
അറബിക്കടലിൽ എംഎസ്‌സി എൽസ‑3 കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിൽ ജസ്റ്റിസ് എം എ അബ്ദുൽ ഹക്കീമിന്റെതാണ് ഉത്തരവ്.
കപ്പലിന്റെ ഉടമകളായ എംഎസ്‌സി ഷിപ്പിങ് കമ്പനിക്കെതിരെ ഫയൽ ചെയ്ത സ്യൂട്ടിൽ 9531 കോടി രൂപ നഷ്ടപരിഹാരമാണ് സർക്കാർ ആവശ്യപ്പെട്ടത്. അപകടത്തെ തുടർന്ന് എണ്ണ ചോർച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികൾക്കുണ്ടായ ഉപജീവന മാർഗ നഷ്ടം, കപ്പലിലെ കണ്ടെയ്നറുകളിൽ നിന്നും പുറംതള്ളിയ മാലിന്യങ്ങൾ നീക്കൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നഷ്ടപരിഹാരം തേടിയത്.
എന്നാൽ, സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പൽ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിർത്തിയിൽനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും അവർ വാദിച്ചിരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ മേയ് 24നാണ് ചരക്കുകപ്പൽ ചരിഞ്ഞത്. ചരിവ് നിവർത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂർണമായും മുങ്ങുകയായിരുന്നു. കപ്പലിൽനിന്ന് വീണ കണ്ടെയ്നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയിൽ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.