1 March 2024, Friday

നീതിന്യായ വ്യവസ്ഥയുടെ പരിമിതിയും നീതിനിഷേധവും

Janayugom Webdesk
August 26, 2021 5:02 am

രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്തേണ്ട നീതിന്യായ സംവിധാനവും അന്വേഷണ ഏജന്‍സികളും നേരിടുന്ന മനുഷ്യശക്തി ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും ഇന്നലെ പരമോന്നത കോടതിയില്‍ പരാമര്‍ശവിധേയമായി. നിലവിലുള്ളവരും വിരമിച്ചവരുമായ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ തീര്‍പ്പാക്കാനാവാതെ വര്‍ഷങ്ങളോളം നീണ്ടുപോകുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട വ്യവഹാരം കേള്‍ക്കെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കോടതികളെപ്പറ്റിയും അന്വേഷണ ഏജന്‍സികളെപ്പറ്റിയുമുള്ള സുപ്രധാന പരാമര്‍ശം നടത്തിയത്. കോടതികളും അന്വേഷണ ഏജന്‍സികളും ഒരുപോലെ അമിതഭാരം പേറേണ്ടിവരുന്നുവെന്നാണ് സിജെഐ സൂചിപ്പിച്ചത്. അതുകൊണ്ടുതന്നെ ജനപ്രതിനിധികളടക്കം ഉള്‍പ്പെട്ട കേസുകള്‍ വര്‍ഷങ്ങളോളം കെ‍ട്ടിക്കിടക്കുന്നു. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ക്കും അവരുടെ ഉത്തരവാദിത്തം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്നില്ല. ജനപ്രതിനിധികള്‍ക്കെതിരായ ചില കേസുകള്‍ ഒരു പതിറ്റാണ്ടില്‍ ഏറെ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതായും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. ചില കേസുകളില്‍ ഹെെക്കോടതികള്‍ നടത്തിയ ഇടപെടലുകളും നല്കിയ സ്റ്റേകളുമാണ് വിചാരണയ്ക്ക് കാലതാമസം വരാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി സൊളിസിറ്റര്‍ ജനറല്‍ മുന്നോട്ടുവച്ച വാദഗതി സുപ്രീം കോടതി നിഷേധിച്ചു. രാജ്യത്തെ ഹെെക്കോടതികള്‍ ജനപ്രതിനിധികള്‍ക്ക് എതിരായ ഏഴ് കേസുകളും സുപ്രീം കോടതി ഒരു കേസും മാത്രമെ അത്തരത്തില്‍ സ്റ്റേ ചെയ്തിട്ടുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹെെക്കോടതികളില്‍ മാത്രം 455 ന്യായാധിപ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിലേക്ക് ചീഫ് ജസ്റ്റിസ് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു. കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട നിയമനിര്‍മ്മാതാക്കളുടെ വേഗത്തിലുള്ള വിചാരണയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടത്ര പ്രതിബദ്ധത ഇല്ലെന്ന വിമര്‍ശനം മുന്‍ വിചാരണവേളയില്‍ സുപ്രീം കോടതി ഉന്നയിച്ചിരുന്നു.

ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഹെെക്കോടതികളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകളില്‍ 10ന് നാല് എന്ന തോതിലാണ് ന്യായാധിപരുടെ ഒഴിവ്. തെലങ്കാന, കൊല്‍ക്കത്ത, രാജസ്ഥാന്‍, ഒഡിഷ, അലഹബാദ്, മദ്രാസ് ഹെെക്കോടതികളില്‍ പകുതിയിലധികം ന്യായാധിപ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ അലഹബാദ് ഹെെക്കോടതിയിലാണ് ഏറ്റവുമധികം ന്യായാധിപന്മാരുടെ ഒഴിവുകള്‍ ഉള്ളത്. അഞ്ച് വര്‍ഷമോ അതിലധികമോ കാലമായി തീര്‍പ്പാകാത്ത കേസുകളില്‍ ഏറെയും ഈ കോടതികളിലാണ് കെട്ടിക്കിടക്കുന്നത്. ഈ കോടതികളില്‍ അഞ്ച് വര്‍ഷത്തിലധികമായി കെട്ടിക്കിടക്കുന്ന കേസുകളുടെ ശരാശരി തോത് 40 ശതമാനത്തില്‍ അധികരിക്കുമെന്നാണ് കണക്കുകള്‍. തെലങ്കാന ഹെെക്കോടതിയില്‍ ന്യായാധിപന്മാരുടെ ഒഴിവ് 69.5 ശതമാനവും കെട്ടിക്കിടക്കുന്ന കേസുകളുടെ ശതമാനം 60നു മേലെയുമാണ്. 60 ശതമാനത്തിലേറെ ന്യായാധിപരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന കല്‍ക്കത്ത ഹെെക്കോടതിയില്‍ അഞ്ച് വര്‍ഷത്തിലേറെക്കാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ 67 ശതമാനത്തില്‍ അധികമാണ്. ന്യായാധിപരുടെയും അടിസ്ഥാന സൗകര്യത്തിന്റെയും അപര്യാപ്തതമൂലം വിചാരണ തടവുകാരുടെ എണ്ണം വന്‍തോതില്‍ കുതിച്ചുയരുന്നതായും കണക്കുകള്‍ കാണിക്കുന്നു. രണ്ടായിരാമാണ്ടില്‍ വിചാരണ തടവുകാരുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെയായിരുന്നത് 2019 ആയപ്പോഴേക്കും 3.28 ലക്ഷമായി കുതിച്ചുയര്‍ന്നു. നീതിന്യായ സംവിധാനത്തിനായി ഖജനാവില്‍ നിന്നു ചെലവഴിക്കുന്ന തുകയും ഹെെക്കോടതിയുടെ സേവനം ലഭിക്കുന്ന ജനങ്ങളുടെ എണ്ണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നീതിന്യായ വ്യവസ്ഥക്കായി ചെലവഴിക്കുന്ന ആളോഹരി വിഹിതം ഏഴു സംസ്ഥാനങ്ങളില്‍ നൂറു രൂപയില്‍ താഴെയാണ്. 58 രൂപ മാത്രം ആളോഹരി വിഹിതം ചെലവഴിക്കുന്ന പശ്ചിമബംഗാളില്‍ ഒരു ഹെെക്കോടതി ന്യായാധിപന്‍ 26 ലക്ഷം ജനങ്ങള്‍ക്കാണ് സേവനം നല്കേണ്ടിവരുന്നത്.

മേല്പറഞ്ഞ കണക്കുകള്‍ ഓരോന്നും സൂചിപ്പിക്കുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥയാണ്. നീതിന്യായ വ്യവസ്ഥ അഭിമുഖീകരിക്കുന്ന മനുഷ്യശക്തിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുരുതരമായ പരിമിതി ആത്യന്തികമായി നീതിനിഷേധമാണ്. നീതി വെെകുന്നത് നീതിനിഷേധമാണെന്ന വസ്തുതയിലേക്കാണ് ഇന്ത്യന്‍ നീതിപീഠത്തെ സംബന്ധിച്ച കണക്കുകള്‍ ഓരോന്നും വിരല്‍ചൂണ്ടുന്നത്. ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തേണ്ട സര്‍ക്കാരിന് നീതിന്യായ വ്യവസ്ഥയെയും അന്വേഷണ ഏജന്‍സികളെയും കാര്യക്ഷമമാക്കുക വഴിയെ ആ ഉത്തരവാദിത്തം നിര്‍വഹിക്കാനാവു. മാറിമാറി വരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ അക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിവരുന്നത്. അതു തിരുത്താതെ പൗരന്മാര്‍ക്ക് നീതിയും രാജ്യത്ത് നിയമവാഴ്ചയും ഉറപ്പുവരുത്താനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.