറ്റ് കൂടുന്നു എന്ന് പറയുമ്പോള്‍ അതിന്‍റെ സാമാന്യയുക്തി എന്തെന്ന് നമ്മള്‍ മനസ്സിലാക്കണ്ടേ?

കേരളത്തില്‍ പൊലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടതും ഫലപ്രദവുമായതുകൊണ്ട് കേസുകള്‍ കൂടുതല്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുന്നു. നിയമസാക്ഷരതയും അവബോധവും കൂടുതലുള്ളതിനാല്‍ ഇവിടെ കേസുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലേതുപോലെ രെജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്നില്ല. പൊലീസ് തന്നെ ഇടപെട്ട് കേസുകള്‍ രെജിസ്റ്റര്‍ ചെയ്യാതെ പോകുന്ന എത്ര സംഭവങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നത്.
ഇതൊക്കെ സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാവുന്ന കാര്യമല്ലേ ഇത്?

ഫയര്‍ ഫോഴ്സ്

നാട് നേരിടുന്ന എല്ലാ ദുരിതങ്ങളുടെയും മുന്നില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും വിധം ഫയര്‍ഫോഴ്സിനെ ആധുനിക വല്‍ക്കരിക്കാനും കാര്യക്ഷമമാക്കുവാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ജയിൽ

ജനങ്ങളെ കല്‍ത്തുറങ്കില്‍ അടച്ച് പീഡിപ്പിക്കുന്ന ജയിലറകള്‍ക്ക് പകരം കുറ്റം ചെയ്തവരെ മനപരിവര്‍ത്തനം നടത്താന്‍ സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുന്ന തിരുത്തല്‍ കേന്ദ്രങ്ങളായി മാറ്റിയെടുക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.

ആധുനിക രീതിയിലുള്ള സംവിധാനങ്ങളും സംങ്കേതങ്ങളും ഉപയോഗിച്ച് പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി വകുപ്പുകള്‍ കൂടുതല്‍ മികവുറ്റ സേവനം ലഭ്യമാക്കുന്ന വിധമുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. ഇതിന്‍റെ ഭാഗമായി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗമായി രുന്ന പ്രിന്‍റിംഗ്/സ്റ്റേഷനി വകുപ്പിനെ സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പിന്‍റെ കീഴില്‍ കൊണ്ടു വന്നിട്ടുണ്ട്. ഗവ. പ്രസ്സുകളുടെ പ്രവര്‍ത്തനം ആധുനിക വല്‍ക്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന വാഹനത്തില്‍ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ട ജയില്‍ സൂപ്രണ്ടിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്യുകയും സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് നേരിട്ട് അന്വേഷണം നടത്തിവരികയുമാണ്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.