22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 28, 2024
September 13, 2024
March 15, 2024
January 9, 2024
September 5, 2023
August 14, 2023
July 25, 2023
June 13, 2023
April 11, 2023

ചൈനീസ് നിലപാട് അപലപനീയം

ജാലകം
അഡ്വ. കെ പ്രകാശ്ബാബു
January 30, 2022 5:15 am

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ടു രാജ്യങ്ങൾക്കും സാംസ്കാരികവും പൈതൃകവുമായ ഒരു നീണ്ട ചരിത്രവും വിദേശ അധിനിവേശത്തിന്റെ ചരിത്രവുമുണ്ട്.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യയും 1949 ഒക്ടോബറിൽ ചൈനയും സ്വതന്ത്ര രാജ്യങ്ങളായി. ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയും തമ്മിൽ 1954 ൽ നടന്ന സൗഹൃദ ചർച്ചകൾക്കൊടുവിൽ പഞ്ചശീല തത്വങ്ങൾ അംഗീകരിക്കപ്പെട്ടു. ”ഇന്ത്യാ-ചൈന ഭായീ, ഭായീ” എന്ന വാക്കുകൾ സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. എന്നാൽ ചൈന ഉഭയകക്ഷി കരാറുകളെ മാനിയ്ക്കാതെ 1962 ൽ ഇന്ത്യനതിർത്തിയിലേക്ക് പട നയിച്ചു. ടിബറ്റുമായി ബന്ധപ്പെട്ട അതിർത്തി തർക്കം ചൈനയ്ക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു. ലഡാക്കിന്റെ ഭാഗമായ ”അക്സായി ചിൻ” മേഖലയിൽ ചൈന 1200 കി. മീറ്റർ നീളത്തിൽ റോഡ് വെട്ടി അന്ന് കൈവശപ്പെടുത്തിയതാണ്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ അരുണാചൽ പ്രദേശിന്റെ വടക്കുവശമുള്ള മക്‌മോഹൻ ലൈൻ അംഗീകരിക്കാതിരിക്കുകയും അവിടെ ഇന്ത്യൻ അതി­ർത്തിയിൽ പലപ്പോഴും അതിക്രമിച്ച് സൈനിക വിന്യാസം നടത്തിയതും ചൈനയുടെ വികസന മോഹം കൊണ്ടു മാത്രമാണ്. 1962 ൽ പടിഞ്ഞാറ് ലഡാക്ക് അതിർത്തിയിലും കിഴക്ക് മക്‌മോഹൻ രേഖയിലും ചൈന ഏകപക്ഷീയമായി നടത്തിയ അതിക്രമമാണ് ഇന്ത്യ‑ചൈന യുദ്ധത്തിന് കാരണമായത്.

1956 ൽ നടന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച ”സമാധാനപരമായ സഹവർത്തിത്വം” എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഒരു ലോകമഹായുദ്ധം വേണ്ട എന്ന് ലോകത്തെ പ്രബല രാഷ്ട്രങ്ങൾ തീരുമാനിച്ചു. സോവിയറ്റ് യൂണിയൻ മുൻകയ്യെടുത്ത് ലോകത്തെ 81 രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യോഗം 1960 ൽ മോസ്കോയിൽ വിളിച്ചുചേർത്തു. വീണ്ടുമൊരു യുദ്ധത്തിലേക്ക് രാഷ്ട്രങ്ങളെ നയിക്കുന്നതിനുപകരം സമാധാനപരമായ സഹവർത്തിത്വം ഒരു സമന്വയ മുദ്രാവാക്യമായി ആ സമ്മേളനം അംഗീകരിച്ചു. സമ്മേളനം പിരിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് ചൈനയുടെ നേതൃത്വത്തിൽ അൽബേനിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ”സമാധാനപരമായ സഹവർത്തിത്വം” എന്നത് സോവിയറ്റ് യൂണിയന് മേൽക്കോയ്മ കിട്ടാൻ വേണ്ടി കണ്ടുപിടിച്ച തന്ത്രമാണെന്നാരോപിച്ചുകൊണ്ട് മോസ്കോ സമ്മേളനത്തെ തള്ളിപ്പറഞ്ഞത്. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം ചൈന അംഗീകരിച്ചില്ല.


ഇതുകൂടി വായിക്കൂ:  എളുപ്പമാണോ ഇന്ത്യയുടെ ചൈനീസ് വ്യാപാരയുദ്ധം


അന്നുമുതൽ വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുപാർട്ടികളിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെയർമാൻ മാവോയുടെ നേതൃത്വത്തിൽ മാർക്സിസത്തിനും ലെനിനിസത്തിനും ഒരു അധികവായന കൂടി നടത്തി ”അധികാരം തോക്കിൻ കുഴലിലൂടെ” എന്ന തത്വം അവർ അംഗീകരിച്ചു. മാവോയിസ്റ്റ് ആശയങ്ങൾ മിക്ക രാജ്യങ്ങളിലേയും കമ്മ്യൂണിസ്റ്റ് പാർട്ടികളെ സ്വാധീനിക്കുകയും പാർട്ടികളുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിച്ചു തുടങ്ങുകയും പ്രത്യയശാസ്ത്രത്തിന്റെ ബലത്തിൽ ഐക്യത്തോടെ നിന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളെ ആത്യന്തികമായി ദൗർഭാഗ്യകരമായ ഭിന്നിപ്പിന്റെ പാതയിലേക്കു തള്ളിയിടുകയും ചെയ്തു.

ചെയർമാൻ മാവോയുടെ അനുഗ്രഹാശിസുകളോടെ 1966 ൽ ചൈനയിൽ ആരംഭിച്ച മഹത്തായ സാംസ്കാരിക വിപ്ലവം ചൈനയെ സാമ്പത്തികമായി തകർത്തു എന്നു മാത്രമല്ല ചരിത്രപരവും പൈതൃകവുമായ പലതും നശിപ്പിയ്ക്കപ്പെട്ടു. റിവിഷനിസ്റ്റുകൾ പാർട്ടി പിടിച്ചടക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് പാർട്ടിയെ ശുദ്ധീകരിക്കാൻ സാംസ്കാരിക വിപ്ലവം ആവശ്യമാണെന്നായിരുന്നു ചെയർമാൻ മാവോ പറഞ്ഞത്. ചൈനീസ് പാർട്ടിയുടെ വൈസ് ചെയർമാനും മാവോയുടെ വിശ്വസ്തനുമായിരുന്ന ലിൻ പിയാവോയുടെ നേതൃത്വത്തിൽ പിന്നീട് വിമത പ്രവർത്തനങ്ങൾ നടന്നതായും പാർട്ടി ആരോപിച്ചു. അദ്ദേഹം ഒറ്റപ്പെട്ടു. 1976 ൽ ചെയർമാൻ മാവോയുടെ മരണത്തെ തുടർന്ന് 1978 ൽ അധികാരത്തിൽ വന്ന ഡെങ് സിയാവോപിങ് സാംസ്കാരിക വിപ്ലവം തകർത്ത ചൈനയുടെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള കഠിന പരിശ്രമം ആരംഭിച്ചു. ”പൂച്ച കറുത്തതാണോ, വെളുത്തതാണോ എന്നു നോക്കുന്നില്ല. എലിയെ പിടിച്ചാൽ മതി” എന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനം ചൈനീസ് സമ്പദ്ഘടനയെ ഏതു പ്രത്യയശാസ്ത്രത്തിൽക്കൂടിയായാലും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വിളിച്ചറിയിച്ചു. 1979 ൽ ഡെങ് അമേരിക്കയുമായി പുതിയ നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ട് അവിടം സന്ദർശിച്ചു. അമേരിക്കയിലെത്തുന്ന ആദ്യ ചൈനീസ് ഭരണാധികാരിയായി ഡെങ് സിയാവോ പിങ്. ചൈനീസ് റിവിഷനിസ്റ്റുകളെ വേട്ടയാടി കൂട്ടക്കുരുതി നടത്തിയ സാംസ്കാരിക വിപ്ലവകാരികളിൽ നിന്നും ഡെങ് ചൈനയെ മോചിപ്പിച്ചു. സാമ്പത്തിക പരിഷ്കരണ വാദികളാൽ പ്രചോദനം ഉൾക്കൊണ്ട് ജനാധിപത്യ സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിച്ച ധാരാളം യുവാക്കൾ രംഗത്തെത്തി. 1989 ൽ ടിയാനൻമെൻ സ്ക്വയറിലെ വെടിവയ്പ് ഈ സന്ദർഭത്തിലായിരുന്നു. എങ്കിലും ചൈനയെ സുശക്തമായ ഒരു സമ്പദ്ഘടനയാക്കി മാറ്റാനുള്ള ദൃഢപ്രതിജ്ഞയുമായി ഡെങ് മുന്നോട്ടുപോയി. 1989 ൽ ഡെങ് അധികാരത്തിൽ നിന്നു മാറിയെങ്കിലും 1997 വരെ ചൈനയുടെ പരമോന്നത നേതാവായി അദ്ദേഹം തുടർന്നു.


ഇതുകൂടി വായിക്കൂ:  സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ ശക്തനായ നേതാവ്


മാവോയിസത്തിന് അവധി കൊടുത്തുകൊണ്ടും മാർക്സിസം ലെനിനിസത്തിൽ ധാരാളം ഗവേഷണങ്ങൾ നടത്തിക്കൊണ്ടും ചൈന ”കമ്പോള സമ്പദ്ഘടന” എന്ന ലക്ഷ്യത്തിലേക്ക് പോയി. ”ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം” എന്ന ഡെങ് സിയാവോ പിങ് നൽകിയ പേരുമായി ആഗോള കമ്പോള ശക്തിയാകാൻ അമേരിക്കയുമായി ഇന്ന് അവർ മത്സരിക്കുന്നു. ഉല്പാദക ശക്തികളെ കെട്ടഴിച്ചുവിട്ടുകൊണ്ടും ഉല്പാദനോപാധികളെ രാഷ്ട്രത്തിന്റെ വരുതിയിലാക്കിക്കൊണ്ടും കമ്പോള ശക്തികളെ നിയന്ത്രിക്കണമെന്ന മാർക്സിസത്തിന്റെ അടിസ്ഥാന തത്വത്തിൽപോലും ചൈനീസ് കമ്മ്യൂണിസ്റ്റ് ഗവേഷകർ മാറ്റം വരുത്തി. മാവോയുടെ സ്വാധീനത്തിൽപ്പെട്ട് വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഭിന്നിപ്പിക്കുകയും ലെനിനിന്റെ സംഘടനാ തത്വങ്ങളിൽ അടിയുറച്ചു നിന്നവരെ റിവിഷനിസ്റ്റുകൾ എന്ന് വിളിക്കുകയും ചെയ്തവർ ഇന്ന് മാവോയെക്കുറിച്ച് ബോധപൂർവം മൗനം പാലിച്ചുകൊണ്ട് ഡെങ് സിയാവോ പിങ്ങിന്റെ സാമ്പത്തിക പരിഷ്കരണത്തിൽ കൂടി ആധുനിക ചൈന കൈവരിച്ച സമ്പദ്ഘടനാ നേട്ടങ്ങളിൽ അഭിമാനിക്കുന്നു.

കാലാകാലങ്ങളിൽ ചൈനീസ് സര്‍ക്കാര്‍ നിർദേശിക്കുന്ന നിയന്ത്രണങ്ങൾക്കു വിധേയമായി സ്വകാര്യ മൂലധനവും ഇന്ന് ചൈനയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ മാത്രമെ അമേരിക്കയുമായിട്ടുള്ള കമ്പോള മത്സരത്തിൽ വിജയിക്കാൻ കഴിയൂ എന്നവർ വിശ്വസിക്കുന്നു. 2017 ഒക്ടോബറിൽ നടന്ന സിപിസിയുടെ 19-ാം പാർട്ടി കോൺഗ്രസിൽ ”സോഷ്യലിസ്റ്റ് ആധുനികവൽക്കരണം” എന്ന ലക്ഷ്യം അംഗീകരിക്കുമ്പോഴും, ”ഒരു പുതുയുഗപ്പിറവിക്കുവേണ്ടി ചൈ­നീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം എന്ന പ്രസിഡന്റ് ഷീജിൻപിങ്ങിന്റെ ചിന്താഗതി” ഭരണഘടനയിൽ എഴുതിച്ചേർക്കുമ്പോഴും ചൈനയെ ഒരു വൻ കമ്പോള സാമ്പത്തിക ശക്തിയാക്കി മാറ്റിയെടുക്കുക എന്നതു മാത്രമാണ് ചൈനീസ് പാർട്ടി ലക്ഷ്യമിടുന്നത്. 2022 ഒക്ടോബറിൽ നടക്കാൻ പോകുന്ന സിപിസിയുടെ 20-ാം പാർട്ടി കോൺഗ്രസിലും വലിയ മാറ്റം വരുമെന്നു തോന്നുന്നില്ല. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നല്ല വാണിജ്യ വ്യാപാര ബന്ധം സ്ഥാപിച്ചെടുക്കുന്നതിൽക്കൂടി തങ്ങളുടെ കമ്പോള വ്യാപനത്തെക്കുറിച്ചു മാത്രമാണ് ചൈന ചിന്തിക്കുന്നത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വടക്കുഭാഗത്തുകൂടി ”ഒൺ ബെൽറ്റ് റോഡ്” പൂർത്തിയാക്കിയാൽ കരമാർഗം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലെയും കമ്പോളത്തിൽ ചൈനീസ് സ്വാധീനമുറപ്പിക്കാൻ കഴിയും എന്ന ചിന്തയിലാണവർ.


ഇതുകൂടി വായിക്കൂ:  അരുണാചലിൽ ചൈനീസ് ഗ്രാമം; ഇന്ത്യൻ ഭരണ സൈനിക നേതൃത്വങ്ങളിൽ ആശയക്കുഴപ്പം


ചൈന, അവരുടെ കമ്പോള ലക്ഷ്യം നിറവേറ്റിക്കൊള്ളട്ടെ പക്ഷെ അതിന് ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തികളിൽ സൈനിക കയ്യേറ്റങ്ങൾ നടത്തി രാജ്യ അതിർത്തികളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതെന്തിന്? അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെ അതിക്രമിച്ചു കടക്കുകയും ഇന്ത്യൻ ഭൂപ്രദേശത്ത് ചൈനീസ് ഗ്രാമങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നതിന് എന്തു നീതീകരണമാണുള്ളത്. ഒരു ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാന്റെ സൈന്യവുമായി ഏറ്റുമുട്ടുമ്പോൾ കിട്ടുന്ന ”വോട്ടിംഗിന്റെ ഹിന്ദുത്വ രാഷ്ട്രീയ മൈലേജ്” ചൈനയുടെ കാര്യത്തിൽ കിട്ടില്ലെന്നതുകൊണ്ടാവാം ഇന്ത്യൻ ഭരണകൂടം ചൈനീസ് കടന്നുകയറ്റം കണ്ടില്ലെന്ന് നടിക്കുന്നത്. അരുണാചലിൽ നിന്നും ഇന്ത്യൻ യുവാക്കളെപ്പോലും ചൈന തട്ടിക്കൊണ്ടുപോകുന്നു. ഇന്ത്യനതിർത്തിയായ ഗാൽവൻ താഴ്‌വരയിൽ പുതുവർഷത്തിൽ ചൈനീസ് പതാക ഉയർത്തി ഇവിടം ചൈനയുടേതാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. പുതിയ പാലങ്ങളും റോഡുകളും ഇന്ത്യൻ അതിർത്തിയിൽ നിർമ്മിയ്ക്കുന്നു.

ചൈനയുമായി നല്ല രാഷ്ട്രീയ നയതന്ത്ര ബന്ധവും വ്യാപാരവാണിജ്യ ബന്ധവും ഇന്ത്യ നിലനിർത്തുകയും കൂടുതൽ ഊഷ്മളമായ സൗഹൃദം വളർത്തുകയും വേണം. അതോടൊപ്പം ഇന്ത്യയുടെ വടക്കും വടക്കു കിഴക്കൻ അതിർത്തികളില്‍ ചൈന നടത്തുന്ന സൈനിക അതിക്രമങ്ങളെ ശക്തമായി നേരിടുകയും ചൈനീസ് അധിനിവേശത്തിനെതിരെ ഇന്ത്യൻ ജനത അണിനിരക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.