26 December 2024, Thursday
KSFE Galaxy Chits Banner 2

400 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അവസാനം ; ബാര്‍ബഡോസ് ഇനി പരമാധികാര റിപ്പബ്ലിക്ക്

Janayugom Webdesk
ബ്രിഡ്ജ്ടൗണ്‍
November 30, 2021 9:55 pm

നാന്നൂറ് വര്‍ഷത്തെ കൊളോണിയല്‍ ഭരണം പൂര്‍ണമായും അവസാനിപ്പിച്ച് കരീബീയന്‍ രാജ്യമായ ബാര്‍ബഡോസ്. ബ്രീട്ടിഷ് രാഞ്ജിയെ രാജ്യത്തിന്റെ സമുന്നത നേതാവെന്ന സ്ഥാനത്തുനിന്ന് നീക്കി ബ്രിട്ടിഷ് കോമണ്‍വെല്‍ത്ത് രാജ്യമായ ബാര്‍ബഡോസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന്റെ എലിസബത്ത് രാഞ്ജിക്ക് ബാര്‍ബഡോസിന് മേലുണ്ടായിരുന്ന അധികാരങ്ങള്‍ നഷ്ടപ്പെടും. ഡേം സാന്‍ഡ്ര മേസണ്‍ രാജ്യത്തെ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2018 മുതല്‍ രാജ്യത്തെ ഗവര്‍ണര്‍ ജനറലാണ് മേസണ്‍. 1966 നവംബര്‍ 30നാണ് ബാര്‍ബഡോസിനെ സ്വതന്ത്ര ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യമായി പ്രഖ്യാപിച്ചത്. 55ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് രാജ്യം ഇപ്പോള്‍ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. തലസ്ഥാനമായ ബ്രിഡ്ജ്ടൗണില്‍ വെച്ചായിരുന്നു ചടങ്ങ്. എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത്. അധികാരക്കൈമാറ്റത്തിന്റെ സൂചകമായി, ബ്രിട്ടീഷ് രാജവാഴ്ചയ്ക്ക അവസാനമായി സല്യൂട്ട് നല്‍കുകയും റോയല്‍ പതാക താഴ്ത്തുകയും റിപ്പബ്ലിക് ബാര്‍ബഡോസിന്റെ പതാക ഉയര്‍ത്തുകയും ചെയ്തു. നൂറ് കണക്കിനാളുകളാണ് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്ന നിമിഷത്തിന് സാക്ഷികളാവാന്‍ സന്നിഹിതരായത്.

ബാര്‍ബഡോസുകാരിയായ ഗായിക റിഹാനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. റിഹാനയ്ക്ക് നാഷണല്‍ ഹീറോ എന്ന പദവി നല്‍കി ആദരിക്കുന്നതായും പ്രധാനമന്ത്രി മിയ മോട്ട്‌ലെ ചടങ്ങില്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തിന് കീഴില്‍ തുടരുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ ശക്തമായ നിലപാടും ഉദാഹരണവുമായാണ് ബാര്‍ബഡോസ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകളായി ബ്രീട്ടീഷ് കൊളോണിയല്‍ ഭരണം നടത്തിവന്നിരുന്ന അടിമകച്ചവടത്തില്‍ നിന്ന് ലഭിച്ചിരുന്ന ലാഭങ്ങള്‍ക്ക് ബാര്‍ബഡോസിലെ ജനങ്ങള്‍ക്ക് രാജകുടുംബം നഷ്ടപരിഹാരം നല്‍കണമെന്ന് ഒരു വിഭാഗം സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. യുകെ, ഓസ്‌ട്രേലിയ, കാനഡ, ജമൈക്ക തുടങ്ങി 15 രാജ്യങ്ങളുടെ സമുന്നതനേതാവാണ് നിലവില്‍ എലിസബത്ത് രാജ്ഞി.

eng­lish sum­ma­ry; The end of 400 years of British rule

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.