28 January 2025, Tuesday
KSFE Galaxy Chits Banner 2

ജീവിത പ്രതീക്ഷയുടെ പ്രകാശം

Janayugom Webdesk
ബിനോയ് വിശ്വം
December 17, 2023 9:22 am

സമരബോധവുമായി ചേർത്ത് വച്ച ജീവിത പ്രതീക്ഷയുടെ പേരായിരുന്നു കാനം രാജേന്ദ്രൻ. എന്നും മുന്നോട്ടുപോകാന്‍ കൊതിച്ച പോരാളിയായിരുന്നു അദ്ദേഹം. ഏത് പ്രക്ഷുബ്ധാവസ്ഥയിലും അദ്ദേഹം അചഞ്ചലനായി നിന്നു. ആ സഖാവിനെ കുറിച്ച് ഒരു കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ മനസില്‍ ഓര്‍മ്മകളുടെ കടലിരമ്പമുണ്ടാകുന്നുണ്ട്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വൈക്കത്തെ പാർട്ടി ഓഫിസിൽ വച്ച് കാനത്തെ ആദ്യമായി കണ്ടതു മുതല്‍ പിന്നീടുള്ള അരനൂറ്റാണ്ടിലധികം കാലത്തെ ഓര്‍മ്മകള്‍. കാനം അന്ന് എഐവൈഎഫ് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. അന്നുമുതൽ ഇന്നുവരെ അദ്ദേഹത്തിന്റെ കൂടെ സംഘടനാ പ്രവർത്തനങ്ങളിലും പ്രക്ഷോഭസമരങ്ങളിലും കൈകോർത്തുപിടിച്ചാണ് മുന്നോട്ട് നീങ്ങിയത്.

കാനം നീതിബോധത്തിന്റെ പ്രതീകം: ബിനോയ് വിശ്വം

വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ ഊട്ടിവളർത്തിയ വിപുലമായ സൗഹാർദ്ദ ബന്ധങ്ങളും തൊഴിലാളി പ്രസ്ഥാനത്തിലെ അനുഭവങ്ങളേകിയ സമര ബോധവും കാനം രാജേന്ദ്രന്റെ പ്രവർത്തന മികവിന് മാറ്റുകൂട്ടി. പ്രായം ഇരുപതുകളിലെത്തുമ്പോള്‍ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹിയാകുക എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. അതിനകംതന്നെ അത്തരമൊരു ഉത്തരവാദിത്തമേല്‍ക്കാന്‍ കഴിവുറ്റവനായി എന്നാണ് അത് തെളിയിക്കുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളും പരിണിതപ്രജ്ഞരുമായ നിരവധി നേതാക്കള്‍ക്കൊപ്പം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകുമ്പോള്‍ അദ്ദേഹത്തിന് 25 വയസുമാത്രമായിരുന്നു.

1970കളിലെ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണതകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. അക്കാലത്താണ് കാനം കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹിയായി പ്രവര്‍ത്തിച്ചത്. വിദ്യാര്‍ത്ഥി, യുവജന സംഘടനകളെ സമരോത്സുകവും വിപുലമായ അടിത്തറയുള്ള സംഘടനാ ശക്തിയുമാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തിനായി. അക്കാലത്തെ വിദ്യാര്‍ത്ഥി, യുവജന പ്രവര്‍ത്തകരെല്ലാം ആ നേതാവിന്റെ സമരശേഷിയും സംഘടനാ പ്രവര്‍ത്തനത്തിലെ മികവും നേരിട്ടനുഭവിച്ചവരാണ്.
വിദ്യാര്‍ത്ഥി, യുവജന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പാര്‍ട്ടിയുടെയും തൊഴിലാളി പ്രസ്ഥാനമായ എഐടിയുസിയുടെയും ഭാരവാഹിത്വത്തിലെത്തിയപ്പോഴും ആ സമരശേഷിയും സംഘടനാ പ്രവര്‍ത്തനമികവും കൂടുതല്‍ തിളക്കമേറിയതായി. കോട്ടയം പാര്‍ട്ടി ജില്ലാസെക്രട്ടറി, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകളിലെല്ലാം അദ്ദേഹത്തിന്റേതായി അടയാളപ്പെട്ട നിരവധി കാര്യങ്ങളുണ്ടായിരുന്നു. എഐടിയുസി നേതാവായിരിക്കെ സംഘടിതരല്ലാതിരുന്നവരെയും പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴില്‍ വിഭാഗങ്ങളെയും എഐടിയുസിയുടെ പതാകയ്ക്ക് കീഴില്‍ അണിനിരത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് മികച്ചതായിരുന്നു. പുതുതലമുറ ബാങ്കുകള്‍, വിവര സാങ്കേതിക രംഗം, സാംസ്കാരിക മേഖല, സിനിമ തുടങ്ങി പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്കപ്പുറത്തുള്ളവരെയും അധ്വാനിക്കുന്നവരായി കണ്ട്, സംഘടനാ രൂപീകരണശ്രമങ്ങള്‍ ആരംഭിച്ചതും ലക്ഷ്യം കണ്ടതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു. അതോടെയാണ് അത്തരം തൊഴില്‍ വിഭാഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഗണിക്കപ്പെടുകയും അവകാശങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റുള്ളവര്‍ ഈ രംഗത്തുള്ളവരെ സംഘടിപ്പിക്കുവാനാരംഭിച്ചത്. സഖാവ് കാനത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം അദ്ദേഹം കൂടുതല്‍ കരുത്തുറ്റ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരാത്ത നഷ്ടം

ഇന്ത്യയും കേരളവും കടുത്ത വെല്ലുവിളികള്‍ക്കു മുമ്പില്‍ നില്‍ക്കുമ്പോഴാണ് സഖാവ് കാനം നമ്മെ പെട്ടെന്ന് വിട്ടുപിരിഞ്ഞത്. ഈ വേര്‍പാട് അത്രമേല്‍ ദുഃഖകരമാണെങ്കിലും നമുക്ക് അന്തിച്ച് നില്‍ക്കാന്‍ അവകാശമില്ല. ഹിറ്റ്ലറേറ്റ് ഫാസിസത്തിന്റെ ഇന്ത്യന്‍ മുഖമായ ആര്‍എസ്എസ് ‑ബിജെപി കൂട്ടുകെട്ട് നാടിനുമേല്‍ വീണ്ടും പിടിമുറുക്കാന്‍ കോപ്പു കൂട്ടുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ അവരെ അനുവദിച്ചാല്‍ മതേതരത്വവും ജനാധിപത്യവുമടക്കം ഇന്ത്യയുടെ അടിസ്ഥാന പ്രമാണങ്ങളെല്ലാം അടര്‍ന്നുവീഴും. ഭരണഘടനാ മൂല്യങ്ങള്‍ സമ്പൂര്‍ണമായി കുഴിച്ചുമൂടി ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുകയാണ് ഹിന്ദുത്വവാദത്തിന്റെ ലക്ഷ്യം. ആര്‍എസ്എസ് ‑ബിജെപി കൂട്ടുകെട്ടിനെ പിടിച്ചുകെട്ടാന്‍ വേണ്ടിയുള്ള വിധി നിര്‍ണായകമായ പോരാട്ടമാണ് 2024ല്‍ നടക്കാന്‍ പോകുന്നത്. ആ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വിജയം ഇടതുപക്ഷ ശക്തികള്‍ക്ക് പലതുകൊണ്ടും സുപ്രധാനമാണ്. അത്തരമൊരു ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിച്ചേരണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉത്തരോത്തരം വളര്‍ച്ചയിലേക്ക് നയിച്ച കാനം രാജേന്ദ്രന്റെ പ്രവര്‍ത്തന മാതൃക അതേ അളവിലും വേഗത്തിലും പിന്തുരേണ്ടതുണ്ട്.

ഈ കടമകളെല്ലാം ഫലപ്രദമായി നിറവേറ്റാന്‍ പോന്ന കെല്‍പുള്ള പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയേ തീരൂ. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടിക്ക് താഴെ ഒറ്റക്കെട്ടായി അണിനിരന്ന് കൊണ്ട് നമുക്ക് പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാം. ജീവിത പ്രതീക്ഷയുടെ പ്രകാശമുള്ള പ്രതീകമായി നമ്മെ നയിച്ച സഖാവിന്റെ ഓര്‍മ്മകള്‍ നമ്മുടെ ഊര്‍ജമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.