2024ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധി ജനാധിപത്യ‑മതേതര-ഇടതുപക്ഷ, ദേശാഭിമാന ജനവിഭാഗങ്ങള്‍ക്ക് ഏറെ ആഹ്ലാദകരമാണ്. അത്തരമൊരു സാഹചര്യത്തിലാണ് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്, ദേശീയ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ നേതൃയോഗങ്ങള്‍ ഡല്‍ഹിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനില്‍ ചേര്‍ന്നത്. പഞ്ചാബ് സംസ്ഥാന സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ബാന്ത് സിങ് ബ്രാറിന്റെ അധ്യക്ഷതയില്‍ ജൂലെെ 12 മുതല്‍ 15 വരെ ചേര്‍ന്ന യോഗങ്ങളില്‍ സാര്‍വദേശീയ- ദേശീയ സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഭാവി കടമകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പ്രാധാന്യം ജനറല്‍ സെക്രട്ടറി ഡി രാജ ഏറെ പ്രാധാന്യത്തോടെയാണ് വിശദീകരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് പ്രഹരം നല്‍കാന്‍ കഴിഞ്ഞത് രാജ്യത്തെ ജനാധിപത്യ മതേതര, ദേശാഭിമാന, ഇടതുപക്ഷ ശക്തികളുടെ വലിയ നേട്ടമായാണ് ദേശീയ കൗണ്‍സില്‍ വിലയിരുത്തിയത്. പുതുച്ചേരിയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നുള്ള അധികാരമാറ്റത്തെക്കുറിച്ച് ഏറ്റവും ശരിയായ കാഴ്ചപ്പാടാണ് ഉയര്‍ത്തിയത്. മോഡി സര്‍ക്കാരിന്റെ അപകടകരമായ നീക്കങ്ങള്‍ക്കെതിരെ മതേതര ജനാധിപത്യ ശക്തികള്‍ ഒന്നിച്ചണിനിരക്കണമെന്ന് രാജ്യത്ത് ആദ്യം ആഹ്വാനം ചെയ്തത് സിപിഐ ആയിരുന്നു. അന്ന് അതിനെ പലരും വിമര്‍ശിച്ചു. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസും വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസും രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി മതേതര-ജനാധിപത്യ വലതുപക്ഷ ശക്തികള്‍ ഒന്നിച്ചാണ് നില്‍ക്കേണ്ടതെന്ന് വീണ്ടുംവീണ്ടും അഭ്യര്‍ത്ഥിച്ചു. പിന്നീട് ഫാസിസ്റ്റ് ഭീഷണിയെ പ്രതിരോധിക്കാന്‍ ജനാധിപത്യ പാര്‍ട്ടികളും ഇടതുപക്ഷ പാര്‍ട്ടികളും ഒന്നിച്ച് അണിനിരക്കുന്നതാണ് രാജ്യം കണ്ടത്. ഇന്ത്യ സഖ്യം വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ വിശാലവേദിയായി മാറി. രാജ്യത്തെ രാഷ്ട്രീയ ദിശയില്‍ വന്ന ഗുണാത്മകമായ മാറ്റമായിരുന്നു പ്രതിപക്ഷ സഖ്യം. ഇന്ത്യ സഖ്യത്തിന് പൊതുമിനിമം പരിപാടി രൂപീകരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 സീറ്റിലധികം നേടി അധികാരത്തില്‍ വരുമെന്നാണ് നരേന്ദ്ര മോഡിയും ബിജെപിയും അവകാശപ്പെട്ടത്. 400ലേറെ സീറ്റ് ലഭിച്ചാല്‍ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്ത് ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കും എന്ന വാഗ്ദാനം നല്‍കാനും മടിച്ചില്ല. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 63 സീറ്റുകള്‍ ബിജെപിക്ക് കുറഞ്ഞു. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് അഹങ്കരിച്ചവര്‍ക്ക് 240 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്‍ഡിഎ മുന്നണിയിലെ 15 പാര്‍ട്ടികള്‍ക്കെല്ലാം ചേര്‍ന്ന് 293 സീറ്റുകളാണ് ലഭിച്ചത്. രാജ്യത്തെയും വിദേശത്തെയും ധനമൂലധനശക്തികളും ബഹുരാഷ്ട്ര കമ്പനികളും ബിജെപിയെ വിജയിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു. കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന അച്ചടി, ദൃശ്യ, ശ്രവ്യ നവമാധ്യമങ്ങളെല്ലാം ഒരുമിച്ച്, ബിജെപിക്ക് വേണ്ടി പ്രചരണം നടത്തി. എല്ലാ പ്രചരണ കോലാഹലങ്ങളെയും അവഗണിച്ചുകൊണ്ടാണ് ഇന്ത്യന്‍ ജനത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിധി എഴുതിയത്.
മതേതര-ജനാധിപത്യ‑ദേശാഭിമാന ഇടതുപക്ഷ ബോധമുള്ള ജനവിഭാഗങ്ങള്‍ ഇന്ത്യ സഖ്യം വിജയിക്കണമെന്ന് ആഗ്രഹിച്ചു. 237 സീറ്റുകളാണ് ഇന്ത്യക്ക് ലഭിച്ചത്. കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ മാന്യമായ സീറ്റ് ധാരണ ഉണ്ടാക്കുന്നതില്‍ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് തയ്യാറാകാത്ത സാഹചര്യം വിവിധ സംസ്ഥാനങ്ങളിലുണ്ടായി. അത് ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയുമായിരുന്നു.
കോണ്‍ഗ്രസിന്റെയും മറ്റുചില പാര്‍ട്ടികളുടെയും വിവേചനം കാരണം സിപിഐക്ക് ചിലയിടത്ത് തനിച്ച് മത്സരിക്കേണ്ടി വന്നു. സിപിഐ ശക്തികേന്ദ്രങ്ങളില്‍ സീറ്റിന്റെ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്തതുകൊണ്ടാണ് മത്സരിക്കേണ്ടി വന്നത്. 13 സംസ്ഥാനങ്ങളിലായി 30 സീറ്റുകളിലാണ് മത്സരിച്ചത്. എല്‍ഡിഎഫിന്റെ ഭാഗമായി കേരളത്തില്‍ നാല് സീറ്റിലും പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെ ഭാഗമായി രണ്ട് സീറ്റുകളിലും ഇന്ത്യ മുന്നണിയുടെ ഭാഗമായി ബിഹാറില്‍ ഒരു സീറ്റിലും തമിഴ്‌നാട്ടില്‍ രണ്ട് സീറ്റിലും ആന്ധ്രയില്‍ ഒരു സീറ്റിലും മത്സരിച്ചു. 22 സീറ്റുകളില്‍ തനിയെ മത്സരിക്കാന്‍ നിര്‍ബന്ധിതമായി. പാര്‍ട്ടി മത്സരിക്കാത്ത എല്ലാ മണ്ഡലങ്ങളിലും ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തകര്‍ അവരുടെ സര്‍വ കഴിവുകളുമുപയോഗിച്ച് രംഗത്തിറങ്ങിയിരുന്നു. ഇന്ത്യ സഖ്യം രാഷ്ട്രീയവും ആശയപരവുമായി കൂടുതല്‍ ശക്തിപ്പെടണമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും സിപിഐ ദേശീയ കൗണ്‍സില്‍ നിര്‍ദേശിച്ചു.
സിപിഐയുടെ 100-ാം വാര്‍ഷികമാണ് 2025. നൂറാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിനുള്ള പരിപാടികള്‍ ദേശീയ കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. സംഘ്പരിവാര്‍ സംഘടനകളും ബിജെപിയും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളെ ഉപയോഗിച്ച് ജനങ്ങള്‍ക്കെതിരായി നടത്തുന്ന കടന്നാക്രമങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ആഹ്വാനം ചെയ്തു. ബഹുജന സംഘടനകളുടെ നേതൃത്വത്തിലും ശക്തമായ പ്രതിഷേധം വളര്‍ത്തിക്കൊണ്ടുവരണം. വിവിധ ജനവിഭാഗങ്ങളെ ഒന്നിച്ച് അണിനിരത്തി സംയുക്ത പ്രക്ഷോഭങ്ങളും ശക്തമാക്കണം. സാര്‍വദേശീയ രംഗത്ത് അമേരിക്കന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധനീക്കങ്ങള്‍ക്കെതിരെ ലോകത്തുടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ പ്രചരണങ്ങള്‍ സംഘടിപ്പിക്കണമെന്നും ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധമായി വിശദമായ പരിശോധനയാണ് ജൂലെെ എട്ട്, ഒമ്പത്, 10 തീയതികളില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും നടത്തിയത്. വലിയ തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായത്. 20 സീറ്റുകളില്‍ 18 സീറ്റുകള്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞു. എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ബിജെപി ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തു. അപ്രതീക്ഷിതമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിധി. പരാജയം സംബന്ധമായി ആഴത്തിലുള്ള പരിശോധന ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുചോര്‍ച്ച ഏറെ ഗൗരവമുള്ളതാണ്. അക്കാര്യത്തില്‍ ആഴത്തിലുള്ള പരിശോധന ആവശ്യമാണ്.
ഇടതുപക്ഷത്തിന്റെ അടിത്തറ തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, പണിയെടുത്തു ജീവിക്കുന്ന ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ജനവിഭാഗങ്ങള്‍ എന്നിവരാണ്. അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നുവന്നു. പണം ചെലവഴിക്കുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തങ്ങളെ അവഗണിക്കുന്നു എന്ന വിമര്‍ശനവും അടിസ്ഥാന ജനവിഭാഗങ്ങളില്‍ ഉണ്ടായിരുന്നു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും രാജ്യത്തിന് മാതൃക കാണിച്ച പൊതുവിതരണ സമ്പ്രദായം പണം ലഭ്യമാക്കാത്തതുകൊണ്ട് ദുര്‍ബലപ്പെട്ടതും ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കി. പണം ലഭ്യമാക്കാന്‍ പ്രതിസന്ധികളുണ്ടാകും. എന്നാല്‍ ഏതിന് മുന്‍ഗണന നല്‍കണമെന്നത് ഏറ്റവും പ്രധാനമാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നിശ്ചയിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിച്ചത്.
കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനെതിരായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് വലിയ ശ്രമം നടത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന വികാരമാണ് മതേതര-ജനാധിപത്യ‑ദേശാഭിമാന ന്യൂനപക്ഷ ജനങ്ങള്‍ പൊതുവേയെടുത്ത നിലപാട്. അതിന്റെ പ്രയോജനം കേരളത്തില്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. കോണ്‍ഗ്രസിന് കൂടുതല്‍ എംപിമാര്‍ ഉണ്ടായാല്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ കഴിയുമെന്ന് അവര്‍ കരുതി.
ദൃശ്യ‑അച്ചടി, നവമാധ്യമങ്ങള്‍ ഒരു സിന്‍ഡിക്കേറ്റായി എല്‍ഡിഎഫിനെതിരായി പ്രചരണം നടത്തി. കെട്ടുകഥകള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ദുര്‍ബലപ്പെടണം എന്നാണ് അവര്‍ ലക്ഷ്യംവച്ചത്. സര്‍ക്കാരിന്റെ പോരായ്മകള്‍ പരിഹരിക്കണം. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോഴും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും വിനയത്തോടെയും സഹിഷ്ണുതയോടെയും സമീപിക്കാന്‍ കഴിയണം. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്‍, വീഴ്ചകള്‍ പരിശോധിച്ച് തിരുത്തി എല്‍ഡിഎഫും സര്‍ക്കാരും ശക്തമായി മുന്നോട്ടുപോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും വെെകാതെ തന്നെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. ജനങ്ങളെയാകെ അണിനിരത്താനും വിജയം കെെവരിക്കാനും ശക്തിയുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഒപ്പം നിന്നാല്‍ എല്‍ഡിഎഫിന് കൂടുതല്‍ ശക്തിപകരാന്‍ ജനങ്ങള്‍ മുന്നോട്ടുവരും എന്ന് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.