
ചുമ മരുന്നായ കോള്‍ഡ്രിഫ് ഉപയോഗിച്ച് കുട്ടികള്‍ മരിച്ച മധ്യപ്രദേശിലെ ചിന്ദ്‍വാരയിലെ ആശുപത്രിയില്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ സ്ഥാപനങ്ങളില്‍ 2018–22 കാലയളവില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്.
കഴിഞ്ഞ ഡിസംബര്‍ 18ന് സംസ്ഥാന നിയമസഭയില്‍ സിഎജി റിപ്പോര്‍ട്ടില്‍, ചിന്ദ്‍വാര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് പുറമേ ഭോപ്പാലിലെ ഹമീദിയ ആശുപത്രി, സുല്‍ത്താനിയ സനാന ആശുപത്രി എന്നിവിടങ്ങളിലും പരിശോധന നടന്നിട്ടില്ല. എല്ലാ ഫാര്‍മസികളിലും വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്നാണ് സംസ്ഥാന നിയമം. പരിശോധന നടത്തിയ ആശുപത്രികളിലെ ഫാര്‍മസികളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന്, മധ്യപ്രദേശ് പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളെയും ആരോഗ്യസേവനങ്ങളുടെ നടത്തിപ്പിനെയും കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭോപ്പാലിലെ ഹമീദിയ, ഗ്വാളിയോറിലെ ജയ, സിഐഎംഎസ് ആശുപത്രികളില്‍ 2017–22 കാലയളവില്‍ 1.08 കോടിയില്‍ കൂടുതല്‍ വിലവരുന്ന 263 തരം കാലാവധി കഴിഞ്ഞ മരുന്നുകള്‍ കണ്ടെത്തിയെന്നും സിഎജി പറയുന്നു. ആശുപത്രി സൂപ്രണ്ടുമാര്‍ മരുന്നുകളുടെ സംഭരണം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല എന്നതിന്റെ സൂചനയാണിത്. ഗ്വാളിയോറിലെ ജെഎഎച്ചിലെ സെന്‍ട്രല്‍ ഫാര്‍മസി 100 വര്‍ഷത്തിലേറെ പഴക്കമുള്ളതായതിനാല്‍, ജീര്‍ണാവസ്ഥയിലാണെന്ന് 2016ല്‍ പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
പരിശോധന നടത്തിയ ഫാര്‍മസികളിലൊന്നും ഷെല്‍ഫുകള്‍, ശീതീകരണിയില്‍ താപനില റെക്കോഡിങ്ങ്, ഡീപ് ഫ്രീസറിന്റെ താപനില ചാര്‍ട്ടുകളുടെ അറ്റകുറ്റപ്പണി രജിസ്റ്റര്‍ എന്നിവ ലേബല്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. ജെഎംഎച്ച് ഗ്വാളിയോര്‍, ഹമീദിയ, സുല്‍ത്താനിയ സനാന ആശുപത്രികളില്‍ മരുന്നുപെട്ടികള്‍ തറയില്‍ കിടക്കുന്നത് കണ്ടെത്തി. രേഖകള്‍ അനുസരിച്ചുള്ള സ്റ്റോക്ക് ഉറപ്പാക്കിയിട്ടില്ല.
സംസ്ഥാനത്ത് 22,845 ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദിച്ച തസ്തികകളനുസരിച്ച് 1,775 ആരോഗ്യ സ്ഥാപനങ്ങളിലായി 11,535 ഒഴിവുണ്ടെന്നും കണ്ടെത്തി. ജില്ലാ ആശുപത്രികളില്‍ 6–92%, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ (സിഎച്ച്സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പിഎച്ച്സി) എന്നിവിടങ്ങളില്‍ 19–86%, സബ്സെന്ററുകളില്‍ 27–81% എന്നിങ്ങിനെയാണ് ഡോക്ടര്‍മാരുടെ കുറവ്. മെഡിക്കല്‍ കോളജുകളില്‍ 27–43%, ആയുഷ് വകുപ്പില്‍ 28–59% എന്നിങ്ങനെ ജീവനക്കാരുടെ കുറവുണ്ട്.
നഴ‍്സിങ്ങ് ജീവനക്കാരുടെ എണ്ണത്തില്‍ ജില്ലാ ആശുപത്രികളില്‍ 3–69%, സിവില്‍ ആശുപത്രികളില്‍ 4–73%, സിഎച്ച്സി, പിഎച്ച്സി എന്നിവിടങ്ങളില്‍ 2–51% എന്നിങ്ങിനെയാണ് കുറവ്. മെഡിക്കല്‍ കോളേജുകളില്‍ നഴ‍്സുമാരുടെ കുറവ് 27% വരെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ 59% വരെയുമാണ്.
ചുമ മരുന്ന് കോള്‍ഡ്രിഫ് നിര്‍മ്മിച്ച തമിഴ‍്നാട്ടിലെ പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും സേവന മാനേജ്മെന്റിന്റെയും പ്രകടനങ്ങള്‍ വിലയിരുത്തുന്ന ഓഡിറ്റിങ്ങില്‍, മരുന്ന് പരിശോധനയ്ക്കും സാമ്പിളുകള്‍ എടുക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 10നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2016–17ല്‍ തമിഴ‍്നാട്ടില്‍ ലക്ഷ്യമിട്ടിരുന്ന മൊത്തം പരിശോധനകളുടെ എണ്ണം 1,00,800 ആയിരുന്നെങ്കിലും 66,331 എണ്ണം മാത്രമാണ് നടത്തിയത്. ഇത് 34% കുറവാണ്. 2020–21ല്‍ മരുന്നുകളുടെ പരിശോധനയിലെ കുറവ് 38% ആയി വര്‍ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.