8 November 2024, Friday
KSFE Galaxy Chits Banner 2

Related news

March 30, 2024
December 28, 2023
December 3, 2023
November 9, 2023
October 26, 2023
August 19, 2023
December 20, 2022
December 20, 2022
December 18, 2022
December 14, 2022

ഫിഫ ലോകകപ്പിന് നാളെ കിക്കോഫ്

സുരേഷ് എടപ്പാൾ
November 19, 2022 9:15 am

കത്തിന്റെ സ്പന്ദനം കാറ്റുനിറച്ച പന്തിനൊപ്പം തുടിക്കുന്ന ദിനരാത്രങ്ങൾ നാളെ തുടങ്ങുന്നു. ഇനിയുള്ള ഒരുമാസക്കാലം ചർച്ചകളിൽ നിറയുന്നത് കാൽപന്ത് വിശേഷങ്ങൾ മാത്രം. എല്ലാ വ്യത്യാസങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കുമപ്പുറത്തായി മനുഷ്യരാശിയുടെയും മാനവികതയുടേയും മഹോത്സവമാകുകയാണ് ഈ കാൽപന്ത് പൂരം. ഫിഫ ലോകകപ്പിലെ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെ ലോകം ഫുട്ബോൾ ജ്വരത്തിലമരും. 2018 ൽ റഷ്യയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഫ്രാൻസ് സ്വന്തമാക്കിയ സുവർണകപ്പിന്റെ പുതിയ അവകാശികളെ കണ്ടെത്താനുള്ള അതിശക്തമായ ബലപരീക്ഷണത്തിനാകും അറബ് നാട് സാക്ഷിയാവുക. വിവിധ മേഖലകളിലെ കടുകട്ടി മൈതാന പരീക്ഷണങ്ങളെ അതിജീവിച്ച് യോഗ്യത നേടിയ എഴു ഭൂഖണ്ഡങ്ങളിലെ 32 ടീമുകളാണ് എട്ട് ഗ്രൂപ്പുകളിലായി പോരിനെത്തുന്നത്. 

ഇദംപ്രഥമമായാണ് മധ്യേഷ്യ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നതെന്ന പ്രത്യേകയും ഖത്തർകപ്പിനുണ്ട്. കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ഖത്തർ എന്ന കൊച്ചു രാജ്യം ഈ മെഗാ ടൂർണമെന്റിന് വേദിയാകുന്നത്. ചില പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത വിമർശനങ്ങൾക്കും ആശങ്കൾക്കും മുന്നിൽ മികവിന്റെ പര്യായമായി ഈ ലോകകപ്പിനെ മാറ്റാൻ ഖത്തർ വലിയ പ്രയത്നവും മുന്നൊരുക്കവും നടത്തിയിട്ടുണ്ട്. തലസ്ഥാനമായ ദോഹനഗരത്തിൽ 55 കിലോമീറ്ററിനിടയിൽ എട്ടു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഫൈനൽ ഡിസംബർ 22 ന് ലുസൈയ്ൽ സ്റ്റേഡിയത്തിലായിരിക്കും. ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്നോളം കപ്പുയർത്തിയ ഏഴുരാജ്യങ്ങളിൽ ഇറ്റലി ഒഴിച്ചുള്ളവരെല്ലാം ഖത്തറിലുണ്ട്. ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, ഉറുഗ്വേയ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ മുൻചാമ്പ്യന്മാരെല്ലാം തന്നെ കിരീട സാധ്യതയിൽ മുന്നിലാണ്. ഈ ടീമുകൾക്കു പുറമേ ക്രോയേഷ്യ, പോർച്ചുഗൽ, നെതർലാന്റ്സ്, ഡെൻമാർക്ക്, സെനഗൽ തുടങ്ങിയ കരുത്തരും ബലപരീക്ഷണത്തിനായി എത്തുന്നു. 

മുൻകാലങ്ങളിലേതു പോലെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഇഷ്ടടീമുകളായ ബ്രസീലും അർജന്റീനയും ഇക്കുറിയും വലിയ പ്രതീക്ഷയിലാണ്.
ലോകകപ്പ് ഫുട്ബോളിനെ സ്വാഗതം ചെയ്ത് ഏറ്റവും വിപുലമായ ആഘോഷങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ഒന്ന് കേരളമാണ്. കോഴിക്കോട്ടെ പുള്ളാവൂർ പുഴയിലെ മെസ്സിയുടേയും നെയ്മറിന്റെയും റോണാൾഡോയുടേയും കട്ടൗട്ടുകളിലൂടെ കേരളത്തിന്റെ ഫുട്ബോൾ കമ്പം വൻകരകൾ താണ്ടി ഖ്യാതി നേടിക്കഴിഞ്ഞു.
നാടിന്റെ മുക്കിലും മൂലയിലും കാൽപന്താരാധകർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിശ്രമില്ലാതെ ഖത്തർ ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. എങ്ങും റാലികളും ഘോഷയാത്രകളും പ്രദർശനമത്സരങ്ങളും തകർക്കുകയാണ്. മെസ്സിയും നെയ്മറും റൊണാൾഡോയും എംബാപ്പെയും ഹാരി കെയ്നുമെല്ലാം നഗര‑ഗ്രാമ വ്യത്യാസമില്ലാതെ നിറഞ്ഞു കഴിഞ്ഞു. ഒപ്പം ഇഷ്ട ടീമുകളുടെ കൊടിതോരണങ്ങൾ കൊണ്ട് നാട് അലംങ്കൃതമായിരിക്കുന്നു. വലിയ സ്ക്രീനുകളിൽ മത്സരം കാണാനുള്ള സൗകര്യങ്ങള്‍ മിക്കയിടങ്ങളിലും ഫുട്ബോൾ ആരാധക കൂട്ടായ്മകളും ക്ലബ്ബുകളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന യുവജനക്ഷേമ ബോർഡും നിയോജക മണ്ഡലാടിസ്ഥാനത്തിൽ ബിഗ് സ്ക്രീനുകൾ ഒരുക്കാൻ സഹായം നൽകുന്നുണ്ട്. തോൽക്കാൻ മനസ്സില്ലാത്ത കരുത്തരിൽ കരുത്തര്‍ തമ്മിലുള്ള കാൽപന്ത് പോരാട്ടങ്ങൾ ആവേശത്തിന്റെ കടലിരമ്പം തീർക്കുക തന്നെ ചെയ്യും. ലോകകപ്പുമായി ബന്ധപ്പെട്ട് ജനയുഗം തയാറാക്കിയ പ്രത്യേക പതിപ്പ് ഹയ്യ ഹയ്യ ഖത്തർ ഇന്ന് പുറത്തിറങ്ങും. 

Eng­lish Summary:The FIFA World Cup kicks off tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.