24 December 2024, Tuesday
KSFE Galaxy Chits Banner 2

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും ഉയര്‍ന്നു

തുടര്‍ച്ചയായ വര്‍ധന
തൊഴില്‍ പങ്കാളിത്തം കുറഞ്ഞു
Janayugom Webdesk
തിരുവനന്തപുരം
April 10, 2023 9:59 pm

മാർച്ചിൽ രാജ്യത്തെ തൊഴിലില്ലായ്മ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനത്തിലെത്തിയതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി. ഫെബ്രുവരിയിൽ തൊഴിലില്ലായ്മാ നിരക്ക് 7.5 ശതമാനമായിരുന്നു. 1.78 ലക്ഷത്തിലധികം കുടുംബങ്ങളിലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ തൊഴിൽ ശക്തിയുടെ നിരക്ക് തീരുമാനിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ ഡിസംബറിൽ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.3 ശതമാനമായി ഉയർന്നു, എന്നാൽ ജനുവരിയിൽ ഇത് കുറഞ്ഞ് 7.14 ശതമാനമായി.

അതിനുശേഷം അടുത്ത രണ്ട് മാസങ്ങളില്‍ നിരക്ക് വീണ്ടും വർധിച്ചുവെന്ന് സിഎംഐഇ രേഖകള്‍ പറയുന്നു. മാർച്ചിൽ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 8.4 ശതമാനവും ഗ്രാമങ്ങളിൽ 7.5 ശതമാനവും ആയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ ഹരിയാനയിലും (26.8%), രാജസ്ഥാനിലും (26.4%), ജമ്മു കശ്മീർ (23.1%), സിക്കിം (20.7%) എന്നിവിടങ്ങളിലുമാണ്. ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ്. തൊഴിൽ പങ്കാളിത്ത നിരക്ക് ഒരേസമയം ഇടിഞ്ഞതാണ് മാർച്ചിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതിന് കാരണമെന്ന് സിഎംഐഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസത്തെ 39.9 ശതമാനത്തിൽ നിന്ന് 39.8 ആയി കുറഞ്ഞു, സമ്പദ്‌വ്യവസ്ഥയുടെ സജീവമായ തൊഴിൽ ശക്തിയുടെ ഏകദേശ കണക്കാണ് തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക്.

2022–23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ തൊഴിൽ പങ്കാളിത്ത നിരക്ക് 40 ശതമാനത്തില്‍ താഴെയാണെന്ന് തൊഴിൽ സാഹചര്യത്തെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. 2021–22ലെ 40.1 ശതമാനത്തെക്കാള്‍ കുറവാണിത്. ഡിസംബറിൽ തൊഴിൽ പങ്കാളിത്ത നിരക്ക് 40.5 ശതമാനമായി ഉയർന്നു, എന്നാൽ തൊഴിലില്ലായ്മാ നിരക്ക് 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്നതായി. രംഗത്ത് പുതുതായി പ്രവേശിക്കുന്നവർക്ക് ജോലി നൽകാൻ കഴിയില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് വ്യാസ് തന്റെ റിപ്പോർട്ടിൽ പറയുന്നു.

ഒക്‌ടോബർ മുതൽ ജനുവരി വരെയുള്ള ഉത്സവാനന്തര സീസണിൽ ചെറുകിട, വിതരണ, ലോജിസ്റ്റിക്‌സ്, ധനകാര്യ സേവനം, ഇ‑കൊമേഴ്‌സ് മേഖലകളിൽ തൊഴിൽ കുറഞ്ഞതായി സിഐഇഎൽ എച്ച്ആർ സർവീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആദിത്യ മിശ്ര പറഞ്ഞു. ഇൻഫർമേഷൻ ടെക്‌നോളജി സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും പുതിയ നിയമനത്തിൽ മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: The coun­try’s unem­ploy­ment rate has risen again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.