23 December 2024, Monday
KSFE Galaxy Chits Banner 2

കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാലതാമസം കാരണമായിക്കൂട

Janayugom Webdesk
January 31, 2022 4:43 am

‘വെെകി എത്തുന്ന നീതി, അതിന്റെ നിഷേധ’മാണെന്ന നിയമതത്വം ആഗോള പ്രസക്തിയുള്ള ആപ്തവാക്യമാണ്. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ പരിസ്ഥിതിയില്‍ അതിന് പ്രസക്തിയേറും. സെെനിക ശ്രേണിയില്‍പ്പെട്ട, ആയുധ സമാനമായ പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ സ്വന്തം പൗരന്മാര്‍ക്കുനേരെ മോഡി ഭരണകൂടം ദുരുപയോഗം ചെയ്തത് ജനങ്ങള്‍ക്കെതിരായ രാജ്യദ്രോഹപരമായ കുറ്റകൃത്യമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ഒരു പരിഷ്കൃത സമൂഹത്തില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഭരണകൂടം നടത്തിയ കടന്നുകയറ്റത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടത് ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും ഭരണഘടനയുടെയും രാഷ്ട്രത്തിന്റെയും നിലനില്പിന് അനിവാര്യമാണ്. അതേപ്പറ്റി ഉത്തമബോധ്യമുള്ള അത്യുന്നത ഭരണഘടനാസ്ഥാപനമാണ് സുപ്രീം കോടതി.

മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ന്യായാധിപര്‍, ഭരണഘടനാ ചുമതല വഹിക്കുന്ന ഉന്നതര്‍ തുടങ്ങിയവര്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ നിരീക്ഷണ വിധേയമായ സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് 13 ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ത്വരിതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അന്വേഷണ പുരോഗതി എട്ടാഴ്ച കഴിയുമ്പോള്‍ പരമോന്നത കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതു സംബന്ധിച്ച വിധിന്യായത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ അന്വേഷണ ചുമതലയുള്ളവര്‍ റിപ്പോര്‍ട്ട് നല്കുകയോ, കോടതിയില്‍ കേസ് ലിസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നത് ഉല്‍‌ക്കണ്ഠാജനകമാണ്. ഈ കാലതാമസം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ക്ക് നിരക്കാത്തവിധം അധികാര ദുര്‍വിനിയോഗവും രാജ്യദ്രോഹവും കെെമുതലാക്കിയ ഒരു ഭരണകൂടത്തെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുക വഴി നീതിയുടെ നിഷേധത്തിനുതന്നെ കാരണമാകുന്നു.


ഇതുകൂടി വായിക്കൂ:   നീതിന്യായ വ്യവസ്ഥയുടെ പരിമിതിയും നീതിനിഷേധവും


ആഗോളതലത്തില്‍ ശ്രദ്ധേയങ്ങളായ ഒരുകൂട്ടം മാധ്യമങ്ങളുടെ അന്വേഷണം പെഗാസസ് ചാരസോഫ്റ്റ്‌വേറിന്റെ ദുരുപയോഗം പുറത്തുകൊണ്ടുവരുന്നതിനു മുമ്പുതന്നെ ഭരണകൂട വിധ്വംസക പ്രവര്‍ത്തനത്തിന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു. അത് അപ്പാടെ നിഷേധിക്കപ്പെട്ടുവെങ്കിലും മാധ്യമകൂട്ടായ്മ പുറത്തുകൊണ്ടുവന്ന വാര്‍ത്ത ഭരണകൂടത്തെ ശരിക്കും പ്രതിക്കൂട്ടിലാക്കി. എഡിറ്റേഴ്സ് ഗില്‍ഡും പ്രമുഖ മാധ്യമപ്രവര്‍ത്തകരും അടക്കം സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ഭരണകൂടം നിഷേധം ആവര്‍ത്തിക്കുകയായിരുന്നു. വിവരങ്ങള്‍ കോടതിക്ക് കെെമാറാന്‍ വിസമ്മതിക്കുന്നതിന് ന്യായീകരണമായി അവര്‍ ദേശസുരക്ഷാ ഭീഷണി ഉയര്‍ത്തിക്കാട്ടിയത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള സുപ്രീം കോടതി ബെഞ്ചിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രകോപിപ്പിച്ചു.

ദേശസുരക്ഷയുടെ പേരില്‍ പൗരന്മാരുടെ സ്വകാര്യതയില്‍ കടന്നുകയറാനുള്ള സൗജന്യ പാസായി നിയമപിന്തുണയില്ലാത്ത ചാരവൃത്തിയെ കാണാനാവില്ലെന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. എന്നിട്ടും സുപ്രീം കോടതി പ്രഖ്യാപിച്ച അന്വേഷണ പ്രക്രിയയില്‍ കാലതാമസം ഉണ്ടാവുന്നത് അക്ഷന്തവ്യവും അസ്വസ്ഥജനകവുമാണ്. ന്യൂയോര്‍ക്ക് ടെെംസിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലോടെ പൗരപ്രമുഖര്‍ക്കും പൗരന്മാര്‍ക്കും എതിരെ ചാരവൃത്തി നടത്തിയതിനു പിന്നില്‍ രണ്ട് ജനാധിപത്യ വിരുദ്ധ ഭരണാധികാരികളുടെ അത്യുന്നത തലത്തിലുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് തുറന്നുകാട്ടുന്നത്. രാജ്യത്തിന്റെ പരമോന്നത ഭരണാധികാരം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗുരുതരമായ കുറ്റകൃത്യം രാജ്യദ്രോഹത്തില്‍ കുറഞ്ഞ ഒന്നുമല്ലെന്ന് ഇതിനോടകം വ്യക്തമാണ്. രാഷ്ട്രീയ പ്രതിയോഗികളെയും വിമര്‍ശകരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടയ്ക്കുകയും കൊല്ലാക്കൊല ചെയ്യുകയും പ്രവര്‍ത്തനശെെലിയായി വികസിപ്പിച്ചെടുത്ത ഭരണകൂടം തുടര്‍ന്നും അധികാരം കയ്യാളുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും വിനാശകരമായിരിക്കും.


ഇതുകൂടി വായിക്കൂ:   തീർപ്പുകല്പിക്കാത്ത കേസുകൾ


അധികാരത്തില്‍ തുടരാനും തെരഞ്ഞെടുപ്പ് പ്രക്രിയകളെ പരിഹാസ്യമാക്കി മാറ്റി അധികാരം ഉറപ്പിച്ചു നിര്‍ത്താനും മോഡി ഭരണകൂടത്തിനു ലഭിക്കുന്ന ഓരോ ദിവസവും, ഓരോ നിമിഷവും ജനാധിപത്യ കശാപ്പിലേക്കും ഒരു പരിഷ്കൃത രാഷ്ട്രത്തിന്റെ ധാര്‍മ്മികത്തകര്‍ച്ചയിലേക്കുമായിരിക്കും നയിക്കുക. പെഗാസസ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് പരമോന്നത നീതിപീഠം ശരിയായ ദിശയിലേക്കാണ് ചുവടുവച്ചത്. എന്നാല്‍ അന്വേഷണ പ്രക്രിയക്കുണ്ടാകുന്ന കാലതാമസം നീതിനിഷേധത്തിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും ഇടവരുത്തിക്കൂട. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരമോന്നത നീതിപീഠം അതീവ ജാഗ്രതയോടെയും ത്വരിതഗതിയിലും നീതിനിര്‍വഹണ പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.