8 July 2024, Monday
KSFE Galaxy Chits

നീതിപീഠം കണ്ണടച്ച് ഇരുട്ടാക്കുന്നു

Janayugom Webdesk
March 29, 2022 5:00 am

കേന്ദ്ര തൊഴിലാളി സംഘടനകളുടെയും, കേന്ദ്ര‑സംസ്ഥാന സർക്കാർ‑പൊതുമേഖലാ അഖിലേന്ത്യാ ജീവനക്കാരുടെ ഫെഡറേഷനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ദ്വിദിന പണിമുടക്ക് ഇന്നലെ രാജ്യവ്യാപകമായി ആരംഭിച്ചു. സംഘടിത, അസംഘടിത മേഖലകളിലെ ഇരുപത്തിയഞ്ച് കോടിയിൽപരം തൊഴിലാളികൾ ഈ പൊതുപണിമുടക്കിൽ പങ്കെടുക്കുന്നതായാണ് കണക്കാക്കുന്നത്. കർഷക കരിനിയമങ്ങൾ പിൻവലിക്കുമ്പോൾ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ രാജ്യത്തെ കർഷകർ പൊതുപണിമുടക്കിനു പിന്തുണ നൽകുകയും പണിമുടക്കിൽ അണിനിരക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യം, വ്യോമ‑റയിൽ ഗതാഗതം എന്നീ രംഗങ്ങളിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്കിനെ സർവാത്മനാ പിന്തുണയ്ക്കുന്നു. ഈ പണിമുടക്ക് എല്ലാ അർത്ഥത്തിലും ഭരണകൂട നയങ്ങൾക്ക് എതിരായ പൊതുവികാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപരും പണിമുടക്കുന്നതിന് എതിരായ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് വിലയിരുത്തപ്പെടാൻ. കേരള ഹൈക്കോടതിയുടെ ഈ വിധി ഏകപക്ഷീയവും പണിമുടക്കിന് ആധാരമായ വസ്തുതകളെ ശരിയായ കാഴ്ചപ്പാടിൽ വിലയിരുത്താൻ വിസമ്മതിക്കുന്നതുമാണ്. ഇതുസംബന്ധിച്ച പെറ്റിഷൻ പരിഗണിക്കുമ്പോൾ കേരളസർക്കാർ അഭ്യർത്ഥിച്ച പ്രകാരം ജീവനക്കാരുടെ അഭിപ്രായം ആരായാൻ കോടതി മുതിർന്നില്ല. പണിമുടക്കിന് ആധാരമായ ആവശ്യങ്ങളിൽ ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നുള്ളതും ഉൾപ്പെടുന്നു. കേരള സർവീസ് റൂൾസ് ചട്ടം 14 (എ ) പണിമുടക്ക് അനധികൃത വേതന രഹിത അസാന്നിധ്യമായി നിര്‍വചിക്കുന്നുണ്ടെങ്കിലും അതിനെ ഭരണഘടനക്ക് അതീതമായി വിലയിരുത്താൻ പാടില്ല. ഭരണഘടനയുടെ 19-ാം അനുച്ഛേദം അതിന്റെ വിപുലമായ അർത്ഥത്തിൽ പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശത്തെ അംഗീകരിക്കുന്നുണ്ട്. വിവിധ കേസുകളിൽ ഹൈക്കോടതികളും സുപ്രീം കോടതി തന്നെയും ആ അവകാശം ശരിവയ്ക്കുന്നു. പണിമുടക്കാനുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശം ഇന്ത്യ ഒപ്പുവച്ചിട്ടുള്ള വിവിധ അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം; പ്രക്ഷോഭങ്ങള്‍ വ്യാപകമാക്കണം; കരുത്തരാകണം


സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (ഐസിഇഎസ്‌സിആർ) അനുച്ഛേദം 1 (8 ) (ഡി ) അതാത് രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായി പണിമുടക്കാനുള്ള അവകാശം വ്യവസ്ഥചെയ്യുന്നുണ്ട്. അതെ ഉടമ്പടിയുടെ വിവിധ അനുച്ഛേദങ്ങൾ പ്രസ്തുത അവകാശം ഉറപ്പുവരുത്താനുള്ള നിയമനിർമ്മാണവും നിഷ്കർഷിക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ വിവിധ ഉടമ്പടികളും പണിമുടക്ക് അവകാശത്തെ അംഗീകരിക്കുന്നുണ്ട്. ഇന്ത്യ ഈ കരാറുകളിൽ എല്ലാം ഒപ്പുവച്ചിട്ടുണ്ടെന്നത് നീതിപീഠത്തിനും അവഗണിക്കാവുന്നതല്ല. നരേന്ദ്രമോഡി സർക്കാരിന്റെ ലേബർ കോഡുകളുടെ ഒരു ലക്ഷ്യം പണിമുടക്കുകളും കൂട്ടായ വിലപേശലിനുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങൾ ഉന്മൂലനം ചെയ്തു മൂലധനശക്തികൾക്ക് അധ്വാന ചൂഷണത്തിന് അവസരം ഉറപ്പുവരുത്തുക എന്നതാണ്. തൊഴിലാളികളും ജീവനക്കാരും അടക്കം ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കവർന്നെടുക്കാൻ ഭരണകൂടം ഒരുമ്പെട്ടിറങ്ങുമ്പോൾ ഭരണഘടനയുടെ സംരക്ഷകരായ കോടതികൾ തന്നെ ബോധപൂർവമോ അല്ലാതെയോ അതിനു കൂട്ടുനിൽക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. പണിമുടക്കുകൾ കൂട്ടായ വിലപേശലിന്റെ അവസാന മാർഗമാണ്. അത് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ചർച്ചകൾക്ക് സന്നദ്ധമാവേണ്ടതുണ്ട്. ഭരണകൂടം അത് ആവർത്തിച്ച്, നിരന്തരം അവഗണിക്കുന്നു. നിയമാനുസൃതം നോട്ടീസ് നൽകിയും പൊതുജനങ്ങൾക്ക് വേണ്ടത്ര മുന്നറിയിപ്പ് നൽകിയും വിപുലമായ പ്രചാരണങ്ങൾ നടത്തിയുമാണ് തൊഴിലാളികളും ജീവനക്കാരും പൊതുപണിമുടക്കിലേക്ക് നീങ്ങിയത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ മുൻകരുതലുകളും ഇളവുകളും അവലംബിച്ചിരുന്നു. മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിതസുരക്ഷിതത്വവും മാന്യമായ ജീവിതവും ഉറപ്പുവരുത്താൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് തൊഴിലാളികളും ജീവനക്കാരും കർഷകരും. അതിനെ അപഹസിക്കാൻ നടക്കുന്ന ബോധപൂർവമായ ഏതു ശ്രമവും അപലപനീയമാണ്. നീതിപീഠങ്ങൾ യാഥാർത്ഥ്യബോധത്തോടെ വസ്തുതകളെ സമീപിക്കാനും അംഗീകരിക്കാനും സന്നദ്ധമാവണം. അല്ലാതെയുള്ള ഉത്തരവുകൾ നീതിനിഷേധമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും ഉന്നത ജനാധിപത്യ മൂല്യങ്ങളും തുല്യനീതിയും തൊഴിലാളികളും ജീവനക്കാരും കർഷകരുമടക്കം മഹാഭൂരിപക്ഷത്തിനും നിഷേധിക്കപ്പെടുമ്പോഴാണ് അവർ അവയുടെ സംരക്ഷണത്തിനുവേണ്ടി മുറവിളികൂട്ടുന്നത്. നീതിപീഠം അത് കേട്ടില്ലെന്ന് നടിച്ചുകൂടാ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.