22 December 2024, Sunday
KSFE Galaxy Chits Banner 2

ഐതിഹാസികമായ കര്‍ഷക സമരം

സത്യൻ മൊകേരി
December 15, 2021 6:19 am

ലോകശ്രദ്ധയാര്‍ജിച്ച ഇന്ത്യയിലെ കര്‍ഷക സമരം ജനകീയ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായമാണ് രചിച്ചത്. സമരവിജയത്തിന്റെ കാതല്‍ കര്‍ഷകര്‍ ഉയര്‍ത്തിപ്പിടിച്ച ഐക്യമാണ്. ഇന്ത്യയിലെ എല്ലാ വിഭാഗം കര്‍ഷകരേയും ഒരുമിച്ച് അണിനിരത്താന്‍ കര്‍ഷക ഐക്യവേദിക്കു കഴിഞ്ഞു. ഇന്ത്യയിലെ 138 കോടിയില്‍ അധികം വരുന്ന ജനങ്ങളില്‍ നിതി ആയോഗിന്റെ കണക്കുകള്‍ അനുസരിച്ച് 61 ശതമാനത്തിലധികം കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 84 കോടിയിലധികമാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍. രാജ്യത്തിന്റെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതമേഖലയെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടാണ് കഴിഞ്ഞ നിരവധി വര്‍ഷക്കാലമായി കേന്ദ്ര ഗവണ്‍മെന്റ് പ്രകടിപ്പിച്ചുവരുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ പൂര്‍ണമായും കയ്യടക്കുവാനുള്ള ശ്രമങ്ങള്‍ കോര്‍പറേറ്റ് ശക്തികള്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. ആഗോളവല്ക്കരണ സാമ്പത്തിക നയങ്ങള്‍ ലോകത്ത് നടപ്പിലാക്കിയ കാലം മുതല്‍ വിവിധ രാജ്യങ്ങളിലെ കാര്‍ഷിക മേഖല കയ്യടക്കുവാനുള്ള ശ്രമങ്ങളാണ് ആഗോള മൂലധനശക്തികളും അതിന് നേതൃത്വം നല്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. ആ പ്രക്ഷോഭങ്ങളില്‍ എല്ലാം ഉയര്‍ത്തിയ പ്രധാനപ്പെട്ട മുദ്രാവാക്യം ഉല്പന്നങ്ങള്‍ക്ക് ആദായകരമായ വില ലഭ്യമാക്കുക എന്നതാണ്. പ്രക്ഷോഭങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയത്. പ്രക്ഷോഭം അതിശക്തമായി ഉയര്‍ന്നുവന്ന ഘട്ടത്തിലാണ് ഒന്നാം യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടി അധികാരത്തില്‍ വന്ന ഈ ഗവണ്‍മെന്റ് കര്‍ഷകരുടെ ദുരിതങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. സിപിഐ ഉള്‍പ്പെടെ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഭരിക്കുന്നത് കൊണ്ടുതന്നെ പൊതുമിനിമം പരിപാടി തയാറാക്കുവാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. അതിന്റെ ഭാഗമായാണ് കാര്‍ഷിക മേഖലയെ കുറിച്ച് സമഗ്രമായ പഠനം നടത്തി പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ ലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ മലയാളി ഡോ. എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ കര്‍ഷക കമ്മിഷനെ ഒന്നാം യുപിഎ ഗവണ്‍മെന്റ് നിയോഗിച്ചത്. കര്‍ഷകരെ പ്രതിനിധീകരിച്ച് കമ്മിഷനില്‍ അംഗമായത് എഐകെഎസ് ജനറല്‍ സെക്രട്ടറിയായ അതുല്‍ കുമാര്‍ അഞ്ജാനായിരുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സമഗ്രമായ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശമായി ഉയര്‍ന്നുവന്നത് കര്‍ഷകര്‍ക്ക് ആദായകരമായ വില ലഭ്യമാക്കുക എന്നതാണ്. കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ പിന്നീട് അധികാരത്തില്‍ വന്ന രണ്ടാം യുപിഎ ഗവണ്‍മെന്റും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റും തയാറായില്ല. കര്‍ഷകന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ശക്തമായ പ്രക്ഷോഭം രാജ്യത്ത് വളര്‍ന്നുവന്നു. കാര്‍ഷിക പ്രശ്നങ്ങളോടും കര്‍ഷകരോടും തികച്ചും നിഷേധാത്മകമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിച്ചത്. ഭരണാധികാരികളുടെ വാഗ്ദാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാത സ്വീകരിച്ചു. അതിന്റെ ഭാഗമായാണ് അഞ്ഞൂറിലധികം ചെറുതും വലുതുമായ കര്‍ഷക സംഘടനകളുടെ ഐക്യവേദിയെന്ന നിലയില്‍ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി എന്ന വിശാലമായ കര്‍ഷക ഐക്യവേദി രാജ്യത്ത് ഉയര്‍ന്നുവന്നത്. പിന്നീട് ആ വേദിയെ സംയുക്ത കര്‍ഷകമോര്‍ച്ച എന്ന പേരിലും രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങി. കോര്‍പറേറ്റ് ശക്തികളുടെ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് 2020 ജൂണ്‍ 5-ാം തീയതി കേന്ദ്ര ഗവണ്‍മെന്റ് മൂന്ന് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചത്. സെപ്റ്റംബര്‍ 20ന് രാജ്യസഭ, പാര്‍ലമെന്ററി സമ്പ്രദായത്തെ ചവിട്ടിഅരച്ചുകൊണ്ടാണ് ബില്ല് പാസാക്കിയെടുത്തത്. അതോടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലേ‌‌ക്ക് പൂര്‍ണമായും പ്രവേശിക്കാനുള്ള അവകാശമാണ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് തുറന്നുകിട്ടിയത്.


ഇതുകൂടി വായിക്കാം; താങ്ങുവില നിഷേധം ജനവഞ്ചന


കര്‍ഷകരെ ആകെ വിഴുങ്ങുന്ന ശക്തികള്‍ കാര്‍ഷികമേഖലയില്‍ കടന്നുവരുന്നതിന്റെ അപകടം മനസിലാക്കിക്കൊണ്ടാണ് രാജ്യത്തെ കര്‍ഷകര്‍ രണ്ടും കല്പിച്ച് തെരുവിലിറങ്ങിയത്. കര്‍ഷക ഐക്യത്തെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അവര്‍ ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തി. 2020 നവംബര്‍ 24-ാം തീയതി തന്നെ പഞ്ചാബിലെ കര്‍ഷകര്‍ സംസ്ഥാനത്തുടനീളം ട്രെയിന്‍ ഉപരോധിച്ചു മൂന്നു ദിവസം ട്രെയിന്‍ ഓടിക്കാന്‍ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് കര്‍ഷകര്‍ റയിലുകളില്‍ നിരനിരയായി കുത്തിയിരിക്കുകയായിരുന്നു. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 2020 നവംബര്‍ 25-ാം തീയതി രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നവംബര്‍ 26ന് ഡല്‍ഹി ചലോ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ച സമരം അതിശക്തമായി മുന്നോട്ടുപോയി. സിംഘൂര്‍, ടിക്രി, ഗാസിപുര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. പൊലീസ് നരനായാട്ടാണ് പിന്നീട് നടത്തിയത്. വെെദ്യുതി വിച്ഛേദിച്ചു. സമരസ്ഥലത്തേക്ക് ഭക്ഷ്യസാധനങ്ങളുമായി വരുന്ന ട്രക്കുകള്‍ തടഞ്ഞു. ശുദ്ധജലവിതരണം നിര്‍ത്തലാക്കി, ഇതിനെയെല്ലാം അവഗണിച്ച കര്‍ഷകര്‍ കൂട്ടത്തോടെ സമരകേന്ദ്രത്തിലെത്തുകയായിരുന്നു. പതിനായിരക്കണക്കിന് കര്‍ഷകര്‍ ഒരു വര്‍ഷത്തില്‍ അധികമായി രാവും പകലും നടത്തിയ സമരം കണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഞെട്ടിവിറച്ചു. ലോകത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകസമരം ദിവസവും വാര്‍ത്തയായും ലോകനേതാക്കള്‍ ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്ന് ശ്രദ്ധിക്കാനും തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകരും കലാകാരന്മാരും ബുദ്ധിജീവികളും എല്ലാം പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റാ തന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നപ്പോള്‍ ലോകത്തിന്റെ വിവിധ ശ്രേണികളില്‍ ഇന്ത്യയിലെ കര്‍ഷകസമരം ചര്‍ച്ചാവിഷയമായി. രാജ്യത്തിനകത്ത് തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, ബുദ്ധിജീവി വിഭാഗം, റിട്ടയര്‍ ചെയ്ത വിവിധ തലങ്ങളിലുള്ള ഉന്നത ശ്രേണിയില്‍ ഉള്ളവര്‍, പത്രപ്രവര്‍ത്തകര്‍, വിവരാവകാശപ്രവര്‍ത്തകര്‍ എല്ലാവരും സമരത്തിന് പിന്തുണ നല്കി തെരുവിലിറങ്ങി. സമരം നീണ്ടുപോയാല്‍ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപി മനസിലാക്കി. 2022ല്‍ നടക്കുന്ന യുപി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏറെ നിര്‍ണായകമാണ്. മണിപ്പൂരിലും ഗോവയിലും വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ക്ക് കര്‍ഷകസമരം തടസമാകുമെന്ന തിരിച്ചറിവിലാണ് സംഘപരിവാര്‍ നേതൃത്വം എത്തിയത്. യുപിയില്‍ പരാജയപ്പെട്ടാല്‍ 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല എന്നവര്‍ മനസിലാക്കി. അത്തരം തിരിച്ചറിവിലാണ് കര്‍ഷകരോട് ക്ഷമ ചോദിച്ചുകൊണ്ട് നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡി തയാറായത്. കര്‍ഷക സംയുക്ത കര്‍ഷകമോര്‍ച്ച മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും പ്രധാനമന്ത്രി അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കിയ കത്ത്, കേന്ദ്രഗവണ്‍മെന്റ് സംയുക്ത കര്‍ഷകമോര്‍ച്ചക്ക് അയക്കുകയായിരുന്നു. കര്‍ഷകരുടെ അവകാശപ്പോരാട്ടങ്ങള്‍ വിജയിച്ചത്‍ കര്‍ഷകഐക്യം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ്. കര്‍ഷക ഐക്യത്തെ തകര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നടത്തിയ എല്ലാ ശ്രമങ്ങളും സംയുക്തകര്‍ഷകമോര്‍ച്ചയും കര്‍ഷകസംഘടനകളും ഒരുമിച്ചുനിന്ന് പരാജയപ്പെടുത്തി. കര്‍ഷകപ്രക്ഷോഭത്തിലൂടെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗവും കര്‍ഷകരും തമ്മിലുള്ള ഐക്യം ശക്തിപ്പെട്ടു. ഒന്നിച്ചുനിന്ന് പോരാടേണ്ടുന്ന ജനവിഭാഗങ്ങളാണ് കര്‍ഷകരും തൊഴിലാളികളും എന്ന തിരിച്ചറിവ് കൂടുതല്‍ ശക്തമായി. കര്‍ഷകസമരത്തിലൂടെ വിവിധ വിഭാഗം ജനങ്ങളുടെ ഐക്യം ശക്തിപ്പെട്ടു. കോര്‍പറേറ്റ്‌വല്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ ജനങ്ങള്‍ നടത്തുന്ന സമരത്തിന് കര്‍ഷകരും തൊഴിലാളികളും വിവിധ വിഭാഗം ബഹുജനസംഘടനകളും തമ്മില്‍ വളര്‍ന്നുവന്ന ഐക്യം കൂടുതല്‍ ശക്തിപകരും.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.