മലയാള സിനിമയിൽ വേറിട്ട വഴികളിലൂടെ തന്റെ കർമ്മകാണ്ഡം പൂർത്തിയാക്കി അച്ചാണി രവി എന്ന കെ രവീന്ദ്രനാഥൻ നായർ വിട വാങ്ങി.
ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാതെ കലാസൃഷ്ടിയുടെ മേന്മ മാത്രം നോക്കി സിനിമയെടുക്കാൻ തയ്യാറായ നിർമ്മാതാവാണ് രവീന്ദ്രനാഥന്‍ നായര്‍ എന്ന വ്യവസായ പ്രമുഖൻ. മലയാളത്തിലെ എണ്ണം പറഞ്ഞ 15 സിനിമകൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്. പട്ടാളക്കാരുടെ ജീവിത കഥ പറഞ്ഞ പാറപ്പുറത്തിന്റെ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന നോവൽ വായിച്ചപ്പോൾ അത് സിനിമയാക്കണമെന്ന് കലാഹൃദയമുള്ള അദ്ദേഹത്തിന് തോന്നി. പറ്റിയ ഒരു സംവിധായകനെ തേടിയായിരുന്നു പിന്നത്തെ യാത്ര. പി ഭാസ്കരന്‍ നിറഞ്ഞ മനസോടെ അത് സമ്മതിച്ചു. ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമ ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ അങ്ങനെയാണ് പുറത്തു വരുന്നത്. തുടർന്ന് ‘ലക്ഷപ്രഭു’, ‘കാട്ടുകുരങ്ങ്’ എന്നിവയും പുറത്തു വന്നു. എല്ലാം സാമ്പത്തികമായും വിജയിച്ച സിനിമകളായിരുന്നു. ഭാസ്കരൻ മാസ്റ്ററെ കൊണ്ട് തുടർച്ചയായി മൂന്നു സിനിമകൾ സംവിധാനം ചെയ്യിച്ചു. എന്നാല്‍ വന്‍ഹിറ്റായി മാറിയ ‘അച്ചാണി’ വിൻസന്റിനെ കൊണ്ടായിരുന്നു സംവിധാനം ചെയ്യിച്ചത്. തന്റെ റോൾ മോഡലായിരുന്ന മൂത്ത സഹോദരന്റെ മരണം സൃഷ്ടിച്ച ആഘാതമാണ് അങ്ങനെയൊരു സിനിമ എടുക്കാൻ പ്രേരണയായത്. തമിഴ്‌നാട്ടിൽ അച്ചാണി എന്ന പേരിൽ ഒരു നാടകമിറങ്ങി. ചേട്ടന്റെ ത്യാഗത്തിന്റെ കഥയായിരുന്നു അതിലെ ഇതിവൃത്തം. അതിഷ്ടപ്പെട്ടപ്പോൾ സിനിമയാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അച്ചാണി ഇറങ്ങിയത്. അത് സാമ്പത്തികമായി വളരെ വിജയിച്ച ചിത്രമായിരുന്നു. വലിയ വിജയം നേടിയ ഒരു സിനിമയുടെ നിർമ്മാതാവ് തീർച്ചയായും കൂടുതൽ കളക്ഷൻ കിട്ടുന്ന സിനിമയെ പറ്റിയാകും സ്വാഭാവികമായും ചിന്തിക്കുക. എന്നാൽ രവി മുതലാളി ചിന്തിച്ചത് മറ്റൊരു വഴിക്കാണ്. കൂട്ടത്തിൽ പറയട്ടെ ‘അച്ചാണി‘യിൽ നിന്നു ലഭിച്ച ലാഭം മുഴുവൻ വിനിയോഗിച്ചത് കൊല്ലത്ത് പബ്ലിക് ലൈബ്രറി സ്ഥാപിക്കാനായിരുന്നു. അതുവരെ മുഖ്യധാരാ സിനിമകളുടെ നിർമ്മാതാവായിരുന്ന അദ്ദേഹം നവസിനിമയുടെ അമരക്കാരനായതിനു നിമിത്തമായത് പട്ടത്തുവിള കരുണാകരനാണ്. അരവിന്ദന്റെ ആദ്യ സിനിമയായ ‘ഉത്തരായനം’ നിർമ്മിച്ചത് പട്ടത്തുവിളയാണ്. അതിന് വിതരണക്കാരെ കിട്ടാതെ വിഷമിച്ചപ്പോൾ അദ്ദേഹം രവീന്ദ്രനാഥൻ നായരെ സമീപിച്ചു. അതുവരെ സ്വന്തം ചിത്രം മാത്രം വിതരണം ചെയ്ത രവി ‘ഉത്തരായന’ത്തിന്റെ വിതരണം സന്തോഷത്തോടെ ഏറ്റെടുത്തു. പണം മുടക്കാൻ ആളില്ലാത്തതു കൊണ്ടാണ് നല്ല സിനിമ ഉണ്ടാകാത്തതെന്ന് ആയിടയ്ക്ക് അരവിന്ദൻ പത്ര സമ്മേളനത്തിൽ പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടപ്പോൾ രവി അദ്ദേഹവുമായി ബന്ധപ്പെട്ടു. കാഞ്ചനസീതയുടെ പിറവി ഈ പശ്ചാത്തലത്തിലാണ്. സി എൻ ശ്രീകണ്ഠൻ നായരുടെ ‘കാഞ്ചനസീത’ നാടകം സിനിമയാക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. അരവിന്ദന്റെ പേരു പറഞ്ഞത് സിഎന്‍ ആണ്.
അരവിന്ദന്റെ നടപടികളിൽ പലരും അഭിപ്രായവ്യത്യാസം പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചെവിക്കൊണ്ടില്ല. നടീനടന്മാരെല്ലാം ആന്ധ്രയിലെ ഗോത്രവർഗക്കാരായിരുന്നു. കലാമൂല്യമുള്ള സിനിമ പ്രദര്‍ശിപ്പിക്കുന്ന നൂണ്‍ഷോ സംസ്കാരം മലയാളത്തിലുണ്ടായതും ഈ ചിത്രത്തോടുകൂടിയാണെന്നുള്ളതും ചരിത്രം. പിന്നീട് ജനറല്‍ പിക്ചേഴ്സിന്റെ ബാനറില്‍ അരവിന്ദന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയാണുണ്ടായത്. ‘തമ്പ്’ (1978), ‘കുമ്മാട്ടി’ (1979), ‘എസ്തപ്പാന്‍’ (1980), ‘പോക്കുവെയില്‍’ (1981) എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ മലയാള സിനിമയില്‍ നവതരംഗം സൃഷ്ടിക്കപ്പെട്ടു. ഈ ചത്രങ്ങളെല്ലാം സാര്‍വദേശീയ തലങ്ങളില്‍ അംഗീകാരം നേടി.
അടൂര്‍ ഗോപാലകൃഷ്ണന്‍ ‘കൊടിയേറ്റം’ കഴിഞ്ഞ് സിനിമയില്ലാതെ നില്‍ക്കുന്ന സമയത്ത് അടുത്ത സിനിമയെടുക്കാന്‍ വൈകുന്നതെന്തേ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ‘ഒരു പ്രൊഡ്യൂസറെ കിട്ടിയില്ലെ‘ന്നായിരുന്നു മറുപടി. അതറിഞ്ഞ രവി എന്നാല്‍ നമുക്കൊരു സിനിമയെടുക്കാം എന്ന് അങ്ങോട്ട് പറയുകയായിരുന്നു. ‘അന്തസും ഭംഗിയും ചേര്‍ന്ന അര്‍ത്ഥവത്തായ കൂട്ടുകെട്ട്’ എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതിനെ വിശേഷിപ്പിച്ചത്. ‘രവി എന്ന നിര്‍മ്മാതാവ്’ എന്ന ശീര്‍ഷകത്തില്‍ അടൂര്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അടൂര്‍-രവി കൂട്ടുകെട്ടില്‍ മുഖാമുഖം, അനന്തരം, വിധേയന്‍ എന്നീ ചിത്രങ്ങളാണ് പിറവിയെടുത്തത്. നിരവധി സംസ്ഥാന‑ദേശീയ അവാര്‍ഡുകളും ഇവയ്ക്ക് ലഭിച്ചു. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്ത് ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. എംടിയുമായി ചേര്‍ന്ന് ‘മഞ്ഞ്’ (1982), മഞ്ഞിന്റെ ഹിന്ദി രൂപാന്തരമായ ‘ശരത് സന്ധ്യ’ എന്നിവയും പുറത്തിറങ്ങി.
കൊല്ലത്തെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം താങ്ങും തണലുമായിരുന്നു. കൊല്ലം പബ്ലിക് ലൈബ്രറി, ജവഹര്‍ ബാലഭവനുമൊക്കെ ഉദാരമതിയായ ആ വ്യവസായ പ്രമുഖന്റെ സംഭാവനയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കലാകേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.