23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 25, 2024
August 30, 2024
April 3, 2024
April 1, 2024
January 25, 2024
January 5, 2024
January 1, 2024
November 24, 2023
November 13, 2023
October 4, 2023

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
April 19, 2022 5:59 am

2022 മാര്‍ച്ച് മധ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) വെളിവാക്കിയത് 2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയും ഉപഭോഗ നിലവാരത്തിലുണ്ടായ ഇടിവും കോവിഡ്കാല ലോക്ഡൗണ്‍ നിലവിലിരുന്നപ്പോള്‍ ശരാശരി 21 ശതമാനത്തോളം ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു എന്നാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ യുപിയിലും ബിഹാറിലും മറ്റും ഇത്തരം ജീവിതപ്രശ്നങ്ങള്‍ കലാപങ്ങള്‍ക്കുവരെ വഴിയൊരുക്കിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ കോവിഡിന്റെ മൂന്നു തരംഗങ്ങള്‍ ഒന്നിനുപുറകെ മറ്റൊന്നായി വന്നതുപോലെ തുല്യമായ ഗുരുതര സ്വഭാവത്തോടെ നിലനിന്ന പ്രശ്നമായിരുന്നു പണപ്പെരുപ്പവും വിലക്കയറ്റവും. പണത്തിന്റെ ഒഴുക്ക് സമ്പദ്‌വ്യവസ്ഥയില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ബാധ്യസ്ഥമായ ഏജന്‍സി എന്ന നിലയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പണപ്പെരുപ്പം പരിധിവിടാതിരിക്കാന്‍ മോണിറ്ററി പോളിസി കമ്പനി (എംപിസി)യുടെ ഉപദേശാനുസരണം സമയോചിതമായ ഇടപെടലുകള്‍ നടത്തി. 2022–23 ല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചില്ലെന്നു മാത്രമല്ല, ഉപഭോക്തൃ വില സൂചികയില്‍ ഇക്കാലയളവില്‍ 4.5 ശതമാനത്തിലേറെ വര്‍ധനവുണ്ടായി. മൊത്തവില സൂചികയാണെങ്കില്‍ തുടര്‍ച്ചയായി രണ്ടക്കത്തില്‍ തന്നെ തുടര്‍ന്നു. റഷ്യ‑ഉക്രെയ്‌ന്‍ ഏറ്റുമുട്ടല്‍ ഉടനടി അന്ത്യം കുറിക്കാനിടയില്ലെന്ന സാഹചര്യത്തില്‍ ആഭ്യന്തരാവശ്യങ്ങള്‍ക്കുള്ള എണ്ണയുടെ 85 ശതമാനവും വാതകത്തിന്റെ 80 ശതമാനവും ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യാന്‍ തുടര്‍ന്നും നിര്‍ബന്ധിതമായിരിക്കുന്നു എന്ന വസ്തുതയും പ്രധാനമാണ്. കയറ്റുമതി വര്‍ധന അത്ര എളുപ്പത്തില്‍ സാധ്യമല്ലെന്നിരിക്കെ, വിദേശവിനിമയ ശേഖരം വര്‍ധിക്കാതിരിക്കുകയും ലഭ്യമായ ശേഖരം അമിതമായി ആശ്രയിക്കുകയും ചെയ്യേണ്ട സ്ഥിതിവിശേഷം സാമ്പത്തിക മാനേജ്മെന്റിനെ അങ്ങേയറ്റം ദുഷ്കരമാക്കി.


ഇതുകൂടി വായിക്കൂ; പാഠമാകേണ്ട ശ്രീലങ്കയുടെ സാമ്പത്തിക ദുരിതം


ഇത്തരം സാഹചര്യങ്ങളെല്ലാം ജനതയെ മൊത്തത്തിലും ഇടത്തരം-താണ വരുമാന വിഭാഗക്കാരെയും പരമദാരിദ്ര്യത്തില്‍ അകപ്പെട്ടവരെയും തീര്‍ത്തും നിസഹായാവസ്ഥയിലാക്കുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുവാന്‍ പര്യാപ്തമായ വിധത്തിലാണ് മണ്ണെണ്ണയടക്കമുള്ള ഇന്ധനങ്ങളുടെ വിലവര്‍ധന മുറതെറ്റാതെ ഓരോ ദിവസവും നടന്നുവരുന്നത്. രണ്ടാഴ്ചയ്ക്കകം പെട്രോളിന്റെ വില ഒരു ലിറ്ററിന് 10.2 രൂപ നിരക്കിലും ഡീസലിന് 9.68 രൂപ നിരക്കിലും മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 40 രൂപയോളവും പാചകവാതകത്തിന് സിലിണ്ടര്‍ ഒന്നിന് 100 രൂപ വരെയുമാണ് വിലവര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ ലാഭക്കൊയ്ത്തു നടത്തുന്നു. ഒഎന്‍ജിസി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ അധിക വരുമാനം 23,000 കോടി രൂപയും റിലയന്‍സിന്റേത് മാത്രം 4,500 കോടി രൂപയുമാണത്രെ. വില വര്‍ധനമൂലം പൊറുതിമുട്ടിയ സാധാരണക്കാര്‍ക്കുനേരെയാണ് സഹകരണ ബാങ്കുകള്‍ അടക്കമുള്ള ബാങ്കിങ് സ്ഥാപനങ്ങള്‍ ജനവിരുദ്ധമെന്ന് ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള വിഭാഗങ്ങള്‍ വിശേഷിപ്പിച്ചത്. വീടുണ്ടാക്കാന്‍ സര്‍ഫാസി നിയമനുസരിച്ച് രണ്ടു ലക്ഷത്തില്‍ താഴെ വായ്പവാങ്ങിയവര്‍ ഭൂരിഭാഗവും കോവിഡ് ദുരന്തത്തില്‍ അകപ്പെട്ട് ആകെയുളള തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിലായി. വായ്പാതിരിച്ചടവു മുടങ്ങിയ ഇത്തരം നിര്‍ധന കുടുംബങ്ങളെ കിട്ടാക്കടത്തിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യുകയും പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ഇറക്കിവിട്ട് വഴിയാധാരമാക്കുകയും ചെയ്തു. നിര്‍മ്മാണ സാമഗ്രികളുടെ വില വാണംപോലെ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പുതിയൊരു വീട് എന്നത് ഇനി സ്വപ്നമായി അവശേഷിക്കുകയാണ്.


ഇതുകൂടി വായിക്കൂ; പാഠമാകേണ്ട ശ്രീലങ്കയുടെ സാമ്പത്തിക ദുരിതം


കേന്ദ്ര സര്‍ക്കാര്‍ ഖജനാവിലേക്കുള്ള നികുതി വരുമാനത്തിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിക്കാണുന്നത്. (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഏപ്രില്‍ 2, 2022). ജിഎസ്‌ടി വരുമാനം ഒരു സര്‍വകാല റെക്കോ‍ഡായ 1.42 ട്രില്യണ്‍ രൂപയിലെത്തി നില്ക്കുമ്പോള്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 50 ശതമാനം വര്‍ധനവോടെ 16 ട്രില്യണ്‍‍ രൂപയിലുമെത്തിയിരിക്കുന്നു. ഈ വര്‍ധനവാണെങ്കില്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്ന ആദ്യത്തെ കണക്കും പുതുക്കിയ കണക്കും കടത്തിവെട്ടുന്ന വിധത്തിലുമാണ്.

എന്തൊക്കെ ദുരന്തങ്ങള്‍ സംഭവിച്ചാലും ഒരു പോറല്‍ പോലും ഏല്ക്കാതെ അതിനെയൊക്കെ അതിജീവിക്കാന്‍ കരുത്തുള്ള ഒരു ന്യൂനപക്ഷം സമൂഹത്തില്‍ ഇന്നും ഉണ്ട്. ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന അനിവാര്യമായ ഒരു വിഭാഗമാണ് ‘റിയല്‍ എസ്റ്റേറ്റ്’ വമ്പന്മാര്‍. ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് ഇന്ത്യയില്‍ ഇപ്പോള്‍ 12 റിയല്‍ എസ്റ്റേറ്റ് ബില്യനയര്‍മാര്‍ ഉണ്ട്(‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ ഏപ്രില്‍ 7, 2022). ഇതില്‍ ഒന്നാമന്‍ ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിങ്ങാണ്. അദ്ദേഹത്തിന്റെ ആസ്തിമൂല്യം 61,220 കോടി രൂപ. രണ്ടാം സ്ഥാനത്ത് 52,970 കോടി രൂപയോടെ മാക്രോടെക് ഡെവലപ്പേഴ്സ് കുടുംബത്തിലെ മംഗള്‍ ലോധായുടെ കുടുംബ യൂണിറ്റാണ്. 2021 ല്‍ ഗ്രോണ‑ഹുറൂണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് റിച്ച് ലിസ്റ്റ് തയാറാക്കിയ ഏജന്‍സിയുടെ കണ്ടെത്തലാണിത്. കെ രഹേജാ കോര്‍പറേറ്റിന്റെ കീഴിലുള്ള ചന്ദ്രുരഹേജാ കുടുംബവും (26,290 കോടി) നാലാം സ്ഥാനത്ത് ജിതേന്ദ്രാ വിര്‍വാണി എംബസി ഓഫീസ് പാര്‍ക്ക്സും (23,620 കോടി) അഞ്ചാമത് വികാസ് ഒബറോയിയുടെ ഒബറോച്ച് റിയല്‍റ്റിയും (22,780 കോടി) ആണ്. മൊത്തം 10 റിയല്‍ എസ്റ്റേറ്റുകാരാണ് രണ്ടക്ക സംഖ്യയിലേറെ സ്വത്തുള്ളവരായുള്ളത്. അതില്‍ താഴെ കാണുന്ന വിധമാണ് സ്വത്തുടമകളായുള്ളത്- നിരഞ്ജന്‍ ഹീനനന്ദാനി (22,250 കോടി), ബസന്ത് ബന്‍സാന്‍ ആന്റ് ഫാമിലി (17,250 കോടി), രാജാബാഗ്‌മാനെ (16,730 കോടി), ജി അമരേന്ദര്‍ റെഡ്ഡി ആന്റ് ഫാമിലി (15,000 കോടി), സുഭാഷ് റണ്‍വാന്‍ ആന്റ് ഫാമിലി (11,400 കോടി). ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബില്യനയര്‍മാരുടെ ആസ്തി വര്‍ധനവില്‍ രണ്ടക്കം കഴിഞ്ഞുള്ളവരുടെ കൂട്ടത്തില്‍ 68 ശതമാനത്തോടെ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഡിഎല്‍എഫും 20 ശതമാനത്തോടെ മുംബൈ കേന്ദ്രമായുള്ള മാക്രോടെക് ഡെവലപ്പേഴ്സും 44 ശതമാനത്തോടെ മുംബൈയിലെ തന്നെ ഒബറോയ് റിയല്‍റ്റിയും 75 ശതമാനത്തോടെ ഗുരുഗ്രാം കേന്ദ്രമായ ബസന്ത് ബാന്‍ഡല്‍ കുടുംബത്തിന്റെ എം 3 എം റിയല്‍റ്റിയും ഉള്‍പ്പെടുന്നുണ്ട്.


ഇതുകൂടി വായിക്കൂ; പാഠമാകേണ്ട ശ്രീലങ്കയുടെ സാമ്പത്തിക ദുരിതം


ഹുണ്‍റുണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ കാണുന്ന ശ്രദ്ധേയമായൊരു വിവരം, പഠന കാലയളവില്‍ ഏറ്റവുമധികം നേട്ടം കൊയ്തെടുത്തവരുടെ കൂട്ടത്തില്‍ അഞ്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരായിരുന്നു എന്നതാണ്. ഇക്കൂട്ടത്തില്‍ ആദ്യത്തെ വമ്പന്മാരില്‍ ഇടം കണ്ടെത്തിയിട്ടില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തിവരുന്ന കാമ്പാ ഗ്രാന്റ് റിയല്‍ എസ്റ്റേറ്റിലെ എം അരുണ്‍ കുമാറാണ്- 191 ശതമാനം വര്‍ധനവോടെ 2,240 കോടി സ്വത്തു കൈവശമുള്ള വ്യക്തി. രണ്ടാമത് 173 ശതമാനം- 1500 കോടി വര്‍ധനവോടെ അനന്ദ് രാജ് റിയല്‍ എസ്റ്റേഴ്സിന്റെ അശോക് ജെയ്നാണുള്ളത്. മൂന്നും നാലും അഞ്ചും സ്ഥാനക്കാര്‍ കീസ്റ്റോണ്‍ റിയല്‍റ്റേഴ്സ് സഹസ്ഥാപകരായ ബോമന്‍ സ്റ്റെം ഇറാനി (154 ശതമാനം-3,130 കോടി വര്‍ധിക്കും), പേഴ്സി സൊറാബ്ജി ചൗധരി (152 ശതമാനം-1,560 കോടി വര്‍ധന) ചന്ദ്രദിനേശ് മേത്ത (152 ശതമാനം-1,560 കോടി വര്‍ധന).


ഇതുകൂടി വായിക്കൂ; പാഠമാകേണ്ട ശ്രീലങ്കയുടെ സാമ്പത്തിക ദുരിതം


മുകളില്‍ സൂചിപ്പിച്ച വിധത്തിലുള്ള നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയത് ബോംബെ ഓഹരിവിപണി റിയല്‍റ്റി സൂചികയിലുണ്ടായ 55 ശതമാനത്തോളമുള്ള കുതിച്ചുചാട്ടമായിരുന്നു. അതേ അവസരത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പിച്ചറിന്റെയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും ബിസിനസ് സൂചികയിലുണ്ടായ വര്‍ധന വെറും 22 ശതമാനത്തില്‍ ഒതുങ്ങിപ്പോവുകയായിരുന്നു. ഓഹരി വിപണികളില്‍ കുതിച്ചുചാട്ടമുണ്ടായത് റിയല്‍റ്റികള്‍ക്കു മാത്രമായിരുന്നതിനാലാണ് ഈ അന്തരം കാണാനിടയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. താണ പലിശനിരക്കുകളും സര്‍ക്കാര്‍ തലത്തിലുള്ള പ്രോത്സാഹനങ്ങളുമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതത്രെ. റിയല്‍ എസ്റ്റേറ്റ് ആസ്തിവര്‍ധന സംബന്ധമായ ദീര്‍ഘകാല പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന ഹൂരൂണ്‍ ഇന്ത്യ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും മുഖ്യ ഗവേഷകനുമായ റഹ്മാന്‍ ജുനൈദ് ആണ് ഈ നിഗമനം കണക്കുകള്‍ നിരത്തി ശരിയാണെന്ന് സ്ഥാപിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് 340 കോടി രൂപ സ്വത്തു കൈവശമുള്ള ചാന്ദക് ഗ്രൂപ്പിലെ 38 കാരനായ ആദിത്യ ചന്ദക് ആണ് ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരന്‍. ഏറ്റവും പ്രായം ചെന്ന വ്യക്തിയാണെങ്കില്‍ മുംബൈയില്‍ ഒബറോയ് ഗ്രൂപ്പിന്റെ ഉടമ 93 വയസുകാരനായ പൃഥ്വിരാജ് സിങ് ഒബ്റോയ്‌യുമാണ്. അദ്ദേഹത്തിന്റെ സ്വത്ത് 2810 കോടി രൂപയുമാണ്. ഈ പഠനത്തിന്റെ രസകരമായ മറ്റൊരു കണ്ടെത്തല്‍ 2021ലെ റിയല്‍ എസ്റ്റേറ്റ് സമ്പന്നന്മാരുടെ പട്ടികയില്‍ 73 ശതമാനവും മുംബെെ, ബംഗളുരു, ന്യൂഡല്‍ഹി എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയുമാണ്. രാജ്യത്തിന്റെ പാശ്ചാത്യ പ്രദേശ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും റിയല്‍ റോങ്സിന്റ 46 ശതമാനം പേര്‍ മാത്രമേ അതിസമ്പന്നവിഭാഗത്തില്‍ വരുന്നുള്ളു. അതേ അവസരത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ 29 ശതമാനവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഈ വിഭാഗത്തില്‍ പെടുന്നവര്‍ 25 ശതമാനവുമാണെന്നാണ് കണ്ടെത്തല്‍.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.