
ഐഎൻടിയുസി ജനറൽ കൗൺസിലിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യോഗം ബഹിഷ്കരിച്ച് തിരിച്ചുപോയി. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെ പരിപാടിക്ക് ക്ഷണിക്കാത്തതാണ് കാരണമെന്നും വിളിച്ചറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലാണ് സതീശൻ പങ്കെടുക്കാതെ തിരികെ പോയത്. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ പരാതിയെ തുടർന്ന് ഐഎൻടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചുമട്ടുതൊഴിലാളി യൂണിയന്റെ ജില്ലാ ജനറൽ കൗൺസിലിലും എം മാധവൻ അനുസ്മരണ പരിപാടിയിലും പങ്കെടുക്കാതെയാണ് വി ഡി സതീശൻ മടങ്ങിയത്.
തുടർന്നാണ് ഐഎൻടിയുസി ജില്ലാ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും ഡിസിസി അധ്യക്ഷന് എതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയത്. ആളുകളെ കോലംകെട്ടി കൊണ്ടിരുത്തി കാണിക്കേണ്ട പരിപാടിയല്ല എം മാധവൻ അനുസ്മരണം എന്ന് സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു. കോൺഗ്രസിന്റെ പരിപാടിയിൽ ഞങ്ങളെയൊക്കെ സദസിലാണ് ഇരുത്തിയതെന്നും ടാജറ്റിനെ കുന്നത്തുള്ളി ഓർമ്മിപ്പിച്ചു. ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഓഫിസിൽ ഞങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു.
എന്നാൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ അറിയിച്ചില്ലെന്ന് പരാതി പറഞ്ഞ് ഫോൺകോൾ വന്നു. അതിന് പിന്നാലെയാണ് സതീശൻ പാതിവഴിയിൽ തിരിച്ച് പോയതെന്ന് സുന്ദരൻ കുന്നത്തുള്ളി കുറ്റപ്പെടുത്തി. ഇവിടെ ഇരിക്കുന്നത് ചുമട്ട് തൊഴിലാളികളാണ്. ഓട്ടോറിക്ഷക്കാരുടെ പരിപാടി ഓട്ടോറിക്ഷക്കാർ മാത്രമായി നടത്തുന്ന പരിപാടിയാണ്. ഇതാണ് സംഘടനാ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.