22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 11, 2024
November 10, 2024
November 8, 2024
November 3, 2024

പ്രതിരോധ മേഖലയിൽ പ്രതിസന്ധി രൂക്ഷം; ചെറുത്ത് നില്‍പ്പ് ശക്തമാക്കും

ആർ ബാലചന്ദ്രൻ
ആലപ്പുഴ
December 20, 2022 10:35 pm

ഗുരുദാസ് ദാസ് ഗുപ്ത നഗർ: കേന്ദ്ര സർക്കാരിന്റെ വഴിവിട്ട ഇടപെടൽ മൂലം പ്രതിരോധ മേഖലയിൽ പ്രതിസന്ധികൾ രൂക്ഷമായതിനെ തുടർന്ന് സമര കാഹളവുമായി തൊഴിലാളികള്‍ രംഗത്തിറങ്ങുന്നു.
മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ തന്ത്ര പ്രധാന മേഖലയായ പ്രതിരോധ രംഗത്ത് പ്രശ്നങ്ങൾ കൂടുതൽ വഷളായി. ഈ രംഗത്ത് കൊണ്ടുവന്ന സ്വകാര്യ വൽക്കരണമായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ചത്. ഇന്നലെ സമാപിച്ച എഐടിയുസി ദേശീയ സമ്മേളനത്തിൽ പ്രതിരോധ രംഗത്തെ പ്രശ്നങ്ങൾ സജീവ ചർച്ചയായതിനെ തുടർന്ന് പോരാട്ടം ശക്തമാക്കുവാൻ സമ്മേളനം ആഹ്വനം ചെയ്തു. 

വളർന്നുവരുന്ന ഭീകരവാദവും ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തികളിൽ തുടരുന്ന സംഘർഷങ്ങളും രാജ്യ സുരക്ഷ ആശങ്കയിലാക്കുന്ന സമയത്താണ് മോഡി സർക്കാർ കോർപറേറ്റുകളെ കൂട്ടുപിടിച്ച് പ്രതിരോധരംഗത്തേക്ക് കടന്നുകയറുന്നത്. റഫാൽ യുദ്ധവിമാന കരാറിലെ അഴിമതി മുതൽ ഡിആർഡിഒ അടക്കമുള്ള പ്രതിരോധ സ്ഥാപനങ്ങളുടെ വിഭജനത്തിനും വഴിയൊരുക്കി കോർപറേറ്റുകൾക്ക് വിൽക്കുന്ന സാഹചര്യം വരെ എത്തി നിൽക്കുന്ന പ്രശ്നങ്ങൾ പ്രമേയത്തിലുടെയും ചർച്ചയിലുടെയും അവതരിപ്പിച്ച ശേഷമാണ് സമ്മേളന നഗറിൽ നിന്നും പ്രതിനിധികൾ മടങ്ങിയത്. രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയായി മാറുന്ന നിരവധി പ്രതിരോധ കരാറുകൾ കോർപറേറ്റ് സംരംഭകരുമായി ഒപ്പിട്ട് കഴിഞ്ഞു. തദ്ദേശീയ സാങ്കേതിക വിദ്യയുടെ കൈമാറ്റവും ആയുധ കച്ചവടവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂന്നിയ ആയുധങ്ങൾ ശത്രുരാജ്യത്തിന്റെ പക്കലെത്തിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാവും. അതിന് തടയിടാനുള്ള നീക്കങ്ങൾ തടയുന്നതിനുള്ള സമരത്തിലാണ് ഓൾഇന്ത്യ ഡിഫൻസ് എംപ്ലോയിസ് ഫെഡറേഷൻ.
രാജ്യത്തിന്റെ സമ്പത്ത് വർധിപ്പിക്കാനായി പ്രതിരോധ മേഖലയെ പോലും കരുവാക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ അസ്വസ്ഥരാക്കുകയാണ്. ആയുധവ്യാപാര കരാറുകൾ കുറച്ച് തദ്ദേശീയമായ ആയുധങ്ങൾ നിർമ്മിച്ചാൽ മാത്രമേ മേഖലയിലെ തൊഴിലാളികൾക്കും നിലനിൽപ്പുള്ളു. അത് മനസിലാക്കാതെയാണ് എല്ലാം സ്വകാര്യമേഖലക്ക് തീറെഴുതുന്നത്. 

അയൽ രാജ്യങ്ങളിൽ നിന്ന് യുദ്ധ ഭീഷണിയും തീവ്രവാദവും നേരിടുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പ്രതിരോധ മേഖലക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന ദോഷകരമായ മാറ്റങ്ങൾക്കെതിരെ 22 വർഷമായി ഇന്ദ്രപ്രസ്ഥത്തിൽ പടപൊരുതുകയാണ് മലയാളിയായ സി ശ്രീകുമാർ. ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ അദ്ദേഹം ചെന്നൈയിലാണ് താമസമാക്കിയിരിക്കുന്നത്. രാജ്യ സുരക്ഷ ഉന്നയിച്ച് സന്ധിയില്ലാ സമരം നയിക്കുന്ന ഇദ്ദേഹം, എഐടിയുസി സമ്മേളന വേദിയിലെത്തിയത് പ്രതിരോധ രംഗത്തെ പ്രശ്നങ്ങളെ തുറന്ന് കാട്ടാനായിരുന്നു.
പെഗാസസ് പോലുള്ള സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള ചാരപ്രവർത്തനങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഇതിനെ കൂട്ടുപിടിച്ച് കേന്ദ്ര ഭരണകൂടം രാജ്യത്തെ ശത്രുക്കൾക്ക് തന്നെ ഒറ്റുകൊടുക്കുകയാണെന്നും ശ്രീകുമാർ വിമർശിച്ചു. ഇപ്പോഴത്തെ പ്രശ്നങ്ങൾ അവസാനിക്കണമെങ്കിൽ പ്രതിരോധ മേഖലയിൽ വൻ അഴിച്ച് പണി അനിവാര്യമാണ്. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ പല സുപ്രധാന രേഖകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

ചാരൻമാരുടെ കണ്ണുകൾ ഇന്ത്യക്ക് ചുറ്റും കറങ്ങുമ്പോഴും നരേന്ദ്ര മോഡിക്ക് വ്യാപാരമാണ് മുഖ്യ ലക്ഷ്യം. അതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുരക്ഷാ ഭീഷണി വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: The cri­sis in the defense sec­tor is wors­en­ing; Resis­tance will strengthen

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.