22 December 2024, Sunday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും

സുശീൽ കുട്ടി
August 5, 2023 4:30 am

മോനു മനേസർ, മമ്മൻ ഖാൻ എംഎൽഎ, ഗോസംരക്ഷണം, പശുക്കടത്ത്, ക്ഷേത്രം, മസ്ജിദ്, തോക്കുകൾ, കല്ലേറ്, തീയിടൽ, മറ്റ് അക്രമങ്ങള്‍… ഇതാണ് ഹരിയാനയില്‍ മേവാത്തിലെ നൂഹ് മേഖല. ദേശീയ തലസ്ഥാനമായ ഡൽഹിയോട് അതിർത്തി പങ്കിടുന്ന ഗുരുഗ്രാം ഈ കിരീടത്തിലെ രത്നമാണ്. ഇവിടെയാണ് 2024ലെ പൊതുതെരഞ്ഞെടുപ്പിനും ഒപ്പം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ബിജെപിയും ബജ്റംഗ്‌ദളും മുതലെടുപ്പ് തുടങ്ങിയത്. അഭൂതപൂർവമായ വർഗീയ അക്രമമാണ് നൂഹില്‍ പൊട്ടിപ്പുറപ്പെട്ടത്.
വർഗീയ കലാപത്തിന് ശേഷം, മേവാത്തിൽ ഏറ്റവുമധികം പറഞ്ഞുകേൾക്കുന്നത് മോനു മനേസറിന്റെ പേരാണ്. സ്വയം പ്രഖ്യാപിത പശുസംരക്ഷകനായ ഇയാള്‍ നൂഹിൽ ഉണ്ടായിരുന്നില്ലെങ്കിലും അക്രമത്തിന്റെ മുഖമായിരിക്കുന്നു. ഫിറോസ്‌പുർ എംഎൽഎ മമ്മൻ ഖാൻ കോൺഗ്രസ് പ്രതിനിധിയായത് ബിജെപിക്ക് കല്ലുകടിയാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയും ബജ്റംഗ്‌ദളും മോനു മനേസറിന് ശക്തമായ പിന്തുണ നൽകുന്നു. നിലവില്‍ മോനു മനേസർ ഒളിവിലാണ്. തന്റെ തോക്കുകളുടെ ശേഖരവുമായി അയാള്‍ ഒളിച്ചോടിയെന്ന് വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ളവര്‍ക്ക് പ്രയാസമാണ്. മിക്കവാറും, അയാള്‍ തന്റെ ഗ്രാമത്തിൽത്തന്നെ തോക്കുകളെ ലാളിച്ച് കഴിയുകയാവാം. രാജസ്ഥാനില്‍ രണ്ട് മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയതിന് പിന്നിൽ മോനു മനേസർ ആണെന്ന് ആരോപണമുണ്ടായിട്ടും ഇയാള്‍ക്കെതിരെ കേസെടുക്കാൻ തങ്ങൾക്ക് തെളിവുകളില്ലെന്ന് രാജസ്ഥാൻ പൊലീസ് പറയുന്നു. ഹരിയാനയിൽ നിന്ന് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ മൃതദേഹം രാജസ്ഥാനില്‍ കണ്ടെത്തുകയായിരുന്നു.


ഇതുകൂടി വായിക്കൂ:  കേന്ദ്ര ഏജൻസികൾ അഥവാ കൂട്ടിലടച്ച തത്തകൾ


മോനു മനേസർ നിയമത്തെ നേരിടണമെന്ന് മമ്മൻ ഖാനും അനുയായികളും ആഗ്രഹിക്കുന്നു. ബിജെപിക്കാകട്ടെ കുറ്റപ്പെടുത്താന്‍ എപ്പോഴും ഒരു കോൺഗ്രസ് നേതാവ് വേണംതാനും. നൂഹിലെ അക്രമം മമ്മൻ പദ്ധതിയിട്ടതാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും ആഭ്യന്തര മന്ത്രി അനിൽ വിജും ആരോപിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിരാശകളാണിതിന് പിന്നിലെന്ന് അനിൽ വിജിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നു.
യാഥാര്‍ത്ഥ്യം 2024ലെ പരാജയം മണക്കുന്ന ബിജെപിക്ക് ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നതാണെന്ന് കോൺഗ്രസ് പറയുന്നു. ഹരിയാന നിയമസഭയില്‍ മമ്മന്‍ ഖാൻ മോനു മനേസറിനെതിരെ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളാണ് നുഹിലെ അക്രമത്തിന് പിന്നിലെന്ന് ബിജെപിയും ആരോപിച്ചു. എന്നാല്‍ സോഹ്ന, ഗുരുഗ്രാം തുടങ്ങിയ ഭാഗങ്ങളിലേക്ക് ഇത് വ്യാപിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു. ചേരികളില്‍ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു. അവര്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. പാര്‍പ്പിടം നഷ്ടപ്പെട്ടവര്‍ പലായനത്തിലാണ്.


ഇതുകൂടി വായിക്കൂ: വര്‍ഗീയ ആയുധമാക്കുന്ന വസ്ത്രധാരണം


ബജ്റംഗ്‌ദളിൽ നിന്നുള്ള ഭീഷണിയാണ് പലായനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. പശ്ചിമ ബംഗാളിലെ വീടുകളിലേക്ക് മടങ്ങുകയാണെന്നും കാര്യങ്ങൾ തണുക്കുമ്പോൾ മടങ്ങിവരുമെന്നും പറയുന്നു. അവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളാണ്. മമ്മൻ ഖാൻ അവരുടെ നേതാവായിരുന്നു. 2019ൽ 57.62 ശതമാനം വോട്ടുകൾ നേടിയാണ് ഖാൻ കന്നി വിജയം നേടിയത്. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട ജുനൈദിന്റെയും നസീറിന്റെയും കൊലപാതകങ്ങളില്‍ മോനു മനേസറിനെ ശിക്ഷിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്ന് ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റോബിൻഹുഡ് ഇമേജുള്ള മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മോനു മനേസറിന്റെ ബജ്റംഗ്‌ദൾ ബന്ധങ്ങൾ അക്രമസംഭവങ്ങളുമായി ചേര്‍ത്ത് വായിക്കണം. പൊതു, സംസ്ഥാന തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്നതിനാൽ, ഹരിയാനയിലും രാജസ്ഥാനിലും പശുക്കടത്തുകാരെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ബജ്റംഗ്‌ദളിനെ അകറ്റാൻ ബിജെപിക്ക് കഴിയില്ല. നൂഹിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന്റെ പിറ്റേന്ന് ഹിസാറിലെ ഹൻസിയിൽ ഒരു മാർക്കറ്റിലെ മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഒഴിവാക്കി. കാര്യങ്ങൾ ഗുരുതരമാണ്. മറ്റൊരു ഹൈന്ദവ ഉത്സവത്തെ ചുറ്റിപ്പറ്റിയായിരിക്കാം സംഘർഷങ്ങളുടെ അടുത്തഘട്ടം. അതിനാൽ തീയതികള്‍ കരുതിയിരിക്കണം. അത് ഏതുനിമിഷവും സംഭവിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഒരിക്കലും അവസാനിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.