29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 13, 2025
January 31, 2025
November 29, 2024
November 26, 2024
November 22, 2024
October 23, 2024
October 5, 2024
September 20, 2024
July 9, 2024

കടലിനും കരിമണലിനും പിന്നാലെ കാടും സ്വകാര്യമേഖലയ്ക്ക്

Janayugom Webdesk
June 18, 2022 8:54 pm

വനത്തിനുള്ളിൽ ധാതു ഖനനത്തിന് സ്വകാര്യ കുത്തകകൾക്ക് അനുമതി നൽകാൻ, ഇതു സംബന്ധിച്ച് നിലവിലുള്ള നിയമം തിരുത്താനുള്ള തീരുമാനവുമായി കേന്ദ്രം. കാലങ്ങളായി ഖനനരംഗത്ത് ആധിപത്യമുറപ്പിച്ച ബഹുരാഷ്ട്ര കുത്തകകളുടെ സമ്മർദ്ദമാണ് തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

കാടിനുള്ളിലെ ഖനനത്തിന് അപേക്ഷയുമായി സമീപിക്കുന്നവർ ഇതുവരെ അനുഭവിച്ചു പോന്ന കാലവിളംബം എന്ന തടസം അപ്പാടെ മാറ്റി, കാര്യങ്ങൾ എളുപ്പവുമാക്കുന്ന വിധത്തിലാണ് നിയമ ഭേദഗതി. സംസ്ഥാന സർക്കാരുകൾ സമ്മതം മൂളിയാൽ മാത്രം മതി, മേലിൽ ആർക്കും നിഷ്പ്രയാസം കാട് കൊള്ളയടിക്കാം. ഒറീസ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോൾത്തന്നെ തീർത്തും നിയമ വിരുദ്ധമായി അത്യന്തം ആപത്കരമായ ഈ ഏർപ്പാടുകൾ യാതൊരു തടസ്സവുമില്ലാതെ വ്യാപകമായി നടക്കുന്നുണ്ട്.

വനത്തിൽ ഖനനത്തിനും മറ്റുമായി വ്യക്തികളോ സ്ഥാപനങ്ങളോ സർക്കാരുകളെ സമീപിച്ചാൽ അതതിടത്തെ വന-വന്യജീവി സംരക്ഷണ ബോർഡ് അവ പരിശോധിച്ച് ദേശീയ സമിതിക്കു വിടുകയാണ് പതിവ്. അവസാന അനുമതി ഡൽഹിയിൽ നിന്നു വരണം. അതിനായി നീണ്ട കാത്തിരിപ്പും വേണ്ടി വരും. മേലിൽ അങ്ങനെയൊരു വൈതരണിയില്ല എന്നതാണ് കാട് നോട്ടമിട്ടിരിക്കുന്നവർക്ക് കേന്ദ്ര ഭേദഗതിയിലൂടെ ലഭിക്കുന്ന ഗുണം.

സംസ്ഥാനങ്ങൾക്കു തന്നെ ഖനനത്തിനുള്ള അപേക്ഷ സ്വീകരിച്ച് പ്രശ്നമവസാനിപ്പിക്കാം. ഇപ്പോൾത്തന്നെ, ഈ വിഷയത്തിൽ ഭീമൻ കോർപ്പറേറ്റ് കമ്പനികളെ മാലയിട്ടു വരവേറ്റു കഴിഞ്ഞ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻ ചാകരയാണ് ഇതുവഴി കയ്യിൽ വരുന്നത്.

ധാതു ഖനനത്തിനുള്ള അനുമതിപത്രം മുഖേന ഹെക്ടർ കണക്കിനു വനം സ്വകാര്യ കുത്തകകളുടെ കൈവശമെത്തുകയും, ആന കരിമ്പിൻ തോട്ടത്തിൽ കയറിയതുപോലെ കാട് തുരക്കാൻ തുടങ്ങുകയും ചെയ്താൽ വൈവിധ്യമുള്ള ഭൂപ്രകൃതിയും ജലസ്രോതസുകളും ജൈവസമ്പത്തും ഒക്കെ നശിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആദിവാസി സമൂഹങ്ങൾ വാസസ്ഥലങ്ങളുപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരാവും.

ഖനന മേഖലയിൽ ആധിപത്യമുറപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര കുത്തകയായ വേദാന്ത ഗ്രൂപ്പ് ഒറീസ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാടുകളിൽ നടത്തുന്ന ഖനനക്കൊള്ള ആഗോള തലത്തിൽത്തന്നെ വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വക നൽകിയിരിക്കുന്ന സാഹചര്യത്തിലാണ്, അവരുടെ വഴി സുഗമമാക്കുന്ന തരത്തിലുള്ള കേന്ദ്ര ഇടപെടൽ.

വേദാന്ത ഗ്രൂപ്പിന്റെ വനനശീകരണം ലോക ശ്രദ്ധയിൽപ്പെട്ടതോടെ നോർവീജിയൻ ഗവണ്മെന്റ് രണ്ടു വർഷം മുമ്പ് വേദാന്തയെ കരിമ്പട്ടികയിൽപ്പെടുത്തുകപോലുമുണ്ടായി. കാട്ടിൽ ഖനനത്തിനുള്ള കേന്ദ്രാനുമതി വൈകുമെന്നതിനാൽ കാലതാമസം മറികടക്കാൻ മഞ്ഞൾകൃഷിക്കെന്ന പേരിലായിരുന്നു വനങ്ങൾ കയ്യടക്കിയിരുന്നത്. വൻമലകൾ തുരന്നു പോലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാടുകളിൽ ഖനനം നടക്കുന്നതായാണ് വിവരം.

കടലോരങ്ങളിൽ കരിമണൽ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുകൂലമായി പാട്ടവ്യസ്ഥകളിൽ മാറ്റം വരുത്താനുള്ള നിയമ നടപടികൾ ത്വരിതപ്പെടുത്തുന്നതിനു പിന്നാലെയാണ് കാടും പതിച്ചു കൊടുക്കാനുള്ള കേന്ദ നീക്കം. ആണവ ധാതുക്കളുടെ ഖനനത്തിന് സർക്കാർ സ്ഥാപനങ്ങൾക്കു മാത്രമേ അനുമതിയുള്ളൂ എന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റം വരും. ഇവിടെയും സംസ്ഥാനങ്ങൾക്ക് നിലവിലുണ്ടായിരുന്ന അവകാശവും അധികാരവും കുറയും. ഇതോടെ, ഈ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ പിന്തള്ളപ്പെടുകയും ചെയ്യും.

Eng­lish summary;the for­est also goes to the pri­vate sector

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.