22 December 2024, Sunday
KSFE Galaxy Chits Banner 2

കിരാത നിയമം മരവിപ്പിച്ചത് സ്വാഗതാര്‍ഹം

Janayugom Webdesk
May 12, 2022 5:00 am

രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവാദ 124 എ വകുപ്പിന്റെ ഭാവിയെ സംബന്ധിച്ച് യൂണിയൻ ഗവൺമെന്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പുനഃപരിശോധിക്കുംവരെ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നരേന്ദ്രമോഡി സർക്കാരിന്, പ്രതീക്ഷിക്കപ്പെട്ടതെങ്കിലും, കനത്ത രാഷ്ട്രീയ- ധാർമ്മിക ആഘാതമാണ്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് അവരുടെ നിക്ഷിപ്തതാല്പര്യ സംരക്ഷണാർത്ഥവും കോളനിവിരുദ്ധ സ്വാതന്ത്ര്യ സമരത്തെ തകർക്കാനുമായി രൂപം നല്കിയതാണ് ഈ നിയമം. 1862ൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെട്ടിരുന്നില്ല. പിന്നീട് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം ശക്തിപ്പെട്ട മുറയ്ക്കാണ് 1870ൽ രാജ്യദ്രോഹക്കുറ്റം ഐപിസിയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. 1898ൽ അത് പൂർണ അടിച്ചമർത്തൽ നിയമമായി രൂപാന്തരം പ്രാപിച്ചു. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ തുടങ്ങിയ സമുന്നത ദേശീയ സ്വാതന്ത്ര്യസമര നായകരെ തുറുങ്കിലടയ്ക്കാൻ കോളനി മേധാവികൾ ഈ നിയമമാണ് ഉപയോഗിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് കൊല്ലങ്ങൾ പിന്നിടുമ്പോഴും ഇന്നത്തെ ഭരണാധികാരികൾ യാതൊരു മനഃസാക്ഷിക്കുത്തുംകൂടാതെ അതേനിയമം സ്വന്തം ജനതയ്ക്കെതിരെ നിർബാധം ഉപയോഗിക്കുന്നു. കാലഹരണപ്പെട്ട ഈ നിയമത്തിന്റെ ദുരുപയോഗവും പരമോന്നതകോടതിയിൽ അതിന് അവർ നിരത്താൻ ശ്രമിച്ച സമസ്ത ന്യായീകരണവും അവരുടെ ലക്ഷ്യം വ്യക്തമാക്കുന്നു. അത് വിമർശനങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ഭരണകൂടത്തിന്റെ വജ്രായുധമാണ്.


ഇതുകൂടി വായിക്കൂ: രാജ്യദ്രോഹക്കുറ്റം പുനർനിർവചിക്കണം


കാലഹരണപ്പെട്ട രാജ്യദ്രോഹക്കുറ്റം റദ്ദാക്കുന്നതിനെപ്പറ്റി സുപ്രീം കോടതിയിൽ വിചിത്രവും പരസ്പരവിരുദ്ധവുമായ വാദഗതികളാണ് യൂണിയൻ ഗവണ്മെന്റ് ഉടനീളം അവലംബിച്ചത്. രാജ്യസുരക്ഷയുടെ പേരിൽ ഈ കിരാതനിയമം റദ്ദാക്കുന്നതിനെ തുടക്കത്തിൽ എതിർത്തവർ കൊളോണിയൽ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങൾ കൂട്ടത്തോടെ റദ്ദാക്കാൻ മോഡിഭരണകൂടം നടത്തുന്ന ശ്രമങ്ങളെ പ്രകീർത്തിക്കുകയും അക്കാര്യത്തിലുള്ള പ്രധാനമന്ത്രിയുടെ ‘കാഴ്ചപ്പാടിനെ’ ഉയർത്തിക്കാട്ടുകയുമുണ്ടായി. ഒരു ജനാധിപത്യ രാഷ്ട്രം എന്നനിലയിൽ നിയമനിർമ്മാണം പാർലമെന്റിന്റെയും നിയമസഭകളുടെയും മാത്രം നിക്ഷിപ്ത ഉത്തരവാദിത്തം ആണെന്നുള്ള വസ്തുതപോലും വിസ്മരിച്ചുകൊണ്ടുള്ള വ്യക്തിപൂജാ മനോഭാവമാണ് സർക്കാർ അഭിഭാഷകർ കോടതിയിൽ കാഴ്ചവച്ചത്. മാറിമാറി അധികാരത്തിൽവന്ന ഇന്ത്യൻ ഭരണാധികാരികൾക്ക് ജനാധിപത്യത്തോടും ജനാധിപത്യ പ്രക്രിയകളോടും സ്ഥാപനങ്ങളോടുമുള്ള സമീപനത്തെക്കൂടിയാണ് അത് തുറന്നുകാട്ടുന്നത്. രാജ്യദ്രോഹക്കുറ്റത്തിനെതിരെ പാർലമെന്റടക്കം ജനാധിപത്യവേദികളിൽ ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും ഉന്നയിച്ചുപോന്ന വിമർശനങ്ങളും നിയമനിർമ്മാണ ശ്രമങ്ങളും നിരന്തരം അവഗണിക്കപ്പെട്ടതാണ് അവസാന ആശ്രയം നീതിപീഠം എന്നതിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയത്. 2011ൽ ഇപ്പോഴത്തെ സിപിഐ ജനറൽസെക്രട്ടറി ഡി രാജ രാജ്യസഭയിലും 2015ൽ കോൺഗ്രസ് എംപി ശശി തരൂർ ലോക്‌സഭയിലും കൊണ്ടുവന്ന സ്വകാര്യ ബില്ലുകൾ ഐപിസി 124 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. കോൺഗ്രസും ബിജെപിയും അക്കാര്യത്തിൽ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ മാത്രമാണെന്ന് ആ ബില്ലുകളുടെ ഗതി തുറന്നുകാട്ടുന്നു.


ഇതുകൂടി വായിക്കൂ: ജനാധിപത്യ വൈറസുകളും കോടതികളുടെ പ്രതിരോധവും


രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ശിക്ഷാനിയമത്തിലെ വകുപ്പ് മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനോടുള്ള കേന്ദ്ര നിയമ, നീതിന്യായ വകുപ്പുമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള മോഡിഭരണകൂടത്തിന്റെയും സംഘ്പരിവാറിന്റെയും സമീപനത്തെ തുറന്നുകാട്ടുന്നു. രാജ്യത്തെ ഭരണഘടനയടക്കം നിയമങ്ങളെ വ്യാഖ്യാനിക്കാനും നിർവചിക്കാനും ഭരണഘടനാപരമായി അധികാരവും ചുമതലയുമുള്ള സുപ്രീം കോടതിയെ ‘ലക്ഷ്മണരേഖ’യെപ്പറ്റി അനുസ്മരിപ്പിക്കാനാണ് അദ്ദേഹം മുതിർന്നത്. രാജ്യദ്രോഹക്കുറ്റം, നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം തുടങ്ങിയ കിരാതനിയമങ്ങൾ കൂടാതെ വിമർശനങ്ങളെയും വിയോജിപ്പുകളെയും പ്രതിരോധങ്ങളെയും ജനാധിപത്യപരമായി അഭിമുഖീകരിച്ച് അധികാരത്തിൽ തുടരാൻ ആവില്ലെന്ന അങ്കലാപ്പ് റിജിജുവിന്റെ വാക്കുകളിൽ പ്രകടമാണ്. അത് സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകരുടെ വാദങ്ങളിൽ ഉടനീളം മുഴച്ചുനിന്നിരുന്നു. രാജ്യത്തെ ആകെ ഗ്രസിച്ചിരിക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭീതിയുടെയും മൂല്യച്യുതിയുടെയും അന്തരീക്ഷത്തിലും ഭരണഘടനാ മൂല്യങ്ങൾ നിർഭയം ഉയര്‍ത്തിപ്പിടിക്കാൻ പരമോന്നത നീതിപീഠത്തിന് കഴിയുന്നു എന്നത് ആശ്വാസവും ആത്മവിശ്വസവും പകർന്നു നൽകുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.