
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിട്ടിയുടെ നേതൃത്വത്തില്‍ ‘നഗര ഉദ്യാന’മായി സ്മാരകം നിര്‍മ്മിക്കുന്നത്. വിഎസിന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകമെന്ന പ്രത്യേകതയും ഇതിനുണ്ട്. പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്താണ് പാർക്ക് യാഥാർത്ഥ്യമാകുന്നത്.
സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് 1.64 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഉദ്യാനത്തിന്റെ പ്രധാന ആകർഷണമായി വിഎസ് അച്യുതാനന്ദന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിക്കും.
ലഘുഭക്ഷണ കിയോസ്‌കുകള്‍, പൊതു ശൗചാലയം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, 24 മണിക്കൂര്‍ സുരക്ഷാ സംവിധാനം എന്നിവ ഇവിടെയുണ്ടാകും. കൂടാതെ വയോജന സൗഹൃദ നടപ്പാതകള്‍, കുട്ടികള്‍ക്കുള്ള കളിയിടം, ഒരു ജിംനേഷ്യം, പുല്‍ത്തകിടിയില്‍ വിശ്രമിക്കാനുള്ള സൗകര്യം, ജലധാര, ആമ്പല്‍ തടാകം എന്നിവ പാര്‍ക്കിന് അഴകേകും. പാർക്കിന്റെ നിർമ്മാണോദ്ഘാടനം 22ന് രാവിലെ 11 മണിക്ക് പാളയത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് ട്രിഡ ചെയർമാൻ കെ സി വിക്രമൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.