23 December 2024, Monday
KSFE Galaxy Chits Banner 2

വെറുപ്പിന്റെ പ്രത്യയശാസ്ത്രം

Janayugom Webdesk
June 12, 2022 5:00 am

മതതീവ്രവാദം മതമൗലികവാദത്തിൽ നിന്ന് അധികം അകലെയല്ല. വിശദീകരണം ആവശ്യമില്ലാത്ത ഈ സമസ്യക്ക് പ്രായോഗിക ദൂരപരിധി കണ്ടെത്താനുമാകില്ല. മതതീവ്രവാദം മുതൽ സാമുദായിക വിദ്വേഷത്തിന്റെ പരിധി പിന്നിടാൻ സമയം വേണ്ടതുമില്ല. മതമൗലികവാദത്തിന്റെ എല്ലാ പ്രകടനങ്ങൾക്കും പിന്നിൽ വംശീയ അഭിമാനത്തെക്കുറിച്ചുള്ള ചിന്തകൾ വന്യവും പ്രാകൃതവുമായ രീതിയിൽ ഉൾക്കൊള്ളുന്നു. സ്വദേശത്തും വിദേശത്തും രാഷ്ട്രീയ ചുഴലിക്ക് വഴിതെളിച്ച തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ പങ്ക് മറയ്ക്കാൻ ആർഎസ്എസ്-ബിജെപി നേതൃത്വം ഇപ്പോൾ കഠിനമായി ശ്രമിക്കുകയാണ്. സർക്കാരിലെയും ഭരണകക്ഷിയിലെയും നേതാക്കൾ പാർട്ടിയിലെ ചിലർക്ക് സംഭവിച്ച ഒരു നാക്കുപിഴയായി ചിത്രീകരിച്ച് മുഖംരക്ഷിക്കാൻ ആഗ്രഹിക്കുന്നു. അവർക്കെതിരെ അതിവേഗം സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടുന്നു. പക്ഷെ ‘കർക്കശവും കഠിനവുമായ’ നടപടിക്കു ശേഷവും അവർ തങ്ങളുടെ അപലപനീയമായ നിലപാടുകളെ ന്യായീകരിക്കുന്നത് തുടരുകയുമാണ്. സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘ്പരിവാർ കൂട്ടം അവരെ മാതൃകകളായി കൊണ്ടാടുന്നു. വാദത്തിന് വേണ്ടി, അവരുടെ നിലപാടുകൾക്കൊപ്പം ചിന്തിച്ചാൽ പോലും നിർണായകമായ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. നിരുത്തരവാദപരവും നിന്ദ്യവുമായ പ്രസ്താവനകൾ നടത്താനുള്ള ധൈര്യം അവർക്ക് എവിടെ നിന്ന് ലഭിച്ചു. ഇതിനുള്ള മുന്നൊരുക്കങ്ങൾ അവർ എവിടെ നിന്നാണ് സ്വീകരിക്കുന്നത്. അച്ചടക്കനടപടിക്കു ശേഷവും എങ്ങനെയാണ് വലിയ പിന്തുണ നേടാൻ ഇവർക്ക് കഴിയുന്നത്. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സകല യാഥാർത്ഥ്യവും വെളിപ്പെടുത്തും. നൂപുർ ശർമയും നവീൻ ജിൻഡാലും അപവാദങ്ങളല്ല, ആധികാരികമായി വിധിക്കുന്നവരാണെന്ന് പറയും. ബിജെപിയിലെ “ക്ഷുദ്ര കുറ്റിക്കൂട്ടം” നിർമ്മിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യൻ ഭരണകൂടവും വിദേശ ദൗത്യസംഘങ്ങളും കഠിനമായി പരിശ്രമിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള മഹത്തായ ഒരു രാജ്യത്തിന്റെ ഭരണം സങ്കുചിതമായ ധാരണയേക്കാൾ ഏറെ ഉയർന്ന കടമയാണെന്ന് ഇപ്പോൾ ഭരണകക്ഷി മനസിലാക്കിയിരിക്കാം. എന്നാല്‍ ഭരണകൂടത്തിന്റെ സാമൂഹിക സാമ്പത്തിക നയം മൂലം രാജ്യത്തിനകത്ത് ജനങ്ങളുടെ ദുരിതങ്ങൾ പെരുകുകയാണ്. ഇതു പരിഹരിക്കുന്നതിനുപകരം, യഥാർത്ഥ ജീവിതപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി വർഗീയ സംഘർഷം ആളിക്കത്തിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിച്ചത്.


ഇതുകൂടി വായിക്കാം; തിരിച്ചടിയായി മാറുന്ന വിദ്വേഷ രാഷ്ട്രീയം


മതമൗലികവാദവും വെറുപ്പിന്റെ രാഷ്ട്രീയവുമാണ് ‘വിഭജിച്ച് ഭരിക്കാനുള്ള’ അവരുടെ ഉപാധികൾ. അവരുടെ നേതാക്കളും അണികളും വംശീയ അഭിമാനത്തിന്റെ കളരിയിൽ പയറ്റിത്തെളിഞ്ഞവരാണ്. നരേന്ദ്ര മോഡിയെയും അമിത് ഷായെയും വാർത്തെടുത്ത അതേ കളരിയുടെ ഉല്പന്നമാണ് സസ്പെൻഡ് ചെയ്യപ്പെട്ട വക്താക്കളും. ഹിറ്റ്ലറൈറ്റ് ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പായ ഹിന്ദുത്വയുടെ പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നതിനാണ് ഇവരുടെ ശ്രമം. വർത്തമാനത്തിൽ ഇത്തരം സിദ്ധാന്തത്തിനും പ്രയോഗത്തിനും ഇസ്‌ലാമോഫോബിയ ഒരു അനിവാര്യ ഘടകമാണ്. ബൗദ്ധിക സംവാദങ്ങൾ മുതൽ മാധ്യമ മുറികൾ വരെ അതിന്റെ ആവിഷ്കാരങ്ങൾ കണ്ടെത്തുന്നു. ഒടുവിൽ വർഗീയ സംഘട്ടനങ്ങളിലേക്ക് നയിച്ച് ആഗ്രഹിക്കുന്ന പൊട്ടിത്തെറിക്ക് വളമിടുകയും ചെയ്യുന്നു. രാജ്യത്തിന്റെ മതേതര അടിത്തറയിൽ വരുന്ന ആഴത്തിലുള്ള മുറിവുകളിൽ ഇവർക്ക് അശേഷം വേവലാതിയുമില്ല. വിദ്വേഷത്തിന്റെ വർഗീയ വിഷം തുപ്പുക ഏറെ എളുപ്പമാണ്. ഭൂരിപക്ഷവാദത്തിന്റെ കരുക്കൾക്കൊപ്പം, ഇസ്‌ലാമിക തീവ്രവാദവും വിവിധ ചെയ്തികൾ കൊണ്ട് അതിന്റെതായ പങ്ക് വഹിക്കുന്നു. ആര് എവിടെ നിന്നു വന്നാലും വിലകൊടുക്കുന്നത് ജനങ്ങളാണ്. രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്തും ബിജെപിയുടെ പ്രസ്താവനകളുടെ അനന്തരഫലങ്ങൾ അവർ നേരിടുന്നു. വിദേശരാജ്യങ്ങളുമായി കരുത്തുറ്റ ബന്ധം സ്ഥാപിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ വർഗീയ മതഭ്രാന്തരുടെ വാക്കും പ്രവൃത്തിയും മൂലം ഇല്ലാതാക്കുന്നു. മതപരമായ ഏത് സംഭവവും ചിന്താതീതമായ നാശനഷ്ടങ്ങളോടെ ഏത് തലത്തിലേക്കും കത്തിപ്പടർത്താനാകും. വർത്തമാന രാഷ്ട്രീയവും നയതന്ത്രവും ഇത്തരം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയണം. ഏതാനും ദിവസം മുമ്പാണ് മതകാര്യങ്ങൾക്കായുള്ള അമേരിക്കൻ ഏജൻസി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ദുർബലമായ അവസ്ഥകളിൽ അതൃപ്തി പ്രകടിപ്പിച്ചത്.


ഇതുകൂടി വായിക്കാം; മതനിരപേക്ഷ പതാകയെ ആഗോളതലത്തില്‍ അപമാനിക്കുമ്പോള്‍ 


രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവനയ്ക്കെതിരെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനും (ഒഐസി) ശക്തമായി രംഗത്തെത്തി. ജിസിസി (ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ)യിലെ പല രാജ്യങ്ങളും ഈ വിഷയത്തിൽ തങ്ങളുടെ മനഃപീഢ അറിയിക്കാൻ ഇന്ത്യൻ വിദേശദൗത്യ മേധാവികളെ വിളിച്ചുവരുത്തി. ചില രാജ്യങ്ങളിൽ വിവിധ സംഘടനകൾ ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. ഈ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണ്. വൈകാരികമായ വിഷയങ്ങളിൽ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതിന് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും അവരുടെ കൂട്ടത്തിലെ ക്ഷുദ്ര കുറ്റിക്കൂട്ടങ്ങളെ അഴിച്ചുവിടാനാകില്ല. എന്നാൽ ബിജെപി ഭരണത്തിന് കീഴിൽ കൃത്യമായ ഇടവേളകളിൽ ഇത് സംഭവിക്കുന്നു. ക്ഷുദ്ര മൂലകങ്ങളുടെ പേര് മാറാം, വിഷയങ്ങൾ വ്യത്യസ്തമാകാം. എന്നാൽ കടവായിലെ വിഷം ഒന്നുതന്നെ. വംശീയാഭിമാനത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്ര ഉറവയിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇതേ പ്രത്യയശാസ്ത്രം, ഇന്ത്യക്കാരുടെ വംശീയശുദ്ധിയെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെടാൻ സാംസ്കാരിക മന്ത്രാലയത്തോടു കല്പിച്ചിരിക്കുന്നു. ഇതേ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഉണ്മ സൃഷ്ടിക്കുന്ന മതേതര ധാരകളെ മുറിവേല്പിച്ച് ബാബരി മസ്ജിദ് തകർത്തു. വീണ്ടും ഇതേ പ്രത്യയശാസ്ത്രം രാജ്യത്തെ എല്ലാ പള്ളികളിലും വിഗ്രഹങ്ങൾ തിരയുകയാണ്. ഈ പ്രത്യയശാസ്ത്രവും ഇതു പകരുന്ന വെറുപ്പിന്റെ രാഷ്ട്രീയവും ലോകമെമ്പാടും ഇന്ത്യയുടെ പ്രതിച്ഛായ തകർത്തു. ഇതേ പ്രത്യയശാസ്ത്രമാണ് വംശീയ അഹന്തയുടെ മിഥ്യാധാരണകൾ പ്രചരിപ്പിക്കുന്നത്. വിനാശകരമായ വിദ്വേഷം പരത്തുന്ന ഈ പ്രത്യയശാസ്ത്രത്തിൽ നിന്ന് അകന്നുനിൽക്കുന്നത് കേന്ദ്ര സർക്കാരിന് ചിന്തിക്കാനാകുമോ?

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.