
67-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മറ്റു ജില്ലകളെ ബഹുദൂരം പിന്നിലാക്കി ആതിഥേയരുടെ മുന്നേറ്റം തുടരുന്നു. 107 സ്വര്‍ണവും 80 വെള്ളിയും 109 വെങ്കലവും ഉള്‍പ്പെടെ 941 പോയിന്റുമായാണ് തലസ്ഥാനത്തിന്റെ കുതിപ്പ്. ഗെയിംസില്‍ 71 സ്വര്‍ണവും, 46 വെള്ളിയും, 81 വെങ്കലവും ഉള്‍പ്പെടെ 620 പോയിന്റാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. അക്വാട്ടിക്സില്‍ 36 സ്വര്‍ണവും, 33 വെള്ളിയും 26 വെങ്കലവും ഉള്‍പ്പെടെ 316 പോയിന്റും നേടി.
പോയിന്റ് പട്ടികയില്‍ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 48 സ്വര്‍ണവും 24 വെള്ളിയും 56 വെങ്കലവും ഉള്‍പ്പെടെ 441 പോയിന്റാണ് തൃശൂരിന് നേടാനായത്. 39 സ്വര്‍ണവും 49 വെള്ളിയും 56 വെങ്കലവും ഉള്‍പ്പെടെ 426 പോയിന്റുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്തുള്ളത്. 405 പോയിന്റുമായി കോഴിക്കോടും, 396 പോയിന്റുമായി പാലക്കാടും തൊട്ടുപിന്നിലുണ്ട്.
ഗെയിംസില്‍ 620 പോയിന്റോടെ തിരുവനന്തപുരമാണ് ഒന്നാമത്. 423 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 388 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തും ഉണ്ട്. അതേസമയം, അത്‌ലറ്റിക്സില്‍ പാലക്കാടന്‍ തേരോട്ടമാണ്. അഞ്ച് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 38 പോയിന്റാണ് പാലക്കാട് നേടിയത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ 13 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 10 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുണ്ട്.
അക്വാട്ടിക്സില്‍ 36 സ്വര്‍ണവും 33 വെള്ളിയും 26 വെങ്കലവും ഉള്‍പ്പെടെ 316 പോയിന്റുമായി തിരുവനന്തപുരമാണ് ഒന്നാമത്. ഏഴ് സ്വര്‍ണവും 10 വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 82 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ 64 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.
അത്‌ലറ്റിക്സിലെ ആദ്യദിനമായ ഇന്നലെ രണ്ട് മീറ്റ് റെക്കോഡുകളാണ് പിറന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായ അതുൽ ടി എം മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി, സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ ഇടുക്കി കാല്‍വരി മൗണ്ട് സിഎച്ച്സിലെ ദേവപ്രിയ ഷൈബുവും സ്വര്‍ണം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ജെ നിവേദ് കൃഷ്ണ ജേതാവായി. 10.79 സെക്കൻഡിലായിരുന്നു നിവേദിന്റെ നേട്ടം. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം തിരുനാവായയിലെ നാവാമുകുന്ദ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആദിത്യ അജി സ്വര്‍ണം നേടി. 12.11 സെക്കൻഡിലായിരുന്നു ആദിത്യയുടെ സ്വര്‍ണനേട്ടം. കാലാവസ്ഥ പ്രതികൂലമാണെങ്കിലും മത്സരങ്ങള്‍ തടസമില്ലാതെ മുന്നേറുകയാണ്. 28ന് മേള സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.